രണ്ട് വർഷം മാത്രം നീണ്ട ആദ്യ ദാമ്പത്യം; പിന്നെ പൂർണിമയോടൊപ്പം നാല് പതിറ്റാണ്ട്; ഭാഗ്യരാജിന്റെ ജീവിതകഥ
Highlights
ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായി വളർന്ന അദ്ദേഹത്തിന്റെ ജീവിതം നിരവധി പേർക്ക് പ്രചോദനമാണ്
കരിയറിന്റെ അമ്പതാം വർഷത്തിലേക്ക് കടന്ന വേളയിൽ വീണ്ടും സംവിധായകന്റെ കസേരയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയായിരുന്ന കെ. ഭാഗ്യരാജ്. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാകുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ജീവിതയാത്ര അവസാനിച്ചു. സാധാരണക്കാരുടെ ജീവിതവും വികാരങ്ങളും ആവിഷ്‌കരിച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഭാഗ്യരാജിന്റെ വേർപാട് തമിഴ് സിനിമയ്ക്കും ആരാധകർക്കും വലിയ നഷ്ടമാണ്.
സിനിമയെപ്പോലെ തന്നെ സംഭവബഹുലമായിരുന്നു ഭാഗ്യരാജിന്റെ വ്യക്തിജീവിതവും. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായി വളർന്ന അദ്ദേഹത്തിന്റെ ജീവിതം നിരവധി പേർക്ക് പ്രചോദനമാണ്. കരിയറിലെ ഉയർച്ചയും താഴ്ചയും പോലെ തന്നെ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതവും ഏറെ വികാരഭരിതമായിരുന്നു.
ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും പിന്നിലെ പ്രചോദനമായി ഭാഗ്യരാജ് എപ്പോഴും വിശേഷിപ്പിച്ചിരുന്നത് ആദ്യഭാര്യയും നടിയുമായ പ്രവീണയെയായിരുന്നു. എന്നാൽ വെറും രണ്ട് വർഷം മാത്രം നീണ്ടുനിന്ന അവരുടെ ദാമ്പത്യ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചു.
സിനിമയിൽ ശ്രദ്ധേയനാകുന്നതിന് മുമ്പാണ് ഭാഗ്യരാജ് പ്രവീണയെ പരിചയപ്പെടുന്നത്. കെ. ബാലചന്ദറിന്റെ മന്മഥലീലയിലൂടെ അഭിനയരംഗത്തെത്തിയ പ്രവീണ പിന്നീട് തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവ സാന്നിധ്യമായി. ബില്ലയിലെ വേഷം ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ ഭാരതിരാജയുടെ പുതിയ വാർപ്പുകൾ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ഇരുവരുടെയും ആദ്യ കണ്ടുമുട്ടൽ.
ചിത്രത്തിലെ നായികയായ പ്രവീണയ്ക്ക് തമിഴ് ഭാഷ പഠിപ്പിക്കുകയായിരുന്നു അന്ന് സംവിധാന സഹായിയായിരുന്ന ഭാഗ്യരാജിന്റെ ചുമതല. ആ പരിചയം പിന്നീട് സൗഹൃദമായും പ്രണയമായും വളർന്നു. കരിയറിന്റെ തുടക്കത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ട ഭാഗ്യരാജിന് എല്ലാ പിന്തുണയും നൽകിയത് പ്രവീണയായിരുന്നു.
1981-ലാണ് ഇരുവരും വിവാഹിതരായത്. അന്നത്തെ തിരക്കേറിയ നായികയായിരുന്നിട്ടും വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കാനായിരുന്നു പ്രവീണയുടെ തീരുമാനം. തന്റെ സിനിമകളിലെ നിരവധി നായികാ കഥാപാത്രങ്ങൾക്കും പ്രവീണയുടെ സ്വഭാവസവിശേഷതകളുടെ സ്വാധീനമുണ്ടെന്ന് ഭാഗ്യരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മൗനഗീതങ്ങൾ പോലുള്ള സിനിമകളുടെ രൂപീകരണത്തിലും പ്രവീണയുടെ പ്രചോദനം നിർണായകമായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
എന്നാൽ സന്തോഷകരമായ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ മഞ്ഞപ്പിത്തം ബാധിച്ച് 1983-ൽ പ്രവീണ അന്തരിച്ചു. അന്ന് അവർക്ക് വെറും 25 വയസായിരുന്നു. ആ വേർപാട് ഭാഗ്യരാജിനെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു.
സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സിനിമാ സഹപ്രവർത്തകരുടെയും പിന്തുണയോടെയാണ് അദ്ദേഹം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇതിഹാസ താരങ്ങളായ എൻ.ടി. രാമറാവുവും എം.ജി. രാമചന്ദ്രനും വീണ്ടും വിവാഹിതനാകാൻ ഉപദേശിച്ചതും നിർണായകമായി.
അതിനിടെയാണ് നടി പൂർണിമയെ ഭാഗ്യരാജ് പരിചയപ്പെടുന്നത്. തന്റെ ആഗ്രഹം പൂർണിമയോടും കുടുംബത്തോടും പങ്കുവെച്ച അദ്ദേഹം സമ്മതം ലഭിച്ചതോടെ 1984-ൽ ഇരുവരും വിവാഹിതരായി. പിന്നീട് നാല് പതിറ്റാണ്ടിലേറെയായി നീണ്ട ആ ദാമ്പത്യം ഭാഗ്യരാജിന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ അധ്യായങ്ങളിലൊന്നായി മാറി.