Saturday, 25 July 2026 | 11:42 PM

Latest

'വേൾഡ്കപ്പ് ഗേൾ' വീണ്ടും വൈറലാകാൻ ഒരുങ്ങുന്നു; 16 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് ലാറിസ റിക്വൽമി

sreyas 27 June 2026 03:42 AM
'വേൾഡ്കപ്പ് ഗേൾ' വീണ്ടും വൈറലാകാൻ ഒരുങ്ങുന്നു; 16 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് ലാറിസ റിക്വൽമി

Highlights

അതേ വർഷം പ്ലേബോയ് മാസികയ്ക്കായി ഫോട്ടോഷൂട്ട് നടത്തിയ ലാറിസ, പിന്നീട് 'ഡാൻസിങ് വിത്ത് ദ് സ്റ്റാർസ്' എന്ന റിയാലിറ്റി ഷോയിലും മത്സരാർത്ഥിയായി. 

 

2010 ഫിഫ ലോകകപ്പിനിടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പേരായിരുന്നു പരാഗ്വേൻ മോഡൽ ലാറിസ റിക്വൽമി. 'വേൾഡ്കപ്പ് ഗേൾ' എന്ന വിശേഷണം സ്വന്തമാക്കിയ ലാറിസ, 2026 ലോകകപ്പോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഇത്തവണ ആരാധകരുടെ ആവേശത്തിന് കാരണം മറ്റൊന്നാണ്. 41-കാരിയായ ലാറിസ ആദ്യമായി ലോകകപ്പ് വേദിയിൽ നേരിട്ടെത്തുകയാണ്. കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ പരാഗ്വേയുടെ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്പോർട്സ് ജേണലിസ്റ്റായാണ് അവരുടെ വരവ്. അതേസമയം, ഗാലറിയിൽ നിന്ന് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ആരാധികയുടെ റോളും അവർ ഏറ്റെടുക്കും.

2010ൽ ലോകപ്രശസ്തയായെങ്കിലും അന്നത്തെ ലോകകപ്പ് വേദിയായ ദക്ഷിണാഫ്രിക്കയിൽ ലാറിസ ഉണ്ടായിരുന്നില്ല. പരാഗ്വേയുടെ തലസ്ഥാനമായ അസൻസിയോണിലെ ഒരു പൊതുചത്വരത്തിൽ നിന്ന് മത്സരം കാണുന്നതിനിടെയെടുത്ത ചിത്രം രാജ്യാന്തര മാധ്യമങ്ങളിൽ ഇടംപിടിച്ചതോടെയാണ് അവർ ആഗോളതലത്തിൽ ശ്രദ്ധേയയായത്.

പരാഗ്വേ-സ്ലൊവാക്യ മത്സരത്തിൽ സ്വന്തം ടീം ഗോൾ നേടിയ നിമിഷം ദേശീയപതാകയുടെ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ലാറിസ നടത്തിയ ആഘോഷമാണ് വൈറലായത്. സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക അവരെ 'വേൾഡ്കപ്പ് ഗേൾഫ്രണ്ട്' എന്ന് വിശേഷിപ്പിച്ചതോടെ ആ പേര് ലോകമെമ്പാടും പ്രചരിച്ചു.

വിവാദ പ്രസ്താവനകളിലൂടെയും ലാറിസ വാർത്തകളിൽ ഇടംനേടിയിരുന്നു. അർജന്റീന ലോകകപ്പ് നേടിയാൽ നഗ്നനായി ഓടുമെന്ന് ഡീഗോ മറഡോണ പ്രഖ്യാപിച്ചപ്പോൾ, പരാഗ്വേ സെമിയിലെത്തിയാൽ ശരീരമാകെ പെയിന്റ് ചെയ്ത് അസൻസിയോൺ തെരുവുകളിലൂടെ നഗ്നയായി ഓടുമെന്നായിരുന്നു ലാറിസയുടെ പ്രഖ്യാപനം. ടീം സെമിയിലെത്തിയില്ലെങ്കിലും പിന്നീട് അവർ ആ വാഗ്ദാനം പാലിക്കുകയും ചെയ്തു.

അതേ വർഷം പ്ലേബോയ് മാസികയ്ക്കായി ഫോട്ടോഷൂട്ട് നടത്തിയ ലാറിസ, പിന്നീട് 'ഡാൻസിങ് വിത്ത് ദ് സ്റ്റാർസ്' എന്ന റിയാലിറ്റി ഷോയിലും മത്സരാർത്ഥിയായി. തുടർന്ന് മാധ്യമപഠനം പൂർത്തിയാക്കി സ്പോർട്സ് ജേണലിസത്തിലേക്ക് ചുവടുമാറിയ അവർ കഴിഞ്ഞ വർഷം പരാഗ്വേ-പെറു മത്സരത്തിൽ ടെലിവിഷൻ കമന്റേറ്ററായും അരങ്ങേറ്റം കുറിച്ചു.

പരാഗ്വേയുടെ ഒൻപതാം ലോകകപ്പ് യാത്രയിൽ യുഎസ്, ഓസ്ട്രേലിയ, തുർക്കി എന്നിവർക്കൊപ്പമാണ് ടീമിന്റെ ഗ്രൂപ്പ്. 2010ൽ ലോകത്തെ കീഴടക്കിയ 'വേൾഡ്കപ്പ് ഗേൾ' ഇത്തവണ ലോകകപ്പ് വേദിയിൽ നിന്ന് പുതിയൊരു അധ്യായം കുറിക്കാനാണ് ഒരുങ്ങുന്നത്.