വീട്ടുമുറ്റത്ത് വര്‍ണ്ണപ്രപഞ്ചംതീര്‍ത്ത് വാട്ടര്‍ ലില്ലികള്‍

തികച്ചും അത്ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു. അതിശയങ്ങളില്‍ അതിശയവും, അത്ഭുതങ്ങളില്‍ അത്ഭുതവും തോന്നുംപ്രകാരം പ്രകൃതിയുടെ വര്‍ണ്ണച്ഛായക്കൂട്ടുകള്‍. ചെറിയ ടബ്ബുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന വര്‍ണ്ണപ്രപഞ്ചം വര്‍ണ്ണനകള്‍ക്കും അപ്പുറം എന്നേ പറയാന്‍ കഴിയൂ. കോതമംഗലം സ്വദേശിനിയായ ഷീജാഅശോകന്‍റെ വീട്ടില്‍ വിരിഞ്ഞുനില്‍ക്കുന്ന വാട്ടര്‍ലില്ലി... Read More

തികച്ചും അത്ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു. അതിശയങ്ങളില്‍ അതിശയവും, അത്ഭുതങ്ങളില്‍ അത്ഭുതവും തോന്നുംപ്രകാരം പ്രകൃതിയുടെ വര്‍ണ്ണച്ഛായക്കൂട്ടുകള്‍. ചെറിയ ടബ്ബുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന വര്‍ണ്ണപ്രപഞ്ചം വര്‍ണ്ണനകള്‍ക്കും അപ്പുറം എന്നേ പറയാന്‍ കഴിയൂ. കോതമംഗലം സ്വദേശിനിയായ ഷീജാഅശോകന്‍റെ വീട്ടില്‍ വിരിഞ്ഞുനില്‍ക്കുന്ന വാട്ടര്‍ലില്ലി പൂക്കള്‍ ചിന്തകളില്‍ സങ്കല്‍പ്പത്തിലെ ‘നന്ദനവനം’ പോലെ തോന്നപ്പെട്ടു എന്നതുതന്നെയാണ് വാസ്തവം. പൂന്തോട്ടത്തേയും ചെടികളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് ആഹ്ലാദകരമായ ഒരു വിരുന്നുതന്നെയാണ് ഈ വാട്ടര്‍ടാങ്കില്‍ വിരിഞ്ഞുനില്‍ക്കുന്ന വര്‍ണ്ണവൈഭവങ്ങള്‍.

 

വാട്ടര്‍ ലില്ലികള്‍…

ഷീജയുടെ വീട്ടുമുറ്റത്ത് ഫലസസ്യങ്ങളും, പച്ചക്കറികളും, അലങ്കാരച്ചെടികളും ധാരാളമായി നില്‍പ്പുണ്ട്. എന്നാല്‍ ഷീജയുടെ വര്‍ണ്ണപ്രപഞ്ചത്തില്‍ വാട്ടര്‍ലില്ലിയുടെ ശേഖരമാണ് ഏറെ അറിയപ്പെടുന്നത്. വാട്ടര്‍ലില്ലി എന്ന ജലസസ്യം ഇന്നിപ്പോള്‍ പൂന്തോട്ടപ്രേമികളുടെ ഹരംതന്നെയാണ്. പൂന്തോട്ടത്തിന്‍റെ ഗാംഭീര്യം വിളിച്ചോതുന്ന ചെടിയാണ് വാട്ടര്‍ലില്ലി എന്ന് പറഞ്ഞാലും അതിശയോക്തിയല്ല. രാവിലെ വിരിയുന്ന ഒരിനം ആമ്പലുകളാണ് വാട്ടര്‍ലില്ലി എന്ന ചെടി. സങ്കല്‍പ്പത്തിലെ നീലത്താമരയും, മഞ്ഞതാമരയുമെല്ലാം ഈ ഇനത്തില്‍പ്പെടുന്ന ചെടികളാണ്. ഈ സങ്കല്‍പ്പങ്ങള്‍ മുറ്റത്ത് പൂത്തുനില്‍ക്കുന്ന കാഴ്ച ആഗ്രഹിക്കാത്ത പൂന്തോട്ടപ്രേമികള്‍ ആരും ഉണ്ടാവില്ല എന്നതാണ് വാസ്തവം.

 

ആദ്യം ഒരു ചെറിയ കൗതുകമായി തുടങ്ങിയതാണ് വാട്ടര്‍ലില്ലി കളക്ഷന്‍. ഹൈദ്രാബാദില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ ചില വ്യക്തികളില്‍നിന്നും ചെറുതായി ചെടികള്‍ കളക്ട് ചെയ്തുതുടങ്ങി. ഇന്നിപ്പോള്‍ മുപ്പതില്‍പരം നിറങ്ങളില്‍ വാട്ടര്‍ലില്ലിയും, താമരകളും പലതരം വാട്ടര്‍ പ്ലാന്‍റുകളും കളക്ഷനിലുണ്ട്. ജലസസ്യങ്ങള്‍ ശേഖരിച്ചതിനെക്കുറിച്ച് ഷീജ ചുരുക്കിപറഞ്ഞു.

 

പൂന്തോട്ടത്തില്‍ നിന്നും കച്ചവടത്തിലേക്ക്

ജീവിത വരുമാനത്തിന് എന്തെങ്കിലും തൊഴില്‍ ചെയ്യണം എന്ന് കരുതിയിരുന്നു. കുട്ടികള്‍ വളര്‍ന്നുവരുകയാണ്, അതോടൊപ്പം ചെലവുകളും കൂടി വരുകയാണ്. എന്നാല്‍ ചെടികളും അവയുടെ വില്‍പ്പനയും എന്നൊരു ചിന്ത ഒരിക്കലും തോന്നിയിരുന്നില്ല. പരിചയക്കാരായ സുഹൃത്തുക്കളുടെ പ്രേരണയും, ഭര്‍ത്താവിന്‍റെ ഫുള്‍സപ്പോര്‍ട്ടുമാണ് വാട്ടര്‍ലില്ലി കച്ചവടം തുടങ്ങാന്‍ പ്രേരണയായത്. ചെറിയ ചെറിയ തൈകള്‍, ചട്ടികളിലേക്ക് പറിച്ചുമാറ്റി വളര്‍ച്ച പാകമാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. ചിലര്‍ ചെടികള്‍ മാത്രമായി വാങ്ങിക്കൊണ്ടുപോകും. മറ്റ് ചിലര്‍ക്ക് ചെടികള്‍ ടാങ്കില്‍ നട്ട് വളര്‍ത്തി, ടാങ്കോട് ചേര്‍ന്നുതന്നെ നല്‍കും. ചെടികള്‍ വിറ്റ് പണം വാങ്ങിക്കഴിഞ്ഞാല്‍ ഉത്തരവാദിത്വം മുഴുവന്‍ തീര്‍ന്നു എന്ന് കരുതുന്ന പ്രകൃതം എനിക്കില്ല. കസ്റ്റമര്‍ക്ക് വേണ്ട എല്ലാ ഉപദേശങ്ങളും നല്‍കും. ചെടിക്ക് എന്തെങ്കിലും കേട് സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുകൊടുക്കുകയും ചെയ്യും. പറഞ്ഞുകേട്ടും, അറിഞ്ഞുകേട്ടും പലരും ചെടികള്‍ വാങ്ങാന്‍ ഇവിടെ വരാറുണ്ട്. നാളിതുവരെ പരാതിയോ പരിഭവമോ കേള്‍ക്കേണ്ടി വന്നിട്ടുമില്ല. ഷീജ കൂട്ടിച്ചേര്‍ത്തു.

 

ഭാഗ്യം നല്‍കുന്ന ജലസാന്നിദ്ധ്യം

വാട്ടര്‍ലില്ലിക്ക് ഏറെ പ്രാമുഖ്യം ലഭിക്കാനുള്ള പ്രധാനകാരണം ഇവയെ ചുറ്റിപ്പറ്റിയുള്ള വിശ്വാസപ്രമാണങ്ങള്‍തന്നെയാണ്. നീലനിറത്തിലുള്ള വാട്ടര്‍ലില്ലി മുറ്റത്ത് പൂത്താല്‍ കാര്യവിജയമാണ്. മനസ്സിലെ മോഹം സാധിക്കും എന്നൊരു വിശ്വാസം പണ്ടുമുതലേ നിലനില്‍ക്കുന്നു. മഞ്ഞനിറത്തിനും ഇതുപോലെ ഭാഗ്യവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. നഗ്വാക്കാ, വാന്‍വിസ തുടങ്ങിയ ഇനങ്ങള്‍ ‘ലക്കി ലില്ലി’ എന്ന് വിളിക്കപ്പെടുന്നു. മാത്രവുമല്ല വാസ്തുശാസ്ത്രപ്രകാരം വീടിന്‍റെ വടക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളില്‍ ജലസാന്നിദ്ധ്യം ഐശ്വര്യമായി വിശ്വസിക്കപ്പെടുന്നു.

 

പരിചരണ രീതികള്‍

വാട്ടര്‍ലില്ലിയുടെ പരിചരണം മറ്റ് ചെടികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നാണ് ഷീജ പറയുന്നത്. അല്‍പ്പം വിസ്താരമുള്ള ടബ്ബുകളില്‍ വാട്ടര്‍ലില്ലി വളര്‍ത്തി പൂക്കള്‍ ഉണ്ടാക്കാവുന്നതാണ്. ടബ്ബിന് നൂറു രൂപ വിലയേയുള്ളു. ടബ്ബിന്‍റെ അടിയില്‍ ഒരു കപ്പ് പച്ച ചാണകവും 200 ഗ്രാം എല്ലുപൊടിയും ഇടുക. ഇതിനുമീതേ ടബ്ബിന്‍റെ കാല്‍ഭാഗത്തോളം മണ്ണിടുക. നടുഭാഗം കൂമ്പാരമാക്കിവെച്ചശേഷം, വളര്‍ച്ച പാകമായ വാട്ടര്‍ലില്ലി തൈ നടുക. മുക്കാല്‍ഭാഗം വെള്ളം ഒഴിക്കുക. അഞ്ചുദിവസത്തിനുശേഷം ഗപ്പിമത്സ്യത്തെ വെള്ളത്തിലിടുക. മാസത്തില്‍ ഒരിക്കല്‍ വെള്ളം മാറ്റുക. മാറ്റുന്ന ഈ വെള്ളം മറ്റ് ചെടികള്‍ക്ക് ഒഴിക്കാവുന്നതുമാണ്. നല്ല സൂര്യപ്രകാശം ഈ ചെടിക്ക് അത്യാവശ്യവുമാണ്. വാട്ടര്‍ലില്ലി അനവധി ഇനങ്ങളിലും നിറങ്ങളിലും ലഭ്യമാണ്. എന്നാല്‍ അവയില്‍ എല്ലാ ഇനങ്ങളും നമ്മുടെ നാട്ടില്‍ പൂക്കില്ല. പൊതുവേ, ട്രോപ്പിക്കല്‍ ഇനത്തില്‍ വരുന്ന വാട്ടര്‍ലില്ലികളാണ് കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്. വാട്ടര്‍ലില്ലിയില്‍ മറ്റൊരിനം ‘ഹാര്‍ഡി’ ഇനമാണ്. ഇവ പൂത്താല്‍ അഞ്ചോ, ആറോ പൂക്കള്‍ മാത്രമേ ഉണ്ടാകാറുള്ളു. എന്നാല്‍ ആ പൂക്കള്‍ വളരെ വലിപ്പമുള്ളതായിരിക്കും.

 

വാട്ടര്‍ലില്ലിയെ കൂടാതെ മറ്റനവധി ജലസസ്യങ്ങളും ഷീജയുടെ ശേഖരത്തില്‍ കാണാം. വാട്ടര്‍പോപ്പികള്‍, വാട്ടര്‍ബാംബൂ, വാട്ടര്‍ ഹെലിക്കോണിയ, വാട്ടര്‍കാബേജ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഇവയെക്കൂടാതെ വിവിധയിനം കറ്റാര്‍വാഴകള്‍, നാരകം, പച്ചക്കറികള്‍, മീനുകള്‍ എന്നിവയും വ്യവസായ അടിസ്ഥാനത്തില്‍ ഷീജ വളര്‍ത്തുന്നുണ്ട്.

 

 

അഞ്ച് സെന്‍റിലും ടെറസിലുമായി ഒതുങ്ങുന്നതാണ് ഷീജയുടെ വരുമാനലോകം എന്നതാണ് ഏറെ അത്ഭുതം. തൊഴിലൊന്നുമില്ല എന്ന് പറയുന്ന സ്ത്രീകളും പുരുഷന്മാരും ഷീജയെപ്പോലുള്ളവരെ മാതൃകയാക്കുകതന്നെ വേണം. അവരവരുടെ ഉള്ളിലെ ഇഷ്ടം തിരിച്ചറിഞ്ഞ് ജീവിതമാര്‍ഗ്ഗം തെരഞ്ഞെടുത്താല്‍ പരാജയം സംഭവിക്കില്ല എന്നതാണ് ഷീജയിലൂടെ തിരിച്ചറിയുന്ന കാര്യം.

 

ചെടികളുടെ വില്‍പ്പനമാത്രമല്ല, ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് അവരുടെ പൂന്തോട്ടം രൂപപ്പെടുത്തിക്കൊടുക്കുന്ന ജോലിയും ഷീജയുടെ മേല്‍നോട്ടത്തില്‍ ചെയ്തുവരുന്നു.

ഷീജാ അശോകന്‍,  9745406170

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO