പൊതുസമൂഹം സിസ്റ്റര്‍ ലൂസിക്ക് പിന്തുണ നല്‍കണം

    -ഷാഹിദാ കമാല്‍ (വനിതാ കമ്മീഷന്‍ അംഗം)     ? ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേസ് മറ്റൊരു വഴിത്തിരിവിലേക്കുകൂടി നീങ്ങുകയാണെന്നാണല്ലോ സിസ്റ്റര്‍ ലൂസിക്കെതിരായ സഭാനടപടികള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍റെ... Read More

 

 

-ഷാഹിദാ കമാല്‍

(വനിതാ കമ്മീഷന്‍ അംഗം)

 

 

? ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേസ് മറ്റൊരു വഴിത്തിരിവിലേക്കുകൂടി നീങ്ങുകയാണെന്നാണല്ലോ സിസ്റ്റര്‍ ലൂസിക്കെതിരായ സഭാനടപടികള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍റെ നിലപാടെന്താണ്? എന്ത് നടപടികള്‍ ഇതിനകം സ്വീകരിച്ചു?

 

 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട വിഷയത്തിന്‍റെ തുടക്കത്തില്‍തന്നെ വനിതാകമ്മീഷന്‍ അതിന്‍മേല്‍ കേസെടുത്തിട്ടുണ്ട്; ഇപ്പോള്‍ റിപ്പോര്‍ട്ട് ചോദിക്കുകയും വീഡിയോ പ്രസിദ്ധീകരിച്ച അച്ചനെതിരെയും കെസെടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം മുതല്‍ക്കേ ഈ വിഷയത്തില്‍ വനിതാകമ്മീഷന്‍ ശക്തമായിത്തന്നെ ഇടപ്പെടുന്നുണ്ട്.

പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ ഒരു പുരുഷമേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ട്. ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഇന്നും ആ മേല്‍ക്കോയ്മ നിലനില്‍ക്കുന്നു എന്നുള്ളതാണ് വാസ്തവം. എങ്കില്‍പ്പോലും പഴയ അവസ്ഥയില്‍നിന്നും ബഹുദൂരം നമ്മള്‍ മുന്നോട്ടുപോയിക്കഴിഞ്ഞു. ഉദാഹരണത്തിന്, ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ സ്ത്രീകളിലെ ആര്‍ത്തവം. എന്‍റെയൊക്കെ കുട്ടിക്കാലത്ത്, ഞാനോര്‍ക്കുന്നുണ്ട്, അന്ന് ഹൈന്ദവ സമുദായത്തില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ആ വീട്ടില്‍ താമസിക്കുവാന്‍ കഴിയില്ല. തൊട്ടടുത്ത് അതിനായി ഒരു മുറി കാണും.അവിടെയാണ് ആര്‍ത്തവവതികളായ സ്ത്രീകള്‍ ഏഴുദിവസം കഴിച്ചുകൂട്ടേണ്ടത്; പ്രസവിച്ചുകിടക്കേണ്ടതും അവിടെയാണ്. ഈ അടുത്തകാലത്ത് ഇടുക്കിയില്‍ ഒരു കോളനിയില്‍ അത് കണ്ടിട്ട്, മാറ്റാനാവശ്യപ്പെട്ടിരിക്കുകയാണ്. എന്നാലിപ്പോള്‍ ആ ആര്‍ത്തവമുറിയില്‍നിന്ന് സ്ത്രീകള്‍ മുറ്റത്തിറങ്ങി അവിടുന്ന് അവരുടെ വീട്ടിലേക്ക് കയറി, അടുക്കളയിലേക്കുകയറി, ബെഡ്റൂമിലേക്ക് കയറി ഇപ്പോള്‍ ഭര്‍ത്താവിനോടൊപ്പം ബഡ്ഡില്‍ ശയിക്കുന്നു.
ആ രീതിയില്‍ ആചാരങ്ങള്‍ പലതും മാറിയിട്ടുണ്ട്. അതൊക്കെ വിദ്യാഭ്യാസംകൊണ്ടും അറിവുകൊണ്ടുമൊക്കെയുണ്ടായിട്ടുള്ള കാലോചിതമായ മാറ്റങ്ങളാണ്. ഈവിധത്തിലുള്ള മാറ്റങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും പുരുഷ കേന്ദ്രീകൃത മേല്‍ക്കോയ്മ നമ്മുടെ മതങ്ങളില്‍നിന്ന് പൂര്‍ണ്ണമായും ഇല്ലാതായി എന്ന് പറയാനാവില്ല. കന്യാസ്ത്രീകളുടെ കാര്യംതന്നെ നോക്കാം. ഈ പുരുഷ മേല്‍ക്കോയ്മ വ്യവസ്ഥതിമൂലം നിശ്ശബ്ദരായി എല്ലാം സഹിച്ച് ജീവിക്കേണ്ട അവസ്ഥയിലായിരുന്നു ഇത്രകാലവും കന്യാസ്ത്രീകള്‍. എന്നാലിപ്പോള്‍ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും മറ്റുമുണ്ടായ മാറ്റങ്ങള്‍ കണ്ടിട്ടുമൊക്കെ സ്വാഭാവികമായും അവരിലും ചില വ്യതിയാനങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുകയാണ്. ഞാനൊരു വ്യക്തിയാണ്, ഏത് പേരു സ്വീകരിച്ചാലും ഏത് വേഷം ധരിച്ചാലും എനിക്കൊരു വ്യക്തിത്വമുണ്ട്, തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ എനിക്കവകാശമുണ്ട്…. എന്നെല്ലാമുള്ള ആര്‍ജ്ജവം അവരും കൈവരിച്ചിരിക്കുന്നു.
ഈ മാറ്റങ്ങള്‍ക്കൊക്കെ കാരണം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിയുമ്പോള്‍, അതിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് ക്രൈസ്തവമതം ആണെന്നുകൂടി നമ്മള്‍ തിരിച്ചറിയണം. നിഷേധിക്കാനാകാത്ത സത്യമാണത്. സഭകള്‍ വരികയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് കേരളം വിദ്യാസമ്പന്നമായത്. അപ്പോള്‍ ഒരു തലമുറയെ, ഒരു സമൂഹത്തെ, വിദ്യാസമ്പന്നരാക്കി അറിവിലേക്ക് നയിച്ച ആ സഭയില്‍തന്നെയാണ് ഇത് നടക്കുന്നതെന്ന് പറയുമ്പോഴാണ് നമ്മള്‍ അതിശയിച്ചുപോകുന്നത്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തിലും സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലുമൊക്കെ ഇന്ത്യയുടെ മുഖമായി ലോകത്തിനുമുമ്പില്‍ നാം ഉയര്‍ത്തിക്കാട്ടുന്ന കേരളത്തില്‍, വിപ്ലവകരമായ ആ മാറ്റങ്ങള്‍ക്കെല്ലാം കാരണമായ വിദ്യാഭ്യാസത്തിന്‍റെ പ്രാഥമികമായ അടിത്തറയിട്ടത് ക്രൈസ്തവ സമുദായമാണ്. ആ ക്രൈസ്തവസമുദായമാണ് ഇത്രയും വലിയ അപചയത്തിലേക്ക് മൂക്കുകുത്തുന്നത് എന്നുള്ളതാണ് ആ സമുദായവും സമൂഹവും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഞാന്‍ കാണുന്നത്.

 

ദൈവത്തിനായി സമര്‍പ്പിക്കപ്പെടുന്നവരാണ് കന്യാസ്ത്രീകള്‍. ഭൗതികവും ലൗകികവുമായ എല്ലാ സൗകര്യങ്ങളും സുഖങ്ങളും ത്യജിച്ചുകൊണ്ടാണ് ആത്മീയതയുടെ ഏറ്റവും പരമോന്നതമായ, കര്‍ത്താവിന്‍റെ മണവാട്ടികളായി സ്വയം സമര്‍പ്പിതരായി അവര്‍ പോകുന്നത്. അങ്ങനെ സ്വയം സമര്‍പ്പിതരായി പോകുമ്പോള്‍, അവരുടെ രോദനങ്ങളും ശബ്ദവും കേള്‍ക്കാന്‍ ഒരു കാലത്ത് ആരുമുണ്ടായിരുന്നില്ല. അവരെത്ര ഒച്ച വച്ചാലും ആ ഒച്ചയെല്ലാം ആ ഇരുണ്ട അറകകള്‍ക്കുള്ളില്‍തന്നെ നിലയ്ക്കുമായിരുന്നു. പക്ഷേ, ഇന്ന് ആ ശബ്ദം കേള്‍ക്കാന്‍ പുറത്ത് കാതുകളുണ്ട്; അവര്‍ക്കൊപ്പം പറയാന്‍ നാവുകളുണ്ട്. അതുകൊണ്ടാകാം ഒരുപക്ഷേ, അതെല്ലാം പുറത്തുവരുന്നത്. ഞാനിപ്പോഴും ഓര്‍ക്കുന്നു, സിസ്റ്റര്‍ ജെസ്മിയെ. അവര്‍ സഭയ്ക്ക് പുറത്തുവന്നപ്പോള്‍ വലിയ കോലാഹലമായിരുന്നു. അന്ന് അവരെയാണ് എല്ലാവരും തള്ളിപ്പറഞ്ഞത്. അന്ന് അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു സിസ്റ്ററെയും കണ്ടില്ല; ഒരു കന്യാസ്ത്രീയെയും കണ്ടില്ല; ഒരു സഭാംഗത്തെയും കണ്ടില്ല. മറ്റ് സമുദായത്തില്‍പ്പെട്ടവരുമില്ലായിരുന്നു. അതാണ് ഏറ്റവും വലിയ അതിശയം.അന്ന് അവരെ സഹായിക്കാന്‍ ഈ പറയുന്ന ഞാനുള്‍പ്പെടെ ആരുമുണ്ടായില്ല. അത് അവരുടെ സമുദായത്തിന്‍റെ കാര്യമാണ്, സഭയുടെ കാര്യമാണ് എന്ന് പറഞ്ഞ് കാഴ്ചക്കാരെപ്പോലെ മാറിനിന്നവരാണ് നമ്മള്‍ പൊതുസമൂഹം.

 

 

പിന്നെ സിസ്റ്റര്‍ അഭയ. സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതല്ല എന്ന് കണ്ടുപിടിച്ചുകഴിഞ്ഞു. അപ്പോള്‍ ആത്മഹത്യയല്ലെങ്കില്‍ കൊലപാതകമാകണം. കൊലപാതകമാണെങ്കില്‍, ഒരാള്‍ കൊലചെയ്യാതെ കൊലപാതകം ഉണ്ടാകില്ല അവിടെയും ഒരു വേര്‍തിരിവാണ് ഞാന്‍ കാണുന്നത്. മറിച്ച് ഒരച്ചനാണ് കൊലചെയ്യപ്പെട്ടിരുന്നതെങ്കില്‍ എത്രയോ പെട്ടെന്ന് അതു കണ്ടുപിടിച്ചേനെ. അപ്പോള്‍ അതിനകത്തുപോലും സ്ത്രീകള്‍ക്ക് നീതി കിട്ടുന്നില്ല. ഏറ്റവും അവസാനമായിട്ട് സിസ്റ്റര്‍ ലൂസി, സിസ്റ്റര്‍ അല്ല എന്നാണ് പറയുന്നത്. സഭയില്‍നിന്ന് പുറത്താക്കി എന്നാണ് പറയുന്നത്. അതുകൊണ്ട് അവരെ സിസ്റ്റര്‍ ലൂസി എന്ന് വിളിക്കില്ലത്രെ. ഞാന്‍ ചോദിക്കുന്നത് ഇതാണ്, അവര്‍ സഭയുടെ ചട്ടക്കൂട്ടില്‍നിന്ന് പുറത്തുവന്ന് സംസാരിച്ചു എന്നുള്ളതാണല്ലോ അവര്‍ക്കെതിരെ യുണ്ടായിട്ടുള്ള കുറ്റം. അല്ലാതെ നമ്മുടെ സംസ്ക്കാരംതന്നെ കുറ്റകരമായി കാണുന്ന പരപുരുഷ ബന്ധത്തിന്‍റെ പേരിലോ, മോഷണത്തിന്‍റെ പേരിലോ, മറ്റെന്തിന്‍റെയെങ്കിലും പേരിലോ അല്ല അവരെ സഭയില്‍ നിന്ന് പുറത്താക്കിയത്. ഞാന്‍ ചോദിക്കുന്നത് ഫ്രാങ്കോ എന്ന് പറയുന്ന ബിഷപ്പ് വലിയൊരു കുറ്റം ചെയ്ത്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ മുമ്പില്‍ കുറ്റാരോപിതനായി, ജയിലില്‍ പോയിട്ടൊക്കെ വന്നയാളാണ്. എന്നിട്ടും അദ്ദേഹം ഇപ്പോഴും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ്. അവിടെയാണ് രണ്ട് നീതി ഞാന്‍ കാണുന്നത്. ഒരു വ്യക്തി ഈ സഭയിലേക്ക് ചേരുമ്പോള്‍ വിശുദ്ധനായിട്ടാണ് പോകുന്നത്. പിന്നീട് അയാള്‍ മനുഷ്യനല്ല. മനുഷ്യരായാല്‍ തെറ്റുപറ്റും. ഇപ്പോള്‍ പോലീസുകാരും നമ്മളും തമ്മിലൊരു വ്യത്യാസമുണ്ട്.പോലീസിനെ അച്ചടക്കമുള്ള സേനയായിട്ടാണ് നമ്മള്‍ കാണുന്നത്. അതിന് കാരണം അവര്‍ക്ക് കിട്ടുന്ന ട്രെയിനിംഗാണ്. നമ്മള്‍ പെട്ടെന്ന് പ്രതികരിക്കുന്നതുപോലെ അവര്‍ പ്രതികരിക്കില്ല. കാരണം അതാണവരുടെ ട്രെയിനിംഗ് എന്നുപറയുന്നത് അതുപോലെ ഇവര്‍ ദൈവത്തിനായി സമര്‍പ്പിക്കപ്പെടുമ്പോള്‍ എത്രയോ വര്‍ഷത്തെ ക്ലാസുകളും പരിശീലനങ്ങളും കഴിഞ്ഞിരിക്കും. മനസ്സ് തിരിഞ്ഞുപോകുമോ എന്നൊക്കെയുള്ള പരീക്ഷണങ്ങളുമൊക്കെയുള്ള സമയമുണ്ട്. അതെല്ലാം കഴിഞ്ഞ് പൂര്‍ണ്ണമായിട്ടും സമര്‍പ്പിക്കപ്പെട്ടിട്ടാണ് അവിടെ പോകുന്നത്. അങ്ങനെ പോകുമ്പോള്‍ അവര്‍ക്കൊരു ആത്മനിയന്ത്രണമുണ്ടാകും. സാധാരണ ഗതിയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുമ്പോള്‍ ഒരു പുരുഷന്‍ നോക്കും. കാരണം അവന്‍ അത്രയ്ക്കേയുള്ളു. പക്ഷേ, ആത്മനിയന്ത്രണത്തിനും സന്യാസത്തിനുമൊക്കെ പോയിട്ട് നമ്മള്‍ വരുമ്പോഴും സ്വയം നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍? അതാണ് സംഭവിക്കുന്നത്.

ക്രിസ്തുമതക്കാര്‍ സാധാരണ കുറ്റങ്ങള്‍ ചെയ്തിട്ട് കുമ്പസാരിക്കാന്‍ പോകും. ചെയ്ത കുറ്റങ്ങള്‍ മുഴുവന്‍ അച്ചനോട് കുമ്പസരിക്കണമെന്നാണ് പറയുന്നത്. ആ കുമ്പസാരരഹസ്യം വച്ചിട്ട് ബ്ലാക്ക്മെയില്‍ ചെയ്താല്‍ അവരേയും അച്ചനെന്നു വിളിക്കേണ്ടിവരുന്ന ഗതികേടിനെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. ആ കുമ്പസാരരഹസ്യത്തിന്‍റെ പേരില്‍ ഒരു സ്ത്രീയെ ചൂഷണം ചെയ്ത്, ബ്ലാക്ക് മെയില്‍ ചെയ്ത് നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്നു. എന്നിട്ടും അവര്‍ക്കൊന്നും അച്ചന്‍ പട്ടം പോയിട്ടില്ല.

ഇനി വയനാട്ടിലെ ഒരു പോക്സോ കേസിന്‍റെ കാര്യം നോക്കാം. ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഏറ്റവും വലിയ ക്രൂരത, സ്വന്തം പിതാവാണ് നിന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് പറയണമെന്ന് ആ പിഞ്ചുകുഞ്ഞിനെ കള്ളംപറഞ്ഞ് പഠിപ്പിക്കുകയും ചെയ്തു. എന്നുമാത്രമല്ല ആ കുറ്റം ആ പിതാവിനെക്കൊണ്ട് ഏറ്റെടുപ്പിക്കുകയുംചെയ്തു. ളോഹയിട്ടുകൊണ്ട് ഇത്രയും വലിയ ക്രൂരതയൊക്കെ എങ്ങനെ ചെയ്യാന്‍ പറ്റും. സാധാരണ മനുഷ്യന്‍പോലും ചെയ്യാത്ത ക്രൂരതയല്ലേ ഇത്. സ്വന്തം മകളെ ഗര്‍ഭിണിയാക്കിയത് താനാണെന്ന് ഒരു പിതാവന് പറയേണ്ടിവരുന്ന നിസ്സഹായാവസ്ഥയുടെയും ഗതികേടിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പര്യായമല്ലേ ഇത്. അവിടെയാണ് ഇവരുടെയൊക്കെ ചൂഷണം. നിസ്സഹായാവസ്ഥ, ദാരിദ്ര്യം, ഗതികേട് അതിനെയൊക്കെയാണ് ഇവര്‍ ചൂഷണംചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങനൊരു ചൂഷണം എന്ന് ചോദിച്ചാല്‍, സഭകളില്‍ കുമിഞ്ഞുകൂടുന്ന സമ്പത്താണ് ഒരു പ്രധാന കാരണം എന്ന് പറയേണ്ടിവരും. ഫ്രാങ്കോമുളയ്ക്കലിനൊക്കെ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നാണ് കേള്‍ക്കുന്നത്. സ്വന്തം സമുദായത്തില്‍പ്പെട്ട നിരപരാധികളും നിസ്സഹായരും, വിശപ്പിന്‍റെ വിളികൊണ്ട് ചെല്ലുന്നവരുമായ പാവം പെണ്‍കുട്ടികളുടെ ശരീരം ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് സഭ എത്തിനില്‍ക്കുന്നു. അവരിന്നും അച്ചനായി തുടരുന്നു. അതേസമയം സമാധാനത്തിന്‍റെ എല്ലാ നിയന്ത്രണച്ചരടുകളും പൊട്ടിയപ്പോള്‍ ചില സത്യങ്ങള്‍ തുറന്നുപറഞ്ഞ് അനുസരണക്കേട് കാട്ടിയ സിസ്റ്റര്‍ ലൂസി, ലൂസിടീച്ചര്‍ മാത്രമായി മാറുന്നു. അവിടെയാണ് പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നത്.
അതുകൊണ്ട്, വനിതാകമ്മീഷനെ സംബന്ധിച്ചിടത്തോളം ഫ്രാങ്കോ മുളയ്ക്കലിന്‍റെ കേസ് വന്ന അന്നുതന്നെ ഞങ്ങള്‍ ഈ കന്യാസ്ത്രീകള്‍ക്കൊപ്പമാണ്.

? കേവലം കേസിനും ശിക്ഷയ്ക്കും അപ്പുറം ഇതിനൊക്കെ ഒരു പരിഹാരം എന്താണ്.

 

തീര്‍ച്ചയായും ഇതുമാറണം, ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. എല്ലാ സമുദായങ്ങളിലും ഒരു നവീകരണമുണ്ടാകണം. ഹിന്ദുസമുദായത്തിലും മുസ്ലീം സമുദായത്തിലും അധികം സ്ത്രീകള്‍ ആത്മീയ മേഖലകളിലേക്ക് വരുന്നില്ല. ഹിന്ദുക്കളില്‍ ഒറ്റപ്പെട്ട നിലയില്‍ മഠങ്ങളിലും മറ്റും സന്യാസിനിമാരായി പോകാറുണ്ടെങ്കിലും മുസ്ലീം സമുദായത്തില്‍ ഒട്ടുംതന്നെയില്ല. പിന്നെ, ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മീയതയിലേക്ക് കടന്നുവരുന്നത് ക്രിസ്ത്യന്‍ സമുദായത്തിലാണ്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അവിടെ ഒരു പൊളിച്ചെഴുത്താവശ്യമാണ്. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പുറത്തുവന്നാല്‍ വലിയ ഞെട്ടലുണ്ടാകും എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. സഭയ്ക്കകത്ത് പല രീതിയിലുള്ള ചൂഷണങ്ങളാണ് നടക്കുന്നത്, ക്രൂരതകളാണ് നടക്കുന്നത്.
ഇവിടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍കൂടി പറയേണ്ടതുണ്ട്. ചില മാതാപിതാക്കള്‍ കുട്ടികള്‍ ജനിക്കുമ്പോള്‍തന്നെ അച്ചനാക്കിയേക്കാം, കന്യാസ്ത്രീയാക്കിയേക്കാം എന്നൊക്കെ നേര്‍ച്ച നേരും. എന്തിനുവേണ്ടി. തീര്‍ച്ചയായും എന്‍റെ കുടുംബത്തില്‍ അച്ചനുണ്ടെന്നുപറയുവാനും സോഷ്യല്‍ സ്റ്റാറ്റസിനുവേണ്ടിയുമാണ്. അത് തെറ്റാണ്. ആ കാഴ്ചപ്പാട് മാറണം. പണ്ട് ഒരു കുടുംബത്തില്‍നിന്ന് ഒരച്ചനുണ്ടായാല്‍ അതൊരു സോഷ്യല്‍ സ്റ്റാറ്റസുതന്നെയായിരുന്നു. അതേസമയം, അന്നൊക്കെ ആ വീട്ടില്‍ പത്തും പന്ത്രണ്ടും മക്കളുണ്ടായിരുന്നുവെന്നും, അവര്‍ക്കൊക്കെയും ഭക്ഷണം കൊടുക്കാനും പഠിപ്പിക്കാനും നിവൃത്തിയില്ലാത്തതിനാല്‍ ഒന്നോ രണ്ടോപേരെ അച്ചനോ, കന്യാസ്ത്രീയോ ഒക്കെ ആക്കാന്‍ വിട്ടിരുന്നു എന്ന ഒരു വശവുമുണ്ട്. അത് ഒരു ഘട്ടം. രണ്ടാമത്തേത് നോക്കാം. അച്ചന്‍റെ കുടുംബം എന്നേ പറയൂ. ഇന്ന് സിസ്റ്ററിന്‍റെ കുടുംബം എന്ന് പറയാറില്ലെന്നറിയണം. ഇതുപക്ഷേ, മക്കളുടെ ഇഷ്ടാനിഷ്ടത്തിന് വിലകല്‍പ്പിക്കാറുള്ള, അല്ലെങ്കില്‍ അവരുടെ സമ്മതമില്ലാതുള്ള രക്ഷകര്‍ത്താക്കളുടെ ഏകപക്ഷീയ തീരുമാനമാണ്. അത് പാടില്ല. സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തരാകുംവരെ അവരെ പഠിപ്പിക്കുക. പ്രാപ്തരാകുമ്പോള്‍ അവനോ അവളോ പറയട്ടെ, തനിക്ക് അച്ചനാകണം അല്ലെങ്കില്‍ കന്യാസ്ത്രീയാകണം എന്ന്. അങ്ങനെ തീരുമാനമെടുക്കാനനുവദിക്കാതെ, അടിച്ചേല്‍പ്പിക്കുന്നതിന്‍റെ ഏറ്റവും വലിയ ദുരന്തമാണ് നമ്മളിന്ന് കാണുന്ന, കാര്യങ്ങള്‍. ഒരിക്കലും നമ്മള്‍ കേള്‍ക്കാനാഗ്രഹിക്കാത്ത കാണാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍.
പിന്നെ ഈ കാലഘട്ടത്തില്‍ സ്വയം നിയന്ത്രിക്കാനാകാത്തതിന്‍റെ പ്രശ്നങ്ങള്‍ എല്ലാ സമുദായങ്ങളിലേയും മതപുരോഹിതന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. ക്രിസ്ത്യന്‍ സമുദായത്തില്‍ മാത്രമല്ല മതപാഠശാലകളില്‍ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന എത്രയോ മുസലിയാര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വലിയ മതപ്രഭാഷണം നടത്തുന്ന ഒരാളെയല്ലെ നെടുമങ്ങാട്ടുനിന്ന് ഒരു കൊച്ചുകുട്ടിയുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പിടിച്ചുകൊടുത്തത്. അപ്പോള്‍ എല്ലാ മതങ്ങളിലേയും മത പുരോഹിതന്മാര്‍ ഇത്തരത്തില്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിലാണെങ്കില്‍ ഒന്നിലധികം വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും വഴിതെറ്റിപ്പോകുന്നു. ഇതില്‍ നിന്നൊക്കെ നമ്മള്‍ മനസ്സിലാക്കേണ്ട ഏറ്റവും വലിയ സന്ദേശമെന്താണ്? നമ്മളെ നന്നാക്കുന്ന, നമ്മളെ ഉപദേശിക്കുന്ന, തെറ്റ് ചെയ്താല്‍ ദൈവം നിങ്ങളെ ശിക്ഷിക്കും എന്നുപറഞ്ഞ് നമ്മളെ പഠിപ്പിക്കുന്ന ഇക്കൂട്ടര്‍ കാണിക്കുന്ന ഈ കൊള്ളരുതായ്മകള്‍ കാണുമ്പോള്‍ ദൈവം ആദ്യം ശിക്ഷിക്കേണ്ടതും അവരെയായിരിക്കണം.

ഞാനൊരു ദൈവവിശ്വാസിയാണ്. ഈ പ്രപഞ്ചത്തില്‍ ഒരു അദൃശ്യശക്തി ഉണ്ടെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പല മതങ്ങളുടെയും അകത്തളങ്ങളില്‍ നിന്നും, ഇക്കാലമത്രയും അടക്കിവച്ചിരുന്ന നൊമ്പരങ്ങള്‍ വിളിച്ചുപറയലായി പുറത്തുവരുമ്പോള്‍ ആ ശക്തി പ്രവര്‍ത്തിച്ചുതുടങ്ങി എന്നാണ് തോന്നുന്നത്.
ഈ സാഹചര്യത്തില്‍ എനിക്ക് രക്ഷകര്‍ത്താക്കളോട് പറയാനുള്ളത്, മക്കളെ സഭകളിലേക്ക് വിടുന്നതിനുമുമ്പ് മാതാപിതാക്കള്‍ ഒന്നുകൂടി ആലോചിക്കണം. അവര്‍ക്ക് പാകതയും പക്വതയും പ്രായപൂര്‍ത്തിയുമായശേഷം അവര്‍ സ്വയം തീരുമാനിക്കട്ടെ, ആത്മീയതയുടെ വഴി തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന്. ഒരിക്കലും മാതാപിതാക്കളായി അവരെ നിര്‍ബന്ധിക്കരുത്. അങ്ങനെ സ്വയം തീരുമാനിച്ച് ചെല്ലുമ്പോള്‍ ആ ചെല്ലുന്ന സ്ഥലം, അവര്‍ എല്ലാം ഉപേക്ഷിച്ചിട്ടാണ് അവിടെ ചെല്ലുന്നത്. അവിടെ അവരുടെ ശരീരം, മനസ്സ്, അന്തസ്സ് ഒന്നും കളങ്കപ്പെടാന്‍ പാടില്ല. എന്നാല്‍ കള്ളനെ കാവലേല്‍പ്പിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥയ. പല കന്യാസ്ത്രീകളും മഠങ്ങള്‍ക്കുള്ളില്‍ പലവിധ ചൂഷണങ്ങള്‍ക്കും വിധേയരാകുന്നു. ചിലര്‍ നിശബ്ദരാകുന്നു; ചിലരെ നിശ്ശബ്തരാക്കുന്നു. അവരുടെ ഒച്ചയ്ക്ക് ശബ്ദമില്ലാതെ പോകുന്നു.

അവര്‍ക്ക് ശബ്ദമുണ്ടാകണമെങ്കില്‍ സിസ്റ്റര്‍ ലൂസിക്ക് പൊതുസമൂഹം പിന്‍തുണ കൊടുക്കണമെന്നാണ് ഞാന്‍ പറയുന്നത്. മുമ്പ് സിസ്റ്റര്‍ ജെസ്മിക്ക് കൊടുക്കാന്‍ വിട്ടുപോയ പിന്‍തുണ ലൂസിക്ക് നല്‍കണം. കാരണം അന്ന് ജെസ്മിക്ക് പിന്തുണ കൊടുത്തിരുന്നുവെങ്കില്‍ ഇന്ന് ലൂസിയുണ്ടാകുമായിരുന്നില്ല. ഇന്ന്, ലൂസിക്ക് പിന്തുണ കൊടുത്തില്ലെങ്കില്‍ ഇനിയും ആരെങ്കിലുമൊക്കെയുണ്ടായി എന്നുവരും. അതുണ്ടാകാതിരിക്കാന്‍ സിസ്റ്റര്‍ ലൂസിക്ക് പിന്തുണ നല്‍കണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO