സിനിമയിൽ പുതിയ സാമ്പത്തിക മാതൃക; വരുമാന പങ്കിടലിലേക്ക് താരങ്ങളും സാങ്കേതിക പ്രവർത്തകരും; 60 ശതമാനം വരെ നൽകാൻ തമിഴ് നിർമാതാക്കൾ
Highlights
മാറ്റത്തിന് വഴികാട്ടി അല്ലു അർജുനും രൺവീർ സിങ്ങും
സിനിമാ വ്യവസായം ദിനംപ്രതി കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, മികച്ച പ്രചാരണത്തോടുകൂടിയ നല്ല സിനിമകൾക്ക് മാത്രമാണ് ഇന്ന് ഉറച്ച സാമ്പത്തിക വിജയം ഉറപ്പാക്കാനാകുന്നത്. ഇതോടെ സിനിമ പരാജയപ്പെട്ടാൽ നഷ്ടഭാരം കുറയ്ക്കാൻ സഹായിക്കുന്ന ‘റവന്യൂ ഷെയറിങ്’ മാതൃകയിലേക്ക് കൂടുതൽ നിർമാതാക്കൾ തിരിയുകയാണ്.
ആദ്യഘട്ടത്തിൽ ഈ മാറ്റത്തോട് പല പ്രമുഖ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും മടിയുണ്ടായിരുന്നെങ്കിലും, ഇപ്പോൾ നിരവധി എ-ലിസ്റ്റ് താരങ്ങളും ടെക്നീഷ്യൻമാരും ഈ സംവിധാനത്തെ ഗൗരവമായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ സിനിമാ മേഖലയിൽ തന്നെ വലിയൊരു മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, വ്യവസായത്തിലെ ഒരു വിഭാഗം ഇപ്പോഴും ചില ആശങ്കകളും സംശയങ്ങളും ഉന്നയിച്ച് ഈ മാതൃകയിൽ നിന്ന് അകന്നു നിൽക്കുകയാണ്.
60 ശതമാനം വരുമാനം വരെ പങ്കിടാൻ തമിഴ് നിർമാതാക്കൾ
തമിഴ് സിനിമാ മേഖലയിലാകെ ഈ മാതൃക നടപ്പാക്കാനുള്ള ആലോചനകളാണ് ഇപ്പോൾ ശക്തമാകുന്നത്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ സാമ്പത്തിക പ്രതിഫലം നിർമാതാക്കൾ മാത്രം വഹിക്കുന്ന രീതിക്ക് പകരം, പ്രധാന താരങ്ങളും സാങ്കേതിക പ്രവർത്തകരും അതിൽ പങ്കാളികളാകണമെന്നാണ് നിർമാതാക്കളുടെ നിലപാട്.
പ്രശസ്ത നിർമാതാവായ ജി. ധനഞ്ജയൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ഒരു സിനിമയുടെ ആകെ വരുമാനത്തിന്റെ 60 ശതമാനം വരെ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നൽകാൻ തമിഴ് നിർമാതാക്കൾ തയ്യാറാണെന്ന് വ്യക്തമാക്കി.
“ഇത്തരമൊരു റവന്യൂ ഷെയറിങ് മാതൃകയിൽ ഏകദേശം 60 ശതമാനം വരുമാനം അതിനായി മാറ്റിവയ്ക്കും. പ്രധാനപ്പെട്ട ഒരു ചിത്രം നിർമ്മിക്കുമ്പോൾ, ആകെ വരുമാനത്തിന്റെ 60 ശതമാനം വരെ പങ്കിടാൻ നിർമാതാക്കൾ തയ്യാറാണ്. ശേഷിക്കുന്ന 40 ശതമാനത്തിൽ നിന്നായിരിക്കും നിർമാണച്ചെലവും നിർമാതാക്കളുടെ ലാഭവും കണ്ടെത്തുക,” എന്നാണ് ധനഞ്ജയൻ വ്യക്തമാക്കിയത്.
റവന്യൂ ഷെയറിങ് Vs പ്രോഫിറ്റ് ഷെയറിങ്
ഈ മാതൃക നിർമാതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതോടൊപ്പം, താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നിശ്ചിത പ്രതിഫലത്തിന് പകരം സിനിമയുടെ യഥാർത്ഥ വരുമാനത്തിൽ നിന്ന് പങ്ക് ലഭിക്കാനുള്ള അവസരവും ഒരുക്കുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാകുന്ന ചിത്രങ്ങളിൽ ഇത് കൂടുതൽ ഗുണകരമാകുമെന്നും ധനഞ്ജയൻ ചൂണ്ടിക്കാട്ടി.
“ഉദാഹരണത്തിന്, അടുത്തിടെ വൻ വിജയമായ ‘കരുപ്പ്’ പോലൊരു ചിത്രം എടുത്താൽ, പ്രോഫിറ്റ് ഷെയറിങ് മാതൃകയിൽ ലാഭത്തിൽ നിന്നുള്ള വിഹിതം മാത്രമേ ലഭിക്കൂ. എന്നാൽ റവന്യൂ ഷെയറിങ് മാതൃകയിൽ സിനിമ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിൽ നിന്നാണ് വിഹിതം ലഭിക്കുക.
150 കോടി രൂപ ചെലവിൽ നിർമ്മിച്ച ഒരു ചിത്രം 300 കോടി രൂപ വരുമാനം നേടിയെന്ന് കരുതുക. നായകൻ 30 ശതമാനം റവന്യൂ ഷെയറിങ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് 90 കോടി രൂപ ലഭിക്കും. എന്നാൽ ബജറ്റിന്റെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിച്ചിരുന്നെങ്കിൽ ലഭിക്കുക 45 കോടി രൂപ മാത്രമായിരിക്കും,” അദ്ദേഹം പറഞ്ഞു.
മാറ്റത്തിന് വഴികാട്ടി അല്ലു അർജുനും രൺവീർ സിങ്ങും
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മാതൃക വിജയകരമായി പിന്തുടരുന്ന താരങ്ങളിൽ പ്രധാനിയാണ് അല്ലു അർജുൻ എന്ന് ധനഞ്ജയൻ വ്യക്തമാക്കി. തന്റെ സിനിമകളിൽ സ്ഥിരമായി റവന്യൂ ഷെയറിങ് രീതിയാണ് അല്ലു അർജുൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ, ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിൽ രൺവീർ സിങ് ഇതേ മാതൃക സ്വീകരിച്ചതായും ധനഞ്ജയൻ വെളിപ്പെടുത്തി.
“ഒരു സിനിമ 1,500 മുതൽ 2,000 കോടി രൂപ വരെ സമ്പാദിച്ചാൽ, റവന്യൂ ഷെയറിങ് കരാറിലുള്ള താരങ്ങൾക്കും അതിനനുസരിച്ച് വൻ തുക ലഭിക്കും. അല്ലു അർജുൻ വർഷങ്ങളായി ഇത് ബുദ്ധിപൂർവം നടപ്പാക്കുകയാണ്. രൺവീർ സിങ്ങും ‘ധുരന്ധർ’ ചിത്രത്തിൽ സമാനമായ രീതിയാണ് സ്വീകരിച്ചത്. ചിത്രം 2,000 കോടി രൂപ നേടിയിരുന്നുവെങ്കിൽ, അതേ നിരക്കിൽ അദ്ദേഹത്തിന് 600 കോടി രൂപ വരെ ലഭിക്കുമായിരുന്നു,” ധനഞ്ജയൻ പറഞ്ഞു.
തമിഴ് സിനിമയിൽ ചർച്ചകൾ പുരോഗമിക്കുന്ന ഈ പുതിയ സാമ്പത്തിക മാതൃക ഭാവിയിൽ ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ പ്രവർത്തനരീതിയെ തന്നെ മാറ്റിമറിക്കുമോയെന്നതാണ് ഇനി കാണാനുള്ളത്.