മൂലമ്പള്ളിയില്‍ ഇരയ്ക്കെതിരേ നിന്നവര്‍ മരടില്‍ ഇരകള്‍ക്കൊപ്പം

      സി.ആര്‍. നീലകണ്ഠന്‍         മരട് ഫ്ളാറ്റ് വിഷയത്തില്‍ നമ്മുടെ മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ കാഴ്ചവയ്ക്കുന്ന ഒത്തൊരുമ കാണുമ്പോള്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന മൂലമ്പള്ളി കുടിയൊഴിപ്പിക്കലാണ്... Read More

 

 

 

സി.ആര്‍. നീലകണ്ഠന്‍

 

 

 

 

മരട് ഫ്ളാറ്റ് വിഷയത്തില്‍ നമ്മുടെ മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ കാഴ്ചവയ്ക്കുന്ന ഒത്തൊരുമ കാണുമ്പോള്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന മൂലമ്പള്ളി കുടിയൊഴിപ്പിക്കലാണ് ഓര്‍മ്മ വരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെയും പുറം തിരിഞ്ഞുനിന്ന മൂലമ്പള്ളി കുടിയിറക്ക് വിഷയത്തില്‍ വിവിധ സമരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ ചെയര്‍മാനായിരുന്നു ഞാന്‍.
വല്ലാര്‍പാടം ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയ്ക്കുവേണ്ടിയാണ് മൂലമ്പള്ളി കുടിയൊഴിപ്പിക്കല്‍ നടത്തിയത്. ഏലൂര്‍, മഞ്ഞുമ്മല്‍, മുളകുകാട്, മൂലമ്പള്ളി, വടുതല, കോതാട് എന്നിങ്ങനെ ഏഴെട്ടുസ്ഥലങ്ങളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്; മൊത്തം 1200 ഓളം ആളുകള്‍.
പ്രത്യേകിച്ചൊരു പാക്കേജും പ്രഖ്യാപിക്കാതെ, സര്‍ക്കാര്‍ പറയുന്ന പൊന്നും വില കോടതിയില്‍ കെട്ടിവച്ചു കുടിയൊഴിപ്പിക്കാനാണ് അന്ന് തീരുമാനിച്ചത്. അതിനെതിരെ നടന്ന സമരങ്ങള്‍ നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളോ, മാധ്യമങ്ങളോ ഒന്നും ശ്രദ്ധിച്ചില്ല. ഞങ്ങള്‍ കുറച്ച് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറത്തുനിന്ന് സഹായിക്കുവാനായി; പിന്നെ ഇരകളും. എന്നുമാത്രമല്ല, പാര്‍ട്ടികളൊക്കെയും എതിര്‍ഗെയിം കളിക്കുകയും ചെയ്തു. ഓരോ പ്രദേശത്തേയും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളോട് പറഞ്ഞത്, ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തുതരാം, നിങ്ങള്‍ ആ വസ്തുവങ്ങ് കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറില്‍ കൂടുതല്‍ പേര്‍ ആ വാക്കുകള്‍ വിശ്വസിച്ച് ആധാരം കൈമാറുകയും തുടര്‍ന്ന് വീടുപൊളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സി.പി.ഐയുടെ ഏലൂരിലെ പ്രാദേശിക നേതാവ് സെബാസ്റ്റ്യന്‍ മാത്രമാണ് സമരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായത്.
വി.എസ്. അച്യുതാനന്ദനായിരുന്നു അന്ന് സംസ്ഥാന മുഖ്യമന്ത്രി. കെ.പി. രാജേന്ദ്രന്‍ റവന്യു മന്ത്രിയും. ഒരു ദിവസം ഞാന്‍തന്നെ വി.എസിനെ നേരില്‍ കണ്ട് ആരെയും നിര്‍ബന്ധിച്ച് കുടിയിറക്കില്ല എന്നൊരു ഉറപ്പ് വാങ്ങി. ഒപ്പം സ്മാര്‍ട്ട് സിറ്റിപോലൊരു പാക്കേജ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുടിയൊഴിപ്പിക്കുന്നവരെ അധികം ദൂരെയല്ലാതെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുകയായിരുന്നു സ്മാര്‍ട്ട് സിറ്റി പാക്കേജ്. കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായി ഭൂമി നല്‍കുന്നതും വിവാഹം കഴിച്ച ആണ്‍മക്കളെ വേറെ ഫാമിലിയായി പരിഗണിച്ച് പരമാവധി പരിഗണന നല്‍കുന്നതുമൊക്കെയായിരുന്നു സ്മാര്‍ട്ട് സിറ്റി പാക്കേജ്. അങ്ങനൊരു പാക്കേജ് മൂലമ്പള്ളിക്കും വേണമെന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും ആരും അത് മൈന്‍ഡ് ചെയ്യുക പോലും ചെയ്തില്ല.
ആ ഒരു സാഹചര്യത്തിലാണ് 2008 ഫെബ്രുവരി 6 ന് മൂലമ്പള്ളി കുടിയൊഴിപ്പിക്കലും മൃഗീയമായ പോലീസ് നരനായാട്ടും നടന്നത്. 5-ാം തീയതി ചെന്ന്, പൊളിക്കില്ലെന്ന് ഉറപ്പുകൊടുത്തവര്‍ 6-ാം തീയതി രാവിലെ കുറയേധികം ബംഗാളികളെയും, ബുള്‍ഡോസറും കൂടവുമൊക്കെയായി ചെന്ന്, സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ വീടിനകത്ത് പേടിച്ചരണ്ട് നില്‍ക്കുമ്പോള്‍ വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും വയസ്സായവരേയുമൊക്കെ ക്രൂരമായി മര്‍ദ്ദിക്കുകയുമൊക്കെയാണ് ചെയ്തത്. ഒരു പള്ളിയിലച്ചനും കുറച്ച് പ്രാദേശികരും മാത്രമേ, നേരിയ എതിര്‍പ്പെങ്കിലും ഉയര്‍ത്താനുണ്ടായിരുന്നുള്ളു. ഞങ്ങളൊക്കെ വിവരമറിഞ്ഞ് എത്തുമ്പോഴേക്കും താണ്ഡവം അവസാനിച്ചിരുന്നു. ഗര്‍ഭിണികള്‍വരെയുണ്ടായിരുന്നു. പോലീസ് മര്‍ദ്ദനമേറ്റവരില്‍ വിവാഹം തീരുമാനിച്ച ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവള്‍ തലയില്‍ മണ്ണെണ്ണ ഒഴിച്ച് മരിക്കാന്‍ നടത്തിയ ശ്രമം ഞങ്ങള്‍ തടയുകയാണുണ്ടായത്. പെണ്ണുകണ്ടപ്പോള്‍ വീടുണ്ടായിരുന്നിട്ട് പിന്നെ ഇല്ലെങ്കില്‍, കല്യാണം നടക്കില്ലെന്നു കരുതിയാണ് പാവം ആത്മഹത്യയ്ക്കൊരുങ്ങിയത്.
അവരെല്ലാവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരുന്നു. മത്സ്യബന്ധനം, കൃഷി, വീട്ടുജോലി എന്നിവ ചെയ്ത് കഷ്ടിച്ച് കുടുംബം പോറ്റിയിരുന്നവര്‍. അവര്‍ക്കുനേരെയാണ് പോലീസിന്‍റെ നരനായാട്ട് അരങ്ങേറിയത്.
തുടര്‍ന്ന് 7 ന് രാവിലെ ഹൈക്കോടതി പരിസരത്തുനിന്ന് കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് ഞങ്ങളൊരു മാര്‍ച്ച് നടത്തി. ആദ്യമായി ഒരു രാഷ്ട്രീയനേതാവ് വന്ന് ഞങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വി.എം. സുധീരനായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തതും സുധീരനായിരുന്നു.
മറ്റുള്ളവരൊക്കെ, വിഴിഞ്ഞം പദ്ധതിയുടെ കാര്യംപോലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ വന്നേ തീരൂ എന്ന വാശിക്കാരായിരുന്നു. അതെന്തായാലും മേനകാതിയേറ്ററിനടുത്തുവച്ച് പോലീസുകാര്‍ തടഞ്ഞു. തുടര്‍ന്ന് 42 ദിവസം സമരം. അപ്പോഴേയ്ക്കും മാധ്യമശ്രദ്ധ നേടുകയും, പോലീസ് കുടിയൊഴിപ്പിക്കാനായി നടത്തിയ മര്‍ദ്ദനം ചാനലുകള്‍ സംപ്രേഷണം ചെയ്യുകയും വിശദമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കാന്‍ തുടങ്ങുകയും ചെയ്തു.
പിന്നെ ചര്‍ച്ചയായി. ആദ്യമൊക്കെ വി.എസ് പറഞ്ഞിരുന്നത്, സമരക്കാര്‍ ഭീകരവാദികളാണെന്നും, സര്‍ക്കാര്‍ എല്ലാ നഷ്ടപരിഹാരങ്ങളും നല്‍കാമെന്ന് പറഞ്ഞതാണെന്നും, അതിന്‍റടിസ്ഥാനത്തില്‍ കാശു വാങ്ങിയവരാണ് സമരം നടത്തുന്നത് എന്നുമൊക്കെയായിരുന്നു. എന്നാല്‍, വി.എസ്. പറഞ്ഞത് ശരിയായില്ല എന്ന് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞശേഷമാണ് വി.എസ്. നിലപാടുമാറ്റിയത്. ഉദ്യോഗസ്ഥര്‍ക്ക് പിഴകള്‍ പറ്റിപ്പോയതാണെന്നാണ് വി.എസ്. പിന്നെ പറഞ്ഞത്. എന്നിട്ട് പാവങ്ങളെ നിഷ്ക്കരുണം തല്ലിച്ചതച്ച്; ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ്സര്‍വ്വീസ് എന്‍ട്രി നല്‍കുകയും ചെയ്തു.
വീടുവയ്ക്കാന്‍ ആറ് സെന്‍റ് സ്ഥലം, പഴയ വീടിന്‍റെ അളവില്‍ പുതിയ വീടുവയ്ക്കുവാന്‍ സാമ്പത്തികസഹായം, ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും ജോലി. ഇതൊക്കെയായിരുന്നു മൂലമ്പള്ളി പാക്കേജ്. 2008 ഈസ്റ്ററിനുമുമ്പ് പാക്കേജ് പ്രഖ്യാപിക്കുകയുംചെയ്തു.
പക്ഷേ, ഇങ്ങനെ കൊടുത്തത് പല സ്ഥലത്തായിട്ടായിരുന്നു. ഏറ്റവും കൂടുതല്‍ കൊടുത്തത് കാക്കനാട്ടില്‍. പക്ഷേ, അവിടം വീടുവയ്ക്കാന്‍ പറ്റാത്തവിധം ചതുപ്പുപ്രദേശമായതിനാല്‍, പതിനഞ്ചുവര്‍ഷം കഴിഞ്ഞിട്ടും 60-70 വീടുകള്‍ മാത്രമാണവിടുള്ളത്. ഇക്കാലയളവിനുള്ളില്‍ ഇതൊന്നും തിരക്കാന്‍ ആരും മൂലമ്പള്ളിയിലേക്ക് വന്നിട്ടില്ല. ഇവിടെ ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടത്, മൂലമ്പള്ളിയില്‍ കുടിയിറക്കപ്പെട്ടവരാരും നിയമലംഘനം നടത്തിയവരല്ല. ഇതല്ലാതെ വേറൊരിടത്തും ഒരു സെന്‍റ് ഭൂമിപോലും ഉള്ളവരുമല്ല. തലമുറതലമുറകളായി ഈ തുണ്ടുഭൂമിയില്‍ കഴിഞ്ഞുകൂടിയവരാണ്. എന്നിട്ടും അവരുടെ ന്യായമായ കാര്യങ്ങള്‍ പോലും കണ്ടില്ലെന്ന് നടിച്ചവര്‍തന്നെയാണ് മരടുപ്രശ്നം വന്നപ്പോള്‍ ചാടിയിറങ്ങുന്നത്. എന്ന് കരുതി മരടിലെ ഫ്ളാറ്റില്‍ നിന്നും ഒഴിയേണ്ടിവരുന്നവരെ തെരുവിലേക്ക് വലിച്ചെറിയുകയാണ് വേണ്ടതെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല. തീര്‍ച്ചയായും ഇവരെ പുനരധിവസിപ്പിക്കണം. പക്ഷേ, അത് ആരുടെ ചെലവില്‍ ആയിരിക്കണം? സംശയം വേണ്ട; അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെയും ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെയും ചെലവില്‍ വേണം അത് ചെയ്യാന്‍. കാരണം ഇതിനൊക്കെ പിറകില്‍ റിയല്‍ എസ്റ്റേറ്റ് ലോബിയെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO