നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാം -ഗോകുലം ഗോപാലന്‍

ചലച്ചിത്ര നിര്‍മ്മാതാവ്, ഹോട്ടല്‍ വ്യവസായി, ഗോകുലം ചിട്ടി ഫണ്ട്സിന്‍റേയും മെഡിക്കല്‍ ട്രസ്റ്റിന്‍റേയും ഉടമ, സമുദായിക പ്രവര്‍ത്തകന്‍ തുടങ്ങി നാനാതുറകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു വ്യക്തിയാണ് ഗോകുലം ഗോപാലന്‍. വടകര സ്വദേശിയായ ഇദ്ദേഹത്തിന് യാതനകളുടെയും കഷ്ടപ്പാടുകളുടെയും ഒരു... Read More

ചലച്ചിത്ര നിര്‍മ്മാതാവ്, ഹോട്ടല്‍ വ്യവസായി, ഗോകുലം ചിട്ടി ഫണ്ട്സിന്‍റേയും മെഡിക്കല്‍ ട്രസ്റ്റിന്‍റേയും ഉടമ, സമുദായിക പ്രവര്‍ത്തകന്‍ തുടങ്ങി നാനാതുറകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു വ്യക്തിയാണ് ഗോകുലം ഗോപാലന്‍. വടകര സ്വദേശിയായ ഇദ്ദേഹത്തിന് യാതനകളുടെയും കഷ്ടപ്പാടുകളുടെയും ഒരു ഭൂതകാലമുണ്ട്. കുറെ വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിര താമസക്കാരനായ ഇദ്ദേഹത്തിന് കേരളത്തില്‍ പലയിടത്തും ഹോട്ടലുകളും ഫ്ളാറ്റുകളും സ്ക്കൂളുകളുമൊക്കെയുണ്ട്. ഈ രീതിയില്‍ ഒരു വ്യവസായി ആയതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്‍റെ എല്ലാ ദിനങ്ങളും ഏറെ തിരക്കുള്ളതാണ്. ആ തിരക്കിനിടയിലെ കുറച്ചുസമയമാണ് ‘മഹിളാരത്ന’ത്തിനുവേണ്ടി ഞങ്ങള്‍ അപഹരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതയാത്രയിലെ കുറച്ച് അനുഭവങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

 

സാമൂഹ്യപ്രവര്‍ത്തനത്തെക്കുറിച്ചും സമുദായപ്രവര്‍ത്തനത്തെക്കുറിച്ചും എന്താണ് പറയാനുള്ളത്?

 

സാമൂഹ്യപ്രവര്‍ത്തനങ്ങളുണ്ട്. നിര്‍ദ്ധനരായവരെ സഹായിക്കുക. പാവപ്പെട്ടവര്‍ക്ക് എന്ത് സഹായമാണ് വേണ്ടതെന്ന് നോക്കി, അത് മനസ്സിലാക്കി അവര്‍ക്കുവേണ്ടി സഹായങ്ങള്‍ എത്തിക്കാറുണ്ട്. ഞാന്‍ ഗുരുദേവന്‍റെ ഭക്തനാണ്. ഗുരുദേവന്‍ പഠിപ്പിച്ചുതന്ന ഒരുപാട് കാര്യങ്ങള്‍ ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്.

 

 

ഫ്ളവേഴ്സ് ചാനലിന്‍റെ ചെയര്‍മാനാണല്ലോ താങ്കള്‍. ഫ്ളവേഴ്സ് ചാനല്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതേക്കുറിച്ച് എന്ത് പറയുന്നു?

 

വ്യത്യസ്തമായ പ്രോഗ്രാമുകളും വ്യത്യസ്തമായ ശൈലിയുമാണ് ഫ്ളവേഴ്സ് ചാനലിന്‍റെ മുഖമുദ്രയായി ഞങ്ങള്‍ കണ്ടെത്തിയിരുന്നത്. ആ ശൈലി പിന്തുടര്‍ന്നപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയും നേടാന്‍ കഴിഞ്ഞു.

 

ഇങ്ങനെ വ്യത്യസ്തമായ ശൈലിയില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിലുമൊക്കെ ചെയര്‍മാന്‍ എന്ന നിലയില്‍ താങ്കളുടെ പങ്കാളിത്തം എങ്ങനെയാണ്?

 

സത്യസന്ധത വേണം എന്നുള്ളതാണ് ഒരു പ്രധാനകാര്യം. അങ്ങനെയാണ് ഞാന്‍ അഭിപ്രായങ്ങള്‍ പറയുന്നതും പ്രകടിപ്പിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും. ആരെയും വെളുപ്പിക്കാനോ കറുപ്പിക്കാനോ പോകരുതെന്ന് ഞാനെപ്പോഴും പറയാറുണ്ട്. രാഷ്ട്രീയത്തിനോ, ജാതിക്കോ, മതത്തിനോ അതീതമായി ഒന്നിനെയും കൂട്ടുപിടിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനമില്ല. വ്യക്തിപരമായോ, കുടുംബത്തിനെയോ, സമൂഹത്തിനെയോ ആരെയും ദ്രോഹിക്കാത്ത തരത്തിലുള്ള ഒരു മാധ്യമപ്രവര്‍ത്തനമാണ് ഞങ്ങളുടെ രീതി. അതാണ് ലക്ഷ്യമിടുന്നതും.

 

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നാളെ നമുക്കിവിടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് എനിക്ക് ഉത്തമബോദ്ധ്യമുണ്ട്. അതിനുവേണ്ടിയാണ് ഗോകുലത്തിന്‍റെ പേരില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ നടത്തിക്കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിച്ചതും. മെഡിക്കല്‍ കോളേജ് മാത്രമല്ല, ഹോട്ടലും ഫ്ളാറ്റും ബാങ്കും ഒക്കെയായുള്ള ഈ ബിസിനസ്സുകള്‍ക്കിടയില്‍ ഒരു എന്‍റര്‍ടെയിന്‍മെന്‍റും കൂടി വേണമെന്ന് തോന്നിയപ്പോഴാണ് സിനിമാനിര്‍മ്മാണരംഗത്തേയ്ക്ക് കടന്നത്.

 

പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി പോലുള്ള സിനിമകള്‍ നിര്‍മ്മിച്ചതിലൂടെ ഗോകുലം എന്ന ബാനര്‍ സിനിമാരംഗത്തും പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയമായിട്ടുണ്ട്. ‘ക്ലിന്‍റ്’ എന്ന സിനിമയില്‍ താങ്കള്‍ അഭിനയിച്ചതായി കണ്ടു. അഭിനയം നേരത്തെയുണ്ടായിരുന്നോ?

 

അഭിനയത്തിനോട് പണ്ടെ കമ്പമുണ്ടായിരുന്നു. ഡ്രാമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയിക്കാന്‍ തീരെ സമയമില്ല. ക്ലിന്‍റില്‍ ഒരു മുത്തച്ഛന്‍റെ റോള്‍ ഉണ്ടായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോള്‍ അഭിനയിച്ചു എന്നുമാത്രം. അഭിനയിക്കാന്‍ മോഹമുള്ള ഒരുപാട് പേരുണ്ട്. ഞാന്‍ സിനിമ നിര്‍മ്മിക്കുന്നതിലൂടെ അവര്‍ക്കൊക്കെ അവസരം കിട്ടുകയും അവരുടെ അഭിനയമോഹം സഫലമാകുകയും ചെയ്യുമല്ലോ. അതുകൊണ്ട് സിനിമാനിര്‍മ്മാണവും അത്തരത്തില്‍ നല്ലൊരു കാര്യമായി എനിക്ക് തോന്നുന്നു.

 

 

 

വിദ്യാഭ്യാസം നല്‍കുന്ന കാര്യം പറഞ്ഞുവല്ലോ. സ്വദേശമായ വടകരയില്‍ സ്ക്കൂളുണ്ടെന്നറിയാം. മറ്റ് ചില സ്ഥലങ്ങളിലും സ്ക്കൂളുകള്‍ ഉണ്ടല്ലോ. അത് ഏതൊക്കെയാണെന്ന് ഒന്ന് പറയാമോ?

 

കോഴിക്കോട്, ഗുരുവായൂര്‍, തൃപ്രയാര്‍, ആറ്റിങ്ങല്‍, ചെന്നൈ എന്നിവിടങ്ങളിലും ഗോകുലത്തിന്‍റെ സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആര്‍ട്സ് കോളേജും എഞ്ചിനീയറിംഗ് കോളേജുമുണ്ട്.

 

വിവിധ സ്ഥലങ്ങളില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തിവരുന്നതിനാല്‍ അതിന്‍റേതായ തിരക്കുകളായിരിക്കുമല്ലോ. ധാരാളം ആളുകള്‍ക്ക് ജോലി. അവരെ എല്ലാം നിയന്ത്രിക്കുക… ഇതൊക്കെ ഒരു ഭാരിച്ച ഉത്തരവാദിത്തമായി തോന്നാറുണ്ടോ?

 

ഇതിലെല്ലാം ശ്രദ്ധിച്ചുകൊണ്ടുള്ള എന്‍റെ അപ്രോച്ച് കറക്ടാണെന്ന് എനിക്ക് തോന്നുന്നു. ആ വിശ്വാസമാണ് എന്നെ നയിക്കുന്നത്. ഞാന്‍ ഈ സ്ഥാപനങ്ങളുടെയൊന്നും മുതലാളിയാണെന്ന രീതിയില്‍ മാറി നില്‍ക്കുന്നില്ല. ഞാനും ഒരു തൊഴിലാളി തന്നെയാണ്. എന്‍റെ സ്റ്റാഫ് എട്ട് മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ പതിനാറ് മണിക്കൂറാണ് ജോലി ചെയ്യുന്നത്.

 

ഗോകുലം ചിട്ടി ഫണ്ട്സിലൂടെയാണല്ലോ ഇതുവരെ ഇവിടെ എത്തിയത് അല്ലേ? അതേക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ എന്ത് പറയാനുണ്ട്?

 

1968 ലാണ് മദ്രാസില്‍ വച്ച് ആദ്യമായി ചിട്ടി ആരംഭിക്കുന്നത്. വെറും 600/- രൂപ മൂലധനമായി. അന്നുപക്ഷേ, 600/- രൂപ വലിയ ഒരു തുകയായിരുന്നു കേട്ടോ. ഇപ്പോള്‍ 50 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ ചിട്ടിയുടെ പേരില്‍ ഒരു പോലീസ് കേസുപോലും ഉണ്ടായിട്ടില്ലെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഞാന്‍ ജോലി തേടി മദ്രാസിന് പോയതാണ്. പല ജോലികള്‍ക്കും ശ്രമിച്ചു. ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. പിന്നെ ചില ജോലികള്‍ ചെയ്തു. മടുപ്പ് തോന്നി. പിന്നീടാണ് മെഡിക്കല്‍ റെപ്രസന്‍റേറ്റീവായി ജോലി കിട്ടിയത്. അതില്‍ കുറെക്കാലം തുടര്‍ന്നു. മദ്രാസിലാകുമ്പോള്‍ സിനിമയിലും അഭിനയിക്കാന്‍ കഴിഞ്ഞേക്കും എന്ന ആഗ്രഹവും വടകരയില്‍നിന്നും വണ്ടി കയറുമ്പോള്‍ മനസ്സിലുണ്ടായിരുന്നു.

 

പല ബിസിനസ്സുകള്‍ ചെയ്യുന്നതുകൊണ്ട് ഏറെ ബിസ്സിയായിട്ടുള്ള ഒരു ജീവിതമാണല്ലോ താങ്കളുടേത്. ഭാര്യയുടെ പിന്തുണയും അഭിപ്രായങ്ങളും എന്താണ്? പറയാമോ?

 

ബിസിനസ്സ് കാര്യങ്ങളില്‍ തിരക്കിട്ട് നടക്കുമ്പോള്‍ അതിന് ഭാര്യയുടെ പിന്തുണ വേണ്ടുവോളമുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകളും ഒക്കെയായിരിക്കും എപ്പോഴും. തിരിച്ച് വീട്ടിലെത്തുമ്പോള്‍ സമാധാനം വേണം. സമാധാനം വേണമെങ്കില്‍ ഐശ്വര്യം വേണം. അതെല്ലാം ഭാര്യയുടെ മനസ്സുകൊണ്ടാണ് എനിക്കുണ്ടാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. മകന്‍ ബൈജുവും മകളും മരുമകന്‍ പ്രവീണും ഒക്കെ എന്‍റെ ബിസിനസ്സ് കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട്. ചെന്നൈയിലെ സ്ക്കൂളിന്‍റെ മേല്‍നോട്ടം മകളുടേതാണ്. എന്‍റെ ഒരു മകന്‍ മരിച്ചുപോയതിലേ എനിക്ക് ദുഃഖമുള്ളൂ.

 

 

വിവാഹം എവിടെവച്ചായിരുന്നു?

 

ലോകനാര്‍ക്കാവില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഭാര്യയുടെ പേര് ജലജ. വടകരയില്‍ തന്നെയാണ് ജലജയുടെയും വീട്.

 

പുതിയ സിനിമ, പുതിയ ബിസിനസ്സ് എന്തെങ്കിലും പ്ലാന്‍ ചെയ്തിട്ടുണ്ടോ?

 

സന്തോഷ്ശിവന്‍ സംവിധാനം ചെയ്യുന്ന കലിയുഗ വരദനാണ് ഒരു പുതിയ ചിത്രം. അതിന്‍റെ ഷൂട്ടിംഗ് വൈകാതെ തുടങ്ങും. ‘പള്ളിച്ചട്ടമ്പി’ എന്നൊരു സിനിമയും പദ്ധതിയിലുണ്ട്. ബാംഗ്ലൂരില്‍ ഈയടുത്ത് ഒരു പുതിയ ഹോട്ടല്‍ തുടങ്ങിയിരുന്നു. ആറേഴ് മാസം കൂടി കഴിഞ്ഞാല്‍ കുമരകത്ത് പുതിയ ഒരു ഹോട്ടല്‍ തുടങ്ങും. അതിന്‍റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്.

 

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO