പുരസ്കാരങ്ങളുടെ മാനദണ്ഡം ഭരണകക്ഷിയുമായിള്ള അടുപ്പമോ? ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിലപാട് വ്യക്തമാക്കി ചന്തു സലിംകുമാർ
Highlights
എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ പോലെ നിരൂപകപ്രശംസ നേടിയ സിനിമകൾക്ക് ഒരു പുരസ്കാരം പോലും ലഭിച്ചില്ല എന്നതാണ് സിനിമാപ്രേമികളെ നിരാശരാക്കിയത്
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ നടൻ ചന്തു സലിംകുമാർ തന്റെ വിയോജിപ്പ് തുറന്നുപറഞ്ഞു. പുരസ്കാരങ്ങൾ ഒരു സർക്കാരിന്റെ കാലാവധിയെക്കാൾ ദീർഘകാലം നിലനിൽക്കുന്ന അംഗീകാരങ്ങളാണെന്നും, അവ രാഷ്ട്രീയ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, കലാപരമായ മികവിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം നൽകപ്പെടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തു തന്റെ നിലപാട് വ്യക്തമാക്കിയത്. ‘നാഷനൽ സിനിമാറ്റിക് അവാർഡ്സ്’ എന്ന ഹാഷ്ടാഗോടെയാണ് ചന്തു സലിംകുമാറിന്റെ പോസ്റ്റ്.
എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ പോലെ നിരൂപകപ്രശംസ നേടിയ സിനിമകൾക്ക് ഒരു പുരസ്കാരം പോലും ലഭിച്ചില്ല എന്നതാണ് സിനിമാപ്രേമികളെ നിരാശരാക്കിയത്. രാജ്യാന്തരതലത്തിൽ പോലും ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രങ്ങളെ സമ്പൂർണമായി അവഗണിച്ചത് സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മികച്ച കഥ, തിരക്കഥ, ചിത്രം, സംവിധാനം തുടങ്ങിയ കാറ്റഗറികളിൽ ശക്തമായ മത്സരം ഉയർത്തിയ സിനിമകളായിരുന്നു മലയാളത്തിന്റെ മഞ്ഞുമ്മലും കിഷ്കിന്ധയും. എന്നാൽ, അവസാന റൗണ്ടിൽ ഇവ തഴയപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മികവുളള ചിത്രങ്ങളെ ഒഴിവാക്കി പ്രൊപ്പഗാണ്ട ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ വാരിക്കോരി നൽകുന്നതാണ് ഇപ്പോഴത്തെ ട്രെൻഡെന്നും ആരാധകർ പറയുന്നു. മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാ കാണ്ഡം, തങ്കലാൻ, മെയ്യഴകൻ, മഹാരാജ, വാഴൈ, കോർട്ട് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അവഗണിക്കപ്പെട്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.
ചന്തുവിന്റെ കുറിപ്പിന്റെ പൂർണരൂപം
2050ൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിക്കുക. അവർ ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലൂടെ കടന്നുപോവുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവർക്കറിയില്ല. സ്ക്രീനിൽ കാണുന്നത് മാത്രം അവർ വിലയിരുത്തും.
മികച്ച ചിത്രങ്ങൾ അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുകയും ചെയ്തെങ്കിൽ, അവർ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും. പ്രതിഭയേക്കാൾ ഭരണകക്ഷിയുമായുള്ള അടുപ്പം അവാർഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകൾ നൽകുന്ന ഉത്തരമെങ്കിൽ, ചരിത്രം അതാവും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനിൽക്കും.
പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്. അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണം. അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ, ചരിത്രം ഇവയെ അക്കാലത്തെ മികച്ച ചിത്രങ്ങളായി ഓർക്കില്ല—പ്രതിഭയേക്കാൾ അധികാരത്തിന് പ്രാധാന്യം നൽകിയപ്പോൾ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും അവയെ ഓർമ്മിക്കുക.