'എയർപോർട്ട് ലുക്കിനും കണക്ക് പറയണം'; യുവനടിമാരോട് കാണിക്കുന്നത് 'ക്രൂരത'യെന്ന് നടി കാജൽ അഗർവാൾ
Highlights
ഇന്നത്തെ സാഹചര്യത്തെ 'ക്രൂരമായ സൗന്ദര്യസമ്മർദ്ദം' എന്നാണ് താരം വിശേഷിപ്പിച്ചത്
സിനിമാലോകത്ത് സോഷ്യൽ മീഡിയയുടെ സ്വാധീനം വർധിച്ചതോടെ 'പെർഫെക്ട് ലുക്ക്' നിലനിർത്താനുള്ള സമ്മർദ്ദം മുമ്പെങ്ങുമില്ലാത്തവിധം ഉയർന്നെന്ന് നടി കാജൽ അഗർവാൾ. കാലത്തിനനുസരിച്ച് മാറിവരുന്ന സൗന്ദര്യസങ്കൽപ്പങ്ങളെക്കുറിച്ച് സംസാരിക്കവെയാണ്, ഇന്നത്തെ തലമുറയിലെ നടിമാർ നേരിടുന്ന വെല്ലുവിളികൾ താൻ തുടക്കകാലത്ത് അനുഭവിച്ചതിലും കഠിനമാണെന്ന് താരം തുറന്നുപറഞ്ഞത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ സംവിധായകരിൽ നിന്ന് ശരീരഭാരം കൂട്ടാനും കുറയ്ക്കാനുമുള്ള നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് കാജൽ പറഞ്ഞു. അന്നും നടിമാർക്ക് എത്തിപ്പിടിക്കാൻ പ്രയാസമായ സൗന്ദര്യ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇന്നത്തെ പോലെ സാമൂഹികമാധ്യമങ്ങളുടെ നിരന്തര വിചാരണയും 'പെർഫെക്ട് ഇമേജ്' നിലനിർത്താനുള്ള സമ്മർദ്ദവും ഉണ്ടായിരുന്നില്ലെന്നാണ് നടിയുടെ വിലയിരുത്തൽ.
"'എയർപോർട്ട് ലുക്ക്' വരെ വിശദീകരിക്കേണ്ട സാഹചര്യം അന്നുണ്ടായിരുന്നില്ല. ഒരാൾക്ക് സ്വാഭാവികമായി യാത്ര ചെയ്യാനും പൊതുസ്ഥലങ്ങളിലൂടെ കടന്നുപോകാനും സാധിക്കുമായിരുന്നു. ദീർഘദൂര യാത്രകളിൽ എല്ലായ്പ്പോഴും അണിഞ്ഞൊരുങ്ങി നടക്കുക എളുപ്പമല്ല. ആ സമ്മർദ്ദം എന്റെ കാലത്ത് ഇത്ര ശക്തമായിരുന്നില്ല," എന്ന് കാജൽ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തെ 'ക്രൂരമായ സൗന്ദര്യസമ്മർദ്ദം' എന്നാണ് താരം വിശേഷിപ്പിച്ചത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന യുവനടിമാരോട് തനിക്ക് വലിയ സഹതാപമുണ്ടെന്നും, അവർക്ക് സുരക്ഷിതവും പിന്തുണയുമുള്ള ഒരു തൊഴിൽ അന്തരീക്ഷം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കാജൽ കൂട്ടിച്ചേർത്തു.
കരിയറിനിടെ തനിക്ക് സുരക്ഷിതമല്ലെന്ന് തോന്നിയ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മടിച്ചിട്ടില്ലെന്നും, അവസരങ്ങൾ നഷ്ടമാകുമെന്ന ഭയത്തിൽ എല്ലാ കാര്യങ്ങൾക്കും 'യെസ്' പറയേണ്ടി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. "എല്ലാത്തിനും സമ്മതിക്കുന്നതിനേക്കാൾ 'നോ' പറയാൻ പഠിക്കുന്നതാണ് പ്രധാനപ്പെട്ടത്. ഒരു അവസരം നഷ്ടമായാൽ അത് വിട്ട് മുന്നോട്ട് പോകണമെന്ന തീരുമാനമാണ് തുടക്കം മുതൽ സ്വീകരിച്ചത്," എന്നും കാജൽ പറഞ്ഞു.
അതേസമയം, കാജൽ അഗർവാളിന്റെ പുതിയ ചിത്രം 'ദി ഇന്ത്യ സ്റ്റോറി' ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. ചേതൻ ഡി.കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രേയസ് തൽപാഡെയാണ് നായകൻ. കീടനാശിനി ഉപയോഗിച്ചുള്ള കൃഷി സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്.