Sunday, 23 August 2026 | 11:41 PM

Latest

മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക്; 4K റീ റിലീസ് ഫസ്റ്റ് ലുക്ക് പുറത്ത്

sreyas 23 August 2026 04:39 AM
മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക്; 4K റീ റിലീസ് ഫസ്റ്റ് ലുക്ക് പുറത്ത്

Highlights

2005 ഏപ്രിൽ 14ന് വിഷു റിലീസായാണ് ‘ചന്ദ്രോത്സവം’ തിയറ്ററുകളിലെത്തിയത്.

മോഹൻലാൽ നായകനായെത്തിയ ജനപ്രിയ ചിത്രം ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലെത്തുന്നു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത്.

2005 ഏപ്രിൽ 14ന് വിഷു റിലീസായാണ് ‘ചന്ദ്രോത്സവം’ തിയറ്ററുകളിലെത്തിയത്. ശ്രീഹരി, ഇന്ദുലേഖ എന്നീ കഥാപാത്രങ്ങളിലൂടെ മോഹൻലാലും മീനയും അവതരിപ്പിച്ച പ്രണയവും സൗഹൃദവും നിറഞ്ഞ കഥയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ, വി. ദക്ഷിണാമൂർത്തി, ഖുശ്ബു, ജയകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ഇടംപിടിച്ചിരിക്കുന്ന ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളും ഗാനങ്ങളുമെല്ലാം പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.

മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ നവീന സാങ്കേതിക മികവോടെ പുനരവതരിപ്പിച്ചിട്ടുള്ള ഹൈ സ്റ്റുഡിയോസാണ് ‘ചന്ദ്രോത്സവം’ 4K ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയിലും റീമാസ്റ്റർ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് വിദ്യാസാഗറാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ പിറന്ന ചിത്രത്തിലെ ഗാനങ്ങളും അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.

സന്തോഷ് ദാമോദരൻ ദാമർ സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ രാജശ്രീ സന്തോഷാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അളഗപ്പൻ എൻ ഛായാഗ്രഹണവും എൽ. ഭൂമിനാഥൻ എഡിറ്റിങ്ങും നിർവഹിച്ചു. സുരേഷ് കൊല്ലമാണ് കലാസംവിധാനം. ആന്റോ ജോസഫ് പ്രൊഡക്ഷൻ കൺട്രോളറാണ്.

4K റീമാസ്റ്ററിംഗ് ഹൈ സ്റ്റുഡിയോസാണ് നിർവഹിച്ചത്. ഷാൻ ആഷിഫാണ് കളറിസ്റ്റ്. അറ്റ്മോസ് മിക്സിംഗ് ഹരി നാരായണൻ നിർവഹിച്ചു. ത്യാഗരാജനാണ് കൊറിയോഗ്രഫി. എം. പത്മകുമാർ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.

വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ‘ചന്ദ്രോത്സവം’ പുതിയ ദൃശ്യ-ശ്രാവ്യ മികവോടെ തിയറ്ററുകളിൽ എത്തുമ്പോൾ മോഹൻലാൽ ആരാധകരിലും പഴയ ചിത്രത്തിന്റെ ആരാധകരിലും റീ റിലീസിനോട് വലിയ പ്രതീക്ഷയാണ്.