1000 കോടിയും ഓസ്കറും നേടി തെലുങ്ക് സിനിമ ,തമിഴ് സിനിമ ഇപ്പോഴും നായകന്മാർക്ക് പിന്നാലെ തന്നെ
കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യൻ സിനിമ ഹിന്ദി സിനിമയുടെ പര്യായമായിരുന്നു എന്ന് പറയാം. കാരണം ഇന്ത്യയിൽ നിന്ന് ആഗോളതലത്തിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഹിന്ദി സിനിമകളായിരുന്നെന്നാണ് പലരും കരുതിയിരുന്നത്. കാരണം തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഭോജ്പുരി, ബംഗാളി, മറാഠി ഭാഷകളിലെ സിനിമകൾ ഇവിടെ തയ്യാറായി റിലീസ് ചെയ്യുന്നുണ്ടെന്ന് വിദേശത്തുള്ള പലർക്കും അറിയില്ലായിരുന്നു.
രാജമൗലിയുടെ 'ബാഹുബലി' എന്ന തെലുങ്ക് ചിത്രമാണ് അങ്ങിനെ ഉണ്ടായിരുന്ന അടയാളം മാറ്റിയത്. ആഗോളതലത്തിൽ ഈ തെന്നിന്ത്യൻ ചിത്രം 1000 കോടി കടന്ന് വമ്പൻ റെക്കോർഡ് സൃഷ്ടിച്ചു. ഹിന്ദി സിനിമ അല്ലാതെ മറ്റ് ഭാഷകളിലും ഇന്ത്യയിൽ സിനിമകൾ നിർമ്മിക്കുന്നുണ്ടെന്ന് പലരും മനസ്സിലാക്കി. അതിന് ശേഷം ഇതേ രാജമൗലിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ആർ.ആർ.ആർ’എന്ന ചിത്രവും 1000 കോടി പിന്നിട്ടു. ഇതിനെ തുടർന്ന് ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനത്തിന് ഓസ്കാർ പുരസ്കാരവും ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കന്നഡ ചിത്രം 'കെ.ജി.എഫ്-2' ആഗോളതലത്തിൽ 1000 കോടിയിലധികം നേടി എന്നാണു റിപ്പോർട്ട്. ഇതിന് അടുത്തതായി 'ഗാന്ധാര' എന്ന ചിത്രവും 400 കോടി നേടി. അതായതു കഴിഞ്ഞ വർഷം (2022) ഒരു തെലുങ്ക് സിനിമയും, ഒരു കന്നഡ ചിത്രവും 1000 കോടി കളക്ഷൻ നേടി തമിഴ് സിനിമയിലുള്ളവരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തല കുനിവ് ഉണ്ടാക്കിയിരിക്കുകയാണ്. തമിഴിൽ വൻ പ്രതീക്ഷകളോടെ റിലീസായ 'പൊന്നിയിൻ സെൽവൻ' 500 കോടിയോളം മാത്രമേ നേടിയുള്ളൂ!. ചരിത്രം പറഞ്ഞ 'പൊന്നിയിൻ സെൽവ'നിൽ മണിരത്നം, എ.ആർ.റഹ്‌മാൻ, ഐശ്വര്യ റായ് തുടങ്ങി പല മഹാപ്രതിഭകൾ ഉണ്ടായിരുന്നിട്ടും ചിത്രം എന്തുകൊണ്ട് 1000 കോടി നേടിയില്ല! . എന്തുകൊണ്ട് ആ സിനിമ ഇന്ത്യയിലുടനീളവും ലോകമെമ്പാടും കൊണ്ടുപോകാൻ കഴിഞ്ഞില്ല? ചിത്രത്തിന്റെ പ്രമോഷനിൽ പിഴവുണ്ടായോ, അതോ മാർക്കറ്റിങ്ങിൽ പിഴച്ചോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കാരണം ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത് തന്നെ പുറത്തുവരാനിരിക്കുകയാണല്ലോ?
'ബാഹുബലി'യിലെ നായകനായ പ്രഭാസ് അതുവരെ തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളായിരുന്നു. അതുപോലെ 'കെ..ജി.എഫ്' എന്ന ചിത്രത്തിലെ നായകനായ യഷും മുൻനിര നായകന്മാരിൽ ഒരാൾ പോലുമായിരുന്നില്ല. എന്നാൽ ഇവരുടെ ചിത്രങ്ങൾ 1000 കോടി വരെ നേടാനുള്ള കാരണം എന്താണെന്ന് തമിഴ് സിനിമയിലെ നായകന്മാർ ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല.
.തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങൾ 100 കോടി നേടിയാലേ അതിനെ ആഘോഷമാക്കുന്ന ആരാധകർ ചിന്തിക്കേണ്ടത് ഇത്തരത്തിലുള്ള 1000 കോടി കളക്ഷനെക്കുറിച്ചാണ്. തമിഴ് സിനിമയിലെ മുന്നണി താരങ്ങളായ വിജയ്ക്കും, അജിത്തിനും തെലുങ്കിൽ അത്ര വിപണിയില്ല. എന്നാൽ തമിഴിനേക്കാൾ കൂടുതൽ കളക്ഷൻ നേടാൻ പറ്റിയ വിപണിയാണ് തെലുങ്ക് മാർക്കറ്റ്. അതിനുള്ള ശ്രമങ്ങൾ ഈ താരങ്ങൾ നടത്തണം. തെലുങ്ക് നടൻ അല്ലു അർജുന്റെ ‘പുഷ്പ’ എങ്ങിനെയാണ് തമിഴ്‌നാട്ടിൽ വൻ തോതിൽ ലാഭം നേടിയത്. അതിന് കാരണം ആ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്രൊമോഷൻ ചെയ്തത് കൊണ്ടാണ്. എന്നാൽ അജിത്തോ,
വിജയ്‌യോ ഇതുപോലെയുള്ള പ്രൊമോഷൻസിനു വേണ്ടി മെനക്കെടുന്നില്ല.
വിജയ്‌യിന്റെയും, അജിത്തിന്റെയും സിനിമകൾ ഇങ്ങിനെയാണെങ്കിൽ സീനിയർ താരങ്ങളായ കമൽഹാസന്റെയും രജനികാന്തിന്റെയും സിനിമകളും അങ്ങിനെ തന്നെയാണ്. തെന്നിന്ത്യ ഒഴിച്ച് ഇന്ത്യ മുഴുവൻ ശ്രദ്ധയാകർഷിക്കാറില്ല. ഇതിനെല്ലാം കാരണം, നായകന്മാർ ആരായാലും, സിനിമയുടെ കഥയിലും ദൃശ്യ അവതാരത്തിലും ആകർഷണീയത ഉണ്ടായിരിക്കണം. അടുത്തതായി ആ ചിത്രങ്ങൾ ശരിയായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കണം. അതിനായി ചിത്രത്തിനെ നല്ല രീതിയിൽ പ്രൊമോഷൻ ചെയ്യണം ഓരോ ഭാഷയ്ക്കും ഓരോ പ്രതീക്ഷയുണ്ട്. 'പൊന്നിയിൻ സെൽവൻ' എന്ന സിനിമ തമിഴിലല്ലാതെ മറ്റ് ഭാഷകളിൽ ശ്രദ്ധ നേടാതെ പോയതിനു കാരണം ചിത്രം വേണ്ട രീതിയിൽ പ്രൊമോട്ട് ചെയ്തില്ല എന്നത് തന്നെയാണ്.
1000 കോടി നേടുക എന്നത് സിനിമയുടെ പരിധിയല്ല. അതൊരു ബിസിനസ്സ് അതിർത്തിയാണ്. എന്നാൽ അതിൽ ഒരു അടയാളവും അടങ്ങിയിട്ടുണ്ട്. കുറച്ചു വർഷങ്ങളായി തമിഴ് സിനിമയായിരുന്നു തെന്നിന്ത്യൻ സിനിമയിൽ വരുമാനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ. എന്നാൽ ഇപ്പോൾ തെലുങ്ക്, കന്നഡ സിനിമകളാണ് ആ സ്ഥാനം പിടിച്ചിരിക്കുന്നത്. തെലുങ്കിലും, കന്നഡയിലും നിരവധി പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കുന്നു.
എന്നാൽ തമിഴ് സിനിമ ഇപ്പോഴും നായകന്മാരുടെ പുറകെ മാത്രമാണ് ഓടുന്നത്.
എന്നിരുന്നാലും, തമിഴിൽ അടുത്ത് വരാനിരിക്കുന്ന ചില ചിത്രങ്ങൾ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഒന്ന് മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗമാണ്. രണ്ടാമത്തേത് വിജയ്യിന്റെ 'ലിയോ'യാണ്. ഇതിൽ ഏതെങ്കിലും ഒരു ചിത്രം 1000 കോടി നേടിയാൽ അത് തമിഴ് സിനിമയെ ആഗോളതലത്തിൽ ഉയർത്തി പിടിക്കുന്നതായിരിക്കും!
തെലുങ്കിലും, കന്നടയിലും നിർമ്മിക്കുന്നതുപോലെ വ്യത്യസ്തണ കഥാ പശ്ചാത്തലത്തിൽ പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കുകയും, അതിനെ ശരിയായ വിധത്തിൽ പ്രൊമോട്ട് ചെയ്യുകയും ചെയ്‌താൽ മാത്രമേ ആഗോളതലത്തിൽ തമിഴ് സിനിമ ശ്രദ്ധിക്കപെടുകയുള്ളൂ!