ചിറ്റയുടെ സ്വന്തം കുട്ടന്‍

മലയാളിയാണെങ്കിലും മലയാളനാട്ടിലായിരുന്നില്ല ജനനം. മലയായിലാണ് ജനിച്ചത്. വീട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും സിനിമാക്കാര്‍ക്കിടയിലും കുട്ടനെന്നും കുട്ടേട്ടനെന്നും അറിയപ്പെടുന്ന നടന്‍ വിജയരാഘവനെക്കുറിച്ചായിരുന്നു ഈ വരികള്‍ കുറിച്ചത്. നാടകാചാര്യനായ എന്‍.എന്‍. പിള്ളയുടെ മകന്‍ വിജയരാഘവന്‍. എന്‍.എന്‍. പിള്ള കുറേക്കാലം മലേഷ്യയിലായിരുന്നു.... Read More

മലയാളിയാണെങ്കിലും മലയാളനാട്ടിലായിരുന്നില്ല ജനനം. മലയായിലാണ് ജനിച്ചത്. വീട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും സിനിമാക്കാര്‍ക്കിടയിലും കുട്ടനെന്നും കുട്ടേട്ടനെന്നും അറിയപ്പെടുന്ന നടന്‍ വിജയരാഘവനെക്കുറിച്ചായിരുന്നു ഈ വരികള്‍ കുറിച്ചത്. നാടകാചാര്യനായ എന്‍.എന്‍. പിള്ളയുടെ മകന്‍ വിജയരാഘവന്‍. എന്‍.എന്‍. പിള്ള കുറേക്കാലം മലേഷ്യയിലായിരുന്നു. അവിടെ വച്ചായിരുന്നു വിജയരാഘവന്‍ ജനിച്ചത്. പില്‍ക്കാലത്താണ് കോട്ടയത്ത് ഒളശ്ശയിലെത്തിയത്.

 

 

എന്‍.എന്‍. പിള്ളയുടെ നാടകസമിതിയില്‍ തന്നെ അഭിനയിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ സഹോദരിയുണ്ട്, വിജയരാഘവന്‍റെ ചിറ്റ. തന്‍റെ കുട്ടിക്കാലം മലയായില്‍ ആയിരിക്കുമ്പോള്‍ ചിറ്റയായിരുന്നുവത്രെ കുട്ടാ..യെന്ന് വിളിച്ചുതുടങ്ങിയത്. ആ വിളി പിന്നെ വീട്ടുകാരും സുഹൃത്തുക്കളും പിന്നീട് സിനിമാക്കാരും ഏറ്റെടുക്കുകയായിരുന്നു. ഇതേക്കുറിച്ച് പരാമര്‍ശിക്കവെ വിജയരാഘവന്‍ പറഞ്ഞു: ‘എല്ലാവരും കുട്ടാ… കുട്ടായെന്ന്… വിളിച്ചുവിളിച്ച് ഇടയ്ക്കെപ്പോഴെങ്കിലും വിജയരാഘവനെന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ അത് വേറെ ഒരാളാണോയെന്ന് തോന്നിപ്പോകുമായിരുന്നു. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോഴും അവിടെയും അനൗണ്‍സ് ചെയ്യുന്നത് കേട്ടിരുന്നു. ‘നമ്മുടെ പ്രിയപ്പെട്ട കുട്ടേട്ടന്‍…’ ഇങ്ങനെ ആളുകളെല്ലാം എവിടെയും എന്‍റെ യഥാര്‍ത്ഥ പേര് മറന്നുകൊണ്ട് കുട്ടായെന്നുള്ള വിളിയാണ് തുടരുന്നത്.’- വിജയരാഘവന്‍ പറഞ്ഞു.

 

പക്ഷേ, ആ വിളിയില്‍ ചിറ്റയുടെ സ്നേഹം നിറഞ്ഞിരുന്നതുപോലെതന്നെ എല്ലാവരുടെയും സ്നേഹത്തിന്‍റെയും കയ്യൊപ്പുണ്ടെന്നു പറഞ്ഞപ്പോള്‍ വിജയരാഘവന്‍ അല്ല… കുട്ടേട്ടന്‍ ചിരിച്ചു. ഒളശ്ശയിലെ ഡയനീഷ്യയില്‍ ഇന്ന് എല്ലാവരുമുണ്ട്. ഭാര്യ സുമ, മക്കളായ ജിനദേവനും ദേവദേവനും അവരുടെ ഭാര്യമാരായ രാഖിയും ശ്രുതിയും. പിന്നെ അദ്രിത് നാരായണനും ഋത്വിക് രാഘവും. ജിനദേവന്‍റെയും രാഖിയുടെയും മക്കളാണ് അദ്രിതും ഋത്വിക്കും. അദ്രിത് വളരെ സ്മാര്‍ട്ടായി ഓടിനടക്കുന്നുണ്ട്. ഇടയ്ക്ക് മുറ്റത്തെ ഊഞ്ഞാലില്‍ പോയിരുന്ന് ആടുന്നു, പാടുന്നു. എന്നാല്‍ ഋത്വിക് രാവിലെ മുതല്‍ ലേശം പിണക്കത്തിലാണെന്ന് ജിനദേവന്‍ പറഞ്ഞു.

 

 

ഓണക്കാലമാണ്, എല്ലാവരും ഓണവേഷത്തില്‍ തന്നെയാണ് എത്തിയത്. ഓണവെയില്‍ എവിടെയോ മറഞ്ഞുനിന്നുവെങ്കിലും സാരികളിലെ കസവുനൂലുകളില്‍ തിളക്കം കാണാനായി. മലയാളികള്‍ക്കെല്ലാം ഓണക്കാലത്ത് ഊഞ്ഞാലാട്ടം പതിവുള്ളതാണ്. കാലം എത്രമാറിയാലും ഇന്നും കുട്ടികള്‍ക്കുവേണ്ടി ഊഞ്ഞാലുണ്ടാകും മുറ്റത്ത്. എല്ലാവരും മുറ്റത്തിറങ്ങി. ഊഞ്ഞാലിനടുത്തേയ്ക്ക് വന്നപ്പോള്‍ അദ്രിതിന്‍റെ ഊഞ്ഞാലാട്ടം നിന്നു. പിന്നെ കുട്ടേട്ടനായിരുന്നു ഊഞ്ഞാലിന് നേതൃത്വം നല്‍കിയത്. പേരക്കുട്ടികളെ മടിയിലിരുത്തിക്കൊണ്ട് ഊഞ്ഞാലിനരികില്‍ എല്ലാവരും ചിരിയോടെ നിന്നു. ഓരോ ചിരിയിലും ഓരോ മന്ദസ്മിതത്തിലും ഓരോ നോട്ടത്തിലും ഭാവത്തിലും ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ കാര്‍ത്തിക് ഗോപന്‍റെ ക്യാമറയുടെ കണ്ണുകള്‍ ചിമ്മുന്നുണ്ടായിരുന്നു. തിരുവോണത്തിന്‍റെ ഐശ്വര്യവും നന്മയും പകരുന്ന ചിത്രങ്ങളായി ആ നിമിഷങ്ങള്‍ മാറുകയായിരുന്നു. അച്ഛന്‍റെ സ്വന്തം നാടകട്രൂപ്പായ വിശ്വകേരള കലാസമിതിയുടെ സന്തതി തന്നെയാണ് വിജയരാഘവനും. നാടകക്കളരിയില്‍ നിന്നുമാണ് സിനിമയിലെത്തിയത്. ഇടക്കാലത്ത് കാപാലിക, കണക്കു ചെമ്പകരാമന്‍… പോലുള്ള അച്ഛന്‍റെ നാടകങ്ങള്‍ വിജയരാഘവനും സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയായിരുന്നു ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്.

 

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കമോ തീരുമാനമോ ഉണ്ടോ?

 

അതിന് മറുപടിയായി വിജയരാഘവന്‍ ഇങ്ങനെ പറഞ്ഞു. ഇപ്പോള്‍ ഒരു ജോലിയുണ്ട് അഭിനയം. സിനിമയിലേക്ക് ഒരുപാട് പേര്‍ വിളിക്കുന്നുമുണ്ട്. അഭിനയിക്കാനുള്ള സമയം മാത്രമെ ഇപ്പോഴുള്ളു. ആ സമയം മാറ്റിവച്ചിട്ട് ഒരു സിനിമ സംവിധാനം ചെയ്തുകളയാം എന്ന ഒരു മാനസികാവസ്ഥയിലല്ല ഞാന്‍. ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ കുറഞ്ഞത് അഞ്ചാറ് മാസമെങ്കിലും അതിനുവേണ്ടി വരും. ആ സമയത്ത് നമുക്ക് വേറൊരു ജോലിക്കും പോകാനാവില്ല. ആ ആറുമാസക്കാലത്ത് ഒരഭിനേതാവെന്ന നിലയില്‍ നമ്മളെ കാത്തിരിക്കുന്ന എത്ര പേരുണ്ടാകും? നമ്മളെപ്പോഴും സിനിമയില്‍ ‘ഇന്‍’ ആയിരിക്കണം. ഇത്രയും വര്‍ഷങ്ങളായി അഭിനയരംഗത്ത് നില്‍ക്കുന്ന ഞാന്‍ ആ രംഗത്തുനിന്നും എങ്ങനെ മാറിനില്‍ക്കും? എനിക്ക് അഭിനയിക്കാതെ ജീവിക്കാന്‍ പറ്റില്ല. പണത്തിനുവേണ്ടി മാത്രമല്ല അഭിനയം. മാനസികസുഖവും വേണം.

 

 

അഭിനയം എനിക്ക് ഒരു തൊഴില്‍ മാത്രമല്ല, ജീവിതത്തിന്‍റെ ഭാഗമാണ്. പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കുക എന്നുപറഞ്ഞതുപോലെയുള്ള അവസ്ഥ എനിക്ക് ചിന്തിക്കാന്‍ കൂടിയാവില്ല. പിന്നെ ഇതൊക്കെ നമ്മുടെ മനസ്സിലെ തീരുമാനങ്ങളാണ്. നാളെ, ഏത് രീതിയില്‍, എങ്ങനെയൊക്കെ സംഭവിക്കുമെന്നും അറിയില്ല. ചിലപ്പോള്‍ സിനിമ സംവിധാനം ചെയ്യാം, അതല്ലെങ്കില്‍ സിനിമ നിര്‍മ്മിക്കാം. എന്തായാലും ഇപ്പോഴെനിക്ക് സിനിമയില്ലാതെ ജീവിക്കാനാവില്ല.

 

ജി. കൃഷ്ണന്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO