വിജയ്‌യുടെ 'ജനനായകൻ' സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകൾ മടിക്കുന്നു... കാരണം?
വിജയ് നായകനാകുന്ന, എച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന 'ജനനായകൻ' എന്ന ചിത്രം ജനവരി 9-ന് റിലീസാകാനിരിക്കുകയാണ്. ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ബുക്കിംഗ് വിദേശ രാജ്യങ്ങളിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ, അതിലും തമിഴ്‌നാട്ടിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. ആരാധകർക്കായുള്ള സ്പെഷ്യൽ ഷോക്കായുള്ള ബുക്കിംഗ് മാത്രമാണ് ചില തിയേറ്ററുകളിൽ ആരംഭിച്ചിരിക്കുന്നത്. ഇതിന് കാരണം തിയേറ്ററുകളുമായുള്ള കരാർ ഇതുവരെ പൂർണ്ണമായിട്ടില്ല എന്നുള്ളതാണ്.
ചിത്രത്തിന്റെ വിതരണക്കാർ തിയേറ്റർ ഉടമകളോട് മൊത്ത കളക്ഷനിൽ 75 ശതമാനം വിഹിതം ചോദിക്കുന്നതിനാലാണത്രെ പല തിയേറ്ററുകളും കരാറിൽ ഒപ്പിടാൻ മടിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
മറുവശത്ത്, ശിവകാർത്തികേയന്റെ 'പരാശക്തി' എന്ന ചിത്രം പ്രദർശിപ്പിക്കാൻ പലരും മുന്നോട്ട് വന്നിരിക്കുകയാണ്. 60 ശതമാനത്തിനുള്ളിൽ മാത്രമാണത്രെ ഈ ചിത്രത്തിന്റെ വിഹിതം ചോദിക്കുന്നത്.
അതിനാൽ 'പരാശക്തി' പ്രദർശിപ്പിക്കാനാണത്രെ തിയേറ്റർ ഉടമകൾ അധിക താല്പര്യം കാണിക്കുന്നത്. ഇതിന് മുമ്പ്, വിജയ്‌യുടെതായി റിലീസായ 'ദി ഗോട്ട്' എന്ന ചിത്രത്തിന് തിയറ്ററുകൾ ഉടമകൾ വിഹിതത്തിന്റെ 75 ശതമാനം നൽകാൻ സമ്മതിച്ചിരുന്നുവത്രേ! അതിനാലാണ് ഇപ്പോൾ അതേ വിഹിതം 'ജനനായകൻ' ചിത്രത്തിനും ആവശ്യപ്പെടുന്നത് എന്ന റിപ്പോർട്ടുകളും ഉണ്ട്.
നിലവിൽ തിയേറ്ററുകളിലെ പരമാവധി ടിക്കറ്റ് ചാർജ് 190 രൂപയാണ്. അതിൽ 42 രൂപ നികുതിയായി പോകുന്നു. ബാക്കി 148 രൂപ വിതരണക്കാരും തിയേറ്റർ ഉടമകളും പങ്കിടണം. 75 ശതമാനം വിതരണക്കാർക്കും ബാക്കി 25 ശതമാനം തിയേറ്ററുകൾക്കും ലഭിക്കുകയാണെങ്കിൽ, വിതരണക്കാർക്ക് 111 രൂപയും തിയേറ്ററുകൾക്ക് 37 രൂപയും ലഭിക്കും. തിയേറ്റർ മാനേജ്‌മെന്റ്, വൈദ്യുതി ബില്ലുകൾ ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ കിഴിച്ചാൽ ആ 37 രൂപയിൽ നിന്ന് എന്ത് ലാഭം ലഭിക്കുമെന്നതാണ് തിയേറ്ററുടമകൾ ചോദിക്കുന്നത്.
.അതേ സമയം, 'പരാശക്തി' എന്ന ചിത്രത്തിന് സിംഗിൾ തിയേറ്ററുകൾക്ക് 60 ശതമാനവും, മൾട്ടിപ്ലക്സ് തിയേറ്ററുകൾക്ക് 50 ശതമാനവും എന്ന കരാറിൽ അവർ ഒപ്പുവക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ 'ജനനായകൻ' എന്ന ചിത്രത്തിന് കുറച്ചു തിയേറ്ററുകൾ ലഭിക്കുകയുള്ളൂ എന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ഈ പ്രശനം എങ്ങിനെ പരിഹരിക്കാം എന്നുള്ളത് കുറിച്ചുള്ള ചർച്ചകൾ നടന്നു വരികയാണ്. ഈ ചർച്ചകൾ വിജയിക്കും എന്ന് തന്നെയാണ് പറയപ്പെടുന്നത്.