കലയും രാഷ്ട്രീയവും നര്‍മ്മവും പിന്നെ ഇന്നസെന്റും
മലയാളത്തിന്റെ ചിരിച്ചന്തത്തെയാണ് മാര്‍ച്ച് 26 നമ്മില്‍നിന്ന് തട്ടിയെടുത്തത്. സിനിമയും രാഷ്ട്രീയവും പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും നര്‍മ്മം കണ്ടെത്താന്‍ ഇന്നസെന്റിന് കഴിഞ്ഞു.മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇന്നസെന്റ് എന്ന സിനിമാനടന്‍. മലയാളി ജീവിതങ്ങളോട് ഇത്രമേല്‍ ചേര്‍ന്ന് നിന്ന മറ്റൊരു നടന്‍ ഉണ്ടാകില്ല. അഭിനയവും നിര്‍മ്മാണവും മാത്രമല്ല സിനിമാ ഗാനങ്ങളിലും ഇന്നസെന്റ് ശൈലി മലയാളം കേട്ടു.ആനച്ചന്തം, ടോണിക്കൂട്ടാ,കുണുക്കുപെണ്മണിയെ, ഈ അടുത്തിറങ്ങിയ സുനാമി എന്ന ചിത്രത്തിലെ മരത്തിലുണ്ടാക്കിവച്ച വട്ടത്തിലെ റാട്ടേ.. നര്‍മ്മം തുളുമ്പുന്ന പാട്ടുകളായിരുന്നു എല്ലാം.രോഗം പിടിമുറുക്കുമ്പോഴും ഹോസ്പിറ്റല്‍ വാര്‍ഡില്‍ ചിരി പടര്‍ത്തിയ മനുഷ്യനാണ്. നിഷ്‌കളങ്കമായ ചിരിയുടെ മറ്റൊരു പേര് തന്നെ ആണ് ഇന്നസെന്റ്. സിനിമയിലും പാര്‍ലമെന്ററി രംഗത്തും സംഘടനാ പ്രവര്‍ത്തനത്തിലും ഒരുപോലെ ശോഭിച്ച അപൂര്‍വം പേരില്‍ ഒരാളാണ് അദ്ദേഹം.
പില്‍ക്കാലത്തു കാന്‍സര്‍ എന്ന രോഗത്തെയും ചിരിച്ചു കൊണ്ട് അതിജീവിച്ചു. ആ ചിരിക്കഥകള്‍ അനേകം പേര്‍ക്ക് കരുത്ത് പകര്‍ന്നു. നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ നിറസാന്നിധ്യമായ ഇന്നസെന്റ് ദീര്‍ഘകാലം സിനിമ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു.ചിരിസാമ്രാജ്യത്തിലെ ആ ചക്രവര്‍ത്തിയുടെ തിരോധാനം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണ്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശോഭിച്ച് അദ്ദേഹം ജനപ്രിയനായി. നിര്‍മ്മാതാവായി സിനിമയില്‍ രംഗപ്രവേശം ചെയ്തു. 1972-ല്‍ നൃത്തശാല എന്ന ആദ്യ ചിത്രത്തില്‍ തുടങ്ങി, ഹാസ്യനടനും സ്വഭാവനടനുമായി മുഖ്യശ്രദ്ധയിലേക്ക് ഉയര്‍ന്നപ്പോഴും സവിശേഷമായ ശരീരഭാഷയും നര്‍മ്മോക്തി കലര്‍ന്ന അംഗവിക്ഷേപങ്ങളും ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങളും സ്വതസിദ്ധതയോടെ ഇന്നസെന്റ് നിലനിര്‍ത്തി.
കുഞ്ഞുങ്ങള്‍ തൊട്ട് പ്രായമായവരുടെ വരെ ഇഷ്ടഭാജനമായിരുന്നു ഇന്നസെന്റ്. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങി ഇന്നസെന്റിന് അംഗീകാരങ്ങളുടെ നിറവേകാന്‍ നമുക്ക് സാധിച്ചു. നടനെന്നതിനൊപ്പം തന്നെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയായി ഇന്നസെന്റ് നമുക്കുമുന്നില്‍ സ്വയം തെളിയിച്ചു. ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയിലേല്‍പ്പിക്കുന്ന വിടവ് നികത്താന്‍ സാധിക്കില്ല. തന്റെ സിനിമകളിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന, നിത്യജീവിതത്തില്‍ എന്നും കണ്ടുമുട്ടുന്ന അയല്‍ക്കാരിലൊരാളായി നാം സങ്കല്പ്പിച്ച ഇന്നസെന്റ് ഇനി നമ്മുടെ ഓര്‍മകളില്‍ അനശ്വരനായി നിലകൊള്ളും.