നടിമാരുടെ ശരീരത്തിൽ അനുചിതമായി സ്പർശിച്ചു; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
Highlights
നടിമാരായ കീർത്തി സുരേഷിന്റെയും കൃതി ഷെട്ടിയുടെയും ശരീരത്തിൽ രാഘവേന്ദ്ര റാവു അനുചിതമായി സ്പർശിച്ചു എന്നാണ് വിമർശനം
ഹൈദരാബാദ്: നടിമാരുടെ ശരീരത്തിൽ അനാവശ്യമായി പിടിച്ചെന്ന ആരോപണത്തിൽ പ്രമുഖ തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിനെതിരെ വിമർശനം ശക്തമാകുന്നു. അനിൽ രവിപുടി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയാണ് സംഭവം. നടിമാരായ കീർത്തി സുരേഷിന്റെയും കൃതി ഷെട്ടിയുടെയും ശരീരത്തിൽ രാഘവേന്ദ്ര റാവു അനുചിതമായി സ്പർശിച്ചു എന്നാണ് വിമർശനം.
കീർത്തി സുരേഷും കൃതി ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് അടുത്തിടെയാണ് ഹൈദരാബാദിൽ നടന്നത്. ചടങ്ങിൽ ആദ്യ ക്ലാപ്പ് അടിക്കാൻ പ്രത്യേകാതിഥിയായാണ് രാഘവേന്ദ്ര റാവുവിനെ ക്ഷണിച്ചിരുന്നത്. ഈ ചടങ്ങിനിടെ രാഘവേന്ദ്ര റാവു നടിമാരുടെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്ലാപ്പ് ബോർഡ് ഷോട്ടിനായി അഭിനേതാക്കളെ ക്യാമറയ്ക്ക് മുന്നിൽ ക്രമീകരിക്കുന്നതിനിടെ രാഘവേന്ദ്ര റാവു കീർത്തി സുരേഷിന്റെ കൈയിൽ പിടിച്ച് മുന്നോട്ട് നീക്കുന്നതും തുടർന്ന് കൃതി ഷെട്ടിയെയും സമാന രീതിയിൽ മാറ്റിനിർത്തുന്നതും കാണാം. കൂടാതെ, നായകന്മാരായ വെങ്കിടേഷിനോടും കല്യാൺ റാമിനോടും നായികമാരുടെ തോളിൽ കൈവെച്ച് നിൽക്കാൻ അദ്ദേഹം നിർദേശിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ വൈറലായതോടെ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. സ്ത്രീകളുടെ സമ്മതമില്ലാതെ പൊതുവേദിയിൽ സ്പർശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, അഭിനേതാക്കളെ വാക്കുകൾ കൊണ്ട് നിർദേശിക്കാമായിരുന്നുവെന്നുമാണ് വിമർശകരുടെ അഭിപ്രായം. മുൻതലമുറ സംവിധായകനാണെന്ന പേരിൽ ഇത്തരം പ്രവൃത്തികൾ ന്യായീകരിക്കാനാകില്ലെന്നും നിരവധി പേർ പ്രതികരിച്ചു.
അതേസമയം, രാഘവേന്ദ്ര റാവുവിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ഷോട്ടിന്റെ ഫ്രെയിം കൃത്യമാക്കുന്നതിനായുള്ള സാധാരണ ഇടപെടൽ മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും, ചെറിയൊരു വീഡിയോ ക്ലിപ്പ് മാത്രം അടിസ്ഥാനമാക്കി വിവാദമുണ്ടാക്കരുതെന്നുമാണ് ഇവരുടെ വാദം.
മുൻപ് നടി നിഹാരിക കൊണിഡേലയോടും രാഘവേന്ദ്ര റാവു സമാനമായ രീതിയിൽ പെരുമാറിയ സംഭവം ചൂണ്ടിക്കാണിച്ചാണ് പലരും വിമർശനം കടുപ്പിക്കുന്നത്. കൂടാതെ മുൻകാലങ്ങളിൽ തന്റെ സിനിമകളിലെ പാട്ടുകളിൽ നായികമാരുടെ വയറ്റിലേക്ക് പഴങ്ങളും പൂക്കളും എറിഞ്ഞ് അവരെ ഒബ്ജെക്ടിഫൈ ചെയ്യുന്ന ഇദ്ദേഹത്തിന്റെ ശൈലിയും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.