ആ സന്തോഷ വാർത്ത കേട്ട് ഉറങ്ങാൻ കിടന്ന മനോജ് പിന്നീട് ഉണർന്നതേയില്ല; ഭാരതിരാജയും മകനും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ വെളിപ്പെടുത്തലുമായി നിർമാതാവ് ബാലാജി പ്രഭു
Highlights
കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനിരുന്ന വേളയിലാണ് വിധി മനോജിനെ തട്ടിയെടുത്തതെന്ന വേദനയും അദ്ദേഹം പങ്കുവച്ചു
ഭാരതിരാജയുടെ വിയോഗത്തിന് പിന്നാലെ കുടുംബത്തിനുള്ളിലെ സ്വത്തുതർക്കം വീണ്ടും ചർച്ചയാകുന്നതിനിടെ, മകൻ മനോജ് ഭാരതിരാജയുമായി ബന്ധപ്പെട്ട ഒരു ഹൃദയഭേദക ഓർമ്മ പങ്കുവെച്ച് നിർമാതാവ് ബാലാജി പ്രഭു. പ്രശസ്ത സംവിധായകന്റെ അന്ത്യകർമങ്ങൾക്കിടെയുണ്ടായ കുടുംബവിവാദം ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് പഴയ സംഭവങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. റെട്രോ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലാജി പ്രഭുവിന്റെ വെളിപ്പെടുത്തൽ.
തമിഴ് സിനിമയ്ക്ക് ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യം പകർന്ന സംവിധായകനായിരുന്നു ഭാരതിരാജ. രാധിക, രാധ, രേവതി, രേഖ തുടങ്ങി നിരവധി അഭിനേത്രിമാരെ സിനിമാലോകത്തിന് സമ്മാനിച്ച അദ്ദേഹം പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കൊടുവിലാണ് അന്തരിച്ചത്. ഭാര്യയും ഒരു മകനും ഒരു മകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. മകൻ മനോജ് ഭാരതിരാജ മലയാള നടി നന്ദനയെ വിവാഹം ചെയ്തിരുന്നു. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.
മനോജിന്റെ അപ്രതീക്ഷിത മരണത്തിന് മുമ്പ് പിതാവും മകനും തമ്മിൽ അകൽച്ചയുണ്ടായിരുന്നുവെന്നാണ് ബാലാജി പ്രഭു പറയുന്നത്. ഹൃദയശസ്ത്രക്രിയ ആവശ്യമായ സാഹചര്യത്തിൽ ചികിത്സയിലായിരുന്ന മനോജ്, പിതാവുമായി സ്വത്തുസംബന്ധമായ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം നേരിട്ടിരുന്നു. കുടുംബസുഹൃത്തുക്കളോടും അടുത്തവരോടും ഈ വിഷയം അദ്ദേഹം പങ്കുവെച്ചിരുന്നുവെന്നും ബാലാജി വ്യക്തമാക്കി.
മനോജിന് ഭാര്യയും രണ്ട് മക്കളുമുള്ളതിനാൽ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. ഇതേത്തുടർന്ന് ചില അടുത്തവരും സുഹൃത്തുക്കളും ഭാരതിരാജയുമായി സംസാരിച്ച് മകന് അവകാശപ്പെട്ട സ്വത്ത് നൽകണമെന്ന് അഭ്യർഥിച്ചു. ഒടുവിൽ മകന് സ്വത്ത് കൈമാറാൻ ഭാരതിരാജ സമ്മതിച്ചതായും, അതിനായി നീലാങ്കരൈയിലെ വീട്ടിലെത്തി കാണണമെന്ന് അറിയിച്ചിരുന്നുവെന്നും ബാലാജി പറയുന്നു.
ഈ വിവരം മനോജിനെ ഫോണിലൂടെ അറിയിച്ചതോടെ അദ്ദേഹം ഏറെ സന്തോഷത്തിലായിരുന്നുവത്രെ. എന്നാൽ ആ സന്തോഷം നീണ്ടുനിന്നില്ല. അന്ന് രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ കിടന്ന മനോജ് പിന്നീട് എഴുന്നേറ്റില്ല. അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
മകന്റെ മരണവാർത്ത ഭാരതിരാജയെ അതീവമായി ബാധിച്ചിരുന്നുവെന്നും, ആ ആഘാതത്തിൽ നിന്ന് അദ്ദേഹം പിന്നീട് ഒരിക്കലും പൂർണമായി മുക്തനായില്ലെന്നും ബാലാജി പ്രഭു റെട്രോ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഓർമ്മിച്ചു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനിരുന്ന വേളയിലാണ് വിധി മനോജിനെ തട്ടിയെടുത്തതെന്ന വേദനയും അദ്ദേഹം പങ്കുവച്ചു.