ക്ഷമയോടുള്ള കാത്തിരിപ്പിന്‍റെ ഫലമാണ് ഇന്നത്തെ വിജയം- ഇന്ദ്രജിത്ത്

അഭിനയത്തില്‍ മറ്റ് നടന്മാരില്‍നിന്നും വ്യത്യസ്ത പാത സ്വീകരിക്കുന്ന അഭിനേതാവാണ് ഇന്ദ്രജിത്ത്. വില്ലനായി മലയാള സിനിമയില്‍ കടന്നുവരികയും പിന്നെ അഭിനയത്തിന്‍റെ അതിരുകള്‍ വിവിധ കഥാപാത്രങ്ങളിലൂടെ ഭേദിക്കുകയും ചെയ്ത നടന്‍. ദക്ഷിണേന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഇന്ന് ഇന്ദ്രജിത്തിനെയും അദ്ദേഹത്തിന്‍റെ... Read More

അഭിനയത്തില്‍ മറ്റ് നടന്മാരില്‍നിന്നും വ്യത്യസ്ത പാത സ്വീകരിക്കുന്ന അഭിനേതാവാണ് ഇന്ദ്രജിത്ത്. വില്ലനായി മലയാള സിനിമയില്‍ കടന്നുവരികയും പിന്നെ അഭിനയത്തിന്‍റെ അതിരുകള്‍ വിവിധ കഥാപാത്രങ്ങളിലൂടെ ഭേദിക്കുകയും ചെയ്ത നടന്‍. ദക്ഷിണേന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഇന്ന് ഇന്ദ്രജിത്തിനെയും അദ്ദേഹത്തിന്‍റെ അഭിനയശൈലിയെയും കുറിച്ച് ശക്തമായ കാഴ്ചപ്പാടുണ്ട്. ആ അഭിനയപ്രത്യേകതകളുടെ തിരിച്ചറിവിന്‍റെ ഫലമായാണ് ഭാഷാതീതമായി ക്വീന്‍ എന്ന വെബ്സീരീസില്‍ ഐതിഹാസിക ജനപ്രിയനായകന്‍ എം.ജി.ആറിന്‍റെ വേഷം ചെയ്യാന്‍ ഇന്ദ്രജിത്ത് നിര്‍ബന്ധിതനായിരിക്കുന്നത്. ഇന്ദ്രജിത്തിനെ സംബന്ധിച്ചിടത്തോളം അഭിനയത്തിന്‍റെ പുതിയൊരു അദ്ധ്യായമാണിത്. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹവുമായി ഒരു ലഘുസംവാദത്തിന് തുടക്കമിടുകയാണിവിടെ.

 

2018 താങ്കളെ സംബന്ധിച്ചിടത്തോളം നിശബ്ദമായ വര്‍ഷമായിരുന്നു. 2019 ല്‍ ലൂസിഫര്‍, വൈറസ്, താക്കോല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പക്ഷേ അതില്‍നിന്നും വ്യത്യസ്തമായി 2020 ല്‍ എത്രമാത്രം പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ താങ്കള്‍ക്ക് കഴിയും?

 

ചില പുതിയ കഥകള്‍ കേള്‍ക്കാന്‍ വേണ്ടി ഞാനല്‍പ്പം ഇടവേളകളെടുത്തുവെന്നത് ശരിയാണ്. 2019 ലും എന്‍റേതായി കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ഞാന്‍ ചില പ്രോജക്ടുകളില്‍ അഭിനയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 2020 എന്‍റെ അഭിനയജീവിതത്തിലെ നിര്‍ണ്ണായകവര്‍ഷമായിരിക്കുമെന്ന് വിശ്വസിക്കുന്നു.

 

 

വെബ് പരമ്പരയായ ‘ക്വീനി’ല്‍ എം.ജി. ആറിനെ താങ്കള്‍ മാതൃകയാക്കുകയാണ്. ആ കഥാപാത്രത്തെക്കുറിച്ചും ആ പരമ്പര നല്‍കുന്ന അനുഭവത്തെക്കുറിച്ചും എന്താണ് പറയാനുള്ളത്?

 

യാഥാര്‍ത്ഥ്യപൂര്‍ണ്ണമായ സംഭവങ്ങളുടെ ആവിഷ്ക്കാരമെന്ന നിലയിലാണ് ‘ക്വീന്‍’ എന്നെ സ്വാധീനിക്കുന്നത്. അവിടെ പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള വ്യക്തിത്വസവിശേഷതകള്‍ക്ക് സ്ഥാനമില്ല. പിന്നെ ഈ ചിത്രം ഏറ്റവും മഹത്തരമായ അനുഭവമാണ് സമ്മാനിക്കുന്നത്. എന്‍റേതായ അറിവിന്‍റെ പരിധിയില്‍നിന്നുകൊണ്ട് തമിഴ്നാടിന്‍റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഏറെ സഹായിക്കുന്നത് സംവിധായകന്മാരായ ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുകേശനുമാണ്. അവരാണ് നമ്മുടെ മനസ്സില്‍ പതിഞ്ഞ ആ പ്രശസ്ത കഥാപാത്രത്തെ എന്‍റേതായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്.

 

പൃഥ്വിരാജിന്‍റെ സംവിധാന സംരംഭമായ ‘ലൂസിഫറി’ല്‍ അഭിനയിച്ച താങ്കള്‍ക്ക് അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

 

ഒരു നടന്‍കൂടിയായ പൃഥ്വിക്ക് മറ്റുള്ള നടന്മാരില്‍നിന്ന് എന്താണ് തനിക്ക് വേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടായിരിക്കും. ഇങ്ങനെയുള്ള സംവിധായകരെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. കാര്യങ്ങള്‍ സുതാര്യമായും വ്യക്തമായും യാതൊരു ആശങ്കയ്ക്കും ഇടയില്ലാത്തവിധം കമ്മ്യൂണിക്കേറ്റ് ചെയ്യുക. എന്‍റെ സാമാന്യസ്വാതന്ത്ര്യബോധത്താല്‍ ഞാന്‍ ചെയ്ത കഥാപാത്രമാണ് അതിലെ ഗോവര്‍ദ്ധന്‍. ആ സ്വാതന്ത്ര്യബോധമാണ് ആ ചിത്രത്തില്‍ പൃഥ്വി എനിക്ക് നല്‍കിയത്. ഞങ്ങള്‍ സഹോദരന്മാരും അതേസമയം പ്രൊഫഷണലുകളുമാണ്. ഒരുപക്ഷേ നാളെയൊരിക്കല്‍ ഞാന്‍ പൃഥ്വിയെ സംവിധാനം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ഇതേ സ്വാതന്ത്ര്യവും പ്രൗഢി യുമായിരിക്കും ഇതേ അളവില്‍ തിരിച്ചുനല്‍കുക.

 

 

ലൂസിഫറിന്‍റെ രണ്ടാം ഭാഗമെന്ന് പറയുന്ന എമ്പുരാനില്‍ താങ്കളുടെ കഥാപാത്രം മടങ്ങിവരാന്‍ സാധ്യതയുണ്ടോ?

 

ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് ലൂസിഫറിലെ ചില കഥാപാത്രങ്ങള്‍ എമ്പുരാനില്‍ മടങ്ങിവരാന്‍ സാധ്യതയുണ്ടെന്നാണ്. എന്‍റെ കഥാപാത്രവും അക്കൂട്ടത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

 

സക്കറിയയുടെ ഹലാല്‍ ലൗവ് സ്റ്റോറി, ശ്രീനാഥ് രാജേന്ദ്രന്‍റെ കുറുപ്പ്, രാജീവ് രവിയുടെ തുറമുഖം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ താങ്കളെ എത്രമാത്രം വ്യത്യസ്തനാക്കുന്നു?

 

ഇന്നുവരെ ഞാന്‍ ചെയ്തതില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഹലാല്‍ ലൗവ് സ്റ്റോറിയിലേത്. ആവശ്യത്തിന് കോമഡിയും കുറച്ച് ഇമോഷണല്‍ ഘടകങ്ങളും ഒത്തുചേര്‍ന്ന കഥാപാത്രം. കുറുപ്പ് എന്ന ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷമാണെനിക്ക്. തുറമുഖം അപക്വവും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നതുമായ കഥാപാത്രത്തെയാണ് നല്ലൊരളവില്‍ സമ്മാനിച്ചിരിക്കുന്നത്.

 

അഭിനയത്തിന്‍റെ തുടക്കകാലത്ത് ശ്രദ്ധേയവും അതേസമയം പ്രേക്ഷകമനസ്സില്‍ വേറിട്ട രീതിയില്‍ ഇടംപിടിക്കത്തക്ക കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ താങ്കള്‍ സന്തുഷ്ടനാണോ?

 

തീര്‍ച്ചയായും. ഇന്ന് ഒരു അഭിനേതാവെന്ന നിലയില്‍ ജനങ്ങള്‍ എന്നെ തിരിച്ചറിയുന്നതുതന്നെ കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടുതന്നെയാണ്. അവര്‍ എന്നെ ഒരു പ്രത്യേക ഇമേജിന്‍റെ ചട്ടക്കൂട്ടില്‍ തളച്ചിടാത്തവിധം വേറിട്ട കഥാപാത്രങ്ങളെ കണ്ടെത്തുവാനും അവതരിപ്പിക്കുവാനും പ്രേരിപ്പിക്കുന്നു, നിര്‍ബന്ധിക്കുന്നു.

 

 

വൈറസിനുശേഷം ഭാര്യ പൂര്‍ണ്ണിമയുമൊത്ത് ഒത്തുചേരുന്ന ചിത്രമാണ് തുറമുഖം. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

 

ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് പൂര്‍ണ്ണിമ തുറമുഖത്തില്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ അവളുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലാകാന്‍ സാധ്യതയുള്ള കഥാപാത്രം. പക്ഷേ ഞങ്ങളൊരുമിച്ചുള്ള സീനുകള്‍ അതിലില്ല. അങ്ങനെ ഒരുമിച്ച് സീനുകളുള്ള ഒരു പ്രോജക്ടിനുവേണ്ടി കാത്തിരിക്കുകയാണ്.

 

താങ്കളുടെ സിനിമാജീവിതത്തെ ആകെ കൂടി വിലയിരുത്തികൊണ്ട് എന്താണ് പറയാന്‍ കഴിയുക?

 

ഏതൊരു മേഖലയും പോലെ കഠിനാദ്ധ്വാനത്തിനാണ് സിനിമയിലും പ്രഥമസ്ഥാനം. പിന്നെ നല്ലത് സംഭവിക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടാകണം. ഞാന്‍ ക്ഷമയോടെ നിലകൊണ്ടതിനാലാണ് ഇപ്പോള്‍ ഒരുപിടി നല്ല പ്രോജക്ടുകളുടെ ഭാഗമാകാന്‍ കഴിഞ്ഞത്. മോഹന്‍ലാലും തൃഷയും പ്രധാനവേഷം ചെയ്യുന്ന ജീത്തുജോസഫിന്‍റെ ‘റാം’, ഇര്‍ഷാദ് പരാരിയുടെ ‘അയല്‍വാസികള്‍’, കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ‘നരകശൂരന്‍’ തുടങ്ങിയ ചിത്രങ്ങള്‍ അതില്‍പ്പെടുന്നു. ‘അയല്‍വാസി’യില്‍ പൃഥ്വിക്കൊപ്പമാണ് അഭിനയിക്കുന്നത്. കൂടാതെ മറ്റുചില പ്രോജക്ടുകള്‍ കൂടിയുണ്ട്. അതിന്‍റെ ആലോചനകള്‍ പുരോഗമിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO