Sunday, 26 July 2026 | 02:14 AM

Latest

'നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്'; നിർത്തുന്നതാണ് നല്ലത്; ലഹരിക്കെതിരെ മോഹൻലാലിന്റെ മുന്നറിയിപ്പ്

sreyas 01 July 2026 02:57 AM
'നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്'; നിർത്തുന്നതാണ് നല്ലത്; ലഹരിക്കെതിരെ മോഹൻലാലിന്റെ മുന്നറിയിപ്പ്

Highlights

 നമുക്കൊന്നിച്ച് ലഹരി മാഫിയയുടെ വേരുകളറുക്കാം

 

ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശവുമായി നടൻ മോഹൻലാൽ. കേരള പോലീസിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ' ക്യാംപെയ്‌നിന്റെ ഭാഗമായാണ് താരം പ്രത്യേക വീഡിയോ സന്ദേശം പുറത്തിറക്കിയത്. മോഹൻലാൽ അഭിനയിച്ച വിവിധ സിനിമകളിലെ ലഹരിവിരുദ്ധ സംഭാഷണങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 'നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന തന്റെ പ്രശസ്ത ഡയലോഗ് യഥാർഥ ജീവിതത്തിലും പ്രസക്തമാണെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം വീഡിയോയിൽ ആഹ്വാനം ചെയ്യുന്നു.

'ആളെക്കൊല്ലി', 'ഈ പണി സ്റ്റീഫൻ ചെയ്യില്ല... നീയും ചെയ്യില്ല' തുടങ്ങി മോഹൻലാലിന്റെ ജനപ്രിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ ഡയലോഗുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് വീഡിയോയുടെ പ്രധാന ലക്ഷ്യം. ഈ വീഡിയോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. 

"ഞാൻ രണ്ടുവട്ടം നിങ്ങളോട് പറഞ്ഞിട്ടുണ്ട് നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന്. ആദ്യം സാഗർ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടിൽ. പിന്നീട് സ്റ്റീഫൻ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോൾ മോഹൻലാൽ എന്ന വ്യക്തിയായി ഞാൻ നിങ്ങളോട് പറയുകയാണ് നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്. ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂർവം പറയുകയാണ്, പ്ലീസ് നിർത്തിക്കോളൂ,

നിങ്ങൾക്കുവേണ്ടി, നിങ്ങളുടെ കുടുംബത്തിനുവേണ്ടി, ഈ നാടിനുവേണ്ടി. ഈ വിഷം വിൽക്കാൻ കൂട്ടുനിൽക്കുന്നവരേ, നിങ്ങളോടാണ്; Dont Do It. Better Stop Now. കേരള പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്. നിങ്ങൾക്കിനി മാപ്പില്ല. ഓപ്പറേഷൻ തൂഫാൻ -ദ നാർക്കോ ഹണ്ടിൽ ഞാനും തൂഫാൻ വാരിയറാണ്. നമുക്കൊന്നിച്ച് ലഹരി മാഫിയയുടെ വേരുകളറുക്കാം. നല്ലൊരു നാളേയ്ക്കായി കൈ കോർക്കാം. Be A Hero, Say No To Drugs." മോഹൻലാൽ പറയുന്നു.

രമേശ് ചെന്നിത്തലയുമായി മോഹൻലാലിന്റെ കൂടിക്കാഴ്ച

രണ്ടാഴ്ചകൾക്ക് മുൻപാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിനെ തൂഫാൻ വാരിയറായി പ്രഖ്യാപിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ലഹരിക്കെതിരായ ഈ പോരാട്ടം വർഷങ്ങളായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്ന് മോഹൻലാൽ രമേശ് ചെന്നിത്തലയോട് പറഞ്ഞു. ഇത്തരം നടപടികൾക്ക് തുടർച്ചയുണ്ടാകണം. ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതിന് നന്ദി പറയുന്നു. വളരെയധികം കുടുംബങ്ങളെയും വിദ്യാർഥികളെയും ഇതുവഴി രക്ഷിക്കാം. ഈ പദ്ധതി ഒരു തൂഫാനായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിശ്വശാന്തി ഫൗണ്ടേഷന്റെ ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്സ് എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങൾ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. കേരളാ പോലീസുമായി ചേർന്ന് എന്തുരീതിയിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് മോഹൻലാൽ അറിയിച്ചു. ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയും കൂടിക്കാഴ്ചയിൽ മന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.