‘എയിംസ്’ കിട്ടാത്തതില്‍ പ്രതിഷേധിക്കുമ്പോള്‍…

ഡോ.കെ.പി. പൗലോസ് കഴിഞ്ഞവര്‍ഷം വാഗ്ദാനം ചെയ്ത 'എയിംസ്' സ്ഥാപനം (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഈ വര്‍ഷവും ലഭിക്കാതിരുന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രഗവണ്‍മെന്‍റിന്‍റെ സ്വജനപക്ഷപാതംമൂലമാണെന്നും, ഇത് കേരളത്തോടുള്ള അവഗണനയാണെന്നും, അതില്‍ പ്രതിഷേധമുണ്ടെന്നും... Read More

ഡോ.കെ.പി. പൗലോസ്

കഴിഞ്ഞവര്‍ഷം വാഗ്ദാനം ചെയ്ത ‘എയിംസ്’ സ്ഥാപനം (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഈ വര്‍ഷവും ലഭിക്കാതിരുന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രഗവണ്‍മെന്‍റിന്‍റെ സ്വജനപക്ഷപാതംമൂലമാണെന്നും, ഇത് കേരളത്തോടുള്ള അവഗണനയാണെന്നും, അതില്‍ പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ലോകപ്രശസ്തമായ ഡല്‍ഹിയിലുള്ള എയിംസിനെപ്പോലെ മറ്റ് സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപനങ്ങള്‍ നവീന രോഗനിര്‍ണ്ണയ സാമഗ്രികളോടെ കേന്ദ്രഗവണ്‍മെന്‍റ് സ്ഥാപിച്ചുവരികയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍കൂടാതെ 9 സംസ്ഥാനങ്ങളില്‍ എയിംസ് ഉണ്ട്. ഏറ്റവും അവസാനം തുടങ്ങിയത് യു.പിയിലെ റായ്ബറേലിയിലാണ്. ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും എയിംസ് ഉണ്ട്.

ആരോഗ്യസൂചികയില്‍ കേരളം ഒന്നാംസ്ഥാനത്താണല്ലോ. ആയുര്‍ദൈര്‍ഘ്യം, ശിശുമരണനിരക്ക്, പ്രസവത്തോടനുബന്ധിച്ചുള്ള മരണം, മരണനിരക്ക്, ജനനനിരക്ക് എന്നീ സൂചികകളില്‍ കേരളം ഒന്നാംസ്ഥാനത്താണ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും കേരളത്തിന്‍റെ പ്രകടനം മോശമല്ല. 30 മെഡിക്കല്‍ കോളേജുകളിലായി (20 പ്രൈവറ്റ്, 10 ഗവണ്‍മെന്‍റ്) 3550 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്.

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കേരളം ഇന്ത്യയില്‍ 3-ാം സ്ഥാനത്താണ്. മഹാരാഷ്ട്ര (6245), തമിഴ്നാട് (5600) സംസ്ഥാനങ്ങള്‍ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. ഭാരതത്തില്‍ ആകെ 412 മെഡിക്കല്‍ കോളേജുകളിലായി 53,000 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്.

ആരോഗ്യമേഖലയില്‍ ഇത്രയും മുന്നിട്ട് നില്‍ക്കുന്ന സ്ഥാപനങ്ങളെ തഴഞ്ഞ് മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ ഗവണ്‍മെന്‍റ് ഖജനാവില്‍നിന്നും പണം ചിലവാക്കി കുടുംബസമേതം വിദേശത്ത് ചികിത്സയ്ക്കായി പോകുന്നതു കാണുമ്പോള്‍, ഇവരുടെ ‘എയിംസി’നുവേണ്ടിയുള്ള മുറവിളി ആത്മാര്‍ത്ഥമാണോ എന്ന് സാധാരണക്കാരന്‍ സംശയിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിമാരായിരുന്ന എ.കെ.ആന്‍റണി, ഇ.കെ. നായനാര്‍, പി.കെ. വാസുദേവന്‍ നായര്‍ എന്നിവര്‍ ചികിത്സ തേടിയത് ഡല്‍ഹി എയിംസിലായിരുന്നു. പ്രധാനമന്ത്രിമാരായിരുന്ന ഡോ. മന്‍മോഹന്‍സിംഗ് വളരെ സങ്കീര്‍ണ്ണമായ ഹൃദയശസ്ത്രക്രിയ നടത്തിയത് എയിംസിലാണ്. അടല്‍ബിഹാരി വാജ്പെയിയും ചികിത്സ തേടിയത് ഡല്‍ഹിയിലെ എയിംസിലായിരുന്നു. സ്വന്തം സംസ്ഥാനത്തും (ആര്‍.സി.സി, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്) രാജ്യത്തും അഖിലലോകപ്രശസ്തിയുള്ള ഡോക്ടര്‍മാരേയും സ്ഥാപനങ്ങളേയും രാഷട്രീയനേതാക്കള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വിശ്വാസമില്ലെങ്കില്‍ സാധാരണക്കാര്‍ എങ്ങനെ ഈ സ്ഥാപനങ്ങളെ വിശ്വസിക്കും.
സ്വകാര്യ സ്ഥാപനങ്ങളിലോ, വിദേശത്തോ പോയി ചികിത്സ തേടുന്നത് വ്യക്തിപരമായ താല്‍പ്പര്യപ്രകാരമായിരിക്കാം. പക്ഷേ ഗവണ്‍മെന്‍റ് ചെലവില്‍ ഇന്ത്യയില്‍ അതിനുള്ള സൗകര്യങ്ങളുള്ളപ്പോള്‍ വിദേശത്ത് പോകുന്നതിന് നിയന്ത്രണം ആവശ്യമാണ്. സോണിയാഗാന്ധി വിദേശത്തുപോയി ചികിത്സ തേടുന്നത് അവരുടെ സ്വന്തം ഇഷ്ടം. പക്ഷേ ഭരണകര്‍ത്താക്കള്‍ വിദേശത്തുപോയി ചികിത്സ തേടുമ്പോള്‍ എന്തോ രോഗത്തിനാണ് എന്ന് അറിയാനുള്ള താല്‍പ്പര്യം പൊതുജനങ്ങള്‍ക്കുണ്ട്. ഉദാഹരണത്തിന് അമേരിക്കന്‍ പ്രസിഡന്‍റും ഫ്രഞ്ച് പ്രസിഡന്‍റും എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്തി ആ വിവരം പരസ്യമാക്കാറുണ്ട്. അവരുടെ ഭരണകര്‍ത്താക്കള്‍ ആരോഗ്യവാന്മാരായിരിക്കേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. ഗോവയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കിന്‍റെ കാര്യം എടുക്കുക. പാന്‍ക്രിയാസ് കാന്‍സര്‍ വന്ന് മരണാസന്നനായിരുന്ന സമയത്ത് ഭക്ഷണം കഴിക്കാതെ മൂക്കില്‍ക്കൂടി റൈല്‍സ് ട്യൂബ് ഇട്ടുകൊണ്ട് നിയമസഭയില്‍ ഹാജരായതിന്‍റെ ചിത്രം പൊതുജനങ്ങളുടെ മനസ്സില്‍നിന്നും മായാറായിട്ടില്ല. കേരളാ സ്പീക്കറും മന്ത്രിയും ആയിരുന്ന ജി. കാര്‍ത്തികേയനെ കരള്‍ ക്യാന്‍സറിന്‍റെ അവസാനഘട്ടമായപ്പോള്‍ അമേരിക്കയിലും ബംഗളൂരുവിലും കൊണ്ടുപോയതും ജനങ്ങള്‍ മറന്നിട്ടില്ല. മരിക്കുമെന്നറിയാമെങ്കിലും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും കൊണ്ടുപോയി ചികിത്സിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ സംശയിച്ചുപോകും.

സംസ്ഥാനത്തുള്ള എല്ലാവര്‍ക്കും (രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും പൊതുജനങ്ങളും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെ) വിശ്വാസമുള്ള രീതിയില്‍ സംസ്ഥാനത്തുള്ള സ്ഥാപനങ്ങളെ സജ്ജീകരിക്കണം. രോഗനിര്‍ണ്ണയത്തിനും ചികിത്സകള്‍ക്കും വേണ്ടിയുള്ള ആധുനിക സാമഗ്രികള്‍ വാങ്ങണം. ഒരു സ്ഥാപനമെങ്കിലും വിശ്വാസയോഗ്യമുള്ളതാക്കണം. സ്വന്തം ഹോട്ടലില്‍നിന്ന് മറ്റുള്ളവരെ ആഹാരം കഴിക്കുവാന്‍ നിര്‍ബന്ധിക്കുകയും, താന്‍ സ്വന്തം ഭവനത്തില്‍ പോയി കഴിക്കുകയും ചെയ്യുന്നു എന്നു മറ്റുള്ളവര്‍ അറിഞ്ഞാല്‍ ആ ഹോട്ടല്‍ സംശയാസ്പദമാകുകയില്ലേ? രാഷ്ട്രീയ ലാഭത്തിനുവേണ്ടി കൊല്ലംതോറും കെട്ടിടവും വേണ്ട സ്റ്റാഫും ഇല്ലാത്ത മെഡിക്കല്‍ കോളേജുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ട് എന്തുകാര്യം?

Show Less

No comments Yet

SLIDESHOW

LATEST VIDEO