Saturday, 25 July 2026 | 11:44 PM

Latest

സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ദീപശിഖയെന്ന് ചിലർ കരുതുന്നു; ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുകൊണ്ട് മാത്രം ഫെമിനിസം നിർവചിക്കാനാകില്ലെന്നും ​ഗായിക സുനിത

sreyas 25 June 2026 03:15 PM
സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ദീപശിഖയെന്ന് ചിലർ കരുതുന്നു;  ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുകൊണ്ട് മാത്രം ഫെമിനിസം നിർവചിക്കാനാകില്ലെന്നും ​ഗായിക സുനിത

Highlights

പുകവലിയെ സമത്വവുമായി ബന്ധിപ്പിക്കുന്നത് വലിയ അബദ്ധമാണ്

തെലുങ്ക് സിനിമാലോകത്തെ പ്രമുഖ ഗായികയായ സുനിത ഉപദ്രസ്ത നടത്തിയ സ്ത്രീപക്ഷവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സ്ത്രീസ്വാതന്ത്ര്യത്തെയും ഫെമിനിസത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുനിത പങ്കുവെച്ചത്.

സ്ത്രീകൾ പുകവലിയെ സമത്വത്തിന്റെയോ സ്വാതന്ത്ര്യത്തിന്റെയോ പ്രതീകമായി കാണുന്നത് തെറ്റായ സമീപനമാണെന്ന് സുനിത അഭിപ്രായപ്പെട്ടു. "സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ദീപശിഖയെന്ന് ചിലർ കരുതുന്നു. പുകവലിയെ സമത്വവുമായി ബന്ധിപ്പിക്കുന്നത് വലിയ അബദ്ധമാണ്," എന്നായിരുന്നു അവരുടെ പ്രതികരണം.

വസ്ത്രധാരണത്തെ സ്വാതന്ത്ര്യത്തിന്റെ അളവുകോലായി കാണുന്നതിനെയും സുനിത ചോദ്യം ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുകൊണ്ട് മാത്രം ഫെമിനിസം നിർവചിക്കാനാകില്ലെന്നും, സ്ത്രീകളുടെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും പുരുഷന്മാരുടേതുപോലെ പ്രാധാന്യം ലഭിക്കുന്നതാണ് യഥാർത്ഥ സമത്വമെന്നും അവർ പറഞ്ഞു.

സുരക്ഷയെക്കുറിച്ചും സുനിത തന്റെ നിലപാട് വ്യക്തമാക്കി. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാൻ ശ്രമിക്കുന്നതിലുപരി വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ് പ്രായോഗികമെന്നാണ് തന്റെ അഭിപ്രായമെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം, സ്ത്രീകൾ സമൂഹത്തിൽ അവഹേളനങ്ങളോ അതിക്രമങ്ങളോ നേരിടുന്നില്ലെന്ന് താൻ പറയുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഫെമിനിസത്തിന്റെ ലക്ഷ്യം വസ്ത്രധാരണമോ പുകവലിയോ പോലുള്ള വിഷയങ്ങളിൽ ഒതുങ്ങാതെ സ്ത്രീകൾക്ക് എല്ലാ മേഖലകളിലും തുല്യ ബഹുമാനവും അവസരങ്ങളും ഉറപ്പാക്കുക എന്നതായിരിക്കണമെന്നാണ് തന്റെ വിശ്വാസമെന്നും ഗായിക പറഞ്ഞു.

എന്നാൽ സുനിതയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. സ്ത്രീകളുടെ വസ്ത്രധാരണവും അവരുടെ സുരക്ഷയും തമ്മിൽ ബന്ധമില്ലെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. "മാന്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീകൾ പോലും അതിക്രമങ്ങൾക്ക് ഇരയാകുന്ന സാഹചര്യത്തിൽ ഇത്തരം അഭിപ്രായങ്ങൾ പ്രശ്നത്തിന്റെ യഥാർത്ഥ കാരണങ്ങളെ മറച്ചുവെക്കുന്നതാണ്" എന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.

1995-ൽ പുറത്തിറങ്ങിയ ​ഗുലാബി എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച സുനിത, പിന്നീട് തെലുങ്ക് സിനിമയിലെ ശ്രദ്ധേയ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായി വളർന്നു. നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള അവരുടെ പുതിയ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.