Sunday, 20 September 2026 | 05:47 PM

Latest

'രോഗത്തിന് മരുന്നുണ്ടാകാം, പക്ഷേ പ്രതീക്ഷയാണ് ഏറ്റവും വലിയ ശക്തി'; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത മോഹൻദാസ്

sreyas 29 June 2026 04:14 AM
'രോഗത്തിന് മരുന്നുണ്ടാകാം, പക്ഷേ പ്രതീക്ഷയാണ് ഏറ്റവും വലിയ ശക്തി'; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത മോഹൻദാസ്

Highlights

രോഗത്തിന് ഒരു പ്രതിവിധി ഉണ്ടായേക്കാം അല്ലെങ്കിൽ ഇല്ലാതിരിക്കാം. പക്ഷേ പ്രതീക്ഷ എപ്പോഴും ഉണ്ടാകും

ഹൈദരാബാദ്: ബസവതാരകം ഇന്തോ-അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് നടി മംമ്ത മോഹൻദാസ്. നടനും ആശുപത്രിയുടെ ചെയർമാനുമായ നന്ദമൂരി ബാലകൃഷ്ണയുടെ ക്ഷണപ്രകാരം ചടങ്ങിൽ പങ്കെടുത്ത മംമ്ത, കാൻസറിനെതിരായ തന്റെ അതിജീവനയാത്ര പങ്കുവെക്കാൻ അവസരം നൽകിയതിന് അദ്ദേഹത്തിന് നന്ദി അറിയിച്ചു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് മംമ്ത വികാരനിർഭരമായ വാക്കുകൾ പങ്കുവെച്ചത്. ജീവിതത്തിലെ ചില പോരാട്ടങ്ങൾ ഏറെ ദൈർഘ്യമേറിയതും ക്ഷീണിപ്പിക്കുന്നതുമാണെങ്കിലും, അതിജീവിക്കാൻ പ്രതീക്ഷയാണ് ഏറ്റവും വലിയ കരുത്തെന്ന് അവർ പറഞ്ഞു.

കാൻസർ രോഗികൾക്ക് ഏറ്റവും വേദനാജനകമായ അനുഭവം, ഒരുപാട് ആളുകൾക്കിടയിലായിരിക്കുമ്പോഴും ആരും തങ്ങളെ മനസ്സിലാക്കുന്നില്ലെന്ന തോന്നലാണെന്നും, അതിലൂടെ കടന്നുപോകാത്തവർക്ക് ആ വേദനയുടെ ആഴം തിരിച്ചറിയുക എളുപ്പമല്ലെന്നും മംമ്ത ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങളിലാണ് ബസവതാരകം ഇന്തോ-അമേരിക്കൻ കാൻസർ ആശുപത്രി പോലുള്ള സ്ഥാപനങ്ങളുടെ സേവനം വിലമതിക്കാനാവാത്തതെന്ന് അവർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും താങ്ങാനാവുന്ന ചികിത്സ ലഭ്യമാക്കാൻ ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങളെ മംമ്ത അഭിനന്ദിച്ചു.

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ടി. രാമറാവു തന്റെ ഭാര്യ ബസവതാരകത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ആശുപത്രിയുടെ ദൗത്യം മകൻ നന്ദമൂരി ബാലകൃഷ്ണ ആത്മാർത്ഥമായി മുന്നോട്ടുകൊണ്ടുപോകുന്നതും അവർ പ്രശംസിച്ചു. വ്യക്തിപരമായ നഷ്ടത്തെ സമൂഹസേവനമായി മാറ്റിയ ഈ പ്രവർത്തനം അനേകം രോഗികൾക്ക് പ്രതീക്ഷ പകരുന്നതാണെന്നും മംമ്ത അഭിപ്രായപ്പെട്ടു.

"രോഗത്തിന് ഒരു പ്രതിവിധി ഉണ്ടായേക്കാം അല്ലെങ്കിൽ ഇല്ലാതിരിക്കാം. പക്ഷേ പ്രതീക്ഷ എപ്പോഴും ഉണ്ടാകും. എന്റെ അതിജീവനകഥയും, സഹതാപത്തേക്കാൾ അനുകമ്പയുടെ പ്രാധാന്യവും പങ്കുവെക്കാൻ വേദി ഒരുക്കിയ ബാലകൃഷ്ണ ഗാരുവിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു," എന്നാണ് മംമ്തയുടെ കുറിപ്പിന്റെ അവസാന ഭാഗം.