ജയ്പൂരിൽ തിളങ്ങി ട്വിങ്കിൾ ജോബി
രാജസ്ഥാനിലെ ജയ്പൂരിലെ ഒരു സന്ധ്യയിൽ മലയാളി പെൺകുട്ടിയായ ട്വിങ്കിൾ ജോബി മനസ്സിലെ ആഹ്ലാദം നുകരുകയായിരുന്നു.
2025 ഏകദേശം അവസാനിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷങ്ങളിൽ ഒരു മലയാള സിനിമയിൽ അഭിനയിച്ചതിനുള്ള അംഗീകാരം അത്യധികം സന്തോഷത്തോടെ ഏറ്റുവാങ്ങുകയായിരുന്നു നടി.
ഉണ്ണി.കെ. ആർ കഥ എഴുതി സംവിധാനം ചെയ്യുകയും.. രാജേഷ് തില്ലങ്കേരി തിരക്കഥയെഴുതുകയും ഡോ: പ്രഹ്ലാദ് വടക്കേപ്പാട്ട്, വിനോയ് വിനോദ് വടക്കേപ്പാട്ട്, സൗമ്യ. കെ.എസ് എന്നിവർ ചേർന്ന് നിർമ്മിക്കുകയും ചെയ്യുന്ന 'എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിച്ചതിനായിരുന്നു ട്വിങ്കിളിന് ഈ അംഗീകാരം ലഭിച്ചത്.
ജയ്പൂരിൽ ഇക്കഴിഞ്ഞ ഡിസംബർ 20,21 തീയതികളിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫെസ്റ്റിവലിൽ വച്ചാണ് ട്വിങ്കിളിന് അവാർഡ് പ്രഖ്യാപിച്ച വിവരം അറിയുന്നതും അത് വേദിയിലും സദസ്സിലും ഉണ്ടായിരുന്ന ധാരാളം സിനിമാപ്രേമികളുടെ മുന്നിൽ വച്ച് സ്വീകരിക്കാൻ കഴിഞ്ഞതും. തന്റെ ഈ സിനിമ ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിന്റെ ആഘോഷചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോൾ അവിടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും ആഗ്രഹിച്ചപ്പോൾ ജയ്പൂരിൽ എത്തിയതായിരുന്നു ട്വിങ്കിൾ. ആ സിനിമയിലെ അഭിനയത്തിന് ട്വിങ്കിളിന് അവാർഡ് കിട്ടിയപ്പോൾ അതെനിക്ക് ഇരട്ടിമധുരമായെന്ന് ട്വിങ്കിൾ 'നാന'യോട് പറഞ്ഞു.
ഹോളിവുഡ് സിനിമയിലെ നവാഗത പ്രതിഭയായ നേഹ ശർമ്മ, ബാഹുബലി സിനിമയുടെ കോ-പ്രൊഡ്യൂസർ ഹരി വിഷ്ണു, ബംഗാളി സൂപ്പർസ്റ്റാർ സെൻഗുപ്ത, പ്ലേ ബാക്ക് സിംഗർ രാഖിമ മുഖർജി, ഒഡീസി ഡാൻസർ ഗീതാഞ്ജലി ആചാര്യ, റഷ്യൻ കംപോസർ ലുബൊമിർ ജംബഡ തുടങ്ങിയവരും മറ്റ് പ്രമുഖരായ സിനിമാപ്രവർത്തകരും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ജയ്പൂരിലെ ഹോട്ടൽ ക്ലാർക്ക്‌സ് അമീറാണ് വേദിയായത്. ദേവ്‌ജ്യോതി റേ ആയിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ. ഡോള ഫൗണ്ടേഷനും സോഷ്യൽ വെൽഫെയർട്രസ്റ്റും ചേർന്നാണ് ഈ ഫെസ്റ്റിവൽ ഓർഗനൈസ് ചെയ്തത്.
വരാൽ, പൊമ്പളൈ ഒരുമൈ, ആന്റപ്പന്റെ അത്ഭുതപ്രവർത്തികൾ, 19-ാം നൂറ്റാണ്ട്, ഹൗഡിനി, പത്താം വളവ് തുടങ്ങിയ സിനിമകളിലും വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ട്വിങ്കിൾ ജോബി കുമളി സ്വദേശിയാണ്.