പുതിയ പ്രതീക്ഷകളുമായ് സൂര്യയും ഇഷാനും

മെയ്10 ലിംഗമാറ്റശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ. ഷാനും വിവാഹിതരായ സുദിനം. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ശസ്ത്രക്രിയവഴി ലഭിച്ച ഔദ്യോഗിക രേഖയില്‍ സൂര്യയെ സ്ത്രീയായും, ഇഷാനെ പുരുഷനായും സാക്ഷ്യപ്പെടുത്തിയതിനാല്‍... Read More

മെയ്10 ലിംഗമാറ്റശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ. ഷാനും വിവാഹിതരായ സുദിനം. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ശസ്ത്രക്രിയവഴി ലഭിച്ച ഔദ്യോഗിക രേഖയില്‍ സൂര്യയെ സ്ത്രീയായും, ഇഷാനെ പുരുഷനായും സാക്ഷ്യപ്പെടുത്തിയതിനാല്‍ വിവാഹം സാദ്ധ്യമായി. പാറ്റൂര്‍ മടത്തുവിളാകത്ത് വിജയകുമാരന്‍നായരുടെയും ഉഷയുടെയും മകളാണ് സൂര്യ. കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കുകയും വോട്ട് ചെയ്യുകയും ചെയ്ത ട്രാന്‍സ്ജെന്‍ഡറാണ് സൂര്യ. നര്‍ത്തകി, മിമിക്രി ആര്‍ട്ടിസ്റ്റ്, സിനിമാതാരം എന്നീ നിലകളിലും ഇവര്‍ ശ്രദ്ധേയയായി. വള്ളക്കടവ് മുഹമ്മദ്കബീറിന്‍റെയും ഷാനിഫയുടെയും മകനാണ് ഇഷാന്‍. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു.

 

തമ്പാന്നൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് വലതുകാല്‍വച്ച് ഇറങ്ങിയപ്പോഴേയ്ക്കും സുന്ദരിമഴ ചാമരം വീശി മുമ്പേ നടന്നു. വള്ളക്കടവിലുള്ള സൂര്യ, ഇഷാന്‍ ദമ്പതികളുടെ വീട്ടിലെത്തുമ്പോഴും മഴ തിമിര്‍ത്തുപെയ്തുകൊണ്ടേയിരുന്നു. ഇവരുടെ പരസ്പരസ്നേഹം പെയ്തുതോരാത്ത മഴപോലെയാണെന്നുതോന്നി. സ്നേഹം അങ്ങനെയാണ്, ഋതുക്കള്‍ മാറിയാലും ഇഷ്ടക്കാരുടെ ഇടയില്‍ അത് പെയ്തുകൊണ്ടേയിരിക്കും. ഇന്ദ്രജാലക്കാരന്‍റെ തൂവാലയിലെ മുയല്‍ പ്രാവാകുന്നതുപോലെ അതിശയങ്ങള്‍ നിറഞ്ഞ ജീവിതം തന്നെയായിരുന്നു ഇരുവരുടേയും.

 

 

വിനോദ്നായരില്‍ നിന്ന് സൂര്യയിലേക്കും, ഷാഫിനയില്‍ നിന്ന് ഇഷാനിലേക്കുമുള്ള പരകായപ്രവേശത്തിന് ഇരുവരും അനുഭവിക്കേണ്ടിവന്ന ദശാസന്ധികള്‍ ഏറെ. എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും സിന്ധുനദി സമുദ്രത്തില്‍ ചെന്നുചേരുകതന്നെ ചെയ്യും എന്ന് പറയുന്നതുപോലെ ഒടുവില്‍ തന്നിലെ പുരുഷത്വത്തെ തള്ളിമാറ്റി വിനോദ് സൂര്യയായി. സ്ത്രൈണതയെ തള്ളിമാറ്റി ഷാഫിന പൗരുഷമുള്ള ഇഷാനുമായി മാറി.

 

ഇനിയുള്ള കാലം ജീവിതം ഒന്നിച്ച്…. പ്രണയവല്ലി പൂത്തുലഞ്ഞ നീലരാവില്‍…

 

ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടനയായ ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ അംഗങ്ങളാണ് ഞങ്ങള്‍ ഇരുവരും. പരസ്പരം അറിയാമായിരുന്നെങ്കിലും സുഹൃത്തുക്കളായിരുന്നില്ല. ബാക്കി ഞാന്‍ പറയാം… സംസാരം ഇഷാന്‍ ഏറ്റെടുത്തു. ചിലര്‍ക്ക് ചിലരെ ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെടും. അതിന് പിന്നില്‍ ദൈവിക ഇടപെടല്‍ ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. സൂര്യ അഭിനയിച്ച ‘അര്‍ദ്ധനാരീശ്വരി’ എന്ന സിനിമ ഞാന്‍ നേരത്തെ കണ്ടിരുന്നു. മനസ്സില്‍ അങ്ങനെ സൂര്യയോട് ഒരിഷ്ടവും തോന്നിയിരുന്നു. സംഘടനാംഗങ്ങള്‍ ഒന്നിച്ച് മൂന്നുവര്‍ഷം മുമ്പ് കോഴിക്കോടിന് ഒരു യാത്ര നടത്തി. തന്‍റെ മനസ്സിലെ പ്രണയവിപ്ലവം പൊട്ടിപ്പുറപ്പെട്ടത് അന്നാണ്.

 

മറ്റുള്ളവരോടുള്ള സൂര്യയുടെ എളിമ നിറഞ്ഞ പെരുമാറ്റവും കരുതലും യാത്രയിലുടനീളം കാണാനായി. അത് വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. ഇവളുടെ കണ്ണുകള്‍ എന്നെ നന്നേ ആകര്‍ഷിച്ചു. സൂര്യയുടെ കണ്ണുകള്‍ എപ്പോഴോ എന്‍റെ കണ്ണിലുടക്കി. പിന്നീടത് കണ്ണില്‍നിന്ന് മായാതെയായി. പ്രണയത്തിന്‍റെ സൗഗന്ധികപ്പൂക്കള്‍ കയ്യില്‍ ചേര്‍ത്തുവെച്ച് കണ്‍മുമ്പില്‍ സൂര്യ. കൈക്കുടന്നയില്‍നിന്ന് വഴുതിപ്പോയ തീര്‍ത്ഥം ആത്മാവിലേക്ക് ഊര്‍ന്നിറങ്ങി പ്രണയനനവുള്ള കവിതയായി ഇവള്‍ മാറി. ‘ഇത്രയ്ക്കങ്ങട് സാഹിത്യ കയ്യാംകളി വേണോ ഇക്കാ…’ ചോദ്യം സൂര്യയുടേത്. ഓണമല്ലേ… വായനക്കാര്‍ അതങ്ങട് ക്ഷമിക്യാ, അത്രതന്നെ.

 

ഇഷാന്‍ തുടര്‍ന്നു. കനകക്കുന്നില്‍വെച്ച് ‘Men Iam’ ‘ എന്ന ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം നടക്കുമ്പോള്‍ വീണ്ടും സൂര്യയെ കണ്ടു. സംസാരിച്ചെങ്കിലും പ്രണയം വെളിപ്പെടുത്തിയില്ല. അന്നുരാത്രി പത്തോടെ സര്‍വ്വദൈവങ്ങളേയും ധ്യാനിച്ച് സൂര്യയ്ക്ക് ഫോണ്‍ ചെയ്തു. ഇപ്പോള്‍ പ്രോഗ്രാമിലാണെന്നും രാത്രി ഒന്നോടെ തിരികെ വിളിക്കാമെന്നും പറഞ്ഞ് സൂര്യ ഫോണ്‍വെച്ചു. മൂന്ന് മണിക്കൂറിന് മൂന്ന് യുഗങ്ങളുടെ സമയദൈര്‍ഘ്യം… കൃത്യം ഒന്നിന് സൂര്യയുടെ ഫോണ്‍വിളിയെത്തി. ധൈര്യം സംഭരിച്ച് മനസ്സില്‍ ഒളിച്ചുവച്ച പ്രണയം വെളിപ്പെടുത്തി. അനുകൂലമായ മറുപടിയാണ് സൂര്യയില്‍നിന്ന് ലഭിച്ചത്. പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ പരിചയപ്പെടുകയും തന്‍റെ സഹോദരി ഷാജിനയുടെയും അവളുടെ ഭര്‍ത്താവ് കിഷോറിന്‍റെയും പിന്തുണയോടെ സൂര്യയുടെ വീട്ടില്‍ സംസാരിച്ചു. അവര്‍ക്കും സമ്മതമായതോടെ വിവാഹത്തിനുള്ള വാതില്‍ മലര്‍ക്കെ തുറന്നു.

 

 

ഓണസ്മൃതികളിലേക്ക്

വര്‍ണ്ണങ്ങളും, നിറങ്ങളും, സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള ജീവിതം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അത്ര പരിചിതമല്ലെന്നുള്ളതാണ് സത്യം. പെണ്‍കുട്ടികളെപ്പോലെ പെരുമാറുന്നു എന്ന കാരണത്താല്‍ ആണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് പരിഗണന ലഭിക്കില്ല. പെണ്‍കുട്ടികളും അടുപ്പിക്കില്ല. വിനോദ് എന്ന പേരുണ്ടെങ്കിലും ഏഴ് വയസ്സുമുതല്‍ പെണ്‍കുട്ടികളുടെ ശബ്ദവും പെരുമാറ്റരീതികളുമാണ് ഞാന്‍ പ്രകടിപ്പിച്ചിരുന്നത്. അമ്മയെപ്പോലെ സാരിയുടുക്കാനും സഹോദരിമാരുടെ പെറ്റിക്കോട്ടിടാനുമാണ് താല്‍പ്പര്യം തോന്നിയത്. താനൊരു പെണ്ണാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. പാവാടയും പെറ്റിക്കോട്ടും നിറമുള്ള കുപ്പിവളകളും സ്വപ്നം കണ്ടുകൊണ്ടിരുന്ന ഓണനാളുകളില്‍ എനിക്കായി മാതാപിതാക്കള്‍ നിക്കറും ഷര്‍ട്ടും ഓണക്കോടിയായി എത്തിക്കും. അങ്ങനെ ഓണക്കോടിക്ക് മുകളില്‍ കണ്ണീര്‍വീഴും.

 

‘എന്‍റെ ജീവിതത്തിലും ഓണക്കോടിയുടെ കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിച്ചത്.’ ഇഷാന്‍ പറഞ്ഞുതുടങ്ങി. ‘മിഡിയും ടോപ്പിനും മുമ്പില്‍ മുഖം തിരിച്ച് ഷര്‍ട്ടിനും പാന്‍റിനുമായി വഴക്കുണ്ടാക്കി ഒടുവില്‍ കരഞ്ഞ് കരഞ്ഞ് ഉറങ്ങിപ്പോകുന്ന ബാല്യകാലമാണ് എന്‍റെയും മനസ്സില്‍. വീടിനടുത്തുള്ള മൈതാനത്ത് ഓണനാളുകളില്‍ കബഡികളിയും ക്രിക്കറ്റ് കളിയും ഉണ്ടാകും. അവരോടൊപ്പം കളിക്കാന്‍ എന്‍റെ ഉള്ളിലെ ആണ്‍കുട്ടി ആഗ്രഹിക്കും.പക്ഷേ, ആട്ടിപ്പായിക്കലായിരുന്നു ലഭിച്ചതില്‍ അധികവും.’

 

 

 

അല്‍പ്പനേരത്തെ മൗനത്തിനുശേഷം ഇഷാന്‍ മുറ്റത്തേക്ക് വിരല്‍ചൂണ്ടി. ‘ഇപ്പോള്‍ പെയ്യുന്ന പെരുമഴയത്ത് കുടയില്ലാതെ ഒറ്റയ്ക്ക് നില്‍ക്കേണ്ടിവരുന്ന കുഞ്ഞുമനസ്സിന്‍റെ നൊമ്പരം.’

 

പാചകകലയില്‍ എനിക്കുള്ള സിദ്ധിവൈഭവം ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നന്നായി അറിയാം. സൂര്യ പറഞ്ഞുതുടങ്ങി. ഓണത്തിന് രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുമുമ്പ് അച്ചാര്‍ തയ്യാറാക്കുന്നതിനായി ഇവര്‍ നാരങ്ങായും, മാങ്ങായും എന്നെ ഏല്‍പ്പിക്കും. അച്ചാര്‍ നിര്‍മ്മാണത്തില്‍ എനിക്ക് എന്‍റേതായ ചില രഹസ്യമര്‍മ്മപ്രയോഗങ്ങളുണ്ട്. അതിനെ വെല്ലാന്‍ ഭൂമിമലയാളത്തില്‍ ആര്‍ക്കും കഴിയില്ലെന്നാണ് എന്‍റെ വിശ്വാസം. ഉപ്പേരി ഉണ്ടാക്കുന്നതിനുള്ള ഏത്തക്കായുടെ പുറംതോട് ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരന്‍, അരിപ്പൊടിയില്‍ പഞ്ചസാരയും, നെയ്യും തേങ്ങാപ്പാലും മറ്റ് ചില വിഭവങ്ങളും ചേര്‍ത്തുണ്ടാക്കുന്ന മധുരക്കൊഴുക്കട്ട, ഏത്തപ്പഴം ചെറുതായി അരിഞ്ഞ് അതിനോടൊപ്പം ശര്‍ക്കര ഉരുക്കിയൊഴിച്ച് ഉണ്ടാക്കുന്ന ചെണ്ടമുറിയന്‍ ഇതൊക്കെയാണ് ഓണക്കാലത്ത് ഞാനുണ്ടാക്കുന്ന സ്പെഷ്യല്‍ ഐറ്റംസ്.

 

കളിയാക്കലുകളെ ഭയന്ന് ഓണക്കളികളിലൊന്നും പങ്കെടുത്തിട്ടില്ല. ദൂരെ മാറിനിന്ന് കണ്ട് ആസ്വദിച്ചിട്ടുണ്ട്. റേഡിയോയേയും ടി.വിയേയുമാണ് ഓണാഘോഷത്തിന് ഒപ്പം കൂട്ടുന്നത്. ചങ്ക് തകര്‍ക്കുന്ന സംസാരവും, കളിയാക്കലും, തുറിച്ചുനോട്ടവും ഇവരില്‍നിന്നുണ്ടാവില്ലല്ലോ. മൂന്നു നേരവും വയറുനിറയെ ഭക്ഷണം കഴിക്കുക എന്നുള്ളത് അക്കാലത്ത് സ്വപ്നത്തില്‍പോലും സംഭവിക്കില്ല. ഇല നിറയെ വിഭവങ്ങളും തൂവെള്ളച്ചോറും, പപ്പടം കാച്ചുന്ന എണ്ണയുടെ വശ്യതയുള്ള മണവും സത്യത്തില്‍ അത്ഭുതവും സന്തോഷവുമായിരുന്നു നല്‍കിയിരുന്നത്.

 

ഓണത്തിനടുത്തുള്ള മാസങ്ങളിലാണ് വിവാഹം നടന്നതെന്നുള്ളത് സന്തോഷമാണ്. ബിസിനസ്സ് ഉഷാറാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇക്ക. ഈശ്വരനിലും വൈദ്യശാസ്ത്രത്തിലും വിശ്വാസമുണ്ട്. അടുത്ത തലമുറയ്ക്കായി പ്രാര്‍ത്ഥിക്കുന്നു, കാത്തിരിക്കുന്നു. സിനിമ സംവിധാനം ചെയ്യുക എന്നുള്ള ചിരകാല അഭിലാഷവും ഉടനുണ്ടാകും.

 

മഴ രൗദ്രഭാവം വെടിഞ്ഞതോടെ ഫോട്ടോ ഷൂട്ടിനായി സൂര്യയും ഇഷാനും മുറ്റത്തേക്കിറങ്ങി. മോഹന്‍ കൊല്ലത്തിന്‍റെ ക്യാമറയ്ക്കുമുമ്പില്‍ പൊട്ടിച്ചിരിച്ചും, കെട്ടിപ്പിടിച്ചും, നുള്ളിനോവിച്ചും ആഹ്ലാദത്തിന്‍റെ വിസ്മയലോകത്തേക്ക് ഇവര്‍ പറന്നുയരുന്നു…

 

എസ്.പി.ജെ

Show Less

No comments Yet

SLIDESHOW

LATEST VIDEO