Sunday, 23 August 2026 | 11:40 PM

Latest

'എങ്കിൽ അടിവസ്ത്രം അഴിച്ചു തരാമോ?'; സിനിമാ മേഖലയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി കങ്കണ ശർമ

sreyas 22 August 2026 02:09 PM
'എങ്കിൽ അടിവസ്ത്രം അഴിച്ചു തരാമോ?'; സിനിമാ മേഖലയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി കങ്കണ ശർമ

Highlights

സിനിമാരംഗത്തുള്ള ചിലർ വ്യക്തിപരമായ താൽപര്യങ്ങൾക്കായി നടിമാരെ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കാറുണ്ടെന്നും കങ്കണ ആരോപിച്ചു

മുംബൈ: ബോളിവുഡിന്റെ തിളക്കമാർന്ന ലോകത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞ് നടിയും മോഡലുമായ കങ്കണ ശർമ. സിനിമയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ മുതൽ ബാല്യത്തിലെ ദാരിദ്ര്യവും ഗാർഹിക പീഡനവും ബന്ധുവിൽനിന്ന് നേരിട്ട ലൈംഗിക അതിക്രമവും വിവാഹജീവിതത്തിലെ വഞ്ചനയും വരെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ഒരു അഭിമുഖത്തിൽ കങ്കണ വെളിപ്പെടുത്തി.

‘ദി ഗ്രേറ്റ് ഗ്രാൻഡ് മസ്തി’ ഉൾപ്പെടെയുള്ള സിനിമകളിലൂടെയും നിരവധി സംഗീത വീഡിയോകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് കങ്കണ. സിനിമയിലെ അവസരങ്ങൾക്കായി സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.

‘എത്രത്തോളം ബോൾഡാണ്?’; പിന്നാലെ ഞെട്ടിക്കുന്ന ചോദ്യം

ഒരു സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയുണ്ടായ അനുഭവമാണ് കങ്കണ പങ്കുവെച്ചത്. ഇൻഡസ്ട്രിയിലെ ഒരാൾ തന്നോട് എത്രത്തോളം ‘ബോൾഡ്’ ആണെന്ന് ചോദിച്ചു. കഥാപാത്രത്തിന് ആവശ്യമായ രീതിയിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടാനുള്ള ആത്മവിശ്വാസത്തെക്കുറിച്ചാണ് ചോദ്യമെന്നാണ് കരുതിയതെന്നും അതിനാൽ ‘വളരെ അധികം’ എന്ന് മറുപടി നൽകിയെന്നും കങ്കണ പറഞ്ഞു.

എന്നാൽ മറുപടി കേട്ടയുടൻ ഇയാൾ മോശമായ രീതിയിൽ പ്രതികരിച്ചെന്നാണ് കങ്കണയുടെ വെളിപ്പെടുത്തൽ. 'എങ്കിൽ നിന്റെ അടിവസ്ത്രം അഴിച്ചു എനിക്ക് തരാമോ?' എന്നായിരുന്നുവത്രെ മറുചോദ്യം. ബോൾഡ് വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾ കാസ്റ്റിങ് കൗച്ചിന് എളുപ്പത്തിൽ വഴങ്ങുമെന്ന തെറ്റായ ധാരണ സിനിമാരംഗത്തെ ചിലർക്കുണ്ടെന്നും അവർ ആരോപിച്ചു.

വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന പ്രവണതയെയും കങ്കണ വിമർശിച്ചു. ശരീരം പ്രദർശിപ്പിക്കുന്നതുകൊണ്ട് മാത്രം സിനിമയിൽ അവസരം ലഭിക്കുമായിരുന്നെങ്കിൽ തെരുവിലൂടെ നടക്കുന്ന സ്ത്രീകളെല്ലാം ഇന്ന് നായികമാരായേനെയെന്നും അവർ ചോദിച്ചു.

സിനിമാരംഗത്തുള്ള ചിലർ വ്യക്തിപരമായ താൽപര്യങ്ങൾക്കായി നടിമാരെ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കാറുണ്ടെന്നും കങ്കണ ആരോപിച്ചു. ഇത്തരം ആവശ്യങ്ങൾ നിരസിച്ചാൽ പിന്നീട് അപമാനിക്കുകയോ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നതായും അവർ പറഞ്ഞു.

ബാല്യത്തിൽ ദാരിദ്ര്യവും ഗാർഹിക പീഡനവും

കങ്കണയുടെ ബാല്യവും ദുരിതപൂർണമായിരുന്നുവെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ഹരിയാണയിലെ സാധാരണ കുടുംബത്തിൽ ജനിച്ച കങ്കണ, പിതാവിന്റെ അമിത മദ്യപാനം കുടുംബജീവിതത്തെ തകർത്തതായി പറഞ്ഞു.

മദ്യലഹരിയിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് പിതാവിന് ഗുരുതരമായി പൊള്ളലേറ്റതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പിന്നീട് വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് മറ്റൊരിടത്തേക്ക് മാറേണ്ടിവന്നു. എന്നാൽ കുടുംബത്തിലെ പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ല. മദ്യപിച്ചെത്തുന്ന പിതാവ് അമ്മയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നുവെന്നും കങ്കണ പറഞ്ഞു.

അമ്മയെ പിതാവിന്റെ മർദനത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സംഭവവും അവർ ഓർത്തെടുത്തു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ പരിക്കിന്റെ ബുദ്ധിമുട്ടുകൾ തുടരുന്നുണ്ടെന്നും കങ്കണ പറയുന്നു.

ഇതിനുപുറമേ, ബാല്യത്തിൽ ബന്ധുവിൽനിന്ന് ലൈംഗിക അതിക്രമവും നേരിടേണ്ടിവന്നതായി അവർ വെളിപ്പെടുത്തി. അന്ന് സംഭവത്തെക്കുറിച്ച് ആരോടും തുറന്നുപറയാനുള്ള ധൈര്യമോ സാഹചര്യമോ ഉണ്ടായിരുന്നില്ലെന്നും കങ്കണ പറഞ്ഞു.

സഹോദരിയുടെ മരണവും തീരാത്ത കുറ്റബോധവും

ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്നായി കങ്കണ പറയുന്നത് സഹോദരിയുടെ വേർപാടാണ്. ചെറുപ്പത്തിൽ തന്നെ പിതാവ് നിർബന്ധിച്ച് സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചുവെന്നാണ് കങ്കണയുടെ വെളിപ്പെടുത്തൽ.

അവിടെ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സാഹചര്യം തിരിച്ചറിയാൻ വൈകിയതിനാൽ രോഗബാധിതയായ സഹോദരിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.

സാമ്പത്തിക പരാധീനതകൾ കാരണം സ്വന്തം സഹോദരിയെ രക്ഷിക്കാനാകാതെ പോയതിന്റെ കുറ്റബോധം ഇന്നും മനസ്സിലുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു.

വിവാഹജീവിതത്തിലും വഞ്ചന

2020ൽ കുടുംബസുഹൃത്തിനെ വിവാഹം കഴിച്ചെങ്കിലും അവിടെയും വഞ്ചനയാണ് കാത്തിരുന്നതെന്ന് കങ്കണ പറഞ്ഞു. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഭർത്താവ് നേരത്തെ വിവാഹിതനായിരുന്നുവെന്നും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്നും മനസ്സിലാക്കിയതെന്ന് അവർ വെളിപ്പെടുത്തി.

2022ൽ ഭർത്താവ് ജയിലിലായതോടെ കങ്കണ ആ ബന്ധത്തിൽനിന്ന് പിന്മാറി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഡോക്ടർമാരുടെ മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും ആൺകുഞ്ഞിന് ജന്മം നൽകിയെന്നും ഇന്ന് തന്റെ മകനാണ് ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമെന്നും കങ്കണ പറഞ്ഞു.

ഗ്ലാമർ ലോകത്തിന്റെ പുറംതിളക്കത്തിന് പിന്നിൽ താൻ കടന്നുപോയ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ കങ്കണയുടെ വെളിപ്പെടുത്തലുകൾ സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിലേക്കും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളിലേക്കും വീണ്ടും ശ്രദ്ധ തിരിക്കുകയാണ്.