ഒടുവിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഹണി റോസ് വിവാദത്തിൽ നിർണായക ട്വിസ്റ്റ്
Highlights
ശ്രീമതി ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ വാക്കുകൾ മൂലം ഹണി റോസിന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളിൽ ഖേദമുണ്ടെന്നും, പറഞ്ഞ വാക്കുകൾക്കും അതുണ്ടാക്കിയ ആഘാതത്തിനും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തന്റെ ക്ഷമാപണം സ്വീകരിച്ച് താരം കേസ് പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും ബോബി ചെമ്മണ്ണൂർ പ്രത്യാശ പ്രകടിപ്പിച്ചു.
സംഭവത്തിന്റെ തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങിലായിരുന്നു. അവിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർഥ പരാമർശം തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഹണി റോസ് പിന്നീട് രംഗത്തെത്തി. അതിനുശേഷം ആ സ്ഥാപനത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.
തുടർന്ന്, പ്രതികാരബുദ്ധിയോടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ പേര് മനഃപൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഹണി റോസ് ആരോപിച്ചു. വ്യക്തിയുടെ പേര് പരാമർശിക്കാതെയായിരുന്നു നടിയുടെ സോഷ്യൽ മീഡിയ കുറിപ്പ്.
വിവാദം ശക്തമായതോടെ ഹണി റോസ് പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങി. ഇപ്പോഴാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയത്.
ബോബി ചെമ്മണ്ണൂർ സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ:
'പ്രിയ സുഹൃത്തുക്കളെ, യഥാർഥത്തിൽ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഇടയ്ക്കിടെ നർമവും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്. എന്നാൽ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയുള്ളവയല്ല', ബോബി കുറിച്ചു.
'എന്നാൽ, ശ്രീമതി ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്', ബോബി കൂട്ടിച്ചേർത്തു.