Monday, 20 July 2026 | 12:31 PM

Latest

'പിഷാരടിയെ കുടുക്കാൻ ആസൂത്രിത നീക്കം'; ശ്വേതാ മേനോനെതിരെ ഉഷ ഹസീന, മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം

sreyas 06 July 2026 03:18 PM
'പിഷാരടിയെ കുടുക്കാൻ ആസൂത്രിത നീക്കം'; ശ്വേതാ മേനോനെതിരെ ഉഷ ഹസീന, മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം

Highlights

പിഷാരടി വർഷങ്ങളായി പരിചയമുള്ള വ്യക്തിയാണെന്നും ഒരിക്കലും പരിധിവിട്ട് പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഉഷ ഹസീന പറഞ്ഞു

 

താരസംഘടനയായ 'അമ്മ'യിലെ പ്രസിഡന്റ് ശ്വേതാ മേനോൻയും അഡ്ഹോക്ക് കമ്മിറ്റി മുൻ കൺവീനറായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന. യാഥാർഥ്യം മനസ്സിലാക്കാതെയാണ് പിഷാരടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും അദ്ദേഹത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉഷ ഹസീന ഇക്കാര്യങ്ങൾ പറഞ്ഞത്. 

പുറത്തുവന്ന ഓഡിയോ ആസൂത്രിതമായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നാണ് അവരുടെ ആരോപണം. സംഭാഷണത്തിലെ ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്തതായും, ഇത് ഒരു പി.ആർ. നീക്കത്തിന്റെ ഭാഗമാണെന്നുമാണ് അവർ പറയുന്നത്. വാട്സ്ആപ്പ് കോൾ സാധാരണ രീതിയിൽ റെക്കോർഡ് ചെയ്യാനാകാത്തതിനാൽ മറ്റൊരു ഉപകരണം ഉപയോഗിച്ചായിരിക്കണം അത് പകർത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി.

അവരുടെ സംഭാഷണം കേട്ടാൽ ഇതുവരെ ഒന്നുമറിയാത്ത ഭൂമിയിലോട്ട് ഇപ്പോൾ പിറന്നുവീണ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടിയാണ് അവർ സംസാരിക്കുന്നത്. പക്ഷേ, അവർ ഒരുപാട് തമാശകൾ പലപ്പോഴും അവിടെയിരുന്ന് പറഞ്ഞ് ചിരിച്ചിട്ടുള്ള ഒരാളാണ്. അവരുമായിട്ട് സൗഹൃദമുള്ള പലരും പറയുന്നുണ്ട്, ഇതിനേക്കാളും വലിയ കൗണ്ടറടിച്ച്, വലിയ ഡബിൾ മീനിങ് ഉള്ള കാര്യങ്ങൾ പറഞ്ഞ് അവർ മുൻപ് പൊട്ടിപ്പൊട്ടി ചിരിച്ചിട്ടുണ്ടെന്ന്. സഹപ്രവർത്തകർ തമ്മിൽ തമ്മിൽ അങ്ങനെയുള്ള ഫ്രീഡം ഉള്ളതുകൊണ്ടല്ലേ പിഷാരടിയും തമാശയ്ക്ക് അങ്ങനെ സംസാരിച്ചത്?

പിഷാരടി വർഷങ്ങളായി പരിചയമുള്ള വ്യക്തിയാണെന്നും ഒരിക്കലും പരിധിവിട്ട് പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഉഷ ഹസീന പറഞ്ഞു. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദപരമായ സംഭാഷണത്തെ വളച്ചൊടിച്ചാണ് ഇപ്പോൾ വിവാദമാക്കിയതെന്നും, കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരിക്കാം ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. 

സംഘടനയുടെ പ്രസിഡന്റായ ഒരാൾ സ്വന്തം അംഗത്തെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുന്ന നടപടി ദൗർഭാഗ്യകരമാണെന്നും, ഇത്തരം പ്രവർത്തനങ്ങളിലൂടെ ആ സ്ഥാനത്തിന് താൻ അർഹയല്ലെന്ന് ശ്വേതാ മേനോൻ തന്നെ തെളിയിക്കുകയാണെന്നും ഉഷ ഹസീന വിമർശിച്ചു.

ശ്വേതാ മേനോൻ ഉന്നയിച്ച, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ പിന്തുണ തനിക്കുണ്ടെന്ന അവകാശവാദവും ഉഷ ഹസീന തള്ളിക്കളഞ്ഞു. 'അമ്മ'യിലെ അംഗങ്ങളുടെ ക്ഷേമത്തിനും ഇൻഷുറൻസ്, കൈനീട്ടം തുടങ്ങിയ പദ്ധതികൾക്കുമാണ് ഇരുവരും സംഘടനയ്ക്കൊപ്പം നിൽക്കുന്നതെന്നും, സഹപ്രവർത്തകനെ ചതിച്ച ഒരാളെ അവർ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'അമ്മ'യിലെ പ്രശ്നങ്ങൾക്ക് കാരണം സംഘടനയിലെ സാധാരണ അംഗങ്ങളല്ല, മറിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും ഉഷ ഹസീന ആരോപിച്ചു. ജനറൽ ബോഡിയിൽ കണക്ക് ചോദിച്ച അംഗങ്ങളെ 'പവർ ഗ്രൂപ്പ്' എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും യഥാർഥ പവർ ഗ്രൂപ്പ് മറ്റെവിടെയാണെന്നും അവർ പറഞ്ഞു. കോർപ്പറേറ്റുകളിൽ നിന്ന് കോടികൾ വാഗ്ദാനം ചെയ്യുന്നവരാണ് യഥാർഥ സ്വാധീനശക്തിയെന്നും അവർ ആരോപിച്ചു.

കോർപ്പറേറ്റ് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉഷ ഹസീന നിഷേധിച്ചു. മഴവിൽ മനോരമ സംഘടിപ്പിച്ച ഒരു ഷോയിലൂടെ ധനസമാഹരണം നടത്തിയതല്ലാതെ കഴിഞ്ഞ 31 വർഷത്തിനിടെ മറ്റേതെങ്കിലും കോർപ്പറേറ്റിൽ നിന്ന് 'അമ്മ' പണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കണമെന്ന വെല്ലുവിളിയും അവർ ഉയർത്തി.

ഇത്രയും വലിയൊരു ക്രൂരത അവർ കാണിക്കാൻ പാടില്ലായിരുന്നു. പിഷാരടി ഒരു പ്രശ്നത്തിലും ഇല്ലായിരുന്നു, ഇത് രമ്യതയിൽ പരിഹരിക്കാൻ വേണ്ടി വന്ന ഒരു മനുഷ്യനെ കുടുക്കി പൊതുജനങ്ങളുടെ മുൻപിൽ നാണംകെടുത്തി. പിഷാരടി ജയിച്ചപ്പോൾ ഉമ്മ കൊടുക്കുന്ന പടമാണ് ഇവർ പങ്കുവെച്ചത്, എന്നിട്ട് തോളിൽ കൈ ഇട്ടുകൊണ്ട് ഇരുന്ന് ഭയങ്കര ചതിയല്ലേ ചെയ്തത്?

പിഷാരടിയുടെ പേരിന് മനപ്പൂർവം കളങ്കമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇന്ന് അദ്ദേഹത്തിന് സംഭവിച്ചതുപോലെ നാളെ സംഘടനയിലെ മറ്റാർക്കും ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവരുമെന്നും ഉഷ ഹസീന പറഞ്ഞു. അൻസിബയുടെ വിഷയത്തിൽ സ്വീകരിച്ച നിലപാടുപോലെ തന്നെ പിഷാരടിക്കൊപ്പവും തങ്ങൾ ഉറച്ചുനിൽക്കുമെന്നും, അദ്ദേഹത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും അവർ ആവർത്തിച്ചു.