വർഷങ്ങൾക്കുശേഷം പരസ്പരം കൈകൊടുത്ത് ചിരിച്ച് സംസാരിച്ച് ദിലീപും മഞ്ജു വാര്യരും; ഇന് എഐയോ അതോ സത്യമോ എന്നന്വേഷിച്ച് ആരാധകർ
Highlights
വിവാഹമോചനത്തിനുശേഷം പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് ഇരുവരും പരമാവധി ഒഴിവാക്കിയിരുന്നു.
കൊച്ചി: വർഷങ്ങൾക്കുശേഷം ഒരേ ചടങ്ങിൽ ഒരുമിച്ചെത്തിയ ദിലീപും മഞ്ജു വാര്യരും പരസ്പരം സംസാരിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. എറണാകുളം കാക്കനാട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നുള്ളതാണ് പുതിയ വീഡിയോ.
ചടങ്ങിനുശേഷം നടന്ന സ്ക്രീനിങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തിയേറ്ററിനുള്ളിലെ ഏറ്റവും പിന്നിലെ നിരയിൽ ഇരുന്ന മഞ്ജു വാര്യർക്കരികിലേക്ക് ദിലീപ് എത്തുന്നതും ഇരുവരും പരസ്പരം കൈകൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്.
മൾട്ടിപ്ലെക്സിന്റെ ഉദ്ഘാടനച്ചടങ്ങിനുശേഷം ഇരുവർക്കും ഒരേ വരിയിലായിരുന്നു സീറ്റുകൾ ഒരുക്കിയിരുന്നത്. എന്നാൽ, വരിയുടെ രണ്ട് അറ്റങ്ങളിലായാണ് ഇരുവരും ഇരുന്നത്. മഞ്ജുവിന് സമീപം ജയസൂര്യയും പൃഥ്വിരാജുമായിരുന്നു ഉണ്ടായിരുന്നത്. ഉമാ തോമസ് എം.എൽ.എയ്ക്ക് സമീപമായിരുന്നു ദിലീപിന്റെ ഇരിപ്പിടം.
ചടങ്ങിൽ ഇരുവരും പരസ്പരം സംസാരിച്ചില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു മറ്റ് താരങ്ങളുമായി സൗഹൃദം പങ്കിട്ടെങ്കിലും ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോ ഈ പ്രചാരണങ്ങൾക്ക് വിരുദ്ധമായ ദൃശ്യങ്ങളാണ് നൽകുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ദൃശ്യങ്ങൾ യഥാർഥമാണോ, എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്ന സംശയം പോലും ചിലർ കമന്റുകളിൽ ഉന്നയിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ആരാധകരിലും വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിവാഹമോചനത്തിനുശേഷം പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് ഇരുവരും പരമാവധി ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാജിക് ഫ്രെയിംസിന്റെ 50-ാമത് സ്ക്രീൻ ഉദ്ഘാടനച്ചടങ്ങിൽ ഇരുവരും ഒരേ വേദിയിലെത്തിയത് ശ്രദ്ധേയമായത്.
മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നു മൾട്ടിപ്ലെക്സിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.