സമ്പൂര്‍ണ്ണ വര്‍ഷഫലം – 2018

ഗ്രഹപ്പകര്‍ച്ചകള്‍:   കുജന്‍-2018 ജനുവരി 17 ന് പുലര്‍ച്ചെ വൃശ്ചികം രാശിയിലേയ്ക്കും, മാര്‍ച്ച് 7 ന് ധനുരാശിയിലേയ്ക്കും മെയ് 2 ന് മകരം രാശിയിലേയ്ക്കും നവംബര്‍ 6 ന് കുംഭം രാശിയിലേക്കും ഡിസംബര്‍ 23... Read More

ഗ്രഹപ്പകര്‍ച്ചകള്‍:

 

കുജന്‍-2018 ജനുവരി 17 ന് പുലര്‍ച്ചെ വൃശ്ചികം രാശിയിലേയ്ക്കും, മാര്‍ച്ച് 7 ന് ധനുരാശിയിലേയ്ക്കും മെയ് 2 ന് മകരം രാശിയിലേയ്ക്കും നവംബര്‍ 6 ന് കുംഭം രാശിയിലേക്കും ഡിസംബര്‍ 23 ന് മീനം രാശിയിലേയ്ക്കും പകരും

 

ബുധന്‍- 2018 ജനുവരി 6 ന് ധനുരാശിയിലേയ്ക്കും ജനുവരി 28 ന് മകരം രാശിയിലേയ്ക്കും ഫെബ്രുവരി 15 ന് കുംഭം രാശിയിലേയ്ക്കും മാര്‍ച്ച് 23 ന് മീനം രാശിയിലേയ്ക്കും, മേയ് 9 ന് മേടം രാശിയിലേയ്ക്കും മേയ് 27 ന് എടവം രാശിയിലേയ്ക്കും, ജൂണ്‍ 10 ന് മിഥുനം രാശിയിലേയ്ക്കും, ജൂണ്‍ 25 ന് കര്‍ക്കിടകം രാശിയിലേയ്ക്കും, സെപ്റ്റംബര്‍ 2 ന് ചിങ്ങം രാശിയിലേയ്ക്കും സെപ്റ്റംബര്‍ 18 ന് കന്നിരാശിയിലേയ്ക്കും ഒക്ടോബര്‍ 6 ന് തുലാം രാശിയിലേക്കും ഒക്ടോബര്‍ 26 ന് വൃശ്ചികം രാശിയിലേയ്ക്കും പകരും

 

വ്യാഴം- 2018 ഒക്ടോബര്‍ 11 ന് വൃശ്ചികം രാശിയിലേയ്ക്ക് പകരും.

 

ശുക്രന്‍: 2018 ജനുവരി 13 ന് മകരം രാശിയിലേയ്ക്കും, ഫെബ്രുവരി 6 ന് കുംഭം രാശിയിലേയ്ക്കും മാര്‍ച്ച് 2 ന് മീനം രാശിയിലേയ്ക്കും മാര്‍ച്ച് 26 ന് മേടം രാശിയിലേയ്ക്കും, ഏപ്രില്‍ 20 ന് എടവം രാശിയിലേക്കും, മേയ് 14 ന് മിഥുനം രാശിയിലേക്കും, ജൂണ്‍ 9 ന് കര്‍ക്കിടകം രാശിയിലേയ്ക്കും ജൂലൈ 5 ന് ചിങ്ങം രാശിയിലേയ്ക്കും, ആഗസ്റ്റ് 1 ന് കന്നിരാശിയിലേക്കും, സെപ്തംബര്‍ 1 ന് തുലാം രാശിയിലേക്കും പകരും

 

ശനിക്കും രാഹുകേതുക്കള്‍ക്കും ഈ വര്‍ഷം പകര്‍ച്ചയില്ല.

 

ഗുരുശുക്രപരസ്പര ദൃഷ്ടിദോഷം:

 

2018 മാര്‍ച്ച് 26 മുതല്‍ 2018 ഏപ്രില്‍ 20 വരെ

 

ഗ്രഹണങ്ങള്‍:

 

2018 ജനുവരി 31 ന് ബുധനാഴ്ച ആയില്യം നക്ഷത്രത്തിലും 2018 ജൂലൈ 27 ന് വെള്ളിയാഴ്ച ഉത്രാടം തിരുവോണം നക്ഷത്രങ്ങളിലും ചന്ദ്രഗ്രഹണം, 2018 ജനുവരി 31 ലെ ഗ്രഹണം പകലാകയാല്‍ ദൃശ്യമല്ല

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ഗുണദോഷസമ്മിശ്രമായ വര്‍ഷം ആയിരിക്കും. തൊഴിലന്വേഷകര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും മെച്ചപ്പെട്ട സാദ്ധ്യതകളുണ്ട്. വിഷവസ്തുക്കളുടെ ക്രയവിക്രയത്തില്‍ നിന്ന് ധനലാഭം ഉണ്ടാകും. പരോപകാരങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കും. സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം വര്‍ദ്ധിക്കും. ചെലവുകള്‍ വര്‍ദ്ധിച്ചുവരും. ചില ധനനഷ്ടങ്ങള്‍ക്ക് ഇടയുണ്ട്. വാക്കുതര്‍ക്കം കലഹങ്ങളിലേയ്ക്ക് പോകാതെ ശ്രദ്ധിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. വേണ്ടത്ര ആലോചനകളില്ലാതെ ഒരു കാര്യത്തിലും ഏര്‍പ്പെടരുത്. കൊച്ചുകുട്ടികളുടെ ബാലാരിഷ്ടത കഷ്ടപ്പെടുത്തും. ക്രൂരപ്രവൃത്തികള്‍ക്കുള്ള സാഹചര്യം ഉണ്ടാകും. വീട്ടില്‍ സമാധാനം കുറയും. പരസ്ത്രീ/പുരുഷബന്ധങ്ങള്‍ മൂലം അപവാദം കേള്‍ക്കാനിടയുണ്ട്. സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം വര്‍ദ്ധിക്കും, തൊഴില്‍ രംഗത്ത് അപവാദം കേള്‍ക്കാനിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. അതിഥികള്‍ കൂടുതലായി വരും. യാത്രകള്‍ കൂടുതലാകും. മക്കളെക്കൊണ്ട് സന്തോഷത്തിനിടവരും. ചെവി, തൊണ്ട, മൂക്ക് ഇവയ്ക്ക് അസ്വസ്ഥത. പ്രമേഹരോഗമുള്ളവരും കൊളസ്ട്രോള്‍ ഉള്ളവരും ശ്രദ്ധിക്കണം. വിവാഹാദി സത്കര്‍മ്മങ്ങള്‍ക്ക് തടസ്സങ്ങള്‍ വരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. പുതിയ ഗൃഹനിര്‍മ്മാണത്തിലേര്‍പ്പെടരുത്. വ്യവഹാരങ്ങളില്‍ വിജയം വരിക്കും.
ദോഷപരിഹാരമായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ സര്‍പ്പസൂക്തം പുഷ്പാഞ്ജലി, ശിവങ്കല്‍ ഐകമത്യസൂക്തം പുഷ്പാഞ്ജലി, ഭദ്രകാളി ക്ഷേത്രത്തില്‍ നെയ്പായസ നിവേദ്യം ഇവ പക്കപ്പുറന്നാള്‍ തോറും ചെയ്യേണ്ടതാണ്. ശിവ അഷ്ടോത്തരി ജപിക്കുക.

 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ഈ വര്‍ഷം ആദ്യപകുതി ദോഷകരവും ബാക്കി ഗുണകരവുമായിരിക്കും. ബന്ധുജനങ്ങളുടെ സഹായസഹകരണങ്ങള്‍ ലഭിക്കും. ചില സൗഭാഗ്യങ്ങള്‍ക്കിടയുണ്ട്. കലാരംഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകിച്ച് സംഗീതകലകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഗുണകരമായ വര്‍ഷമാണിത്. അച്ഛനും മക്കള്‍ക്കും ഇടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. സ്ത്രീകള്‍ക്ക് ഹിതകരമായ തൊഴിലും പ്രശസ്തിയും ലഭിക്കും. വാസഗൃഹം നഷ്ടപ്പെടാനോ നാശനഷ്ടങ്ങള്‍ക്കോ ഇടയുണ്ട്. സുഖകാര്യങ്ങള്‍ക്ക് ഭംഗം വരും. അഹിതങ്ങളായ ആഹാരങ്ങള്‍ ഉപയോഗിക്കേണ്ടതായി വരും. പല കാര്യങ്ങളിലും ഉള്ള അറിവില്ലായ്മ, മറ്റുള്ളവര്‍ക്ക് മുതലെടുക്കാനവസരം കൊടുക്കും. അവിചാരിതമായ ചില ധനനഷ്ടങ്ങള്‍ മൂലം പ്രയാസപ്പെടും. സന്താനങ്ങളെക്കൊണ്ട് പലവിധ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വീഴ്ചയില്‍ കാലുകള്‍ക്ക് ഒടിവ്, ചതവ് ഇവ വരാനിടയുണ്ട്. സഹോദരബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴും. മസ്തിഷ്ക്ക ബന്ധിയായ രോഗങ്ങള്‍, ഉദരസംബന്ധിയായ രോഗങ്ങള്‍, തൈറോയിഡ് ബന്ധിയായ രോഗങ്ങള്‍, ത്വക്രോഗം ഇവ ഉണ്ടാകാനിടയുണ്ട്. പ്രമേഹത്തിന്‍റെ അനിശ്ചിതാവസ്ഥ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. തൊഴില്‍രംഗം പുഷ്ടിപ്പെടും. മനഃസ്വസ്ഥത ലഭിക്കും. പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കാനവസരം വരും.
ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, എള്ള് പായസനിവേദ്യം, വിഷ്ണുവിങ്കല്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി ഇവ പക്കപ്പുറന്നാള്‍ തോറും നടത്തണം.

 

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
വര്‍ഷത്തിന്‍റെ അവസാനപകുതി ഗുണകരമല്ല. മക്കളെക്കൊണ്ട് സന്തോഷിക്കാനവസരം ഉണ്ടാകും. ദാമ്പത്യകലഹങ്ങള്‍, ക്ലേശങ്ങള്‍ ഇവ മാറും. ഓം നമഃ ശിവായ എന്ന ശിവപഞ്ചാക്ഷരി ദിവസേന101 ഉരു ജപിക്കുക. അലസതയും മടിയും കൂടുതലാകും. വര്‍ത്തമാനത്തില്‍ നല്ല ഭാഷാരീതികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. ദൃശ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. സഹോദരരുടെ സഹായസഹകരണങ്ങള്‍ ലഭിക്കും. ക്ലേശാധിക്യം ഉണ്ടാകുമെങ്കിലും ഉറപ്പിച്ച മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. തൊഴില്‍രംഗത്തെ അസ്വസ്ഥതകള്‍ രമ്യതയോടെ പരിഹരിക്കണം. തൊഴില്‍രംഗത്ത് മനസ്സിനിണങ്ങാത്ത സ്ഥാനചലനങ്ങള്‍ പ്രയോജനപ്രദമാകും. ദീര്‍ഘകാലമായുള്ള ചികിത്സകള്‍ക്ക് ഫലം കണ്ടുതുടങ്ങും. വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. സ്ഥാനമാനങ്ങള്‍, മാന്യത ഇവ ലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്ക് തടസ്സമില്ല. പൊതുപ്രവര്‍ത്തകര്‍ ജാഗ്രതയോടെ വേണം ഓരോ കാര്യങ്ങളിലും ഏര്‍പ്പെടാന്‍. ഈശ്വരാരാധനാക്രമങ്ങള്‍ക്ക് ഭംഗം വരും. ഭക്ഷണം സുഖകരമായിരിക്കില്ല. മരണതുല്യമായ ചില അനുഭവങ്ങള്‍ക്കിടയുണ്ട്. ചഞ്ചല മനസ്സായിരിക്കും. കൈകാലുകള്‍ക്ക് ഒടിവ്, ചതവ്, മുറിവ്, അര്‍ശ്ശോരോഗം, തൈറോയിഡ് ബന്ധിയായ രോഗങ്ങള്‍ ഇവയ്ക്ക് സാദ്ധ്യതകളുണ്ട്.
ദോഷപരിഹാരമായി പക്കപ്പിറന്നാള്‍ തോറും, ഭദ്രകാളിയിങ്കല്‍, ഭാഗ്യസൂക്തം പുഷ്പാഞ്ജലി, ശിവങ്കല്‍ നിവേദ്യസഹിതം ധാര എന്നിവ നടത്തേണ്ടതാണ്. ശ്രീ ഗണേശഅഷ്ടോത്തരി ദിവസവും ജപിക്കുക.

 

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
യാത്രകള്‍ പ്രയോജനകരമായി തീരും. ദാമ്പത്യബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടും. ധനലാഭ ഐശ്വര്യങ്ങള്‍ ഉണ്ടാകും. ഭൂമി വാങ്ങുക, പുതിയ ഗൃഹനിര്‍മ്മാണം, വീടിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിയവയ്ക്ക് ഈ വര്‍ഷം അനുകൂലമാണ്. വീട്ടിലെ അസ്വസ്ഥതകള്‍ കുറയും. കുടുംബജനങ്ങള്‍ക്ക് പൊതുവായ ആവശ്യം ഉള്ളപ്പോള്‍ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. വിവാഹമോചനകേസുകള്‍ക്ക് തീരുമാനമാകും. അമ്മയോടനുബന്ധിച്ചുള്ള സ്വത്തുക്കള്‍ ലഭിക്കാനിടയുണ്ട്. കര്‍മ്മരംഗം മെച്ചപ്പെടും. പ്രമേഹം, പ്രഷര്‍ തുടങ്ങിയവയുടെ അനിശ്ചിതാവസ്ഥയ്ക്ക് ശമനമുണ്ടാകും. ഇഷ്ടകാര്യങ്ങള്‍ സാധിക്കാനിടവരും. സന്താനങ്ങള്‍ക്കോ സന്താനതുല്യര്‍ക്കോ അഭിമാനകരമായ നേട്ടങ്ങളുണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സ്വജനവിരോധം ഉണ്ടാകും. എതിരാളികള്‍ ശക്തിപ്രാപിക്കും. എങ്കിലും പിടിച്ചുനില്‍ക്കാനാകും. തൊഴില്‍രംഗത്ത് അഗ്നികൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ സൂക്ഷിക്കണം. ദീര്‍ഘദൂരയാത്രകള്‍ കഴിയുന്നതും ഒഴിവാക്കണം. കഴുത്തിന് മുകളിലുള്ള അംഗങ്ങള്‍ക്ക് രോഗോപദ്രവങ്ങള്‍ ഉണ്ടാകും. ഉപരിപഠനത്തിനായി ശ്രമിക്കാം. പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കാനും പുണ്യകര്‍മ്മങ്ങള്‍ ചെയ്യാനും അവസരം ഉണ്ടാകും. പണച്ചെലവുകള്‍ നിയന്ത്രണാതീതമായി ഉയരും. ശരീരക്ഷീണം മൂലമുള്ള അലസത കൂടുതലാകും. ഭാര്യ/ഭര്‍ത്താവിന് വീഴ്ച സംഭവിക്കാനും അസ്ഥികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇടയുണ്ട്. സുഹൃത്തുക്കളുമായുള്ള കലഹങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ദോഷപരിഹാരമായി പക്കപ്പുറന്നാള്‍ തോറും സര്‍പ്പാരാധനകേന്ദ്രത്തില്‍ നൂറും പാലും, വിഷ്ണുവിങ്കല്‍ കദളിപ്പഴനിവേദ്യം, ദേവീകവച ജപം ഇവ നടത്തേണ്ടതാണ്. ദേവീമാഹാത്മ്യം ഏകാദശസ്ക്കന്ധം പാരായണം ചെയ്യുക.

 

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
മംഗളകര്‍മ്മങ്ങള്‍ക്ക് വന്നുചേരാവുന്ന തടസ്സങ്ങള്‍ ഉപദ്രവമുണ്ടാക്കില്ല. ത്വക്കിനെസംബന്ധിച്ചുള്ള രോഗാരിഷ്ടതകള്‍ പരിഹരിക്കും. സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ കുറവുണ്ടാകാനിടയില്ല. പുതിയ ഗൃഹനിര്‍മ്മാണം, വീടിന്‍റെ പുതുക്കിപണിയല്‍, പുതിയ ഗൃഹോപകരണങ്ങളും സുഖസാമഗ്രികളും ശയനോപകരണങ്ങളും വാങ്ങാന്‍ സാധിക്കും. മനഃസ്വസ്ഥത കുറയും. വിഷാദങ്ങള്‍ അകലും. മനോരാജ്യം കാണുന്നത് കൂടുതലാകും. ബുദ്ധിപരമായി നല്ലവണ്ണം ആലോചിച്ചശേഷമേ ഏത് കാര്യത്തിലും ഏര്‍പ്പെടാവൂ. സന്താനലബ്ധിക്കുള്ള ചികിത്സ കാര്യക്ഷമമാക്കിയാല്‍ ഫലം ലഭിക്കും. വനത്തില്‍ കൂടിയുള്ളതോ വിജനമായ സ്ഥലത്തുകൂടിയുള്ളതോ ആയ സഞ്ചാരത്തിനിടവരും. നൂതനവിദ്യാഭ്യാസത്തിന്‍റെ ഗുണം ലഭിക്കും. ഉത്സാഹം വര്‍ദ്ധിക്കും. സഹോദരങ്ങളുടെ ക്ലേശാനുഭവങ്ങള്‍ കൂടുതലാകും. ശസ്ത്രക്രിയകള്‍ കഴിയുന്നതും ഒഴിവാക്കണം. അപ്രതീക്ഷിതമായ പല വിജയങ്ങളും ഉണ്ടാകും. ഉപാസനയുടെ ഫലങ്ങള്‍ ലഭിക്കും. ചില അവസരങ്ങളില്‍ പ്രതാപം കാണിച്ച് നടക്കാനാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. വിജാതിയ വിവാഹങ്ങള്‍ക്ക്/ വിവാദങ്ങളായ വിവാഹങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും. കാര്‍ഷികവൃത്തിയിലും കന്നുകാലി വളര്‍ത്തലിലും വിജയം ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ ശാശ്വതമായി നിലനിര്‍ത്താനാകും. ഭക്ഷണസുഖം ലഭിക്കും. അച്ഛനുമായി കലഹിക്കേണ്ടതായി വരും. സാങ്കേതികവിദ്യാഭ്യാസത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍സംബന്ധിയായ അവസരങ്ങള്‍ പ്രതീക്ഷിക്കാം. വാതസംബന്ധമായും ഉദരസംബന്ധിയായും ഉള്ള അസുഖങ്ങള്‍, തളര്‍ച്ച, കൊളസ്ട്രോള്‍, ഗുഹ്യരോഗങ്ങള്‍ ഇവയ്ക്കിടയുണ്ട്. പ്രണയബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടും.
ദോഷപരിഹാരമായി ഭഗവതി ക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി, വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസ നിവേദ്യം, വിഷ്ണുസഹസ്രനാമജപം ഇവ പക്കപ്പുറന്നാള്‍ തോറും നടത്തി ദോഷശാന്തി വരുത്തേണ്ടതാണ്. ദിവസേന ശ്രീസുബ്രഹ്മണ്യഭുജംഗം ജപിക്കുക.

 

 

 

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര, 1, 2 പാദങ്ങള്‍)
കൃഷിനാശം പ്രതീക്ഷിക്കാം. മനസ്വസ്ഥതയും കുടുംബ സ്വസ്ഥതയും നിലനില്‍ക്കും. ബന്ധുജനങ്ങള്‍ക്ക് നല്ല ഗുണഫലം ലഭിക്കും. അവരുടെ സഹായങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും തരണം ചെയ്യാനാകും. സജ്ജനസംസര്‍ഗ്ഗം നിമിത്തം അറിവും ആത്മജ്ഞാനവും ലഭ്യമാകും. വിഷയങ്ങളില്‍ നിന്ന് നിസ്സംഗനായി മാറിനില്‍ക്കാന്‍ ശ്രമിക്കും. അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വരും. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ വഞ്ചനകളില്‍പ്പെടാതെ ശ്രദ്ധിക്കണം. ജീര്‍ണ്ണാവസ്ഥയിലുള്ള വീടുകള്‍ കുറച്ചൊക്കെ പുതുക്കിപ്പണിയും. മനസ്സ് ചഞ്ചലപ്പെട്ടുകൊണ്ടിരിക്കും. പാപകര്‍മ്മങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. കമിതാക്കളുടെ പ്രണയം സഫലമാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാവും. പുനര്‍വിവാഹിതരാകേണ്ടവര്‍ക്കും നല്ല ആലോചനകള്‍ പ്രതീക്ഷിക്കാം. നയപരമായ സമീപനം കൊണ്ടും, നല്ല വാക്കുകള്‍ കൊണ്ടും എതിരാളികളെ വശത്താക്കാന്‍ സാധിക്കും. കന്നുകാലി വളര്‍ത്തലിന് അനുകൂലമായ കാലമാണ്. ജന്തുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാകും. അമ്മയ്ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. പുരോഹിതവൃത്തിയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. വിഷാദരോഗങ്ങള്‍, ഉദരരോഗങ്ങള്‍, ത്വക്രോഗം, ഗുഹ്യരോഗം, അസ്ഥി, മജ്ജ ഇവ സംബന്ധമായ രോഗങ്ങള്‍ ഇവയ്ക്ക് നല്ല ചികിത്സ വേണ്ടിവരും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടായി അവ ശുഭപ്രതീക്ഷയ്ക്കും ജീവിതസുസ്ഥിരതയ്ക്കും വഴിവയ്ക്കും.
ദോഷപരിഹാരമായി ശാസ്താവിന് എള്ള് നിവേദ്യം, ഭുവനേശ്വരിക്ക് പാല്‍പ്പായസം നിവേദ്യം, സര്‍പ്പാരാധനാ കേന്ദ്രത്തില്‍ കദളിപ്പഴ നിവേദ്യം ഇവ പക്കപ്പുറന്നാള്‍ തോറും ചെയ്യണം. ലളിതാഅഷ്ടോത്തരം ദിവസേനജപിക്കുക.

 

തുലാക്കൂറ്: (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
രോഗാരിഷ്ടതകള്‍ക്ക് ശമനം വരും. അകന്നുനില്‍ക്കുന്ന ദമ്പതികള്‍ യോജിപ്പിലെത്തും. ഭാര്യ/ഭര്‍ത്താവിനെക്കൊണ്ട് ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ദാമ്പത്യകലഹങ്ങള്‍ പരിധി വിടാതെ ശ്രദ്ധിക്കണം. ദമ്പതിമാര്‍ വിട്ടുവീഴ്ചയുടേയും യോജിപ്പിന്‍റേയും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. അലസതകൂടുതലാകും. എല്ലാകാര്യങ്ങള്‍ക്കും തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകും. എങ്കിലും മിക്കതും പരിഹരിക്കും.
ഗൃഹനിര്‍മ്മാണത്തിന് ഈ വര്‍ഷം നല്ലതാണെങ്കിലും പൂര്‍ത്തികരിക്കാന്‍ വിഷമിക്കും. നല്ല കീര്‍ത്തിയുണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ സാധിക്കും. വീട്ടില്‍ കലഹവാസനകൂടുതലാകും. പ്രമേഹം, അള്‍സര്‍, തുടങ്ങിയവ ശ്രദ്ധിക്കണം. ഉറക്കത്തിലും ഏകാന്തതയിലും ഗോഷ്ഠികാണിക്കുന്ന സ്വഭാവം ഉണ്ടാകും. അച്ഛന് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ദുശ്ചിന്തകളാല്‍ മനസ്സ് കലുഷിതമാകും. ഉദ്യോഗസ്ഥരായ ഭാര്യയ്ക്ക്/ഭര്‍ത്താവിന് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ആഗ്രഹിക്കുന്ന സ്ഥലം മാറ്റം ബുദ്ധിമുട്ടാകും. ആയൂര്‍ബന്ധിയായ ഭയം വേണ്ട. സ്വയംതൊഴിലുകാര്‍ക്ക് ക്ലേശങ്ങള്‍ കൂടുതലാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാവും. ഒരിക്കല്‍ ഉപേക്ഷിച്ച വിവാഹാലോചനവീണ്ടും വരാനിടയുണ്ട്. കച്ചവടത്തില്‍ ലാഭം പ്രതീക്ഷിക്കാം. തര്‍ക്കവിഷയങ്ങളില്‍ മദ്ധ്യസ്ഥതയ്ക്ക് പോകരുത്. അയല്‍ക്കാരുമായുള്ള നല്ല ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴും. പൂന്തോട്ടനിര്‍മ്മാണത്തില്‍ വിജയിക്കാനാകും. ഭാവികാലത്തിലേക്കായി ദീര്‍ഘകാലപദ്ധതികള്‍ നടപ്പാക്കാനാകും. വളരെക്കാലമായി അകന്ന് നിന്നിരുന്ന ബന്ധുജനങ്ങള്‍ തമ്മില്‍ കാണുന്നതിനിടവരും. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അരിഷ്ടതകള്‍ കൂടുതലാകും.
ദോഷപരിഹാരമായി കുട്ടികള്‍ക്ക് ബാലരക്ഷാകവചം. യന്ത്രധാരണം, പക്കപ്പുറന്നാള്‍തോറും ശിവങ്കലോ ഭഗവതിയിലോ, സംവാദപുഷ്പാഞ്ജലി, നരസിംഹമൂര്‍ത്തിക്ക് പാനകനിവേദ്യം നിത്യം ശിവപഞ്ചാക്ഷരിമന്ത്രജപം ഇവ നടത്തേണ്ടതാണ്.

 

വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
വരുംവരായ്കകള്‍ നല്ലവണ്ണം ആലോചിച്ചശേഷമേ ഏത് കാര്യത്തിലും ഏര്‍പ്പെടാവൂ. സാഹസപ്രവൃത്തികളില്‍ ഏര്‍പ്പെടാതെ സൂക്ഷിക്കണം. സംസാരത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണം. വാക്ദോഷംമൂലം കലഹങ്ങള്‍ക്കിടയുണ്ട്. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ നേരിടേണ്ടിവരും. ധനനഷ്ടങ്ങള്‍ കൂടുതലാകുമെങ്കിലും പരിഹരിക്കും. സുഖാനുഭവങ്ങള്‍ക്ക് ഭംഗംവരും. തടസ്സങ്ങളും ക്ലേശങ്ങളും തരണം ചെയ്യും. എഴുത്തുകളിലും മറ്റും തെറ്റുകുറ്റങ്ങള്‍ വരാതെ സൂക്ഷിക്കണം. സ്വജനവിരോധം പരിഹരിക്കും. ഏതു പ്രതികൂലസാഹചര്യത്തിലും ആത്മവിശ്വാസം വിടാതെയിരിക്കാന്‍ സാധിക്കും. ചില ഐശ്വര്യാനുഭവങ്ങള്‍ക്ക് യോഗം ഉണ്ട്. സാഹിത്യാഭിരുചിയുള്ളവര്‍ക്കും ലളിതകലാപ്രവര്‍ത്തകര്‍ക്കും നല്ല വര്‍ഷമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് അപവാദം കേള്‍ക്കാനും സ്ഥാനചലനങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. മൈഗ്രേന്‍, ത്വക്രോഗം, ക്ഷീണം, ശരീരം മെലിയുക, സോഡിയത്തിന്‍റേയും മറ്റും കുറവുമൂലമുള്ള അസ്വസ്ഥതകള്‍ ഇവയ്ക്ക് വിദഗ്ധചികിത്സ വേണ്ടിവരും. ദാരിദ്ര്യാനുഭവങ്ങള്‍ ഉണ്ടാകും. മൂന്നാംനിരയിലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനത്തേയ്ക്ക് ഉയരാനുള്ള സാദ്ധ്യതകളുണ്ട്. പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. ഇഴജന്തുക്കളില്‍നിന്ന് ഉപദ്രവം ഉണ്ടാകാനിടയുണ്ട്. വസ്ത്രധാരണത്തില്‍ മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ കേള്‍ക്കാനിടവരും.
ദോഷപരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ആപദുദ്ധരണമന്ത്രപുഷ്പാഞ്ജലി, ഗണപതിഹോമം, ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പാല്‍പ്പായസനിവേദ്യം ഇവ പക്കനാളുകള്‍ തോറും ചെയ്യേണ്ടതാണ്. ഭാഗവതത്തിലെ പ്രഹ്ലാദസ്തുതി ദിവസേനജപിക്കുക.

 

ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ദയാതാല്‍പ്പര്യങ്ങള്‍ കുറവാകും. പെട്ടെന്നുള്ള ആവേശത്തില്‍ ഏര്‍പ്പെടുന്ന കാര്യം വിജയിപ്പിക്കാനാവും. ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്കും ഈ വര്‍ഷം നല്ലതാണ്. യാത്രകള്‍ വേണ്ടിവരും. ഈശ്വരവിശ്വാസം വര്‍ദ്ധിക്കും. ഭക്ഷണസുഖം ലഭിക്കും. എല്ലാ കാര്യങ്ങളിലും ഉറച്ച അഭിപ്രായമുണ്ടാകുമെങ്കിലും മനസ്സ് ചഞ്ചലമായിരിക്കും. ചിലകാര്യങ്ങളില്‍ കൂര്‍മ്മബുദ്ധിയുപയോഗിച്ച് ചിന്തിക്കേണ്ടതായിവരും. വര്‍ഷത്തിന്‍റെ രണ്ടാംപകുതി ക്ലേശകരമായിരിക്കും. ധനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. സൗഹൃദങ്ങള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. കലാപ്രകടനങ്ങള്‍ ആസ്വദിക്കാനവസരംവരും. അലങ്കാരവസ്തുക്കള്‍ വാങ്ങാനിടവരും. ചില അവസരങ്ങളില്‍ ക്രൂരചിന്തകള്‍ക്ക് വശംവദനാകും. അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. അതിഥികള്‍ കൂടുതലായെത്തും. സ്വദേശം വിട്ട് നില്‍ക്കാനുള്ള യോഗം ഉണ്ട്. തൊഴില്‍ രംഗം കുഴപ്പമില്ലാതെപോകും. സൗഹൃദസന്ദര്‍ശനങ്ങള്‍ കൂടുതലാകും. വിനോദസഞ്ചാരവും കൂടുതലാകും. ആരോഗ്യരംഗം പൊതുവെ തൃപ്തികരമായിരിക്കുമെങ്കിലും ത്വക്രോഗം വല്ലാതെ ബുദ്ധിമുട്ടിക്കും. നിദ്രാഭംഗം, ദുഃസ്വപ്നം കാണുക ഇവയുണ്ടാകും. ആര്‍ക്കും വഴങ്ങാത്ത മനസ്സായിരിക്കും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. ഗുരു ഉപദേശപ്രകാരമുള്ള ഉപാസനകള്‍, പ്രാണായാമം തുടങ്ങിയവ ആരംഭിക്കുവാന്‍ ഈ വര്‍ഷം നല്ലതാണ്.
ദോഷപരിഹാരമായി ശാസ്താവിന് പാനകനിവേദ്യം, വിഷ്ണുവിങ്കല്‍ സുദര്‍ശനമന്ത്രപുഷ്പാഞ്ജലി, സര്‍പ്പാരാധനാകേന്ദ്രങ്ങളില്‍ നൂറുംപാലും ഇവ പക്കനാളുകള്‍തോറും കഴിക്കേണ്ടതാണ്.

 

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
വീഴ്ചകള്‍ വാഹനാപകടം തുടങ്ങിയവയ്ക്ക് സാധ്യതയുള്ള വര്‍ഷമാണിത്. യാത്രകള്‍ വേണ്ടിവരും. ആത്മശാന്തിക്കായുള്ള സല്‍കര്‍മ്മങ്ങളനുഷ്ഠിക്കും. പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കാനവസരം ഉണ്ടാകും. വരവ് ചെലവുകള്‍ ഏകദേശം ഒരുപോലെയായിരിക്കും. സഹോദരങ്ങളില്‍നിന്നുള്ള ക്ലേശങ്ങള്‍ കൂടുതലാകും. അവിചാരിതമായ ധനനഷ്ടം മനഃക്ലേശത്തെയുണ്ടാക്കും. അഭിമാനം രക്ഷിക്കാനായി വിട്ടുവീഴ്ചകള്‍ വേണ്ടിവരും. ഭാര്യ/ഭര്‍ത്താവിനെക്കൊണ്ട് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. മക്കളില്‍നിന്ന് അകന്ന് നില്‍ക്കേണ്ടതായിവരും. ധനാഗമങ്ങള്‍ ഉണ്ടാകും. ഉറപ്പിച്ച വിവാഹങ്ങള്‍ നടത്താന്‍ കഴിയും. ദാമ്പത്യസൗഖ്യം ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷത്തിനിടയുണ്ട്. നടുവുവേദന, സന്ധികളില്‍ വേദന, കിഡ്നി, പ്രോസ്ട്രേറ്റ് സംബന്ധിച്ചുള്ള അസുഖങ്ങള്‍, ചെവി, കണ്ണ് ഇവയ്ക്കുള്ള അസുഖങ്ങള്‍ ഇവ ശ്രദ്ധിക്കണം. പുരോഗമനചിന്തകളുണ്ടാകുമെങ്കിലും നടപ്പാക്കാന്‍ സാധിക്കുകയില്ല. തൊഴില്‍രംഗത്തും ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. വസ്ത്രനിര്‍മ്മാണം, ജലവിഭവങ്ങളുടെ വില്‍പ്പനഇവ വിജയകരമായിരിക്കും. വിവാഹമോചനക്കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണം. മുന്‍കോപംനിയന്ത്രിക്കണം. ഭൂമിബന്ധിയായ തര്‍ക്കങ്ങളിലിടപെടരുത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വര്‍ഷമായിരിക്കും. ജന്തുക്കളില്‍നിന്ന് ഉപദ്രവമേല്‍ക്കാനുള്ള സാദ്ധ്യതകളുണ്ട്. ഉപാസനകള്‍ക്കും ഭംഗം വരും.
ദോഷപരിഹാരമായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗമന്ത്രം പുഷ്പാഞ്ജലി, പാല്‍പ്പായസനിവേദ്യം, ശിവങ്കല്‍ ധാര ഇവ പക്കനാളുകള്‍തോറും നടത്തേണ്ടതാണ്. ഭാഗവതത്തിലെ ഗജേന്ദ്രമോക്ഷം ഭാഗം ദിവസവും വായിക്കുക.

 

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍ ചതയം പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. മക്കളെക്കൊണ്ടോ മക്കള്‍ക്ക് തുല്യരായവരെക്കൊണ്ടോ അഭിമാനിക്കാവുന്ന നേട്ടം ഉണ്ടാകും. മനസ്സന്തോഷം വര്‍ദ്ധിക്കും. ഉപാസനയുടെ ഫലങ്ങള്‍ അനുഭവത്തില്‍വരും. മാതാവിന്‍റെ സന്തോഷവും വാത്സല്യവും അനുഭവിക്കാനിടവരും. സഹോദരങ്ങളുടെ സഹായം ലഭിക്കും. കൃഷി കാര്യങ്ങള്‍ മെച്ചപ്പെടും. തൊഴില്‍ മെച്ചപ്പെടും, കഫകോപം, ത്വക്രോഗം, ഛര്‍ദ്ദി, വലിവ്, അപസ്മാര സംബന്ധിയായ അസുഖങ്ങള്‍ ഇവ ശ്രദ്ധിക്കണം. ദാമ്പത്യ സുഖം സമ്മിശ്രമായിരിക്കും. പൊതുരംഗത്തുള്ളവര്‍ക്കും വ്യാപാരരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് സമ്മിശ്രഫലം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മടികൂടുതലാകും. ദാമ്പത്യകലഹങ്ങള്‍ പരിഹരിക്കപ്പെടും. പ്രണയവിവാഹങ്ങള്‍ക്ക് വീട്ടുകാരുടെ അംഗീകാരം ലഭിക്കും. പുതിയ ഗൃഹനിര്‍മ്മാണത്തിന് അനുകൂലസമയമാണ്. ഭൂമിയുടെ ക്രയവിക്രയം വിഷമമായിരിക്കും. പുതിയ ഗൃഹനിര്‍മ്മാണത്തിന് അനുകൂലസമയമാണ്. എങ്കിലും വിജയിക്കും. ജലമാര്‍ഗ്ഗമുള്ള യാത്രകള്‍ ഒഴിവാക്കണം. ഭക്ഷ്യവിഷബാധമൂലമുള്ള അസുഖങ്ങള്‍ക്കിടയുണ്ട്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപവാദം കേള്‍ക്കാനിടയുണ്ട്. പുതിയ വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, അലങ്കാരവസ്തുക്കള്‍ ഇവ ലഭിക്കാന്‍ യോഗം ഉണ്ട്.
ദോഷപരിഹാരമായി ഭഗവതീക്ഷേത്രത്തില്‍ അശ്വാരൂഢ മന്ത്രപുഷ്പാഞ്ജലി, കടുംപായസനിവേദ്യം ശിവങ്കല്‍ പിന്‍വിളക്ക്, കൂവളമാല ചാര്‍ത്തല്‍ ഇവ പക്കനാളുകള്‍തോറും കഴിക്കേണ്ടതാണ്.

 

മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
യാത്രകള്‍ സുഖകരമായിരിക്കും. ചികിത്സകള്‍ക്ക് ഫലം ലഭിക്കും. ദാമ്പത്യകലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. തര്‍ക്കവിഷയങ്ങളില്‍ വിജയം ലഭിക്കും. സല്‍കീര്‍ത്തിയുണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് ഭംഗംവരും. ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. കര്‍മ്മമണ്ഡലത്തില്‍ ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. സ്വയം തൊഴിലുകാര്‍ക്ക് പ്രതിസന്ധി പരിഹരിക്കും. സന്താനങ്ങളെക്കൊണ്ട് മനഃക്ലേശം ഉണ്ടാകും. എപ്പോഴും മനസ്സ് അസ്വസ്ഥമായിരിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും. ശിരോരോഗങ്ങള്‍ പിടിപെടാം. കഠിനമായ പനി ഉണ്ടാകാനിടയുണ്ട്. നടക്കാതിരുന്ന പല കാര്യങ്ങളും സാധ്യമാകാനിടയുണ്ട്. അപവാദങ്ങള്‍ പരിഹരിക്കും. വ്രണങ്ങള്‍ ഉണങ്ങാന്‍ കാലതാമസം വരും. സുകുമാരകലകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച ജോലി ലഭിക്കാം. മണ്‍മറഞ്ഞ ബന്ധുജനങ്ങളെക്കുറിച്ച് കൂടെക്കൂടെ ഓര്‍മ്മിക്കാനവസരം സാധ്യത കാണന്നു. പൊതുസ്ഥലങ്ങളില്‍വച്ച് അപമാനിതനാവാന്‍ ഇടയുണ്ട്. പൊതുപ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കമ്മിറ്റികളില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാന്‍ ശ്രമിക്കണം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് കഠിനപ്രയത്നം ചെയ്യുക.
ദോഷപരിഹാരമായി വിഷ്ണുവിങ്കല്‍ രാജഗോപാലമന്ത്രംകൊണ്ട് പുഷ്പാഞ്ജലി, ശാസ്താവിന് നീരാജനം, സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറുംപാലും ഇവ പക്കനാളുകള്‍തോറും കഴിക്കണം. രാമായണത്തിലെ ലക്ഷ്മണോപദേശം നിത്യം പാരായണം ചെയ്യുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO