വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചു; ലക്ഷ്മി പ്രിയയും ശ്വേതാ മേനോനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ നടി അൻസിബ ഹസ്സൻ പരാതിനൽകി
Highlights
"അൻസിബയോടൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നത് ആര്..? സഹോദരനോ കാമുകനോ..? അൻസിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാൻ. വെല്ലവിളിക്കുന്നു അൻസിബ കേസ് കൊടുക്കട്ടെ, ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ...എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ പ്രസ്തുത വിഡിയോ പ്രചരിപ്പിക്കുന്നതായി കാണുന്നു.
സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീല സ്വഭാവമുള്ളതുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി അൻസിബ ഹസ്സൻ പൊലീസിൽ പരാതി നൽകി. നടി ലക്ഷ്മി പ്രിയ, 'കാൻ ചാനൽ മീഡിയ'യുടെ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
അൻസിബ സമർപ്പിച്ച ഔദ്യോഗിക പരാതിയുടെ പൂർണരൂപവും പുറത്തുവന്നിട്ടുണ്ട്. തനിക്കെതിരെ അസത്യവും അപകീർത്തികരവുമായ ആരോപണങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് പരാതിയിൽ അൻസിബ ആരോപിക്കുന്നു.
'കാൻ ചാനൽ മീഡിയ' എന്ന യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പ്രിയയും സുകുമാറും ചേർന്ന് തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഒരു നടി എന്നതിനപ്പുറം ഒരു സ്ത്രീ എന്ന നിലയിലും തന്നെ അപമാനിക്കാനും സമൂഹത്തിന് മുന്നിൽ അവഹേളിക്കാനുമാണ് ഈ നീക്കമെന്നാണ് അൻസിബയുടെ ആരോപണം.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ ശ്വേതാ മേനോനും പങ്കുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്ന അൻസിബയും ബന്ധപ്പെട്ട എല്ലാവർക്കുമെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അൻസിബയുടെ പരാതിയുടെ പൂർണ രൂപം
‘‘തീയതി: 26/06/2026
പരാതിക്കാരി:
അൻസിബ ഹസ്സൻ,
സ്വീകർത്താവ്: സ്റ്റേഷൻ ഹൗസ് ഓഫിസർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ, എറണാകുളം, കേരളം.
വിഷയം: സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും എതിരെ സമർപ്പിക്കുന്ന പരാതി,
ബഹുമാനപ്പെട്ട സർ/മാഡം,
ഞാൻ മുകളിൽ നൽകിയ വിലാസത്തിൽ താമസിക്കുന്ന അൻസിബ ഹസ്സൻ ആകുന്നു. ഞാൻ മലയാള ചലച്ചിത്ര രംഗത്ത് അഭിനേത്രിയായും 'അമ്മ' (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) സംഘടനയിലെ ലൈഫ് മെമ്പറായും പ്രവർത്തിച്ചു വരികയാണ്.
ഇന്ന് (26/06/2026) 'കാൻ ചാനൽ മീഡിയ' (Can Channel Media) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പ്രിയ എന്ന സ്ത്രീ, സുകുമാർ എന്നയാളുടെ സഹായത്തോടും പ്രേരണയോടും കൂടി എന്നെക്കുറിച്ച് അത്യന്തം അപകീർത്തികരവും, സ്ത്രീത്വത്തെ അപമാനിക്കുന്നതും, അശ്ലീലവും അസത്യവുമായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഞാൻ പാലാരിവട്ടത്ത് ആയിരിക്കുമ്പോൾ എൻ്റെ ഒരു സുഹൃത്താണ് ഇത്തരമൊരു അശ്ലീലം കലർന്ന വിഡിയോ പ്രചരിക്കുന്ന വിവരം എന്നെ അറിയിക്കുന്നത്.
തുടർന്ന് ഞാൻ ഇൻസ്‌റ്റാഗ്രാമിൽ പരിശോധിച്ചപ്പോൾ, "അൻസിബയോടൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നത് ആര്..? സഹോദരനോ കാമുകനോ..? അൻസിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാൻ. വെല്ലവിളിക്കുന്നു അൻസിബ കേസ് കൊടുക്കട്ടെ, ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ...എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ പ്രസ്തുത വിഡിയോ പ്രചരിപ്പിക്കുന്നതായി കാണുന്നു. പ്രസ്തുത വിഡിയോയിൽ ലക്ഷ്മി പ്രിയ എന്നെക്കുറിച്ച് താഴെ പറയുന്ന വിധം തികച്ചും അസത്യമായ കാര്യങ്ങൾ പറയുന്നതായി:
‘‘അൻസിബ ഹസ്സന് ഞാൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. രാത്രി രണ്ടുമണി വരെ ഞങ്ങൾ വർത്താനം പറഞ്ഞ് അവിടെ ഇരിക്കുകയും ചെയ്തു. ഞാനും അൻസിബയും കൂടെ വർത്താനം പറഞ്ഞിരുന്നു. അത് കഴിഞ്ഞ് മൂന്ന് മണിയായപ്പോ ഞാൻ എന്റെ റൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി, എന്റെ പെട്ടി ഒക്കെ എടുത്ത് പോകുമ്പോ, താഴെ ഞാൻ വണ്ടിയിൽ കയറാൻ നേരത്ത് ഒരാളിനെ ഞാൻ കണ്ടു. ബെല്ലടിക്കുന്നു, അൻസിബയെ വിളിക്കുന്നു, അൻസിബ ഫോണെടുക്കുന്നില്ല. ബെല്ലടിച്ചിട്ടൊന്നും തുറക്കുന്നില്ല. നാല് മണിക്കൂർ റൂമിൽ ആള് വന്നിരിക്കുന്നതാണ്. തുറന്നിട്ടില്ല. അപ്പൊ ജനിച്ചുവന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അൻസിബ മാഡം വന്നിട്ട് വാതിൽ തുറന്നു.
ഇങ്ങനെ നോക്കുമ്പോഴത്തേന് ഈ പുള്ളി കട്ടിലിൽ ഇരിക്കുവാ. ഈ മനുഷ്യൻ. കട്ടിലിൽ ഇരിക്കുന്നു. എഴുന്നേറ്റ് ഇരിക്കുന്നു. അപ്പൊ ഞാൻ ഇപ്പൊ ഇതാരാണ് എന്ന് ചോദിച്ചു. അയ്യോ ഇതെന്റെ ബ്രദർ ആണെന്ന് പറഞ്ഞു. ആങ്ങള എങ്ങനെയാണ് മുഖം മറച്ച് ഒരു പെങ്ങളുടെ റൂമിൽ വരുന്നത്? മാത്രമല്ല ഇത്രയും വലിയൊരു പെങ്ങളുടെ കൂടെ ആങ്ങള താമസിക്കില്ലല്ലോ. ബ്രദറിൻറെ ആധാർ കാർഡ് തരാൻ പറഞ്ഞു. ആധാർ കാർഡ് ചോദിച്ചപ്പോ പറഞ്ഞു, അവര് സെവൻസ്റ്റാർ ഹോട്ടലിൽ താമസിക്കുന്ന ആൾക്കാരാണ്. ആധാർ കാർഡൊന്നും തരാനായിട്ട് പറ്റത്തില്ല. മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. അതും ഈ മിഥിലാജ് ആണ്. ഈ സ്റ്റേഷനിൽ വന്ന അതേ മിഥിലാജ് എന്ന് പറയുന്ന, ഞാൻ പറഞ്ഞുതരാം. മുൻപ് കോമഡി ഉത്സവം എന്ന് പറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൻറെ പ്രൊഡ്യൂസർ ആയിരുന്ന പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന, താടിയും മുടിയും ഒക്കെയുള്ള, മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം. മിഥിലാജ്, അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം.’’
പ്രസ്തുത വീഡിയോയിൽ മേല്പറഞ്ഞ കളവായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്ന ലക്ഷ്മിപ്രിയ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആളും, 'അമ്മ' സംഘടനയിലെ മുൻ വൈസ് പ്രസിഡന്റും ആണ്. കഴിഞ്ഞ 2026 ജൂൺ മാസം 21 ന് എറണാകുളത്ത് വച്ചുനടന്ന 'അമ്മ'യുടെ ജനറൽ ബോഡി മീറ്റിങിൽ ലക്ഷ്മി പ്രിയ അടക്കമുള്ള ഭാരവാഹികൾ എല്ലാവരും രാജി വച്ച് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളതാണ്. പ്രസ്തുത ജനറൽ ബോഡിക്ക് മുൻപ് എന്നെ സംഘടനയിൽ നിന്ന് പുറത്താക്കാൻ അന്നത്തെ എക്സിക്യൂറ്റീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, ഒടുവിൽ ജനറൽ ബോഡിയിൽ ആ കമ്മിറ്റിക്ക് ഒന്നടങ്കം രാജിവയ്ക്കേണ്ടി വന്നിട്ടുള്ളതാണ്.
ഇതിലുള്ള വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മി പ്രിയയും, 'അമ്മ' മുൻ പ്രസിഡന്റായിരുന്ന ശ്വേതാ മേനോനും ചേർന്ന് ഗൂഢാലോചന നടത്തി എന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി ഇപ്രകാരം വ്യാജമായ കാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മാത്രമല്ല, ഇപ്രകാരം രാജിവച്ച് പോയതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് ഇത്തരം വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നുണ്ട്. ആയതിനാലും ആ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
മേൽപ്പറഞ്ഞ വിഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും, ഒരു സ്ത്രീ എന്ന നിലയിൽ എന്റെ അന്തസ്സിനെയും മര്യാദയെയും തകർക്കുന്നതും, പൊതുസമൂഹ മധ്യത്തിൽ എന്നെ അപകീർത്തിപ്പെടുത്തുന്നതുമാണ്.
ആയതിനാൽ, എനിക്കെതിരെ ഇത്തരത്തിൽ വ്യാജവും അശ്ലീലവുമായ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത കാൻ ചാനൽ മീഡിയയുടെ ഉടമ സുകുമാർ, ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോൻ എന്നിവർക്കെതിരെയും, ഇതിനായി പ്രവർത്തിച്ച പി.ആർ ഏജൻസികൾക്കെതിരെയും ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ക്രൈം രജിസ്റ്റർ ചെയ്ത് അടിയന്തിര അന്വേഷണം നടത്തി നിയമപരമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
അൻസിബ ഹസ്സൻ’’