മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു; ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ
Highlights
ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു
തന്നെ സാമൂഹികമായും വ്യക്തിപരമായും ഒറ്റപ്പെടുത്താൻ ജനപ്രതിനിധി ഉൾപ്പെടെ ചിലർ കൂട്ടുനിന്നുവെന്ന് നടി അൻസിബ ഹസൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഗുരുതര ആരോപണം ഉയർത്തുന്നത്. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ തനിക്കെതിരെ തേജോവധം നടത്തിയെന്നും ലക്ഷങ്ങൾ ചെലവഴിച്ച് പി.ആർ. ഏജൻസികളെ ഉപയോഗിച്ച് ആസൂത്രിതമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അൻസിബ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.
ഇതിനുമുമ്പ് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലവുമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ അൻസിബ കൊച്ചി പാലാരിവട്ടം പോലീസിനെ സമീപിച്ചിരുന്നു. 'അമ്മ'യുടെ മുൻ പ്രസിഡന്റ് ശ്വേതാ മേനോനും മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയത്.
'അമ്മ'യുടെ ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ചതിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് ലക്ഷ്മിപ്രിയയും ശ്വേതാ മേനോനും ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുമായി വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് അൻസിബയുടെ ആരോപണം.
രാജിക്ക് പിന്നാലെ ശ്വേതാ മേനോൻ തിരുവനന്തപുരത്തെ ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് വ്യാജ പ്രചാരണങ്ങൾ നടത്താൻ നിയമവിരുദ്ധ കരാറുകളിൽ ഏർപ്പെട്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷ്മിപ്രിയ പ്രചരിപ്പിച്ച വീഡിയോയിലെ പരാമർശങ്ങൾ അശ്ലീലവും സ്ത്രീയെന്ന നിലയിൽ തന്റെ അന്തസ്സിനെയും വ്യക്തിമാനത്തെയും തകർക്കുന്നതുമാണെന്നും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അൻസിബ ആരോപിച്ചു. ഇതുസംബന്ധിച്ച് ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
'വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാൻ തന്നെയാണ് തീരുമാനം. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്', എന്ന വിശദീകരണത്തോടെയാണ് അൻസിബ നീണ്ട കുറിപ്പ് പങ്കുവെച്ചത്.
അൻസിബയുടെ കുറിപ്പ് ഇങ്ങനെ:
'എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'. ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു', അൻസിബ ആരോപിച്ചു.
'കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പി.ആർ. ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്. അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല', അൻസിബ വ്യക്തമാക്കി.
'ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്', അവർ കൂട്ടിച്ചേർത്തു.