'മാ ഇന്റി ബംഗാരം' 50 കോടി ക്ലബ്ബിൽ; പിന്നാലെ ഗർഭിണിയും; ജീവിതത്തിലെ നല്ല കാലത്തിലൂടെ എന്ന് നടി സാമന്ത
Highlights
ചിത്രം റിലീസിന് മുമ്പുതന്നെ നിർമ്മാണച്ചെലവ് തിരിച്ചുപിടിച്ചതായും ഇപ്പോഴത്തെ ബോക്സ് ഓഫീസ് വിജയം തനിക്ക് ബോണസ് പോലെയാണെന്നും സാമന്ത പറഞ്ഞു.
സിനിമയിലും വ്യക്തിജീവിതത്തിലും വീണ്ടും പ്രതീക്ഷയുടെ വെളിച്ചം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി സാമന്ത. ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'മാ ഇന്റി ബംഗാരം' ബോക്സ് ഓഫീസിൽ 50 കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് താരം മനസ്സുതുറന്നത്.
കഴിഞ്ഞ കുറച്ചുകാലം കരിയറിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയായിരുന്നു കടന്നുപോയതെന്ന് സാമന്ത പറഞ്ഞു. സിനിമയിൽ ഇനി തിരിച്ചുവരാനാകില്ലെന്നും പ്രേക്ഷകർ തന്നെ പൂർണമായി തഴഞ്ഞുവെന്നുമുള്ള ആയിരക്കണക്കിന് പ്രതികരണങ്ങൾ വായിക്കേണ്ടിവന്നു. ഒരു ഘട്ടത്തിൽ അതെല്ലാം സത്യമാണെന്ന് തനിക്കും തോന്നിയിരുന്നുവെന്നും താരം വ്യക്തമാക്കി.
എന്നാൽ 'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തണമെന്ന ഉറച്ച തീരുമാനമാണ് എല്ലാം മാറ്റിമറിച്ചതെന്ന് സാമന്ത പറഞ്ഞു. ചുറ്റുമുണ്ടായിരുന്നവരുടെ പിന്തുണയാണ് ആത്മവിശ്വാസം തിരികെ നൽകിയതെന്നും റിലീസിന് മുമ്പ് ഒരു ടിക്കറ്റ് പോലും വിറ്റുപോകുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ചിത്രം റിലീസിന് മുമ്പുതന്നെ നിർമ്മാണച്ചെലവ് തിരിച്ചുപിടിച്ചതായും ഇപ്പോഴത്തെ ബോക്സ് ഓഫീസ് വിജയം തനിക്ക് ബോണസ് പോലെയാണെന്നും സാമന്ത പറഞ്ഞു.
ബി.വി. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിൽ ഭൂരിഭാഗം ആക്ഷൻ രംഗങ്ങളും സാമന്ത ഒറ്റ ടേക്കിൽ പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. സാമന്തയുടെ യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് ഭർത്താവും സംവിധായകനുമായ രാജ്‌നിധി മോരു വ്യക്തമാക്കി.
മയോസൈറ്റിസ് രോഗബാധയും 2021-ലെ വിവാഹമോചനത്തിന് പിന്നാലെയുണ്ടായ മാധ്യമശ്രദ്ധയും മറികടന്നാണ് സാമന്തയുടെ ഈ തിരിച്ചുവരവ്. സാമന്തയുടെ ഉടമസ്ഥതയിലുള്ള ലാലാ മൂവി പിക്‌ചേഴ്സും രാജ്‌നിധി മോരുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സിനിമയുടെ വിജയത്തിനൊപ്പം താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവും സാമന്ത ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.