Monday, 27 July 2026 | 04:42 AM

Latest

കട്ടിലിൽ തലയിടിച്ച് 15 ദിവസം കോമയിൽ; ജീവൻ രക്ഷപ്പെടാൻ 20ശതമാനം മാത്രം സാധ്യത; വിവാദങ്ങളും അന്വേഷണവും...; മുമൈത് ഖാന്റെ ജീവിതം സിനിമയെ വെല്ലും

sreyas 28 June 2026 02:49 AM
കട്ടിലിൽ തലയിടിച്ച് 15 ദിവസം കോമയിൽ; ജീവൻ രക്ഷപ്പെടാൻ 20ശതമാനം മാത്രം സാധ്യത; വിവാദങ്ങളും അന്വേഷണവും...; മുമൈത് ഖാന്റെ ജീവിതം സിനിമയെ വെല്ലും

Highlights

ലഹരിമരുന്ന് അന്വേഷണത്തിനിടെ മുമൈത് ഖാനെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു

ഐറ്റം ഡാൻസിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് മുമൈത് ഖാൻ. ഗ്ലാമർ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നെങ്കിലും, ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അതിജീവിച്ച വ്യക്തിയാണ് മുമൈത്.

ഒരു തെലുങ്ക് ടെലിവിഷൻ അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞ മുമൈത്, മൂന്ന് സഹോദരിമാരിൽ ഇളയ ആളാണ് താനെന്ന് പറഞ്ഞു. മാതാപിതാക്കളും വളർത്തുനായയും വീട്ടുജോലിക്കാരുമടങ്ങുന്നതാണ് തന്റെ ലോകമെന്നും, എല്ലാവരുടെയും സ്നേഹലാളനകളോടെയാണ് വളർന്നതെന്നും താരം ഓർത്തെടുത്തു.

"ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്യുന്നത്. ആളുകൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് ഞാൻ ശ്രദ്ധിക്കാറില്ല. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇന്നുള്ള ഉയരങ്ങൾ എന്നും നിലനിൽക്കണമെന്നില്ല. അതിനാൽ ഏത് സാഹചര്യത്തെയും നേരിടാൻ ഞാൻ മനസ്സിനെ ഒരുക്കിയിട്ടുണ്ട്," എന്നാണ് മുമൈത് പറഞ്ഞത്.

ജീവിതത്തിൽ പല തിരിച്ചടികളും നേരിട്ടിട്ടുണ്ടെന്നും ഒരു ജോലിയോടും 'വേണ്ട' എന്ന് പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി. മാതാപിതാക്കളാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും വലിയ പ്രചോദനമെന്നും, വാർധക്യത്തിൽ അവർ ബുദ്ധിമുട്ടുന്ന അവസ്ഥ ഒരിക്കലും വരരുതെന്നാണ് തന്റെ ആഗ്രഹമെന്നും മുമൈത് പറഞ്ഞു. "പേരിനും പ്രശസ്തിക്കും പിന്നാലെയല്ല ഞാൻ. ജോലി ചെയ്യുന്നു, പ്രതിഫലം വാങ്ങുന്നു, വീട്ടിലേക്ക് മടങ്ങുന്നു. അത്രയേ ഉള്ളൂ," എന്നും താരം കൂട്ടിച്ചേർത്തു.

2016-ൽ മുറിയിൽ തെന്നിവീണ് തല കട്ടിലിൽ ഇടിച്ചതിനെ തുടർന്ന് മുമൈത്തിന് ഗുരുതരമായ പരിക്കേറ്റു. 15 ദിവസം കോമയിൽ കഴിഞ്ഞ താരം ബ്രെയിൻ സർജറിക്ക് വിധേയയായി. ജീവൻ രക്ഷപ്പെടാൻ വെറും 20 ശതമാനം സാധ്യത മാത്രമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നാണ് പിന്നീട് മുമൈത് വെളിപ്പെടുത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കാലഘട്ടം ഏറെ പ്രയാസകരമായിരുന്നെങ്കിലും ആത്മവിശ്വാസം കൈവിടാതെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിയതെന്ന് താരം പറഞ്ഞു.

2018-ൽ തെലുങ്ക് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് അന്വേഷണത്തിനിടെ മുമൈത് ഖാനെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. അന്ന് 'ബിഗ് ബോസ് തെലുങ്ക്' ആദ്യ സീസണിൽ മത്സരാർത്ഥിയായിരുന്ന താരം ചോദ്യം ചെയ്യലിനായി ഷോയിൽ നിന്ന് താൽക്കാലികമായി പുറത്തുപോയെങ്കിലും, നടപടികൾ പൂർത്തിയായതിന് ശേഷം വീണ്ടും പരിപാടിയിലേക്ക് മടങ്ങിയെത്തി.