‘ശ്രീനിയേട്ടന്‍ എനിക്ക് ഗുരുതുല്യനാണ്’ -വി.എം. വിനു

സംവിധാനം വി.എം. വിനു. നായകന്‍ ശ്രീനിവാസന്‍. വി.എം. വിനു-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് കുട്ടിമാമ. തിരക്കഥാകൃത്തായ ശ്രീനിവാസന്‍ ഈ സിനിമയിലില്ല. ഇരുവരും ചേര്‍ന്ന് മുമ്പ് ചെയ്ത യെസ് യുവര്‍ ഓണര്‍, മകന്‍റെ അച്ഛന്‍... Read More

സംവിധാനം വി.എം. വിനു. നായകന്‍ ശ്രീനിവാസന്‍. വി.എം. വിനു-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് കുട്ടിമാമ. തിരക്കഥാകൃത്തായ ശ്രീനിവാസന്‍ ഈ സിനിമയിലില്ല. ഇരുവരും ചേര്‍ന്ന് മുമ്പ് ചെയ്ത യെസ് യുവര്‍ ഓണര്‍, മകന്‍റെ അച്ഛന്‍ എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റ് വിജയം നേടിയവയാണ്. മകന്‍റെ അച്ഛനില്‍ ശ്രീനിവാസനോടൊപ്പം വിനീത് ശ്രീനിവാസനും അഭിനയിച്ചിരുന്നു. കുട്ടിമാമയില്‍ ധ്യാന്‍ ശ്രീനിവാസനുണ്ട്. ശ്രീനിയേട്ടന് വേറെ മക്കളില്ല.. ഉണ്ടായിരുന്നെങ്കില്‍ അവരെ വെച്ചും സിനിമ ചെയ്യാമായിരുന്നുവെന്ന് മുഖം നിറഞ്ഞ ചിരിയോടെ വി.എം. വിനു പറഞ്ഞുതുടങ്ങി.

 

ശ്രീനിയേട്ടനെ വ്യക്തിപരമായി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ സിനിമ കണ്ടാണ് നമ്മുടെ മനസ്സില്‍ ഹ്യൂമറിന്‍റെ രസങ്ങള്‍ ഉണ്ടാകുന്നത്. ശ്രീനിയേട്ടന്‍റെ സിനിമകള്‍ ധാരാളമായി കണ്ടിട്ടുണ്ട്. ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റിന്‍റെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്ന സമയത്താണ് ശ്രീനിയേട്ടനെ ആദ്യമായി നേരില്‍ കാണുന്നത്. ദൂരെനിന്ന് കണ്ടിട്ടേയുള്ളൂ. അന്ന് ഞാന്‍ പഠിക്കുകയാണ്. പിന്നീട് സിനിമയില്‍ വന്നു, സംവിധായകനായി.

 

സ്വര്‍ണ്ണകിരീടമൊക്കെ കഴിഞ്ഞുനില്‍ക്കുന്ന സമയത്ത് കോഴിക്കോട് ഹോട്ടല്‍ മഹാറാണിയില്‍ വെച്ച് ഗിരീഷ് പുത്തഞ്ചേരിയാണ് ശ്രീനിയേട്ടന് എന്നെ കൃത്യമായി പരിചയപ്പെടുത്തുന്നത്. അതിനുശേഷം ഗിരീഷും ഞാനും കൂടി സെഞ്ച്വറി ഫിലിംസിനുവേണ്ടി പുലിനഖത്താലി എന്നൊരു പടം ചെയ്യാന്‍ പ്ലാനിട്ടു. ശ്രീനിയേട്ടന് കഥ ഇഷ്ടപ്പെട്ടു. സെഞ്ച്വറിയുടെ ഓഫീസ് മദ്രാസിലാണ്, ഞങ്ങള്‍ അങ്ങോട്ടുചെല്ലുന്നു. സിനിമാക്കാര്‍ ധാരാളമായി താമസിക്കുന്ന വുഡ്ലാന്‍റ്സ് ഹോട്ടലിലാണ് ക്യാമ്പ്. സെഞ്ച്വറിയുടെ ആളുകള്‍ വുഡ്ലാന്‍റ്സ് ഹോട്ടലില്‍ വന്നു. പടത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടോയെന്ന് അവര്‍ ചോദിച്ചു.

 

ഗിരീഷിന് അത് പിടിച്ചില്ല. മൂപ്പര് വല്ലാതങ്ങ് ചൂടായി. നിങ്ങളുടെ എല്ലാ സിനിമയിലും ഫുള്‍ സ്ക്രിപ്റ്റ് വെച്ചിട്ടാണോ തുടങ്ങിയത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഈ സിനിമ ചെയ്യണ്ട. ഗിരീഷിന്‍റെ ഡയലോഗ് കേട്ടു ഞാന്‍ കിടുങ്ങിപ്പോയി. വിവരം അറിഞ്ഞു ശ്രീനിയേട്ടനും ഞെട്ടി.

 

സംഭവം എന്താണെന്നുവെച്ചാല്‍ ഗിരീഷിന്‍റെ കയ്യില്‍ പടത്തിന്‍റെ പേരും കഥയുടെ വണ്‍ലൈനും മാത്രമേയുള്ളൂ. സ്ക്രിപ്റ്റായിട്ട് എഴുതിയിട്ടില്ല. കോഴിക്കോട് മെട്രോ ഹോട്ടലില്‍ ശ്രീനിയേട്ടനും ഞാനും ഗിരീഷും കൂടി എത്രയോ ദിവസങ്ങള്‍ ഡിസ്ക്കഷനിരുന്നതാണ്. പാട്ട് എഴുത്തിന്‍റെ തിരക്കുകാരണം ഗിരീഷിന് ഒന്നും ചെയ്യാന്‍ പറ്റിയില്ല. പുലിനഖത്താലി എന്ന സിനിമ മദ്രാസിലെ വുഡ്ലാന്‍റ്സ് ഹോട്ടലില്‍ അവസാനിച്ചു.

 

 

അതിനുശേഷമാണോ യെസ് യുവര്‍ ഓണര്‍ ചെയ്യുന്നത്?

അതെ. ബാലേട്ടനൊക്കെ കഴിഞ്ഞാണ് യെസ് യുവര്‍ ഓണര്‍ വരുന്നത്. അത് ഭയങ്കര രസമാണ്. ഒരു ദിവസം ദാമോദരന്‍ മാഷ് വിളിക്കുന്നു. ഞാന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ദാമോദരന്‍ മാഷ്. മിസ്റ്റര്‍ വിനു… താങ്കള്‍ക്ക് എന്‍റെ കൂടെ സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ? മാഷിന്‍റെ സംസാരരീതി അങ്ങനെയാണ്.
ഞാന്‍ ചോദിച്ചു, അതെന്താ മാഷെ…
ശരി…. അപ്പോള്‍ നമുക്ക് നാളെ അളകാപുരിയില്‍ വെച്ച് കാണാം.

 

പിറ്റേദിവസം ഞാന്‍ അളകാപുരിയില്‍ ചെന്ന് മാഷിനെ കണ്ടു. ചുരുക്കം വാക്കുകളില്‍ വളരെ രസകരമായ ഒരു കഥ മാഷ് പറഞ്ഞു. നമുക്ക് ഇത് ശ്രീനിവാസനെ വെച്ച് ചെയ്യാം. ഞാന്‍ ചാടിവീണു ഓകെ പറഞ്ഞു. ഒന്നാമത്തെ കാര്യം, ഏത് സംവിധായകനും ആഗ്രഹിക്കുന്ന വലിയൊരു എഴുത്തുകാരന്‍റെ തിരക്കഥ. രണ്ടാമത്തെ കാര്യം എനിക്ക് വളരെ അടുപ്പമുള്ള ശ്രീനിയേട്ടന്‍ അഭിനയിക്കുന്നു. മാഷ് തന്നെ ശ്രീനിയേട്ടനെ വിളിച്ച് പറയുന്നു. ശ്രീനിയേട്ടനും താല്‍പ്പര്യമായി. മലയാളത്തിലെ വലിയ ബാനറായ കെ.ടി.സി നിര്‍മ്മിക്കുന്നു. ആ സിനിമയാണ് യെസ് യുവര്‍ ഓണര്‍. സൂപ്പര്‍ഹിറ്റ് വിജയം നേടിയ ചിത്രമാണത്.

 

പിന്നെയും ശ്രീനിവാസനെ നായകനാക്കി സിനിമയെടുത്തു?

യെസ് യുവര്‍ ഓണറിനുശേഷം രണ്ട് പടങ്ങള്‍ ചെയ്തു. അടുത്തത് എന്തായിരിക്കണമെന്നും ആലോചിച്ചിരിക്കുമ്പോഴാണ് മകന്‍റെ അച്ഛന്‍റെ കഥയുമായി സംജദ് നാരായണന്‍റെ വരവ്. കേട്ടപ്പോള്‍ തരക്കേടില്ലെന്നുതോന്നി. അതില്‍ പിടിച്ചു കയറി. ഡിസ്ക്കഷനും സംഗതികളുമായി കുറച്ചുസമയമെടുത്തു. അതും ശ്രീനിയേട്ടന് ചെയ്യാന്‍ പറ്റിയ സംഭവമായിരുന്നു. ആ സിനിമയും ഹിറ്റായി. മകന്‍റെ അച്ഛനില്‍ ശ്രീനിയേട്ടനും വിനീത് ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.

 

അടുപ്പം നില്‍ക്കുമ്പോള്‍തന്നെ ശ്രീനിവാസന്‍ ഉപേക്ഷിച്ച കഥകളുണ്ടോ?

വേണ്ടെന്നുവെച്ച പല കഥകളുമുണ്ട്. അതിനൊക്കെ വ്യക്തമായ കാരണങ്ങളുമുണ്ട്. ചില കഥകള്‍ കേട്ടിട്ട് സംഭവം കൊള്ളാം, വിനു ഇത് ചെയ്യണ്ട.. നന്നാവില്ല. നമുക്ക് വേറെ നോക്കാം. ശ്രീനിയേട്ടന്‍ വേണ്ടെന്നു പറഞ്ഞ കഥ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. പിന്നീട് ചിന്തിച്ചപ്പോള്‍ ശ്രീനിയേട്ടന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്. നല്ലൊരു വ്യക്തിബന്ധമുണ്ട്. കുടുംബബന്ധമുണ്ട് മാനസികപ്പൊരുത്തമുണ്ട്.

 

 

വീണ്ടും ശ്രീനിവാസനുമായി ചേര്‍ന്നു ഒരു സിനിമ വരുന്നു. പുതിയ സിനിമ നല്‍കുന്ന പ്രതീക്ഷ എന്താണ്?

സിനിമയുടെ പേര് കുട്ടിമാമ എന്നാണ്. കഥ കേട്ടു ശ്രീനിയേട്ടന്‍ ഓകെ പറഞ്ഞതിനുശേഷമാണ് മുന്നോട്ടുനീങ്ങിയത്. ഗ്രാമീണനായ ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്‍റെ കഥയാണ്. പട്ടാള തമാശകളും ഗ്രാമീണ ജീവിതത്തിലുണ്ടാകുന്ന തമാശകളും ചേര്‍ന്നു… ഓരോ സീനും ഹ്യൂമറിലൂടെയാണ് കടന്നുപോകുന്നത്. എന്നെ ശ്രീനിയേട്ടന് വിശ്വാസമാണ്. അതുകൊണ്ടുതന്നെ നമ്മുടെ കാര്യത്തില്‍ ഭയങ്കര സപ്പോര്‍ട്ടീവാണ്. ശരിക്കുപറഞ്ഞാല്‍ ഈ സിനിമ വേറൊരു പ്രൊഡ്യൂസര്‍ക്കുവേണ്ടി ചെയ്യാനിരുന്നതാണ്. ഷൂട്ടിംഗ് തുടങ്ങുന്ന സമയമായപ്പോള്‍ പുള്ളിക്കാരന് സാമ്പത്തിക പ്രയാസമുണ്ടായി. തൊട്ടുമുമ്പ് ചെയ്ത സിനിമ വലിയ നഷ്ടമായി. അതുകൊണ്ട് കുറച്ച് കഴിഞ്ഞിട്ട് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ മാറ്റിവെയ്ക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് ഉള്‍പ്പെടെ മറ്റ് ഒരുപാട് പ്രശ്നങ്ങളുണ്ട്. ആ സമയത്ത് ഗോകുലം ഗോപാലേട്ടനെ കണ്ടു, അദ്ദേഹം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു.

 

 

ഗോകുലവും ശ്രീനിവാസനും ചേര്‍ന്നു ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നതായി കുറെ മുമ്പ് കേട്ടിരുന്നു?

കഥ പറയുമ്പോള്‍ എന്ന സിനിമ ഗോകുലം ഗോപാലേട്ടന്‍ ചെയ്യേണ്ട പടമായിരുന്നു. ആ സമയത്ത് ഗോപാലേട്ടന്‍ എന്തോ തിരക്കില്‍പ്പെട്ട് സിനിമയുടെ കാര്യം മറന്നുപോയി. ഗോപാലേട്ടന് താല്‍പ്പര്യമില്ലായിരിക്കുമെന്ന് ശ്രീനിയേട്ടന്‍ വിചാരിച്ചു. കുട്ടിമാമയെക്കുറിച്ച് ഗോപാലേട്ടനോട് പറഞ്ഞപ്പോള്‍തന്നെ അദ്ദേഹം ഏറ്റെടുത്തു. രണ്ടരകൊല്ലമായി നമ്മള്‍ ഈ സബ്ജക്ടിന് പിന്നിലിരുന്നു വര്‍ക്ക് ചെയ്യുകയാണ്. ഗോകുലം ആകുമ്പോള്‍ നമുക്ക് ടെന്‍ഷനില്ല. വലിയ ബാനറാണ്, വലിയ കമ്പനിയാണ്, വലിയ പ്രൊഡ്യൂസറാണ്.

 

വിജയസിനിമകളുടെ സംവിധായകനെന്ന് പറയുമ്പോഴും ഒരു പടം കഴിഞ്ഞു അടുത്തപടത്തിലേക്കെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്നല്ലോ?

പ്രശ്നം കഥയാണ്. നല്ലൊരു കഥ കിട്ടിക്കഴിഞ്ഞാല്‍ അതിന് പിന്നില്‍ എത്രസമയം വേണമെങ്കിലും ഇരിക്കാന്‍ തയ്യാറാണ്. നല്ല എഴുത്തുകാര്‍ കുറഞ്ഞു. വലിയ എഴുത്തുകാരൊക്കെ സംവിധായകരായി. ഏതെങ്കിലുമൊരു പ്രൊഡ്യൂസറെ ചാക്കിട്ട് പിടിച്ചു എങ്ങനെയും ഒരു കഥ തല്ലിക്കൂട്ടി സിനിമ ചെയ്തിട്ട് കാര്യമില്ല. നമ്മുടെ സിനിമ ജനം ശ്രദ്ധിക്കണമെങ്കില്‍ അതിനകത്ത് എന്തെങ്കിലുമൊക്കെ പുതുമ വേണം. അങ്ങനെ അല്ലാതെ സിനിമ ചെയ്തിട്ട് എന്ത് പ്രയോജനം. സിനിമയോടുള്ള താല്‍പ്പര്യം കൊണ്ടുമാത്രം സിനിമ നിര്‍മ്മിക്കാന്‍ വരുന്ന ഒരു നിര്‍മ്മാതാവ് ഇല്ലാതാകും. ആ ഒരു സമീപനത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല.

 

അഞ്ജുഅഷ്റഫ്
ഫോട്ടോ: സലീഷ് പെരിങ്ങോട്ടുകര
Show Less

No comments Yet

SLIDESHOW

LATEST VIDEO