Monday, 20 July 2026 | 12:44 PM

Latest

'പവർ ഗ്രൂപ്പി'നെതിരെ പോരാട്ടം തുടരും; വിമർശനങ്ങൾക്ക് മറുപടിയുമായി ശ്വേത മേനോൻ

sreyas 05 July 2026 05:18 AM
'പവർ ഗ്രൂപ്പി'നെതിരെ പോരാട്ടം തുടരും; വിമർശനങ്ങൾക്ക് മറുപടിയുമായി ശ്വേത മേനോൻ

Highlights

അമ്മയിൽ സാമ്പത്തിക തിരിമറി നടത്തിയവർക്കെതിരെയും ചില കുറ്റാരോപിതർക്കെതിരെയുമാണ് എന്റെ പോരാട്ടം.

സമൂഹമാധ്യമങ്ങളിൽ 'അമ്മ' സംഘടനയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ. അവസരങ്ങൾ നഷ്ടപ്പെട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കലാകാരന്മാർക്ക് പിന്തുണ നൽകുകയെന്നതാണ് 'അമ്മ'യുടെ പ്രധാന ലക്ഷ്യമെന്നും, അത്തരമൊരു സംഘടനയ്ക്ക് ആരെങ്കിലും സാമ്പത്തിക സഹായം നൽകാൻ തയ്യാറായാൽ അത് സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും അവർ വ്യക്തമാക്കി.

സഹായം സ്വീകരിക്കുമ്പോൾ ജാതിയോ മതമോ രാഷ്ട്രീയമോ അടിസ്ഥാനമാക്കി വിവേചനം കാണിക്കേണ്ട സാഹചര്യമില്ലെന്നും ശ്വേത മേനോൻ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയല്ല തന്റെ നിലപാടുകളെന്നും, അസത്യപ്രചാരണങ്ങളിലൂടെ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന സിനിമയിലെ ചില ശക്തികേന്ദ്രങ്ങൾക്കെതിരെ അവസാന നിമിഷം വരെ പോരാട്ടം തുടരുമെന്നും ഔദ്യോഗിക കുറിപ്പിൽ അവർ വ്യക്തമാക്കി.

'അമ്മ' സംഘടനയ്ക്കുള്ളിൽ നടക്കുന്ന ചില സാമ്പത്തിക ക്രമക്കേടുകൾ കാരണം സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്ന ആശങ്കയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ കാരണമായതെന്നും ശ്വേത മേനോൻ ആരോപിച്ചു.

പാവപ്പെട്ട കലാകാരന്മാരുടെ ചികിത്സയ്ക്കും ഭക്ഷണത്തിനുമായി മാറ്റിവെച്ച ഫണ്ടിൽ ചിലർ നടത്തിയതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തിരിമറികൾ കണ്ടെത്താൻ തനിക്ക് കഴിഞ്ഞുവെന്നും, മലയാള സിനിമയിലെ ഒരു 'പവർ ഗ്രൂപ്പി'ന്റെ പ്രവർത്തനങ്ങൾ സംഘടനാ അംഗങ്ങളുടെ മുന്നിൽ തുറന്നുകാട്ടാൻ സാധിച്ചതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും അവർ സമൂഹമാധ്യമ കുറിപ്പിൽ അവകാശപ്പെട്ടു.

ശ്വേത മേനോന്റെ വാക്കുകൾ:

‘അമ്മ സംഘടനയിലുള്ള മിക്കവരും അവസരങ്ങൾ നഷ്ടപ്പെട്ട് ഫീൽഡ് ഔട്ട് ആയവരാണ് ഇവർക്കൊന്നും സിനിമയില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ സംഘടനയെ പലരും സാമൂഹിക മാധ്യമങ്ങളിൽ  കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എന്നാൽ ഞാൻ ഒരു കാര്യം തുറന്ന് പറയട്ടെ, അതൊരു സത്യമാണ്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാർ അമ്മയിലുണ്ട്. ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവർക്ക് കൈത്താങ്ങാവുക എന്നതാണ് അമ്മയുടെ സ്ഥാപിത ലക്ഷ്യം.

ഇതിനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ്  സ്റ്റാർ വാല്യൂ ഉള്ള താരങ്ങളും അവരുടെ സമയവും അധ്വാനവും ചിലവഴിച്ച് അമ്മയുടെ സ്പോൺസർഡ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത്. ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങൾ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാൻ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങൾ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്.പക്ഷേ, അമ്മയിലെ അംഗങ്ങൾക്ക് അവകാശപ്പെട്ട ഫണ്ട്… അവരുടെ ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ ഞാൻ കണ്ടെത്തി.

ആ കാര്യങ്ങൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് എന്നെ അവർ അപമാനിക്കാൻ ശ്രമിച്ചത്.  ജനറൽ ബോഡി മീറ്റിംഗിൽ എന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് ഞാൻ അമ്മയിൽ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത്.

ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ പവർ ഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ ആവില്ല എന്നത് ഞാൻ അമ്മ പ്രസിഡന്റായി മത്സരിച്ച അന്നു മുതൽ ഇന്ന് വരെ ഞാൻ നേരിട്ട ആക്രമണങ്ങളുടെ പട്ടിക നോക്കിയാൽ മനസ്സിലാകും.

എന്തിന് ലാലേട്ടൻ വരെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയില്ലേ? ഈ കുറ്റാരോപിതർ ചെയ്യുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും എന്തിനാണ് ചീത്തപ്പേര് കേൾക്കുന്നത് എന്ന് ലാലേട്ടൻ വരെ ചിന്തിച്ചില്ലേ?

ഞാൻ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല.

അമ്മയിൽ സാമ്പത്തിക തിരിമറി നടത്തിയവർക്കെതിരെയും ചില കുറ്റാരോപിതർക്കെതിരെയുമാണ് എന്റെ പോരാട്ടം.

നുണക്കഥകൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവർ കരുതുന്നത്.എന്നെക്കുറിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ടില്ല.  കാരണം, ഇത് അമ്മയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.  ഇനി ഞാൻ ഇതിൽ തോറ്റുപോയാലും സാരമില്ല.കാരണം, ഈ പോരാട്ടത്തിലൂടെ ആ പവർ ഗ്രൂപ്പ് അമ്മയിലെ അംഗങ്ങളുടെ മുന്നിൽ എക്സ്പോസ് ചെയ്യപ്പെട്ടു കഴിഞ്ഞു.അതുതന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം.

ശ്വേത മേനോൻ,അമ്മ പ്രസിഡന്റ്’.