ദാസേട്ടനുമായുള്ള പിണക്കം ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം- കൃഷ്ണചന്ദ്രന്‍

ഒരിക്കല്‍ പ്രസാദ് സ്റ്റുഡിയോയില്‍ നിന്നു ഇളയരാജ സാറിന്‍റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു ബൈക്കില്‍ കയറ്റി വിജയഗാര്‍ഡനിലേക്ക് പറക്കുകയാണ്. അവിടെ മഹാബലി എന്ന പടത്തിന്‍റെ റെക്കോര്‍ഡിംഗുണ്ട്. സമയം വൈകിയതുകൊണ്ടാണ് ബൈക്കില്‍ വെച്ച് പിടിച്ചത്. പ്രസാദ് സ്റ്റുഡിയോയുടെ ഗേറ്റ്... Read More

ഒരിക്കല്‍ പ്രസാദ് സ്റ്റുഡിയോയില്‍ നിന്നു ഇളയരാജ സാറിന്‍റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു ബൈക്കില്‍ കയറ്റി വിജയഗാര്‍ഡനിലേക്ക് പറക്കുകയാണ്. അവിടെ മഹാബലി എന്ന പടത്തിന്‍റെ റെക്കോര്‍ഡിംഗുണ്ട്. സമയം വൈകിയതുകൊണ്ടാണ് ബൈക്കില്‍ വെച്ച് പിടിച്ചത്. പ്രസാദ് സ്റ്റുഡിയോയുടെ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതും എതിരെ ദാസേട്ടന്‍റെ കാര്‍ വന്നുകൂട്ടി ഇടിക്കാതെ വെട്ടിച്ചുമാറി. അന്തംവിട്ടുള്ള എന്‍റെ പോക്ക് കണ്ട് വണ്ടി നിര്‍ത്താന്‍ ദാസേട്ടന്‍ കൈകാണിച്ചു.
നിനക്ക് പാട്ട് പാടിജീവിച്ചുപോണമെന്നില്ലേ? ഇങ്ങനെ ബൈക്കില്‍ പാഞ്ഞുനടന്നാല്‍ നെഞ്ചിലേക്ക് കാറ്റടിച്ച് ശബ്ദം അടയും. നീയൊരു കാറ് വാങ്ങ്… എന്നോടുള്ള സ്നേഹം കൊണ്ടാണ് ദാസേട്ടന്‍ അങ്ങനെ പറഞ്ഞത്. പക്ഷെ എന്‍റെ അന്നത്തെ അവസ്ഥയില്‍ ഒരു കാര്‍ വാങ്ങിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ പാടുപെടുന്ന സമയത്ത് ഒരു കാറ് സ്വന്തമാക്കുക അസാദ്ധ്യമായ കാര്യമാണ്. ബൈക്ക് അച്ഛന്‍ വാങ്ങിതന്നതാണ്. എന്‍റെ ദാരിദ്ര്യം ദാസേട്ടനോട് എങ്ങനെ പറയും. പറഞ്ഞാല്‍ ഒരുപക്ഷേ അതിനുള്ള പരിഹാരവും അദ്ദേഹം കണ്ടേക്കാം. അത്രമാത്രം എന്‍റെ നന്മ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ദാസേട്ടന്‍.
എന്നിട്ടും ദാസേട്ടനുമായി പിണങ്ങേണ്ടി വന്നു. രണ്ട് വര്‍ഷം ഞങ്ങള്‍ മിണ്ടാതെ നടന്നു. ജീവിതത്തിലെ വേദനിപ്പിക്കുന്ന ഒരനുഭവമാണത്. ചക്കരയുമ്മ എന്ന സിനിമയുടെ റെക്കോര്‍ഡിംഗ് സമയത്താണ് പ്രശ്നങ്ങളുടെ തുടക്കം. ആ സിനിമയില്‍ ശ്യാം സാറ് മ്യൂസിക് ചെയ്ത ഒരുപാട്ട് ഞാന്‍ പാടി, റെക്കോര്‍ഡിംഗ് കഴിഞ്ഞു സ്റ്റുഡിയോയുടെ പുറത്തേക്കിറങ്ങിയപ്പോള്‍ നിര്‍മ്മാതാവ് ജഗന്‍ പിക്ച്ചേഴ്സ് അപ്പച്ചന്‍ പ്രതിഫലം തന്നിട്ട് പറഞ്ഞു. ദാസേട്ടന്‍ പാടില്ലെന്നു പറഞ്ഞുവഴക്കിട്ട് പോയ പാട്ടാണ് കൃഷ്ണചന്ദ്രന്‍ പാടിയത്.

അതുകേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ തകര്‍ന്നുപോയി. നേരത്തെ ഈ പാട്ട് ദാസേട്ടന്‍ പാടുന്ന സമയത്ത് ക്ഷണിക്കപ്പെടാത്ത ചില ആളുകള്‍ സ്റ്റുഡിയോയില്‍ വന്നു അഭിപ്രായപ്രകടനം നടത്തിയത് ഇഷ്ടപ്പെടാതെ വാക്കേറ്റമുണ്ടാവുകയും അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തു. ആ പാട്ടാണ് ഞാന്‍ പാടിയത്. എല്ലാം കഴിഞ്ഞ് പോകാന്‍ നേരത്താണ് ഈ കഥ ഞാന്‍ അറിയുന്നത്. തന്നെയുമല്ല ഒരു സിനിമ പ്രസിദ്ധീകരണത്തില്‍ ഇതേക്കുറിച്ച് വാര്‍ത്തയും വന്നു. യേശുദാസിന് പാടാന്‍ കഴിയാത്ത ചക്കരയുമ്മയിലെ പാട്ട് കൃഷ്ണചന്ദ്രന്‍ അതിമനോഹരമായി പാടി. ആ എഴുത്തിന് പിന്നിലെ യുക്തി എന്താണെന്നു എനിക്കറിയില്ല. ദാസേട്ടന് പാടാന്‍ കഴിയാത്ത പാട്ടോ… അങ്ങനെയൊരു പാട്ടുണ്ടോ. ചിലപ്പോള്‍ എഴുതിയ ആള്‍ ദാസേട്ടനോട് വൈരാഗ്യം തീര്‍ത്തതാകാം. അല്ലെങ്കില്‍ ആരെങ്കിലും മനപ്പൂര്‍വ്വം എഴുതിച്ചതുമാകാം. രണ്ടുമാകാം. പക്ഷേ ഇതിനിടയില്‍ കുടുങ്ങിയത് ഞാനാണ്.
കാണുമ്പോഴെല്ലാം സ്നേഹത്തോടെ അടുത്തുവിളിച്ചു സംസാരിക്കുകയും തമാശ പറയുകയും ചെയ്യുന്ന ദാസേട്ടന്‍ എന്നോട് മിണ്ടാതായി. രണ്ട് വര്‍ഷം… എനിക്കത് വലിയ ആഘാതമായിരുന്നു. ദാസേട്ടനെ കണ്ട് മാപ്പ് പറയാന്‍ പലരും ഉപദേശിച്ചു. ചെയ്യാത്ത കാര്യത്തിന് എങ്ങനെയാണ് മാപ്പ് പറയുക. അതിനകത്തൊരു ശരികേടില്ലേ.
അങ്ങനെയിരിക്കുന്ന സമയത്ത് എന്‍റെ വിവാഹം ഉറപ്പിച്ചു. ചടങ്ങില്‍ ദാസേട്ടനെ പങ്കെടുപ്പിച്ചേ പറ്റൂ. ദാസേട്ടന്‍റെ സാന്നിദ്ധ്യമില്ലാതെയുള്ള വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. പ്രസാദ് ലാബില്‍ ഒരു റെക്കോര്‍ഡിംഗിനു ചെന്നപ്പോള്‍ ദാസേട്ടന്‍ പാടിക്കഴിഞ്ഞ് ഇറങ്ങിവരുന്നു. നേരെ ചെന്ന് കാല്‍ക്കല്‍ വീണു. ഇങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിനുമുമ്പെ കല്യാണക്കുറി കയ്യിലേക്ക് കൊടുത്തു. ദാസേട്ടന്‍ അത് തുറന്നു നോക്കുന്നതിനിടയില്‍ ചക്കരയുമ്മയിലെ പാട്ടുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു. അതോടെ എല്ല തെറ്റിദ്ധാരണയും മാറി. വിവാഹച്ചടങ്ങിന് ദാസേട്ടന്‍ വന്നു. മണിക്കൂറുകളോളം ഞങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO