ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹണി റോസ്; നിയമനടപടികളിൽ തീരുമാനം പിന്നീട്
Highlights
കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ല
നടി ഹണി റോസിനെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ബോബി ചെമ്മണ്ണൂർ പങ്കുവെച്ച ഖേദക്കുറിപ്പിനോടായിരുന്നു ഹണി റോസിന്റെ പ്രതികരണം.
ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനം നല്ല തീരുമാനമാണെന്നും അത് അഭിനന്ദനാർഹമാണെന്നും ഹണി റോസ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വിശദമായി സംസാരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്നും, മാതാപിതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടർനടപടികളെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ഹണി റോസ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ഖേദം പ്രകടിപ്പിച്ചത്. "ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്", ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ.
ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ബോബി ചെമ്മണ്ണൂർ ദ്വയാർഥ പ്രയോഗംകൊണ്ട് അപമാനിച്ചുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയിരുന്നു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും ഹണി റോസ് വെളിപ്പെടുത്തി. ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മന:പൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമർശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.
പിന്നാലെ, ഹണി റോസ് നിയമപരമായി നീങ്ങി. ബോബിക്കെതിരെ അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ബോബിയെ വയനാട്ടിൽവെച്ച് പോലീസ് അറസ്റ്റുചെയ്തു. അദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.