കടുംവേനലില്‍ കുളിര്‍മഴയായി ഓര്‍മ്മിക്കാന്‍: വൈശാലി

ഭരതന്‍ എന്ന സംവിധായകപ്രതിഭയുടെ മാറ്റുരയ്ക്കാന്‍ ഒട്ടേറെ സിനിമകളുണ്ട് മലയാളത്തിന്. മലയാളി പ്രേക്ഷകരെ സിനിമയുടെ ക്ലാസിക് തലത്തിലേയക്കെത്തിച്ച സംവിധായകനാണെന്ന് നിസ്സംശയം പറയാം. നാന ഗ്യാലറിയിലെ അനേകലക്ഷം ചിത്രങ്ങളില്‍ നിന്നും മനസ്സില്‍ മായാതെ നില്ക്കുന്ന അപൂര്‍വ്വ ശേഖരങ്ങളിലൂടെ... Read More

ഭരതന്‍ എന്ന സംവിധായകപ്രതിഭയുടെ മാറ്റുരയ്ക്കാന്‍ ഒട്ടേറെ സിനിമകളുണ്ട് മലയാളത്തിന്. മലയാളി പ്രേക്ഷകരെ സിനിമയുടെ ക്ലാസിക് തലത്തിലേയക്കെത്തിച്ച സംവിധായകനാണെന്ന് നിസ്സംശയം പറയാം. നാന ഗ്യാലറിയിലെ അനേകലക്ഷം ചിത്രങ്ങളില്‍ നിന്നും മനസ്സില്‍ മായാതെ നില്ക്കുന്ന അപൂര്‍വ്വ ശേഖരങ്ങളിലൂടെ ഒന്നു കൂടി കണ്ണോടിച്ചപ്പോള്‍ പ്രിയസംവിധായകപ്രതിഭയുടെ ചിത്രംതന്നെ കണ്ണിലുടക്കി. ഭരതന്‍റെ ഓരോ സിനിമയും പഠനവിഷയമാക്കേണ്ടതാണ്. അത്രത്തോളം വിഭിന്നവും സിനിമയെന്ന മാധ്യമം ശക്തവുമാണെന്ന തിരിച്ചറിവ് നമുക്ക് നല്കുന്നതില്‍ അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു.

ഭരതന്‍റെ ഒട്ടുമിക്ക സിനിമകളും അക്കാലത്ത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സെക്സിന്‍റെയും വയലന്‍സിന്‍റെയും അതിപ്രസരമാണ് ഭരതന്‍സിനിമകളെന്നായിരുന്നു മുഖ്യ ആക്ഷേപം. എന്നാല്‍ ഈ പറയുന്ന ചലച്ചിത്രങ്ങളൊക്കെ യാഥാര്‍ത്ഥ്യമുളവാക്കുന്ന തരത്തിലാണ് ഭരതന്‍ ചിത്രീകരിച്ചിരുന്നത്.

നല്ലൊരു ചിത്രരചയിതാവുകൂടിയായിരുന്നു ഭരതന്‍. അതുകൊണ്ടുതന്നെ തന്‍റെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിനുമുമ്പുതന്നെ ഓരോ ഫ്രെയിമും വരച്ച് കൃത്യത വരുത്തിയിരുന്നു. ഭരതന്‍റെ സിനിമകള്‍ എല്ലാം തന്നെ അസാമാന്യമായ വിഷ്വലൈസിംഗ് കൊണ്ട് സമ്പന്നമായിരുന്നു. അതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് വൈശാലി എന്ന സിനിമ. സിനിമയിലെ നായിക സുപര്‍ണ്ണാ ആനന്ദും നായകന്‍ സഞ്ജയ് മിത്രയുമായിരുന്നു. മലയാളികള്‍ക്ക് ചിരപരിചിതരല്ലാത്ത രണ്ടുപേരെ ഉള്‍പ്പെടുത്തി വൈശാലി എന്ന സിനിമ ഒരുക്കാന്‍ ഭരതന്‍ കാണിച്ച ധൈര്യം ഏറെ പ്രശംസനീയമായിരുന്നു.

ബ്രഹ്മണശാപത്താല്‍ 12 കൊല്ലക്കാലമായി മഴ ലഭിക്കാതിരുന്ന അംഗരാജ്യത്ത് മഴ പെയ്യിക്കാനായി രാജഗുരുവിന്‍റെ കല്‍പ്പനപ്രകാരം യാഗം നടത്താന്‍ തീരുമാനിക്കുകയും അതിനായി മഹര്‍ഷിപുത്രനായ ഋഷ്യശൃംഗനെ അംഗരാജ്യത്ത് കൊണ്ടുവരാനായി ദേവദാസി പെണ്‍കുട്ടിയായ വൈശാലിയെ നിയമിക്കുകയും ചെയ്യുന്നു. അംഗരാജ്യത്തെത്തിയ ഋഷ്യശൃംഗന്‍റെയും വൈശാലിയുടെയും പ്രണയത്തോടൊപ്പം നാടകീയമായ ഒട്ടേറെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. അതിശക്തമായി പെയ്യുന്ന മഴയോടുകൂടി ചിത്രം അവസാനിക്കുമ്പോള്‍ മനസ്സില്‍ നെരിപ്പോടുമായി മാത്രമേ നമുക്ക് തീയേറ്റര്‍ വിടാന്‍ കഴിയുകയുള്ളൂ.

പുതുമുഖതാരങ്ങളായ സുപര്‍ണ്ണാ ആനന്ദ്, സഞ്ജയ് മിത്ര എന്നിവര്‍ക്കൊപ്പം ബാബു ആന്‍റണി, നെടുമുടിവേണു, അശോകന്‍, ഗീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി.

1988 ആഗസ്റ്റ് 25ന് റീലിസ് ചെയ്ത സിനിമ നിര്‍മ്മിച്ചത് അറ്റ്ലസ് രാമചന്ദ്രനായിരുന്നു. തിരക്കഥയും സംഭാഷണവും രചിച്ചതാകട്ടെ പ്രതിഭാധനനായ എം.ടി. വാസുദേവന്‍നായരും. മധു അമ്പാട്ടിന്‍റെ മനോഹരമായ ഛായാഗ്രഹണം നമ്മെ അംഗരാജ്യത്തിലെത്തിക്കുകതന്നെ ചെയ്യും. ബോംബെ രവിയുടെ സംഗീതം ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റായിരുന്നു.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO