Monday, 27 July 2026 | 01:30 AM

Latest

'അമ്മ'യിൽ ശ്വേതാ മേനോനെതിരെ ബോധപൂർവ നീക്കം; അദാനി ഗ്രൂപ്പിൽ നിന്നും ലഭിക്കേണ്ടിയിരുന്ന 15 ലക്ഷം നഷ്ടമായി': ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ

sreyas 28 June 2026 01:14 AM
'അമ്മ'യിൽ ശ്വേതാ മേനോനെതിരെ ബോധപൂർവ നീക്കം; അദാനി ഗ്രൂപ്പിൽ നിന്നും ലഭിക്കേണ്ടിയിരുന്ന 15 ലക്ഷം നഷ്ടമായി': ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ

Highlights

ജൂലൈ 14-ന് അമ്മയുടെ അക്കൗണ്ടിലേക്ക് അദാനി ഗ്രൂപ്പിന്റെ 15 ലക്ഷം രൂപ ചാരിറ്റിയായി ഞങ്ങൾക്ക് ലഭിക്കുമായിരുന്നു

താരസംഘടന 'അമ്മ'യുടെ മുൻ വൈസ് പ്രസിഡന്റായ നടി ലക്ഷ്മിപ്രിയ നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാകുന്നു. നടി ശ്വേതാ മേനോൻ പ്രസിഡന്റായി തുടർന്നിരുന്നെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് സംഘടനയ്ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുമായിരുന്നുവെന്നാണ് ലക്ഷ്മിപ്രിയയുടെ ആരോപണം.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടരാതിരിക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചുവെന്നും അതിന്റെ ഭാഗമായാണ് സംഘടനയ്ക്കുണ്ടാകുമായിരുന്ന സാമ്പത്തിക സഹായവും നഷ്ടമായതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാ മേനോന്റെ കമ്മിറ്റിക്കെതിരെ പ്രവർത്തിച്ചതെന്നും അവർ അഭിമുഖത്തിൽ ആരോപിച്ചു. ജൂലൈ 14-ന് 'അമ്മ'യുടെ അക്കൗണ്ടിലേക്ക് അദാനി ഗ്രൂപ്പിന്റെ 15 ലക്ഷം രൂപ എത്തേണ്ടതായിരുന്നുവെന്നും, ആ സഹായം ലഭിച്ചിരുന്നെങ്കിൽ മുൻ പ്രസിഡന്റ് ഇന്നസെന്റിനെപ്പോലെ ശ്വേതാ മേനോനും ദീർഘകാലം പ്രസിഡന്റായി തുടരാൻ സാഹചര്യമൊരുങ്ങുമായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അതിന് തടയിടാനാണ് ചിലർ ചേർന്ന് പ്രവർത്തിച്ചതെന്നും അവർ ആരോപിച്ചു.

അതേ അഭിമുഖത്തിൽ നടി അൻസിബയെ കുറിച്ചും ലക്ഷ്മിപ്രിയ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങളാണെന്ന് ആരോപിച്ച് അൻസിബ കൊച്ചി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

'അമ്മ പിരിച്ചുവിട്ടതിൽ എനിക്ക് ദുഃഖമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം ഞാൻ അതിനുമുമ്പേതന്നെ രാജിവെക്കാൻ തയ്യാറായിരുന്നു. അമ്മയിലെ അംഗത്വവും രാജിവെക്കാൻ തയ്യാറായിരുന്നു. കണക്ക് അവതരിപ്പിക്കാൻ 45 ദിവസം സമയം കൂടി ജനറൽ ബോഡി യോഗത്തിൽ ശ്വേത ഏഴുമണിക്കൂർ നിന്ന് അഭ്യർഥിച്ചല്ലോ? അത് കിട്ടുമായിരുന്നെങ്കിൽ, അടുത്ത മാസം 14-ാം തീയതി (ജൂലൈ 14)-ന് അമ്മയുടെ അക്കൗണ്ടിലേക്ക് അദാനി ഗ്രൂപ്പിന്റെ 15 ലക്ഷം രൂപ ചാരിറ്റിയായി ഞങ്ങൾക്ക് ലഭിക്കുമായിരുന്നു', ലക്ഷ്മിപ്രിയ പറഞ്ഞു.

'അമ്മയിലേക്ക് അത് വന്നിരുന്നെങ്കിൽ ശ്വേതാമേനോൻ, ഇന്നസെന്റ് അങ്കിൾ പ്രസിഡന്റ് ആയി ഇരുന്നതുപോലെ ആ സ്ഥാനത്ത് തുടരുമായിരുന്നു. വേറെ മാടമ്പിമാർക്കൊന്നും അങ്ങോട്ട് കയറാൻ പറ്റില്ല. ഇതൊരു വലിയ സംഖ്യയാണല്ലോ. ഒരു ഷോ നടത്തിയിട്ട് കിട്ടുന്നത് ഒന്നുമല്ല. ശ്വേതാമേനോൻ എന്ന വ്യക്തിയുടെ കോൺടാക്റ്റിൽ കിട്ടുന്ന സംഖ്യയാണ്. പിന്നെ ആർക്കും അത് ചിന്തിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഇറക്കി വിട്ടതാണ്', എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകൾ. പിന്നാലെയാണ്, ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ പ്രവർത്തിച്ചത് സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ഉൾപ്പെടെയുള്ളവരാണെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന താരസംഘടനയുടെ ജനറൽ ബോഡി യോഗത്തിലാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി പ്രഖ്യാപിച്ചത്. യോഗത്തിലെ തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിലായിരുന്നു രാജി. പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമടക്കം 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുന്നതിനു മുൻപാണ് ഭരണസമിതിയുടെ പടിയിറക്കം.

യോഗം തുടങ്ങിയപ്പോൾത്തന്നെ ചിലർ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷികറിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയത്. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രൺജി പണിക്കർ ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി.

തർക്കം രൂക്ഷമായതോടെ പ്രസിഡന്റ് ശ്വേത രാജി പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഭരണസമിതി മുഴുവൻ രാജിവെക്കുകയായിരുന്നു. ബി.ജെ.പിക്ക് സ്ഥാനാർഥികളെ സംഭാവന ചെയ്യാൻ ശ്വേത പണം വാങ്ങിയെന്ന ബാബുരാജിന്റെ ആരോപണമാണ് രാജിക്ക് പ്രകോപനമായതെന്ന വിവരം പിന്നീട് പുറത്തുവന്നു.