'അടങ്കമറു' സംവിധായകന്‍റെ ചിത്രത്തിൽ 'ചിയാൻ' വിക്രം...
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ 'ചിയാൻ' വിക്രം അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'വീര ധീര ശൂരൻ-2'. മധുരയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ഗ്യാങ്സ്റ്റർ കഥയായി പുറത്തുവന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സിനിമയെ തുടർന്ന് 'മണ്ടേല', 'മാവീരൻ' എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം അഭിനയിക്കുന്നത്.
ചിത്രത്തിന് താൽക്കാലികമായി 'വിക്രം 63' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം വിക്രം അഭിനയിക്കാനിരിക്കുന്ന മറ്റൊരു ചിത്രം കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്.
അതനുസരിച്ച് 'ജയം' രവി നായകനായി അഭിനയിച്ച് പുറത്തുവന്നു സൂപ്പർഹിറ്റായ 'അടങ്കമറു' എന്ന ചിത്രം സംവിധാനം ചെയ്ത കാർത്തിക് തങ്കവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ വിക്രം കരാറിൽ ഒപ്പിട്ടു എന്നുള്ളതാണ് വാർത്ത. ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. 2018-ൽ റിലീസായ ചിത്രമാണ് 'അടങ്കമറു'. ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ഈ ചിത്രം നിരൂപക പ്രശംസകളും നേടിയിരുന്നു.