Sunday, 26 July 2026 | 06:17 PM

Latest

ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ലീക്കല്ല, 'റിലീസ്' ആണെന്ന് രമേഷ് പിഷാരടി

sreyas 04 July 2026 04:53 AM
ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ലീക്കല്ല, 'റിലീസ്' ആണെന്ന് രമേഷ് പിഷാരടി

Highlights

എനിക്ക് നന്മ ചെയ്യാൻ ഒരു സ്ഥാനം വേണമെന്നില്ല

 


താരസംഘടനയായ 'അമ്മ'യിൽ ഇടക്കാല ഭരണത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചതിന് പിന്നാലെ കൺവീനർ സ്ഥാനത്ത് നിന്ന് നടൻ രമേഷ് പിഷാരടി രാജിവെച്ചു.

സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റിയുടെ രൂപീകരണം നിയമപരമല്ലെന്ന നടി ശ്വേതാ മേനോന്റെ വാദം കോടതി പ്രാഥമികമായി അംഗീകരിച്ചു. പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെടുന്നതുവരെ മുൻ ഭരണസമിതി തന്നെ തുടരണം എന്ന ആവശ്യവും കോടതി ശരിവെച്ചതോടെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനത്തിന് താൽക്കാലിക വിലക്ക് വന്നത്.

കോടതി ഉത്തരവിന് പിന്നാലെ പ്രതികരിച്ച രമേഷ് പിഷാരടി, ഒരു പദവിയിലും കടിച്ചുതൂങ്ങാൻ താൽപര്യമില്ലെന്നും 32 വർഷത്തെ പാരമ്പര്യമുള്ള സംഘടനയെ കോടതി നടപടികളിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കൺവീനർ സ്ഥാനം ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്.

അതേസമയം, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി താനും ശ്വേതാ മേനോനും തമ്മിൽ നടത്തിയ സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും പിഷാരടി പറഞ്ഞു. ആ ഓഡിയോയിൽ പരാമർശിക്കുന്ന അഴിമതി ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ അവ തെളിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പിഷാരടിയുടെ വാക്കുകൾ:

‘അമ്മ’ സംഘടനയുടെ ജനറൽ ബോഡി ദിവസം, അവിടെയുണ്ടായ ഒരു പ്രത്യേക സാഹചര്യത്തിൽ നിലവിലുണ്ടായിരുന്നു എല്ലാ ഭാരവാഹികളും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. അവർ പ്രഖ്യാപിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയ കൂട്ടത്തിൽ, പ്രസിഡന്റ് താൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടി രാജിവെക്കുകയാണെന്ന് മറ്റ് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞ് അവിടെനിന്നും പോയി. അങ്ങനെ അവിടെ പെട്ടെന്ന് ഒരു അനാഥത്വം ഉണ്ടായപ്പോൾ, അവിടെയുണ്ടായിരുന്ന ആളുകൾ ജഗദീഷേട്ടനെ തൽക്കാലം അധ്യക്ഷനായി ഇരുത്തിക്കൊണ്ട് ചർച്ചകൾ തുടങ്ങി. എന്നാൽ മീറ്റിംഗ് അനന്തമായി നീണ്ടുപോയത് കാരണം ആ സമയത്ത് ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോന്നിരുന്നു.

പിന്നീട് എന്നെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ട്, 'സംഘടനയിൽ ഇങ്ങനെ ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കേണ്ട സാഹചര്യമുണ്ടായി, പിഷാരടി ഇതിൽ നിൽക്കാമോ' എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മറ്റ് നല്ല തിരക്കുകൾ ഉണ്ടായിരുന്നെങ്കിൽ പോലും, നമ്മുടെ സ്വന്തം സംഘടന എന്ന നിലയിൽ ഇതിന്റെ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ എനിക്ക് സാധിക്കുമെങ്കിൽ അത് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്ന ചിന്തയോടുകൂടി ഞാൻ 'നിൽക്കാം ചേട്ടാ' എന്ന് സമ്മതിച്ചു. അങ്ങനെയാണ് ഞാൻ ഉൾപ്പെടുന്ന ഒരു അഡ്ഹോക്ക് കമ്മിറ്റി ഇവിടെ രൂപീകരിക്കപ്പെടുന്നത്.

ഇന്ന് വൈകുന്നേരം കമ്മറ്റി സ്റ്റേ ചെയ്തു എന്ന് വാർത്തകളിൽ കണ്ടതിനെത്തുടർന്ന് സൈറ്റിൽ കയറി ആ വിധി എന്താണെന്ന് പരിശോധിച്ചു. യഥാർഥത്തിൽ അതൊരു വിധിയല്ല, സ്റ്റേ ആണ്. ആ സ്റ്റേയിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കിയപ്പോൾ എനിക്ക് മനസ്സിലായത്, അതിൽ കമ്മിറ്റിയെ മൊത്തത്തിലല്ല, എന്നെ വ്യക്തിപരമായിട്ടാണ് പരാമർശിച്ചിരിക്കുന്നത് എന്നാണ്. മെമ്പർ എന്നാണ് എഴുതിയിരിക്കുന്നത്  മെംബേർസ് എന്നല്ല.  എങ്കിലും ഇതിനകത്ത് എന്റെ വ്യക്തിപരമായ യാതൊരു പ്രശ്നവുമില്ല. ഞാൻ ഒരു സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ, എനിക്ക് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനോ മറ്റ് കാര്യങ്ങൾ ചെയ്യാനോ ഉള്ള അധികാരമില്ല എന്ന രീതിയിലാണ് കോടതിയിൽ നിന്ന് സ്റ്റേ വന്നിരിക്കുന്നത്. അങ്ങനെ ഒരു സ്റ്റേ വന്ന സാഹചര്യത്തിൽ, അന്ന് ജനറൽ ബോഡി കമ്മിറ്റി പറഞ്ഞതുകൊണ്ട് ഞാൻ ഈ ചുമതല ഏറ്റെടുത്തു, ഇപ്പോൾ കോടതി മാറാൻ പറഞ്ഞതുകൊണ്ട് ഞാൻ മാറുന്നു.

ഞങ്ങൾ ഈ അഡ്ഹോക്ക് കമ്മിറ്റിയിൽ ചുമതലയേറ്റിട്ട് ഇപ്പോൾ പത്തോ പതിനഞ്ചോ ദിവസമായില്ലേ, ഇതുവരെ ഞങ്ങൾക്ക് സംഘടനയുടെ മിനിറ്റ്സ് ബുക്ക് പോലും ലഭിച്ചിട്ടില്ല. അവിടുത്തെ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ഓഫീസുകളുടെ താക്കോലുകൾ പോലും ഞങ്ങൾക്ക് കൈമാറിയിരുന്നില്ല. ഞാൻ രണ്ട് ദിവസം മുമ്പ് മാധ്യമങ്ങളെ കണ്ടിരുന്നു. ഞാൻ ആകെ രണ്ടേ രണ്ട് പത്രസമ്മേളനങ്ങളിലാണ് പങ്കെടുത്തത്. അത് ഞാൻ പ്രത്യേകമായി പത്രസമ്മേളനം വിളിച്ചുകൂട്ടിയതല്ല; നമ്മുടെ 'ഓപ്പറേഷൻ തൂഫാൻ' എന്ന പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് കഴിഞ്ഞ് വരുമ്പോൾ മാധ്യമങ്ങൾ കണ്ട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി നൽകിയതാണ്. അപ്പോൾ ഈ മിനിറ്റ്സ് ബുക്കോ താക്കോലോ ഒന്നും തന്നില്ലെങ്കിലും നമ്മൾ ഇവരോട് നിരന്തരം കാര്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എനിക്ക് മുപ്പത്തിരണ്ട് വയസ്സായ ഈ 'അമ്മ' സംഘടനയെ കോടതിയിൽ എത്തിക്കണം എന്ന് യാതൊരു ആഗ്രഹവുമില്ലായിരുന്നു. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കണമെന്ന് കരുതി ഞാൻ സംസാരിക്കാമെന്ന് വിചാരിച്ചു. അതുകൊണ്ടാണ് ഞാൻ ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്, ഞാൻ ശ്വേതയോടും അൻസബയോടും ടിനിയോടും അവരുടെ അഡ്വക്കേറ്റ്മാരോടും മല്ലിക ചേച്ചിയോടും ലക്ഷ്മിപ്രിയയോടും മണിക്കൂറുകളോളം സംസാരിച്ചു എന്ന്. അങ്ങനെ മണിക്കൂറുകളോളം സംസാരിച്ചതിൽ ഒരു ഓഡിയോ ആണ് ഇന്ന് പുറത്തുവന്നത്. ഇതിന് 'ലീക്ക്' എന്നാണ് നിങ്ങളൊക്കെ വാക്ക് ഉപയോഗിക്കുന്നത്; എന്നാൽ ഇത് ലീക്കല്ല, 'റിലീസ്' ആണ്. ലീക്കും റിലീസും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആ ഓഡിയോയുടെ ക്വാളിറ്റിയുടെ വ്യത്യാസം ശ്രദ്ധിച്ചാൽ, എന്റെ ഫോൺ ടോണും ബാക്കി ലൈവ് ടോണും കേട്ടാൽ അത് എവിടെനിന്നാണ് ലീക്കായത് അല്ലെങ്കിൽ റിലീസ് ചെയ്തത് എന്ന് നമുക്ക് കൃത്യമായി മനസ്സിലാകും.

ഞാൻ മുൻപ് പറഞ്ഞതുപോലെ, ഇത് എന്റെ വ്യക്തിപരമായ പ്രശ്നമല്ലെങ്കിൽ പോലും, എനിക്ക് വ്യക്തിപരമായി വലിയ സൗഹൃദമുണ്ടായിരുന്ന, ഞാനുമായി നിരന്തരം കോൺടാക്ട് ഉണ്ടായിരുന്ന (ഇനിയും ചിലപ്പോൾ ആ സൗഹൃദം ഉണ്ടാകുമായിരിക്കാം) ഒരാളിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടായതിൽ വിഷമമുണ്ട്. നമ്മൾ ഒരു പ്രശ്നം രമ്യതയിൽ എത്തിക്കാൻ വേണ്ടി ആഗ്രഹിച്ചുകൊണ്ടും പ്രതീക്ഷിച്ചുകൊണ്ടും സംസാരിച്ച ആ അനുരഞ്ജന സംഭാഷണങ്ങളുടെ ഓഡിയോ പുറത്തുവിട്ടതിൽ എനിക്ക് വ്യക്തിപരമായി വലിയൊരു വേദന  തോന്നിയിട്ടുണ്ട്. അത് മാത്രമാണ് എനിക്ക് ആകെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു സങ്കടം. അല്ലാതെ നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സംഘടനയ്ക്ക് നല്ലത് വരണമെന്നും മാത്രമല്ലേ ഞാൻ വിചാരിച്ചിട്ടുള്ളൂ.

പ്രാഥമിക അംഗത്വത്തിൽ നിന്നുപോലും രാജിവച്ചുപോയ ഒരാൾക്ക് 'പ്രസിഡന്റ്' എന്ന് പറഞ്ഞ് എങ്ങനെയാണ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിക്കാൻ സാധിക്കുന്നത് എന്ന് എന്നോട് ചിലർ ചോദിച്ചിരുന്നു. എനിക്ക് വേണമെങ്കിൽ ഈ സ്റ്റേയ്ക്ക് എതിരെ നാളെ കോടതിയിൽ പോയി വാദിക്കാം. 'ഇവരൊക്കെ പ്രാഥമിക അംഗത്വവും ഭാരവാഹിത്വവും രാജിവെച്ചുപോയവരല്ലേ, അതുകൊണ്ട് എനിക്ക് കൺവീനറായി തുടരാം' എന്ന് നിയമപരമായി പറയാൻ എനിക്ക് കഴിയും. പക്ഷേ, അങ്ങനെ കോടതിയിൽ പോയി ഫൈറ്റ് ചെയ്ത് ഇവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്ന് എനിക്ക് യാതൊരുവിധ ആഗ്രഹവുമില്ല. അമ്മയുടെ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നവരും ഈ സംഘടനയെ ആശ്രയിച്ച് ജീവിക്കുന്നവരുമായ പലരും എന്നെക്കാൾ എത്രയോ സീനിയറായ വ്യക്തികളാണ്. അവരെയൊക്കെ എന്റെ വെറും സഹപ്രവർത്തകർ എന്ന് വിശേഷിപ്പിക്കാൻ പോലും ഞാൻ ആളല്ല; ഞാൻ പലരുടെയും കൂടെ വർക്ക് ചെയ്തിട്ടുപോലുമില്ല. ഞങ്ങളൊക്കെ എത്രയോ കാലം ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്ത് കഷ്ടപ്പെട്ടാണ് ഈ സംഘടനയെ ഇന്നത്തെ ഈ നിലയിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ, എന്റെ സ്വാർഥതയ്ക്ക് വേണ്ടി ഇതിനെ വീണ്ടും കോടതി കയറ്റാനോ, ഇതിനെതിരെ എന്തെങ്കിലും പറയാനോ ഉള്ള യാതൊരു ഉദ്ദേശവും എനിക്കില്ല.

ഞാൻ ആദ്യം പറഞ്ഞതുപോലെ തന്നെ ഒരു പ്രധാന കാര്യം ഇവിടെയുണ്ട്; കഴിഞ്ഞ കമ്മിറ്റിയുടെ കണക്കുകൾ ജനറൽ ബോഡിയിൽ അവതരിപ്പിച്ചപ്പോൾ അത് പാസ്സായിരുന്നില്ല. ആ കണക്കുകൾ പാസ്സാകാതിരുന്നപ്പോൾ തന്നെ ആ കമ്മിറ്റിയുടെ അധികാരം നഷ്ടപ്പെട്ടതാണ്. സംഘടനയുടെ അക്കൗണ്ടന്റും നമ്മുടെ ക്യാഷിയറും അന്ന് ആ കാര്യം വ്യക്തമായി പറഞ്ഞതുമാണ്. കണക്കുകൾ പാസ്സാകാതിരുന്ന ആ സാഹചര്യത്തിലാണ് അവിടെ ചർച്ചകൾ തുടങ്ങിയത്. എന്നാൽ 'ഞങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ല' എന്നാണ് ഇപ്പോൾ അവർ വാദിക്കുന്നത്. ഭാരവാഹികൾക്ക് രാജി വയ്ക്കണമെങ്കിൽ പ്രസിഡന്റിനോ സെക്രട്ടറിക്കോ ഒക്കെ രാജി നൽകാം. പക്ഷേ, ഇവരൊക്കെ ഒരുമിച്ച് രാജിവച്ചു പോയാൽ പിന്നെ അവിടെ ആർക്കാണ് രാജി സമർപ്പിക്കുക? 

ഔദ്യോഗികമായി രാജി നൽകണമെങ്കിൽ ഒന്നുകിൽ തിരുവനന്തപുരത്തെ റജിസ്ട്രാർ ഓഫീസിൽ കൊടുക്കണം, അല്ലെങ്കിൽ അത് സ്വീകരിക്കാൻ മറ്റാരെങ്കിലും അവിടെ വേണം. അന്ന് ജനറൽ ബോഡിയിൽ വെച്ച് അവർ നടത്തിയ ആ പ്രഖ്യാപനത്തെയാണ് കമ്മിറ്റി ഔദ്യോഗിക രാജിയായി കണക്കാക്കിയതും, അവിടെ വെച്ച് മറ്റൊരു ഇടക്കാല കമ്മിറ്റിയെ തീരുമാനിക്കണം എന്ന് പറഞ്ഞതും. അങ്ങനെയാണ് ഈ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. അല്ലാതെ ഇതിൽ കടിച്ചുതൂങ്ങാൻ എനിക്ക് ഒട്ടും ആഗ്രഹമില്ല. എല്ലാം നല്ല രീതിയിൽ നടക്കട്ടെ. എല്ലാവരും ചിരിച്ചു കളിച്ച്, തോളിൽ കൈയിട്ട്, സന്തോഷത്തോടെ ഒന്നിച്ച് നിൽക്കുകയും ആളുകളെ സഹായിക്കുകയും ചെയ്തിരുന്ന ആ പഴയ നല്ല കാലത്തിലേക്ക് സംഘടന തിരികെ വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

അമ്മയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഞാൻ ആത്മാർഥമായി തന്നെ മുന്നിട്ടിറങ്ങിയിരുന്നു. സംഘടനയിലെ ഒരുപാട് ആളുകളോട് വ്യക്തിപരമായി സംസാരിക്കുകയും ചെയ്തു. എന്നാൽ എന്റെ ആ ശ്രമങ്ങൾ ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, കോടതി വഴി ഈ അധികാരം തിരിച്ചുവാങ്ങിച്ച് അവിടെ ചെന്നിരിക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ലെന്ന്. ഞാൻ ഈ ചുമതല ഏറ്റെടുത്ത സമയത്ത്, എന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ വിളിച്ച് 'അയ്യോ, ഈ സമയത്ത് എന്തിനാണ് ഈ തലവേദന ഏറ്റെടുത്തത്?' എന്ന് സ്നേഹത്തോടെ ചോദിച്ചിരുന്നു. അപ്പോഴും ഈ സംഘടനയോടുള്ള ആത്മാർഥത കൊണ്ടാണ് നമ്മൾ മുന്നോട്ട് വന്നത്. 

എല്ലാവരോടും ഒന്ന് സംസാരിച്ച് അനുരഞ്ജനത്തിൽ കൊണ്ടുപോകാമെന്ന് കരുതി. ആകെ 400 പേരല്ലേ ഈ സംഘടനയിലുള്ളൂ; വലിയ കോംപ്ലിക്കേഷൻസ് ഒന്നുമില്ല. മനുഷ്യന്മാർ അങ്ങോട്ടുമിങ്ങോട്ടും ക്ഷമിച്ചും സഹിച്ചും വിട്ടുകൊടുത്തും നിന്നാൽ സുഖമായി നടത്തിക്കൊണ്ടുപോകാവുന്നതേയുള്ളൂ. കൊല്ലത്തിൽ ഒരു ജനറൽ ബോഡിയും ഒന്നോ രണ്ടോ സ്റ്റേജ് ഷോയും ഒക്കെയായി പോകുന്ന ഒരു സംഘടനയാണിത്. അല്ലാതെ റോഡിലിറങ്ങി സമരം ചെയ്യാനോ അവകാശങ്ങൾക്ക് വേണ്ടി വഴക്കിടാനോ ഉള്ള സംഘടനയല്ല ഇത്; ഇതൊരു വെൽഫെയർ ചാരിറ്റബിൾ അസോസിയേഷൻ ആണ്. നമുക്ക് പറ്റുന്ന നല്ല കാര്യങ്ങൾ നമ്മൾ സമൂഹത്തിന് വേണ്ടി ചെയ്യുന്നുമുണ്ട്. 

ഉദാഹരണത്തിന്, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സ്റ്റേജ് ഷോ നടത്തി നമ്മൾ അഞ്ച് കോടി രൂപ നൽകിയിട്ടുണ്ട്. സംഘടനയിലെ അംഗങ്ങൾ തന്നെ 25, 40, 50 ലക്ഷം വീതം സംഭാവന നൽകി മൂന്നും നാലും കോടി രൂപ സമാഹരിച്ചു നൽകിയിട്ടുണ്ട്. ആംബുലൻസുകൾ നൽകി, വീടുകൾ വെച്ചുകൊടുത്തു, കോവിഡ് സമയത്ത് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകി. ഇങ്ങനെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനയാണിത്. ആ സംഘടനയെ കോടതി കയറ്റാനോ, അതിന്റെ ഒരു സ്ഥാനത്തിന് വേണ്ടി കോടതി വഴി പോരാടാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ സംഘടനയുടെ പരമാധികാരം (അപ്പക്സ്) എന്ന് പറയുന്നത് ജനറൽ ബോഡിയാണ്. അവർ എന്നോട് നിൽക്കാൻ പറഞ്ഞു, ഞാൻ നിന്നു. ഇപ്പോൾ കോടതിയിൽ നിന്ന് സ്റ്റേ വന്നു, ഞാൻ മാറിനിൽക്കുന്നു. ഇനി കാര്യങ്ങൾ അതിന്റെ വഴിക്ക് പോകട്ടെ.

എനിക്ക് നന്മ ചെയ്യാൻ ഒരു സ്ഥാനം വേണമെന്നില്ല. പരിശ്രമിക്കാൻ പദവികളുടെ ആവശ്യമില്ലല്ലോ. നമ്മൾ ഒരു സംഘടനയിൽ നിൽക്കുമ്പോൾ അതിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ സിൻസിയർ ആയി ഒപ്പം നിൽക്കണം, അത്രമാത്രം. അതിന് സ്ഥാനത്തിന്റെ പ്രശ്നമൊന്നുമില്ല; നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾ ഉറപ്പായും ചെയ്യും. ഞാൻ എന്റെ പ്രാഥമിക അംഗത്വം ഒന്നും രാജിവെച്ചിട്ടില്ല. ഈ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനമാണ് രാജിവയ്ക്കുന്നത്. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിക്ക് നിലവിലില്ലാത്ത സ്ഥിതിക്ക് ഈ രാജി ഇനി വേറെ ആർക്കെങ്കിലും എഴുതി കൊടുക്കണോ എന്നറിയില്ല. എങ്കിലും എന്റെ ഭാഗത്തുനിന്ന് ഈ രാജി രാജി തന്നെയാണ്. ഞാൻ ഇനി കത്ത് ഒപ്പിട്ടു നൽകിയില്ലെങ്കിലും ഇതൊരു ഔദ്യോഗിക പ്രഖ്യാപനമാണ്. ഒരു 15 ദിവസം കഴിയുമ്പോൾ 'ഈ രാജി രാജി അല്ലായിരുന്നു' എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഒരിക്കലും തിരിച്ചുവരില്ല.

'അഡ്‌ഹോക്ക് കമ്മിറ്റി' എന്നൊരു വാക്ക് സംഘടനയുടെ ബൈലോയിൽ ഇല്ല എന്ന് പറയുന്നതിനോട് എനിക്ക് ഒരു ചെറിയ ഉദാഹരണം പറയാനുണ്ട്. നമ്മൾ വൈകിട്ട് ഏഴ് മണിക്ക് ഒരു മീറ്റിങ് കൂടുമ്പോൾ പെട്ടെന്ന് കറന്റ് പോയാൽ, അവിടെ മെഴുകുതിരി കത്തിക്കണോ അതോ വിളക്ക് കത്തിക്കണോ എന്നൊന്നും ബൈലോയിൽ എഴുതിവെച്ചിട്ടുണ്ടാകില്ലല്ലോ! ഇതിനൊരു പാരന്റ് ബുക്കുണ്ട്  ഇത്തരം അസന്നിഗ്ധ ഘട്ടങ്ങളിൽ, ഭാരവാഹികൾ എല്ലാവരും കൂടി രാജിവെച്ചു പോയാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പരമാധികാരം ജനറൽ ബോഡിക്കാണ്. അവർ ഒരു തീരുമാനം എടുക്കണം, അല്ലാതെ അവിടെ കാര്യങ്ങൾ മുടങ്ങിപ്പോകാൻ പാടില്ലല്ലോ. ദൈനദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഒരു കമ്മിറ്റിയും അതിനൊരു തലവനും വേണം. ആ കമ്മിറ്റിയെ നിങ്ങൾ അഡ്‌ഹോക്ക് കമ്മിറ്റിയെന്നോ, സൗഹൃദക്കൂട്ടായ്മയെന്നോ, അതോ ഓൺലൈനിൽ ചിലർ കളിയാക്കി പറയുന്നതുപോലെ കുടുംബശ്രീയെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഈ 'അഡ്ഹോക്ക്' എന്ന പർട്ടിക്കുലർ വാക്ക് ഒരുപക്ഷേ ബൈലോയിൽ ഇല്ലായിരിക്കാം. പക്ഷേ, ബൈലോയിൽ കൃത്യമായി എഴുതിവെക്കാത്ത പല അടിയന്തര സാഹചര്യങ്ങളും ഒരു സംഘടനയിൽ ഉണ്ടാകും. അപ്പോൾ അതിന്റെ പാരന്റ് ബുക്ക് നോക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. അങ്ങനെയാണ് ഈ കമ്മിറ്റി വന്നത്.

എനിക്ക് ആരോടും വ്യക്തിപരമായി യാതൊരുവിധ മാനസിക ദേഷ്യമോ ശത്രുതയോ ഇല്ല. ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ തമ്മിലുണ്ടായിരുന്ന ആ സൗഹൃദത്തിന്റെ ആഴം വെച്ചിട്ട്, ആ ഫോൺ സംഭാഷണം പുറത്തുവിട്ടതിൽ എനിക്ക് ചെറിയൊരു സങ്കടവും വേദനയും തോന്നി, വേറൊന്നുമില്ല. ഇനി ഇതിനെപ്പറ്റി സംസാരിക്കാൻ ഞാൻ ആളല്ല, ഞാൻ ഇപ്പോൾ വെറുമൊരു സാധാരണ മെമ്പർ മാത്രമാണ്. ജനറൽ ബോഡി ഉടനെ തന്നെ ചേരണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ അത് വിളിച്ചുകൂട്ടാൻ എനിക്ക് അധികാരമില്ല, ഉത്തരവാദപ്പെട്ട ആളുകൾ അത് വിളിച്ചുകൂട്ടിക്കോളു.’’