വിശ്വസിക്കണമെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെ; ശ്വേത മേനോന് മറുപടിയുമായി അൻസിബ
Highlights
"രമേഷ് പിഷാരടിയല്ല എന്നോട് മാപ്പെഴുതിത്തരണമെന്ന് ആവശ്യപ്പെട്ടത്"
കൊച്ചി∙ 'അമ്മ' പ്രസിഡന്റ് പദവി രാജിവെക്കേണ്ടതില്ലെന്ന അഭിപ്രായം മമ്മൂട്ടിയും മോഹൻലാലും അറിയിച്ചതായി ശ്വേതാ മേനോൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടി അൻസിബ ഹസ്സൻ. അത്തരമൊരു കാര്യം മമ്മൂട്ടിയോ മോഹൻലാലോ പറഞ്ഞിട്ടുണ്ടെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമില്ലെന്നും, പറഞ്ഞിട്ടുണ്ടെങ്കിൽ അവർ തന്നെ നേരിട്ട് വ്യക്തമാക്കട്ടെയെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. ടിനി ടോമിനെതിരായ പരാതിയിൽ കടവന്ത്ര പോലീസിന് മൊഴി നൽകാനെത്തിയപ്പോഴായിരുന്നു അൻസിബയുടെ പ്രതികരണം.
അൻസിബയുടെ വാക്കുകൾ ഇങ്ങനെ:
"രമേഷ് പിഷാരടിയല്ല എന്നോട് മാപ്പെഴുതിത്തരണമെന്ന് ആവശ്യപ്പെട്ടത്. അത് ഞാൻ നേരത്തേ സംസാരിച്ചപ്പോൾ വ്യക്തമാകാതെ പോയതായിരിക്കും. അമ്മയിലെ തർക്കപരിഹാരത്തിന് രമേഷ് പിഷാരടി എന്നോട് സംസാരിക്കുകയും അവർ പറഞ്ഞതിൻപ്രകാരം മാപ്പിന്റെ കാര്യം സംസാരിക്കുകയുമായിരുന്നു. എന്നോട് മാപ്പെഴുതിത്തരണമെന്ന് പറഞ്ഞത് എതിർകക്ഷികളാണ്. ഞാൻ സംസാരിക്കുമ്പോൾ സമയത്ത് അവർ എന്ന വാക്ക് ചേർത്തിരുന്നില്ല. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ശ്വേതാ മേനോന്റെ വാക്കുകളിൽ എനിക്കൊരു വിശ്വാസവുമില്ല. അങ്ങനെ വിശ്വസിക്കണമെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെ. പ്രാഥമിക അന്വേഷണം വന്നപ്പോൾ മൊഴി നൽകിയിട്ടുണ്ടായിരുന്നു. അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാൻ പോകുന്നത്."
അതേസമയം, 'അമ്മ'യുടെ പ്രവർത്തനം കുറച്ച് പേരുടെ തീരുമാനപ്രകാരം നയിക്കാനാകില്ലെന്നും ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമാണ് നിർണായകമെന്നും ശ്വേതാ മേനോൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും തന്നെ പ്രോത്സാഹിപ്പിച്ചുവെന്നാണ് അവർ അവകാശപ്പെട്ടത്.
ഇതിനിടെ, ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനത്തിന് എറണാകുളം മുൻസിഫ് കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തി. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടർന്നും പ്രവർത്തിക്കാമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കോടതി വിധിക്ക് പിന്നാലെ അഡ്ഹോക് കമ്മിറ്റിയിലെ അംഗമായിരുന്ന രമേഷ് പിഷാരടി രാജിവെച്ചതും ശ്രദ്ധേയമായി.