ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ കേസ് ഒത്തുതീർപ്പിലേക്ക്
Highlights
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ബോബി ചെമ്മണ്ണൂർ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു.
കൊച്ചി: നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന് പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി നടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെ എറണാകുളം സെഷൻസ് കോടതിയിൽ തുടരുന്ന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ നടിയോടും കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. തന്റെ പരാമർശങ്ങൾ അവർക്ക് മാനസിക വേദനയുണ്ടാക്കിയെന്ന് അംഗീകരിച്ച അദ്ദേഹം, അതിന് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ മാപ്പപേക്ഷ സ്വീകരിച്ച് കേസ് പിൻവലിക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പരാതി പിൻവലിക്കാൻ എതിർപ്പില്ലെന്ന് അറിയിച്ച് നടിയുടെ ഭാഗത്ത് നിന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. ഹർജി പരിഗണിച്ച കോടതി നിലവിൽ സെഷൻസ് കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു.
2025 ജനുവരി 8-നാണ് നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബിഎൻഎസ് 75(1)(4) വകുപ്പുകളും ഐടി ആക്ട് 67-ാം വകുപ്പും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ബോബി ചെമ്മണ്ണൂർ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമർശങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ജാമ്യം ലഭിച്ച ദിവസം ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ഒരു ദിവസം കൂടി തുടരുകയും, റിമാൻഡ് തടവുകാരെ സഹായിക്കാനാണ് അങ്ങനെ ചെയ്തതെന്ന അദ്ദേഹത്തിന്റെ വിശദീകരണവും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി അഭിഭാഷകരെ വിളിച്ചുവരുത്തി ശക്തമായ അതൃപ്തി രേഖപ്പെടുത്തുകയും ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ മുന്നറിയിപ്പായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടർന്ന് നിരുപാധികം മാപ്പ് പറയുമെന്ന് അറിയിച്ചതോടെയാണ് വിഷയത്തിൽ പുതിയ വഴിത്തിരിവുണ്ടായത്.
അതേസമയം, കേസ് റദ്ദാക്കണമെന്ന ബോബി ചെമ്മണ്ണൂരിന്റെ ഹർജിയിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകില്ല. പരാതിക്കാരിയുടെയും പ്രതിയുടെയും മൊഴികൾ രേഖപ്പെടുത്തി പൊലീസ് റിപ്പോർട്ട് സമർപ്പിക്കാനുണ്ട്. ആ റിപ്പോർട്ടും പരിഗണിച്ച ശേഷമായിരിക്കും കേസ് അവസാനിപ്പിക്കണമോയെന്ന കാര്യത്തിൽ ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.