ഉപ്പും മുളകും മീനും

ഹനാന്‍ ഇതിനകം ആളുകളുടെ സ്നേഹവും സിമ്പതിയും പിടിച്ചുപറ്റിയ പെണ്‍കുട്ടിയാണ്.   സ്ക്കൂള്‍ പഠനത്തിനിടയില്‍ ജീവിക്കാന്‍വേണ്ടി മത്സ്യവില്‍പ്പന നടത്തുന്നുവെന്നതിന് പബ്ലിസിറ്റി കിട്ടാനായി ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുകയോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരോട് വിവരം പറയുകയോ ചെയ്തിട്ടില്ല.... Read More

ഹനാന്‍ ഇതിനകം ആളുകളുടെ സ്നേഹവും സിമ്പതിയും പിടിച്ചുപറ്റിയ പെണ്‍കുട്ടിയാണ്.

 

സ്ക്കൂള്‍ പഠനത്തിനിടയില്‍ ജീവിക്കാന്‍വേണ്ടി മത്സ്യവില്‍പ്പന നടത്തുന്നുവെന്നതിന് പബ്ലിസിറ്റി കിട്ടാനായി ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുകയോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരോട് വിവരം പറയുകയോ ചെയ്തിട്ടില്ല. എല്ലാം ഹനാനെ തേടിവരികയായിരുന്നു.

 

ഒരു ദിനപ്പത്രത്തിന്‍റെ പ്രതിനിധിയുടെ കണ്‍മുന്നില്‍ ഹനാന്‍ പെട്ടതാണ് ഈ പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയാന്‍ കാരണമായത്. പത്രവാര്‍ത്തയിലൂടെ ഹനാന്‍റെ ജീവിതകഥ പുറംലോകം അറിഞ്ഞതോടെ നാനാദിക്കുകളില്‍ നിന്നും ഈ കുട്ടിക്ക് സഹായവാഗ്ദാനങ്ങളുമായി ആളുകളെത്തി.

 

ഹനാനെ വാനോളം ഉയര്‍ത്തിയ അതേ ദൈവംതന്നെയായിരുന്നോ ഈ കുട്ടിയെ കാറപകടത്തിലേക്കെത്തിച്ചതും.

 

 

എന്തായാലും ആ കാറപകടം വരുത്തിവച്ച വിന ആ കുഞ്ഞുമനസ്സിനെ, ആ കുഞ്ഞു ശരീരത്തിനെ ചെറുതായിട്ടൊന്നുമല്ല, വേദനിപ്പിച്ചത്. പക്ഷേ അപ്പോഴും ദൈവത്തിന്‍റെ ഒരു കരുതല്‍ ഹനാനിലുണ്ടായിരുന്നു. അതുകൊണ്ടായിരിക്കുമല്ലോ, ജീവന്‍ തിരിച്ചുകിട്ടിയതും വിധിയെ തോല്‍പ്പിച്ചുകൊണ്ട് വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നതും

 

ഹനാന്‍ അപകടനില കുറെയൊക്കെ തരണം ചെയ്തുകഴിഞ്ഞു. വീല്‍ചെയര്‍ ഉപയോഗിക്കാതെ സ്വയം നില്‍ക്കാനും നടക്കാനും തുടങ്ങിയതോടെ പഴയ പണിയിലേക്കുതന്നെ ഹനാന്‍ തിരിച്ചുപോയി. കേരളത്തില്‍ മലയാളികള്‍ അധികമാരും ഉണരാതിരിക്കുന്ന ഒരു നേരത്ത് ഹനാന്‍ ഉണരും. വെളുപ്പിന് മൂന്നുമണിക്കും നാലുമണിക്കും . ഏയ്സ് എന്ന മിനിലോറിയില്‍ ഡ്രൈവര്‍ ചേട്ടനുമൊത്ത് നേരെ മുനമ്പത്തേക്കുപോകും. നല്ല ഫ്രഷ് മീന്‍ വലയില്‍ നിന്നു തന്നെ കച്ചവടമാക്കി തിരിച്ചുപോരും. നെയ്മീന്‍, ചൂര, കൊഞ്ച് തുടങ്ങി നിലവാരമുള്ള മീനുകളാണ് വില്‍പ്പനയ്ക്കെടുക്കുന്നത്. സമ്പന്നരുടെ വീട്ടിലെ തീന്‍മേശകളിലേയ്ക്ക് എത്തുന്ന ഇത്തരം മീനുകള്‍ വാങ്ങിയാലെ ഏറെ ലാഭം കിട്ടു. മീനുമായി തിരികെ വരുന്നത് അഞ്ചര ആറുമണിയോടെയായിരിക്കും. ആദ്യം കലൂര്‍ രാജ്യാന്തരസ്റ്റേഡിയത്തിലെത്തും.

 

ആ സമയത്ത് അവിടെ ധാരാളം പ്രഭാതസവാരിക്കാരുണ്ട്. അവരില്‍ മിക്കവരും ഹനാനെ തിരിച്ചറിഞ്ഞുകൊണ്ടും മീന്‍ ആവശ്യമുള്ളതുകൊണ്ടും മീന്‍ വാങ്ങും. നടപ്പുകാരുടെ തിരക്ക് കഴിയുന്നതോടെ ഹനാന്‍ മീനുമായി തമ്മനത്തേക്കുപോകും. ആ പഴയ സ്ഥലത്തുനിന്നുകൊണ്ടു ഹനാന്‍ മീന്‍ വില്‍പ്പനതുടരും. വില്‍പ്പന കഴിയുന്നതോടെ നെട്ടൂരിലെ ഫ്ളാറ്റിലേക്ക് തിരിച്ചുപോകും. ഇതാണ് ഇപ്പോഴത്തെ പതിവെന്ന് ഹനാന്‍ പറഞ്ഞു. ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമെ മീന്‍ മിച്ചം വരാറുള്ളു. അങ്ങനെ മിച്ചം വന്നാല്‍ സൂക്ഷിക്കാന്‍ മിനിലോറിയില്‍ തന്നെ ഫ്രീസര്‍ ഉണ്ടത്രെ.

 

‘ഉപ്പുംമുളകും’ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലെ നിഷാസാരംഗിനെയും പഠനത്തിനിടയിലും മീന്‍ വിറ്റ് കുടുംബം പുലര്‍ത്തിവന്ന ഹനാനെയും ഒരുമിപ്പിക്കുവാന്‍ തീരുമാനിക്കുമ്പോള്‍ അവരുടെ ഈ ഒത്തുചേരലിന് ഒരു ടൈറ്റില്‍ മനസ്സിലേക്കുവന്നിരുന്നു.

 

‘ഉപ്പും മുളകും മീനും’ ഇതിനോളം ചേര്‍ന്ന മറ്റൊരു ടൈറ്റില്‍ വേറെയില്ലെന്നാണ് ആദ്യം കരുതിയതെങ്കിലും ഹനാന്‍ നിഷയുമായി കലപിലാന്ന് സംസാരിച്ചുകൂട്ടിയപ്പോള്‍ നിഷ ചോദിക്കുന്നതുകേട്ടു.

 

കാന്താരിയാണല്ലെ?

 

ആ ചോദ്യം കേട്ട് ഹനാന്‍ അമുക്കിച്ചിരിക്കുന്നു. ഞാനത്ര വലിയ കാന്താരിയല്ലെന്നുള്ള ഭാവം മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.

 

 

ഉപ്പും മുളകും മീനും എന്ന രീതിയിലാണ് ഇവരെ രണ്ടുപേരെയും ‘മഹിളാരത്നം’ ഒരുമിപ്പിച്ചതെങ്കിലും ഇവരുടെ ഒത്തുചേരലിന് അഞ്ചുവര്‍ഷം മുന്‍പത്തെ പഴക്കമുണ്ട്. ആ ഭൂതകാലകഥ നിഷ അറിയുന്നത് ഇപ്പോള്‍ മാത്രമാണ്. ഹനാന്‍തന്നെയാണ് നിഷയെ അത് ഓര്‍മ്മിപ്പിച്ചതും.

 

ഹനാന്‍ അന്ന് പത്താംക്ലാസ്സില്‍ പഠിക്കുകയായിരുന്നു. അഭിനയത്തിനോട് താല്‍പ്പര്യം ഉണ്ടായിരുന്നതുകൊണ്ട് അന്നൊരു നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ നാടകത്തിലഭിനയിച്ചു. ആ നാടകത്തില്‍ ഒരു പ്രധാനവേഷം ചെയ്തത് നിഷയായിരുന്നു. നാടകം കഴിഞ്ഞു എറണാകുളത്തേക്ക് കാറില്‍ പോയത് നിഷച്ചേച്ചിയും ഒരുമിച്ചായിരുന്നുവെന്ന് ഹനാന്‍ പറയുകയുണ്ടായി.

 

ജീവിക്കാന്‍ പണം വേണം. പണം കിട്ടണമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്യണം എന്നത് ശരിയായ ഒരു കാര്യമാണ്. ഹനാന്‍ ഈ പ്രായത്തില്‍ ജീവിക്കാന്‍വേണ്ടി മീന്‍ വില്‍പ്പനരംഗത്തേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്? അതിനുകിട്ടിയ പ്രചോദനം എന്തായിരുന്നുവെന്ന് പറയാമോ?

 

ഞാന്‍ മീന്‍കച്ചവടം മാത്രമല്ല, ഇതിനോടകം പലതും ചെയ്തിട്ടുണ്ട്. ഏഴാംക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ സൈഡ് ബിസിനസ്സിലേക്ക് ഞാന്‍ എത്തിത്തുടങ്ങിയിരുന്നു. മുത്തുകള്‍ വാങ്ങി കോര്‍ത്തെടുത്ത് മാലയുണ്ടാക്കുമായിരുന്നു. അത് പലര്‍ക്കും ഞാന്‍ വിറ്റിട്ടുണ്ട്. പിന്നെ ചെറിയ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുമായിരുന്നു. ട്യൂഷനെടുക്കാന്‍ പോകുന്ന വീടുകളിലെ അമ്മമാര്‍ക്ക് മാല വില്‍ക്കുമായിരുന്നു. പിന്നെ, നാടകങ്ങളില്‍ അഭിനയിക്കാനും ഡബ്ബ് ചെയ്യാനും പോയിട്ടുണ്ട്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിട്ടുണ്ട്. ഇങ്ങനെ പലതും ചെയ്തതിനുശേഷമാണ് മീന്‍ കച്ചവടത്തിലേക്ക് വന്നത്. ഈ ഐഡിയാ എന്‍റെയൊരു സുഹൃത്തിന്‍റേതായിരുന്നു.

 

കുറച്ചുനാള്‍ ഇവന്‍റ് മാനേജ്മെന്‍റുണ്ടായിരുന്നു. ഫ്ളവര്‍ ഗേളായി പോയിട്ടുണ്ട്, ക്ലീനിംഗിന് വരെ പോയിരുന്നു. അങ്ങനെയെല്ലാം പല ജോലികള്‍ക്കുംപോയി ഞാന്‍ അറുപതിനായിരം രൂപ സമ്പാദിച്ചിട്ടുണ്ട്. ഇനി പല ജോലികള്‍ക്കുപോകാതെ ഏതെങ്കിലും ഒന്നില്‍ ശ്രദ്ധവയ്ക്കണമെന്നും ഈ അറുപതിനായിരം രൂപകൊണ്ട് പുതിയ എന്തെങ്കിലുമൊരു ജോലിയിലേക്ക് കടക്കണമെന്നും ആലോചിച്ചിരിക്കുമ്പോഴാണ് മീന്‍ കച്ചവടം ചെവിയില്‍ വന്നുവീഴുന്നത്. ഓരോന്നിനും അതിന്‍റേതായ മാന്യതയുമുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ആ വഴിക്കുതിരിഞ്ഞു.

 

അതിന്‍റെ സാഹചര്യങ്ങള്‍ എങ്ങനെയാണുണ്ടായത്?

 

ഞാന്‍ ശിവരാത്രി ദിവസമാണ് ജനിച്ചത്. ഒരുവര്‍ഷം ശിവരാത്രിക്ക് കപ്പയും പരിപ്പുവടയുമൊക്കെ ഉണ്ടാക്കി വില്‍ക്കാന്‍ പോയിരുന്നു.അന്ന് പുതിയതായി ചില ചേട്ടന്മാരെ പരിചയപ്പെട്ടു. കുലുക്കിസര്‍ബത്ത് ഉണ്ടാക്കുന്ന ഒരു ചേട്ടനാണ് പറഞ്ഞത്, മീന്‍ ബിസിനസ്സില്‍ നല്ല ലാഭം കിട്ടുമെന്ന്. അവര്‍ക്കത് പരിചയമുണ്ട്.

 

 

പഠിപ്പിച്ചുതരാമെന്നും പറഞ്ഞു. അങ്ങനെ അവരുമായി ചേര്‍ന്ന് മീന്‍ കച്ചവടം തുടങ്ങുകയും പഠിക്കുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരാള്‍ എന്നോടിത്തിരി മോശമായി പെരുമാറാന്‍ തുടങ്ങി. ആ നിമിഷത്തില്‍തന്നെ മീന്‍ വെട്ടുന്ന കത്തി നീട്ടി കാണിച്ചിട്ടുപറഞ്ഞു. ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുതെന്ന്. അതോടെ അവന്‍ പത്തിതാഴ്ത്തി. പക്ഷേ, തുടരാന്‍ മനസ്സ് തോന്നിയില്ല. ഞാന്‍ പോകുവാണെന്ന് പറഞ്ഞ് പോന്നു. അങ്ങനെയാണ് പിന്നെ സ്വന്തമായി മീന്‍കച്ചവടം ആരംഭിക്കുന്നതും, തമ്മനം കേന്ദ്രീകരിച്ച് വില്‍പ്പന തുടങ്ങിയതും.

 

അപ്പനും അമ്മയുമൊക്കെ ഈ മീന്‍ കച്ചവടത്തെ അനുകൂലിക്കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടോ?

 

അവരാരും അനുകൂലിക്കുന്നുമില്ല, എതിര്‍ക്കുന്നുമില്ല. ഉമ്മച്ചിക്ക് മാനസികമായി ഇത്തിരി പ്രശ്നങ്ങളുണ്ട്. വാപ്പയാണെങ്കില്‍ നിരന്തരം ഉമ്മയെ ഉപദ്രവിക്കാറുമുണ്ട്. ജീവിതം ഈ രീതിയിലെല്ലാം അസ്വസ്ഥതകളുള്ളതായിരുന്നു.

 

ഏഴാംക്ലാസ്സില്‍ ഞാന്‍ എത്തിയത് മുതലാണ് പ്രശ്നങ്ങളെയും പരീക്ഷണങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നത്… അതുവരെ നല്ലൊരു പൂന്തോട്ടമായിരുന്നു എന്‍റെ വീട്. ഞങ്ങള്‍ ആ പൂന്തോട്ടത്തിലെ ചിത്രശലഭങ്ങളായിരുന്നു.

 

അത് പറയുമ്പോള്‍ ഹനാന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയില്ല… എന്നാല്‍ ആ കണ്ണുകള്‍ ഈറനണിയാന്‍ ഒരുങ്ങിനിന്നു.

 

എല്ലാം കേട്ടുകൊണ്ടിരുന്ന നിഷയുടെ മുഖത്തും വിഷാദത്തിന്‍റെ നിഴലുകള്‍ വീശി, നിഷ രണ്ട് പെണ്‍കുട്ടികളുടെ അമ്മയായതുകൊണ്ടുതന്നെ സ്നേഹത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും വിലപ്പെട്ട നിമിഷങ്ങള്‍ ഓര്‍മ്മയിലെത്തി.

 

ഹനാന്‍ തുടര്‍ന്നു. ചില സിനിമകളിലൊക്കെ അഭിനയിക്കാനുള്ള ഓഫറുണ്ട്. ഞാന്‍ പാട്ടുപാടുന്നതുകൊണ്ട് സിനിമയില്‍ പാടാനുള്ള ക്ഷണവുമുണ്ട്. അപകടം പറ്റിയ സമയത്തുവന്ന ഓഫര്‍ സ്വീകരിക്കാനായില്ല.

 

നിഷച്ചേച്ചീടെ ഉപ്പും മുളകും ഞാന്‍ പതിവായികാണാറുണ്ട്. നിഷച്ചേച്ചീനെ അറിയാവുന്നതുകൊണ്ടുതന്നെ ഉപ്പും മുളകും പരമ്പരയില്‍ ഒരു റോള്‍ ചെയ്യാന്‍ കിട്ടിയിരുന്നുവെങ്കില്‍… എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. ഉപ്പും മുളകിന്‍റെയും പുതിയ അനുഭവങ്ങളെക്കുറിച്ച് ചേച്ചിക്ക് എന്താണ് പറയാനുള്ളത്.

 

നിഷ: കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ടമാണ്. മുമ്പൊക്കെ കുട്ടികള്‍ ടോം ആന്‍റ് ജെറിയും മിസ്റ്റര്‍ ബീനും ഒക്കെ കാണുന്ന ലാഘവത്തോടെയാണ് ഇപ്പോള്‍ ഉപ്പും മുളകും കാണുന്നത്. സ്ക്രിപ്റ്റ് റൈറ്ററുടെ ആശയങ്ങളും അനുഭവങ്ങളും മാത്രമല്ലാതെ ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന അനുഭവങ്ങളും ഞങ്ങള്‍ ഈ പ്രോഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. മനുഷ്യര്‍ക്ക് നിത്യവും ഓരോരോ പുതിയ അനുഭവങ്ങള്‍ ഉണ്ടായിരിക്കുമല്ലോ. അനുഭവങ്ങള്‍ക്ക് ഒരിക്കലും ക്ഷാമമില്ല. അതുകൊണ്ട് പുതുമയുള്ള വിഷയങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നു. അതുതന്നെയാണ് ഈ പ്രോഗ്രാമിന്‍റെ വിജയവും.

 

 

ഹനാന്‍: നിഷച്ചേച്ചി മുമ്പൊരിക്കല്‍ പാചകവുമായി ബന്ധപ്പെട്ട് ഒരു പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നില്ലെ? ടി.വിയില്‍ ഞാനത് കണ്ടത് ഓര്‍ക്കുന്നു.

 

നിഷ: ഉം. ഞാന്‍ പങ്കെടുത്തിരുന്നു. കൈരളി ടി.വിയില്‍ കുറെ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു പങ്കെടുത്തത്. ആ പാചകമത്സരത്തില്‍ എനിക്ക് സമ്മാനവും കിട്ടിയിരുന്നു.

 

ഹനാന്‍: പാചകം ഇഷ്ടമാണോ?

 

നിഷ: ഇഷ്ടംതന്നെ. പുതിയ പുതിയ പാചകക്കുറിപ്പുകള്‍ ഞാന്‍ പരീക്ഷിക്കാറുണ്ട്. നാടന്‍ വിഭവങ്ങള്‍ പരീക്ഷിക്കുന്നതിലാണ് താല്‍പ്പര്യം. ഉപ്പും മുളകും വര്‍ക്ക് തുടങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ ലൊക്കേഷനില്‍ നിന്നും ഫുഡ് കഴിക്കാറില്ല. എനിക്കുള്ളത് ഞാന്‍ തന്നെ ഉണ്ടാക്കിക്കൊണ്ട് വരികയാണ് പതിവ്.

 

മഹിളാരത്നം: ഞങ്ങളുടെ ഫുഡ് സ്പെഷ്യല്‍ പതിപ്പില്‍ ചേര്‍ക്കാന്‍ ഒരു റസിപ്പി തരണം. മീനുമായി ബന്ധപ്പെട്ട ആളല്ലേ അടുത്തിരിക്കുന്നത്. അതുകൊണ്ട് ഒരു മീന്‍ വിഭവം തന്നെയായിക്കൊള്ളട്ടെ.

 

നിഷ: അല്ലെങ്കിലും ഞാന്‍ പറഞ്ഞില്ലെ നാടന്‍ വിഭവങ്ങളോടാണ് താല്‍പ്പര്യമെന്ന്. കോണ്ടിനെന്‍റലൊന്നും അത്രയ്ക്കിഷ്ടമല്ല. ഉണ്ടാക്കാനറിയാം. പക്ഷേ, നാടന്‍ രുചികളില്‍ പുതിയത് പരീക്ഷിക്കാനാണിഷ്ടം.

 

ഹനാന്‍: ഞാനും വീട്ടില്‍ പാചകപരീക്ഷണങ്ങളൊക്കെ നടത്താറുണ്ട്. ഒരു വിഭവം ഞാനും തരാം.

 

ആണോ? എങ്കില്‍ രണ്ടുപേരും അതിന്‍റെ റസിപ്പി തന്നോളൂ.

 

നിഷ: ഞാന്‍ മത്തി അല്ലെങ്കില്‍ ചാളയുടെ ഒരു പുതിയ വിഭവംതരാം. കുരുമുളകില്‍ വറ്റിച്ചെടുക്കുന്ന മത്തിക്കറി. ഒരു ഡിഫറന്‍റ് ടേസ്റ്റാണ്.

 

ഹനാന്‍: പനംകരിക്കും ചെമ്മീനും കൂര്‍ക്കയും കൂടി ചേര്‍ത്തുവയ്ക്കുന്ന ഒരു വിഭവമാണ് ഞാന്‍ തരുന്നത്. ഇതും ഒരു പ്രത്യേക രുചിയുള്ളതാണ്.

 

ശരി…എന്നാല്‍ രണ്ടുപേരുടെയും ആ മീന്‍കറികള്‍ ഒന്ന് പാചകം ചെയ്തുനോക്കാം.

 

കുരുമുളകില്‍ വറ്റിച്ച മത്തിക്കറി

 

ആവശ്യമുള്ള സാധനങ്ങള്‍:

 

നല്ല നെയ്യുള്ള മത്തി- അരക്കിലോ, ചെറിയ ഉള്ളി- 10 എണ്ണം, പച്ചമുളക്- 4 എണ്ണം, ഇഞ്ചി- ഒരു ചെറിയ കഷണം, വെളുത്തുള്ളി- 10 അല്ലി, കറിവേപ്പില- ഒരു തണ്ട്, കുടംപുളി- ഒരു ചുള, കുരുമുളക്- രണ്ട് ടീ.സ്പൂണ്‍, വെളിച്ചെണ്ണ- ഒരു ചെറിയകപ്പ്, മഞ്ഞള്‍പൊടി- അരസ്പൂണ്‍, വെള്ളം- ആവശ്യത്തിന്, ഉപ്പ്- പാകത്തിന്

 

തയ്യാറാക്കുന്ന വിധം:-

മത്തി വെട്ടിക്കഴുകി വൃത്തിയാക്കിയെടുക്കുക. ചെറുതായി മുറിക്കാതെ മുഴുവനോടെ വേണം കറിവെയ്ക്കുവാന്‍. വൃത്തിയാക്കിയ മത്തിയുടെ നടുവെ നീളത്തില്‍ ചെറുതായി ഒന്ന് വരയുക. ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില ഇതെല്ലാംകൂടി ചതച്ചിട്ട് ചെറുതായി ഒന്ന് വഴറ്റണം. ഉള്ളിയുടെ നിറം ചെറുതായിട്ടൊന്ന് മാറുകയേ വേണ്ടൂ. കുരുമുളകും മഞ്ഞള്‍പൊടിയുമിട്ട് ഒരു തവണമാത്രം ഒന്നിളക്കി വെള്ളം ചേര്‍ക്കുക. (കൂടുതല്‍ സമയം ഇളക്കാന്‍ പാടില്ല) മത്തി വറ്റിച്ചെടുക്കുന്നതിനാല്‍ വെള്ളം ഒട്ടും കൂടുതലാകാതെ ശ്രദ്ധിക്കണം. ചെറുതീയില്‍ തിളച്ചുവരുമ്പോഴേയ്ക്കും കുടംപുളിയും ഉപ്പും ചേര്‍ക്കുക. ഇനി അതിലേക്ക് മത്തി അടുക്കിയിടുക. മീന്‍ മുങ്ങാനും മാത്രമുള്ള വെള്ളമെ പാടുള്ളു. മണ്‍ച്ചട്ടിക്കുള്ളില്‍ തവിയിട്ട് ഇളക്കാതെ നോക്കണം. മണ്‍ചട്ടി അല്‍പ്പം ഉയര്‍ത്തി വട്ടത്തില്‍ കറക്കിവേണം വറ്റിക്കാനും വേവിക്കാനും. വെള്ളം പൂര്‍ണ്ണമായും വറ്റിക്കഴിയുമ്പോഴേയ്ക്കും ചൂടോടെ ഉപയോഗിക്കാം.

 

കുറിപ്പ്:  മത്തി നല്ല നെയ്യുള്ളതോ മുട്ടയുള്ളതോ ആണെങ്കില്‍ രുചികൂടും.  റെഡ് ചില്ലി പൗഡര്‍ തീരെ ഉപയോഗിക്കരുത്. മഞ്ഞള്‍പൊടിയും കുരുമുളകും പച്ചമുളകും ചേര്‍ന്നുള്ള നിറവും അതിന്‍റെ രുചിയുമാണ് ഈ കറി യുടെ വ്യത്യസ്തത. -നിഷാസാരംഗ്

 

പനംകരിക്കും ചെമ്മീന്‍ കറിയും

 

ആവശ്യമുള്ള സാധനങ്ങള്‍

 

ചെമ്മീന്‍- അരക്കിലോ, പനംകരിക്ക്- 4 എണ്ണം, കൂര്‍ക്ക-200 ഗ്രാം, തക്കാളി-ഒന്ന്, ഏലയ്ക്കാ-രണ്ടെണ്ണെം, നെല്ലിക്ക- രണ്ട് വലുത്, ജാതിപത്രി- ഒരെണ്ണത്തിന്‍റെ പകുതി, മല്ലിയില-ഒരു ചെറിയ തണ്ട്, പച്ചമുളക്- നാലെണ്ണം, ഇഞ്ചി-ഒരു ചെറിയ കഷണം, നെയ്യ്- രണ്ട് ടേ. സ്പൂണ്‍, സവാള-രണ്ടെണ്ണം, മുളകുപൊടി-2 ടി.സ്പൂണ്‍, കുരുമുളകുപൊടി-2 ടീ.സ്പൂണ്‍, വെള്ളം ആവശ്യത്തിന്, ഉപ്പ് -പാകത്തിന്

 

തയ്യാറാക്കുന്ന വിധം

 

ചെമ്മീന്‍ പുറംതോട് കളഞ്ഞു കഴുകി വൃത്തിയാക്കിയെടുക്കുക. അതൊരു ചട്ടിയില്‍ വേവിച്ചെടുക്കണം. തൊലി കളഞ്ഞുവൃത്തിയാക്കിയ കൂര്‍ക്ക വേറെ വേവിച്ചെടുക്കണം. പനംകരിക്കും തക്കാളിയും ഏലയ്ക്കയും കൂടി ഒരുമിച്ച് അരച്ചുകുഴമ്പുരൂപത്തിലാക്കിയെടുക്കണം. അതിനുശേഷം നെല്ലിക്കയും ജാതിപത്രിയും മല്ലിയിലയും പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് അരച്ച് പേസ്റ്റ് പരുവത്തിലെടുക്കുക. ചെറുതായി അരിഞ്ഞ സവാളയും പൊടിയായി അരിഞ്ഞ തക്കാളിയും പച്ചമുളകും മുളകുപൊടിയും ചേര്‍ത്ത് നെയ്യില്‍ വഴറ്റിയെടുക്കുക. നേരത്തെ തയ്യാറാക്കിയ മിശ്രിതമെല്ലാം ഇതിലേക്ക് ചേര്‍ക്കുക. വേവിച്ച ചെമ്മീനും കൂര്‍ക്കയും കൂടിയിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഒന്നു തിളപ്പിക്കുക. എരിവിന് കുരുമുളകുപൊടി വിതറി വാങ്ങിവയ്ക്കാം. കറി റെഡി. -ഹനാന്‍

 

 

തയ്യാറാക്കിയത്

 

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO