രാമുകാര്യാട്ട് കണ്ടെത്തിയ മിനിക്കോയി ദ്വീപിലെ പവിഴമുത്ത് I am not very comfortable now -ജോസ്

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളും തൊണ്ണൂറുകളുമൊക്കെ മലയാളസിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിട്ടാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ച ഒട്ടനവധി നല്ല സിനിമകള്‍ അന്ന് മലയാളത്തിലുണ്ടായി. ദേശീയ- അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ പലവട്ടം മലയാളസിനിമയെ തഴുകിത്തലോടിയ കാലഘട്ടം... Read More

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളും തൊണ്ണൂറുകളുമൊക്കെ മലയാളസിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിട്ടാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ച ഒട്ടനവധി നല്ല സിനിമകള്‍ അന്ന് മലയാളത്തിലുണ്ടായി. ദേശീയ- അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ പലവട്ടം മലയാളസിനിമയെ തഴുകിത്തലോടിയ കാലഘട്ടം കൂടിയായിരുന്നു അത്. ഇന്നത്തെപ്പോലെ അമ്മയും ഫെഫ്കയുമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, സുരക്ഷിതത്വത്തിന്‍റെ ഒരു അദൃശ്യവലയം മലയാളസിനിമയില്‍ നിലനിന്നിരുന്നു. ശരിക്കുപറഞ്ഞാല്‍ ഒരു കുടുംബാന്തരീക്ഷമായിരുന്നു മേഖലയിലുടനീളം നിലനിന്നിരുന്നത്;

 

ഒരു കൂട്ടുകുടുംബം. ആ കുടുംബത്തിലെ ഒരു നിറവാര്‍ന്ന വ്യക്തിത്വമായിരുന്നു ജോസ്. രാമുകാര്യാട്ട് എന്ന അതുല്യപ്രതിഭ ‘ദ്വീപ്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയ്ക്ക് സംഭാവനചെയ്ത ജോസ് എന്ന നടന്‍ തുടര്‍ന്ന് എണ്ണം പറഞ്ഞ എണ്‍പത്തഞ്ചോളം സിനിമകളില്‍ നായകവേഷം കൈകാര്യം ചെയ്തെങ്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ പൊടുന്നനെ ഒരുനാള്‍ ചലച്ചിത്രരംഗത്തോട് വിടപറയുകയായിരുന്നു. പിന്നീട് ഏറെക്കാലം ജോസ് എന്ന പഴയകാല നായകനടനെപ്പറ്റി ആരും ഒന്നും അറിഞ്ഞില്ല. എന്നാല്‍ കനല്‍, പാപ്പന്‍ പറഞ്ഞതും വര്‍ക്കി പറഞ്ഞതും, ഹാംഗ് ഓവര്‍ എന്നീ സിനിമകളിലൂടെ സിനിമയിലേക്ക് തിരിച്ചുവന്ന ജോസ്, സിനിമാമേഖല ആവശ്യപ്പെട്ടാല്‍ കാലുറപ്പിക്കുവാനുള്ള തീരുമാനത്തിലാണ്.

 

 

ഒരു കാലത്ത് മലയാളസിനിമയിലെ നിറസാന്നിദ്ധ്യമായിരുന്നല്ലോ താങ്കള്‍. സിനിമയിലേക്കുള്ള ആ വരവ് എങ്ങനെയായിരുന്നു?

 

ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ എറണാകുളത്താണ്. അച്ഛന്‍ എം.എസ്. കുര്യന്‍ ഹൈക്കോടതിയില്‍ ലോയറായിരുന്നു. ദല്‍ഹി സ്വദേശിയായ അമ്മ വീട്ടില്‍ പറഞ്ഞിരുന്നത് ഹിന്ദിയായിരുന്നതിനാല്‍ ഒരു പരിധിവരെ അതുതന്നെയായിരുന്നു ഞങ്ങളുടെയും സംസാരഭാഷ. ശരിക്കും പറഞ്ഞാല്‍ മലയാളം കേള്‍ക്കുന്നതും സംസാരിക്കുന്നതുമെല്ലാം സെന്‍റ് ആല്‍ബര്‍ട്സില്‍ പഠിക്കാന്‍ തുടങ്ങിയശേഷമാണ്. ഞങ്ങള്‍ മക്കള്‍ മൊത്തം ആറുപേരാണ്. നാല് ആണും രണ്ട് പെണ്ണും. അതില്‍ നാലാമനാണ് ഞാന്‍. എന്‍റെ മൂത്തജ്യേഷ്ഠന്‍ ബാബു പ്രശസ്തനായ ഫ്രീലാന്‍ഡ്സ് ഫോട്ടോഗ്രാഫറായിരുന്നു. അക്കാലത്തെ ഏറ്റവും പ്രശസ്തമായ ക്യാമറകളുടെ വലിയൊരു ശേഖരത്തിന്‍റെ ഉടമ കൂടിയായിരുന്നു അദ്ദേഹം. അതുകാണുന്നതുപോലും എനിക്ക് വലിയ ഹരമായിരുന്നെങ്കിലും അതിലൊന്ന് തൊടാന്‍പോലും ജ്യേഷ്ഠന്‍ സമ്മതിച്ചിരുന്നില്ല. ഞാന്‍ തൊട്ടാല്‍ ക്യാമറ തുറക്കുമെന്നും ലൈറ്റ് കയറുമെന്നും എക്സ്പോസ് ആകുമെന്നുമൊക്കെ പറഞ്ഞ് വഴക്കുപറയുകയും അടിക്കുകയും ചെയ്യുമായിരുന്നു. എന്നുമാത്രമല്ല, എന്നെ കണ്ടാലുടന്‍ ക്യാമറായ്ക്കും ലെന്‍സിനും മുകളില്‍ ഫില്‍റ്ററിടുമായിരുന്നു. കാരണം ലെന്‍സില്‍ തൊട്ടാല്‍ എടുക്കുന്ന എല്ലാ പിക്ചറിലും ഫിംഗര്‍ പ്രിന്‍റ് വരുമത്രെ. അതിനതിന് ഒക്കെ എന്താണെന്നറിയുവാനുള്ള എന്‍റെ താല്‍പ്പര്യം കൂടിക്കൂടി വന്നു.

 

പിന്നെ പിന്നെ, വര്‍ക്കിന് പോകുമ്പോള്‍ മൂന്നുനാല് ക്യാമറകള്‍ കൊണ്ടുപോകേണ്ടതുകൊണ്ട് എന്നെക്കൂടെ കൊണ്ടുപോകാന്‍ തുടങ്ങി. അങ്ങനെ കല്യാണങ്ങള്‍, സ്റ്റാര്‍ നൈറ്റ് ഷോ, ഫിലിം ഫെസ്റ്റിവല്‍ എന്നിവയ്ക്കൊക്കെ പോകുമ്പോള്‍ എന്നെയും കൂട്ടിത്തുടങ്ങി. അന്ന് ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുകയാണ്. അതിനിടെ ഫിലിം ലോഡ് ചെയ്യാനും പയ്യെപ്പയ്യെ സ്നാപ് എടുക്കാനും പഠിച്ചു. എങ്കിലും എന്നെക്കൊണ്ട് പടം എടുപ്പിച്ചിരുന്നില്ല. അതിന് പിന്നെയും ഒന്നുരണ്ടുവര്‍ഷം കഴിയേണ്ടി വന്നു. ആദ്യമാദ്യം, ഒരു കല്യാണത്തിന് പടമെടുക്കാന്‍ പോയാല്‍ പെണ്ണും ചെറുക്കനും വരുന്ന പടം, അവരിരുവരുടേയും ബന്ധുക്കളുടെ പടം (ഈ ബന്ധുക്കളെ നേരത്തെ ചോദിച്ച് മനസ്സിലാക്കി വച്ചിരിക്കണം), കല്യാണത്തിന് വന്ന വി.ഐ.പികളുടെ പടം എന്നിവയൊക്കെ എടുക്കാന്‍ പറഞ്ഞുപഠിപ്പിച്ചു. പിന്നെ കല്യാണവര്‍ക്കുകള്‍ സ്വതന്ത്രമായി ഏല്‍പ്പിക്കുവാന്‍ തുടങ്ങി. കല്യാണം കഴിയുമ്പോള്‍ ആയിരവും രണ്ടായിരവുമൊക്കെ തരാനും തുടങ്ങി. എന്നിട്ട് അദ്ദേഹം തന്നെ പറയും ‘ആ പൈസ നിന്‍റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കൂ…’ എന്ന്.

 

അങ്ങനിരിക്കെ ഒരിക്കല്‍ പ്രസിഡന്‍റിന്‍റെ സ്വര്‍ണ്ണമെഡല്‍ നേടിയ ചെമ്മീന്‍ എന്ന സിനിമയുടെ സംവിധായകന്‍ രാമുകാര്യാട്ടിന് സ്വീകരണം നല്‍കുന്ന ഒരു പരിപാടിയുടെ പടമെടുക്കാന്‍ പോയപ്പോള്‍ ജ്യേഷ്ഠന്‍ എന്നെക്കൂടി വിളിച്ചു. ചെമ്മീന്‍ സിനിമ കണ്ടിട്ടുള്ള എനിക്ക് അതിന്‍റെ സംവിധായകനെ കാണാന്‍ കഴിയുന്നതില്‍ വലിയ സന്തോഷം തോന്നി. ഞാന്‍ ചാടി വീണു. അന്നെനിക്ക് 20-21 വയസ്സുകാണും. ഏതായാലും പ്രോഗ്രാമിനിടെ ആളെ കാണിച്ചുതരികയും പരിചയപ്പെടുത്തുകയും ചെയ്തു. സത്യം പറഞ്ഞാല്‍ അദ്ദേഹം വല്ലതും ചോദിച്ചാല്‍ എന്ത് പറയുമെന്ന് ചിന്തിച്ച് എനിക്ക് ഭയമായി. എങ്കിലും, അഥവാ അദ്ദേഹം വല്ലതും ചോദിച്ചാല്‍, ഒരു ഫിലിം ക്യാമറാമാന്‍ ആവുകയാണ് താല്‍പ്പര്യം എന്നുപറയണമെന്ന് ചിന്തിച്ചുറപ്പിച്ചു. ജ്യേഷ്ഠനോടൊപ്പം ക്യാമറയും തൂക്കി നടന്നുനടന്ന് അങ്ങനൊരാഗ്രഹം ഉണ്ടായിരുന്നു താനും.

 

അതല്ലാതെ അഭിനയചിന്ത മനസ്സിലുണ്ടായിരുന്നില്ലേ?

 

ഇല്ലായിരുന്നു. ഒരിക്കലും ഒരു നടനാവുക എന്ന താല്‍പ്പര്യം എനിക്കുണ്ടായിരുന്നില്ല. ഒരു സ്ക്കൂള്‍ നാടകത്തില്‍പോലും അഭിനയിച്ച അനുഭവമില്ലാത്തവന്‍ അങ്ങനെ ചിന്തിക്കില്ലല്ലോ.

 

പിന്നെങ്ങനെ അത് സംഭവിച്ചു?

 

ശരിയാണ്. അത് സംഭവിക്കുകയായിരുന്നു. രാമുകാര്യാട്ട് സാറാണ് കാരണക്കാരന്‍. അതുപറയാം. പ്രോഗ്രാമിനിടെ ജ്യേഷ്ഠന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍, ഞാന്‍ ചിന്തിച്ചിരുന്നതുപോലെ അദ്ദേഹം ആ ചോദ്യം ചോദിച്ചു. എന്താണ് താല്‍പ്പര്യം? സിനിമാട്ടോഗ്രാഫിയിലുള്ള താല്‍പ്പര്യം ഞാന്‍ സൂചിപ്പിച്ചു. അപ്പോള്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും, മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സിനെക്കുറിച്ചുമൊക്കെ പറഞ്ഞിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ ബി.ടി.എച്ചിലാണ് താമസം. നാളെ രാവിലെ ഒമ്പത് മണിക്ക് അവിടെ വന്ന് എന്നെ കാണൂ. അതിന്‍പ്രകാരം പിറ്റേന്ന് രാവിലെ ബി.ടി.എച്ചിലെത്തി അദ്ദേഹത്തെ കണ്ടു. അപ്പോള്‍ മദ്രാസില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ നിയന്ത്രണത്തിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റി പറഞ്ഞു, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്തരായ സിനിമാനിര്‍മ്മാതാക്കളും സംവിധായകരും സ്പോണ്‍സര്‍ ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് അതെന്നും അവിടെ രണ്ടുവര്‍ഷത്തെ അഭിനയകോഴ്സുണ്ടെന്നും അതിന് ചേരാനും പറഞ്ഞു.

 

അതുകൊണ്ടുള്ള ഗുണം, അഭിനയം പഠിക്കാമെന്നുമാത്രമല്ല ഇവിടങ്ങളിലെ സിനിമാനിര്‍മ്മാതാക്കളെയും സംവിധായകരേയും നടന്മാരേയുമൊക്കെ കാണുവാനും പരിചയപ്പെടുവാനും അവസരം കിട്ടുമെന്നുള്ളതാണെന്നുമൊക്കെ വിശദമായി തന്നെ അദ്ദേഹം പറഞ്ഞു. So you join for acting course  എന്നുകൂടി പറഞ്ഞപ്പോള്‍, എന്‍റെ വഴി തുറന്നുകിട്ടിയതുപോലെ തോന്നി. മാതൃഭൂമിയിലും മനോരമയിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വരുമെന്നും, അപ്പോള്‍ അപേക്ഷ അയയ്ക്കണമെന്നുകൂടി പറഞ്ഞിട്ടാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. അതിന്‍പ്രകാരം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നപ്പോള്‍ ഞാനപേക്ഷിച്ചു; ഇന്‍റര്‍വ്യൂവിന് വിളിക്കുകയും ചെയ്തു. ഇന്‍റര്‍വ്യൂവിനായി കാത്തിരിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. പി.എന്‍. മേനോന്‍, കെ.എസ്. സേതുമാധവന്‍, തമിഴിലേയും തെലുങ്കിലേയും വലിയ സ്റ്റുഡിയോ ഉടമകള്‍ എന്നിവരാണ് ഇന്‍റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ എന്ന്. അതുകേട്ടതോടെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇന്‍റര്‍വ്യൂവിന് ചെല്ലുമ്പോള്‍ പെര്‍ഫോം ചെയ്തുകാണിക്കുവാനായി അയച്ചുതന്നിരുന്ന സ്ക്രിപ്റ്റ് അപ്പാടെ മറന്നുപോകുന്നതുപോലെ.

 

ഏതായാലും എന്‍റെ പേര് വിളിച്ചപ്പോള്‍ ധൈര്യം സംഭരിച്ച് അകത്തുകയറി. നോക്കുമ്പോള്‍ ആറേഴുപേര്‍ ഇരിപ്പുണ്ട്; സേതുമാധവനും നാഗറെഡ്ഡിയും മറ്റും. അവര്‍ക്ക് നടുവില്‍ കാര്യാട്ട് സാറിനെ കണ്ടപ്പോള്‍ ശ്വാസം നേരെ വീണു. ആത്മവിശ്വാസമായി. തുടര്‍ന്ന് അയച്ചുതന്നിരുന്ന സ്ക്രിപ്റ്റ് ചെയ്തുകഴിഞ്ഞപ്പോള്‍, പേഴ്സണലായി എന്തെങ്കിലും ഉണ്ടോ എന്നുചോദിച്ചു. ധര്‍മ്മേന്ദ്രയുടെ ‘യാദോന്‍ കി ഭാരത്’ എന്ന ഹിന്ദി സിനിമയിലെ ഒരു സ്റ്റേജ് ഷോ ചെയ്തു.

 

നാട്ടില്‍ വന്ന് 6 മാസം കഴിഞ്ഞപ്പോള്‍ അഡ്മിഷന്‍ കിട്ടി. അങ്ങനെ സിനിമാഭിനയം പഠിക്കുവാനായി മദ്രാസിലേക്ക് തിരിച്ചു. അവിടെ ചെന്ന് പരിചയപ്പെട്ട ആദ്യബാച്ച്മേറ്റ് ഇന്നത്തെ നടനും, സംവിധായകനും, തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസനാണ്. പിന്നെ, പാലക്കാട്ടുനിന്നുള്ള ഒരു ലേഡിയുണ്ടായിരുന്നു. അവരേതോ സിനിമയിലൊക്കെ അഭിനയിച്ചിട്ട് ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലിയായി ബോംബെയിലാണെന്നറിഞ്ഞു. അമേരിക്കയില്‍ നിന്നുവന്ന ആന്ധ്രാപ്രദേശുകാരനായ ഒരു തിയേറ്റര്‍ ജീനിയസ് രാംദാസ് ആയിരുന്നു പ്രിന്‍സിപ്പല്‍. ക്ലാസ്സെടുക്കാന്‍ പലപ്പോഴും പൂനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാക്കല്‍റ്റിമാര്‍ വരുമായിരുന്നു. ഒരിക്കല്‍ കെ.ജി. ജോര്‍ജ്ജ് വന്നു. പിന്നൊരിക്കല്‍ ലക്ഷ്മിയും മോഹനും വന്നു. അങ്ങനെ എപ്പോഴും ആളാണ്. പിന്നൊരിക്കല്‍ എം.ജി.ആര്‍ വന്നു. അവിടെത്തന്നെ തിയേറ്ററുണ്ട്. അവിടെയാണ് സെന്‍സറിംഗ്. അതിനാല്‍ പ്രിവ്യൂ കാണാനുള്ള അവസരവും പ്രമുഖനിര്‍മ്മാതാക്കളേയും സംവിധായകരേയുമൊക്കെ കാണുവാനും പരിചയപ്പെടാനും കഴിഞ്ഞിട്ടുണ്ട്.

 

അവിടുന്നിറങ്ങിയശേഷമായിരുന്നോ ആദ്യസിനിമ?

 

അല്ല. രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്. ഒരു ദിവസം ഒരു സ്റ്റാഫ് വന്നുപറഞ്ഞു, പ്രിന്‍സിപ്പലിന്‍റെ റൂമിലേക്ക് വിളിക്കുന്നു എന്ന്. ഞാന്‍ പേടിച്ചുപോയി. ഫീസ് വല്ലതും കൊടുക്കാനുണ്ടോ എന്ന ചിന്തയാണ് ഒരു കൊള്ളിയാന്‍ പോലെ ആദ്യം ഉണ്ടായത്. അങ്ങനെയാണെങ്കില്‍ കയ്യില്‍ കാശുമില്ലല്ലോ എന്നുള്ള പേടിയോടെയാണ് അദ്ദേഹത്തിന്‍റെ മുറിയിലേക്ക് കയറിയത്. എന്നെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു, Mr.Jose you have a phone call from Ramucarriat.

 

അപ്പോള്‍ അതിലും വലിയ പേടിയായി. ഞാന്‍ ചെന്ന് ഫോണെടുത്തു. ‘സാര്‍… ഞാന്‍.. ജോസ്…’ എന്നുപറഞ്ഞപ്പോള്‍, കയ്യില്‍ കടലാസും പേനയുമുണ്ടോ എന്നു ചോദിച്ചു. ‘എടുക്കാം സാര്‍’ എന്നുപറഞ്ഞിട്ട് പ്രിന്‍സിപ്പലിന്‍റെ കയ്യില്‍നിന്ന് പേനയും ഒരു ഷീറ്റ് പേപ്പറും വാങ്ങി. ‘എടുത്തു സാര്‍…’ എന്നുപറഞ്ഞപ്പോള്‍, ഒരു ഹോട്ടലിന്‍റെ പേരുപറഞ്ഞിട്ട് ഇത്ര മണിക്ക് എന്നെ വന്നു കാണൂ എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. ഓകെ സാര്‍. വരാം സാര്‍… എന്നു പറയാനല്ലാതെ ഭയം മൂലം മറ്റൊന്നും ചോദിക്കാനായില്ല. ഏതായാലും വൈകുന്നേരം സ്ഥലം തിരക്കിപ്പിടിച്ച് ഹോട്ടലിലെത്തി. ചെന്നപ്പോള്‍ അവിടവിടെയായി പത്തുനൂറുപേര്‍ നില്‍ക്കുന്നു. ഭയങ്കരബഹളം. ഒരു മ്യൂസിക് കമ്പോസ് ചെയ്യുന്നതിന്‍റെ ബഹളമാണെന്ന് മനസ്സിലായി. രാമു കാര്യാട്ട് സാര്‍ വിളിച്ചിട്ട് വരികയാണെന്നു പറഞ്ഞപ്പോള്‍, ഒരാള്‍ പോയിട്ട് വന്ന് ‘വരൂ’ എന്നുപറഞ്ഞ് ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആള്‍തിരക്കുകാരണം നില്‍ക്കാന്‍ പോലും ഇടമില്ലാത്ത ആ മുറിയില്‍ കാര്യാട്ട് സാറുണ്ട്. എന്നെ കണ്ടപ്പോള്‍ തടിയനായ ഒരു ആറടിക്കാരനെ പരിചയപ്പെടുത്തി. എന്‍.പി. അബു. സിനിമാനിര്‍മ്മാതാവാണ്. അപ്പോഴെനിക്ക് മനസ്സിലായി. അബു നിര്‍മ്മിക്കുന്ന ‘ദ്വീപ്’ എന്ന സിനിമയുടെ മ്യൂസിക് കമ്പോസിംഗ് ആണ് അവിടെ നടക്കുന്നതെന്ന്.

 

 

 

തുടര്‍ന്ന് കാര്യാട്ട് സാര്‍ എല്ലാവരേയും പരിചയപ്പെടുത്തിയിട്ട് ചോദിച്ചു ‘ലക്ഷദ്വീപ് എന്ന ഒരു ഐലന്‍ഡുണ്ട്. കേട്ടിട്ടുണ്ടോ…?’ ‘കേട്ടിട്ടുണ്ട്. പക്ഷേ വലിയ അറിവൊന്നുമില്ല.’ ‘എറണാകുളത്തുനിന്ന് കപ്പലില്‍ വേണം പോകാന്‍. പോയാല്‍ ഒരു മാസത്തേക്ക് വരാന്‍ പറ്റില്ല. കാരണം ഒരു മാസത്തില്‍ ഒരു കപ്പലേ ആ ദ്വീപിലേക്കുള്ളു. That is my new film. പറയുന്നത്, ജോസാണ് അതിലെ മെയിന്‍ റോള്‍ ചെയ്യുന്നത്.

 

അതുകേട്ടപ്പോള്‍ എന്ത് തോന്നി?

 

എനിക്ക് വിശ്വസിക്കാനായില്ല. സന്തോഷവും ഒപ്പം പരിഭ്രമവും തോന്നി. ഞാന്‍ പറഞ്ഞു ‘സാര്‍… കോഴ്സ് തീര്‍ന്നിട്ടില്ല…’ ‘അത് ഞാന്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു കൊള്ളാം’ എന്നുപറയുകയും പ്രിന്‍സിപ്പലുമായി സംസാരിച്ച് അനുവാദം വാങ്ങിത്തരികയും ചെയ്തു. അങ്ങനെ എറണാകുളത്തുനിന്ന് മിനിക്കോയിലേക്ക് പോയി. എന്‍റെ ആദ്യകപ്പല്‍ യാത്ര കൂടിയായിരുന്നു അത്. ഷൂട്ടിംഗിന്‍റെ ആവശ്യത്തിനും ഒരു മാസത്തെ ആഹാരത്തിനുമുള്ള കോഴി, ആട് എന്നീ സാധനങ്ങളുമൊക്കെയായിട്ടായിരുന്നു യാത്ര.

 

അതിലെ മറ്റ് സഹപ്രവര്‍ത്തകര്‍ ആരൊക്കെയായിരുന്നു?

 

മരിച്ചുപോയ ശോഭയായിരുന്നു നായിക. പിന്നെ ശോഭയുടെ സഹോദരിയായി ഒരു ബംഗാളി നടി റാണിചന്ദയും, എന്‍റെ സഹോദരിയായി ഒരു ബാംഗ്ലൂര്‍കാരി നടി പ്രതിമ, പ്രതാപചന്ദ്രന്‍, കുട്ട്യേടത്തി വിലാസിനി, ആലപ്പി അഷ്റഫ്… എന്നിവരുമൊക്കെയുണ്ടായിരുന്നു. രാമചന്ദ്രബാബുവായിരുന്നു ക്യാമറാമാന്‍. ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്തതിന്‍റെ ബാക്കിഭാഗം മെരിലാന്‍ഡില്‍, മിനിക്കോയിയിലെ ഒരു വീടിന്‍റെ സെറ്റിട്ടിട്ടായിരുന്നു അവിടെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മൃണാള്‍സെന്‍ കാര്യാട്ട് സാറിനെ കാണാന്‍ വന്നു. അദ്ദേഹത്തിന് കാര്യാട്ട്സാര്‍ എന്നെ പരിചയപ്പെടുത്തിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ജോസ് എന്ന് പറഞ്ഞില്ല. എന്‍റെ പുതിയ നായകനാണെന്നു പറഞ്ഞില്ല. This is my boy. എന്നാണ് അദ്ദേഹം പറഞ്ഞത്. ആ കടപ്പാടൊക്കെ ഒരിക്കലും തീരില്ല.

 

വീണ്ടും കോഴ്സ് തുടര്‍ന്നോ പിന്നെ ഏതായിരുന്നു പടം ?

 

അതേ. ദ്വീപിനുശേഷം കോഴ്സ് തുടര്‍ന്നു. കോഴ്സ് തീര്‍ന്നശേഷമാണ് ഹരിഹരന്‍സാറിന്‍റെ സംഗമം എന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം ചെയ്തത്. പിന്നീടാണ് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവുണ്ടാകുന്നത്. ഒരു ദിവസം, അരോമമണിയുടെ ഒരു സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് വരാനായി പണ്ടത്തെ മീനമ്പക്കം എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ഐ.വി. ശശിയുടെ പ്രിയപ്പെട്ട ക്യാമറാമാന്‍ അശോക്കുമാറിനെ പരിചയപ്പെട്ടത്. തുടര്‍ന്നുള്ളസംഭാഷണത്തിനിടെ ഐ.വി. ശശി എന്നെ അന്വേഷിച്ചതായി അശോക്കുമാര്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം ഐ.വി. ശശി അന്ന് എത്തിനോക്കാന്‍ പറ്റാത്ത സ്ഥാനത്തുനില്‍ക്കുന്ന സംവിധായകനാണ്. അദ്ദേഹം എന്നെ അന്വേഷിക്കുകയോ, വിശ്വസിക്കാനായില്ല. ഏതായാലും എന്‍റെ അഡ്രസ് ചോദിച്ചുവാങ്ങിയിട്ടാണ് അശോക്കുമാര്‍ പോയത്.

 

ഷൂട്ടിംഗിനിടെ ഒരു ദിവസം, മഞ്ഞിലാസില്‍ നിന്നും ഒരാള്‍ സെറ്റില്‍ ശശിയേട്ടന്‍റെ ഫോണ്‍ നമ്പര്‍ തന്നിട്ട് മദ്രാസില്‍ ചെല്ലുമ്പോള്‍ ശശിയേട്ടനെ ഒന്ന് വിളിക്കാന്‍ പറഞ്ഞു. ഞാനന്ന് മദ്രാസില്‍ ഒരു ചെറിയ ലോഡ്ജിലാണ് താമസം. ടി.പി. മാധവന്‍, മങ്കൊമ്പ്, ആലപ്പി അഷ്റഫ് തുടങ്ങി ധാരാളം പേരുണ്ട് അവിടെ. ലോഡ്ജിലെത്തിയയുടന്‍ ഞാന്‍ ശശിയേട്ടനെ വിളിച്ചു.

 

പുതിയ പടമായിരുന്നോ?

 

അതായത് ശശിയേട്ടന്‍ സംവിധാനം ചെയ്ത ‘ഞാന്‍ ഞാന്‍ മാത്രം’ എന്ന ഒരു പടത്തിന്‍റെ ഷൂട്ടിംഗ് ഊട്ടിയില്‍ നടന്നിരുന്നു. മധുസാര്‍, ജയഭാരതി, സോമന്‍ എന്നിവരായിരുന്നു നടീനടന്മാര്‍. അതില്‍ മധുസാറിന്‍റെ മകനായി ഒരു തമിഴ് പയ്യന്‍ അഭിനയിച്ചിരുന്നു. അതിന്‍റെ റഷസ് കണ്ടിട്ട് ആര്‍ക്കും ഈ തമിഴ് പയ്യന്‍റെ അഭിനയം ഇഷ്ടപ്പെട്ടില്ല. ആ റോള്‍ റീ- ഷൂട്ടു ചെയ്യാനാണ് എന്നെ തിരക്കിയത്. മധുസാറിനൊപ്പമുള്ള എന്‍റെ ആ ആദ്യചിത്രം, എന്‍റെ ആദ്യ കൊമേഴ്സ്യല്‍ ഹിറ്റ് കൂടിയായിരുന്നു. അതാണ് ശരിക്കും എനിക്ക് ഒരു ബ്രേക്ക് തന്ന ചിത്രം. പിന്നീട് ശശിയേട്ടന്‍ ഒട്ടേറെ അവസരങ്ങള്‍ തന്നു. അതില്‍ പലതും ഹിറ്റുകളായിരുന്നു. ജയന്‍ കത്തിനില്‍ക്കുന്ന കാലം കൂടിയായിരുന്നു അത്. ജയന്‍റെ ഒരു പടം 100-125 ദിവസമാണ് അന്ന് ഓടുന്നത്. അങ്ങാടിയൊക്കെ കളക്ഷന്‍ തൂത്തുവാരിയ സിനിമയായിരുന്നല്ലോ. അതിനകത്തൊക്കെ എനിക്കും ശ്രദ്ധേയമായ വേഷം തന്നിട്ടുണ്ട്. ശശിയേട്ടനാണ് മലയാള സിനിമയില്‍ എനിക്കൊരു ഐഡന്‍റിറ്റി തന്നത്.

 

 

മൊത്തം എത്ര സിനിമകളില്‍ അഭിനയിച്ചു?

 

എണ്‍പത്തിയഞ്ചോളം സിനിമകളിലഭിനയിച്ചു. കൂടുതലും ശശിയേട്ടന്‍റെ സിനിമകളാണ്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചഭിനയിച്ച നായിക അംബികയും. മധുസാറിനൊപ്പമാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ആദ്യപടത്തിനുശേഷം ഒരു കൊച്ചനുജനെപ്പോലെയാണ് അദ്ദേഹം എന്നെ കണക്കാക്കുന്നത്. ഇന്നും ഞാനങ്ങോട്ടുവിളിച്ചാല്‍ ‘എന്താ ജോസെ…’ എന്ന് ചോദിക്കും. എന്‍റെ ഫോണ്‍ നമ്പര്‍ അദ്ദേഹം ഇപ്പോഴും ഫീഡ് ചെയ്തിരിക്കുന്നു എന്നതിന്‍റെ തെളിവല്ലേ അത്. ഇപ്പോഴും മധുസാറിന്‍റെ വീട്ടില്‍ എന്ത് ഫംഗ്ഷനുണ്ടെങ്കിലും എന്നെ വിളിക്കും; ഞാന്‍ പോകും. എന്‍റെ എന്ത് വ്യക്തിപരമായ കാര്യവും സംസാരിക്കുവാനുള്ള വലിയൊരത്താണിയാണ് മധുസാര്‍.

 

കത്തിനില്‍ക്കുമ്പോഴായിരുന്നല്ലോ ഒരു പിന്‍മാറ്റം. എന്തായിരുന്നു കാരണം?

 

അത് തികച്ചും വ്യക്തിപരമായിരുന്നു.

 

രണ്ടാംവരവ് എങ്ങനെയുണ്ട്?

 

ഈയിടെയായി കനല്‍, പാപ്പന്‍ പറഞ്ഞതും വര്‍ക്കി പറഞ്ഞതും, ഹാങ്ഓവര്‍ എന്നിങ്ങനെ രണ്ട് മൂന്ന് പടം ചെയ്തു. ഇപ്പോള്‍ ജോഷിയുടെ അസോസിയേറ്റായിരുന്ന പ്രസാദിന്‍റെ ജയന്‍റെ മരണം ഒരു ഫ്ളാഷ്ബാക്ക് എന്ന പടം ചെയ്യുന്നു.

 

അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം എങ്ങനെ?

 

വ്യത്യാസം വ്യത്യാസംതന്നെ. സത്യം പറഞ്ഞാല്‍ I am not very comfortable.

 

മൂത്തമകള്‍ സിനിമയിലേക്ക് വന്നിട്ട് പെട്ടെന്ന് മടങ്ങിയതെന്താണ്?

 

അതേ. മൂത്തമകള്‍ പ്രണതി ഫോര്‍ ദി പീപ്പിളിലും, തമിഴില്‍ ശരത്തിന്‍റെ കൂടെ ഗംഭീരനിലും അഭിനയിച്ചു. പിന്നെ പഠിത്തത്തില്‍ ശ്രദ്ധിക്കാനായാണ് രംഗം വിട്ടത്. ഇളയമകള്‍ മിഷല്‍ ഒരു പടത്തിലഭിനയിച്ചുകാണണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ആള് നല്ല ടാലന്‍റുമാണ്. പക്ഷേ അവള്‍ തയ്യാറാകുന്നില്ല. ‘പുള്ളിക്കാരന്‍ സ്റ്റാറാണ്’ എന്ന പടം ചെയ്ത രാഗേഷ് എന്‍റെ പഴയ ഫ്ളാറ്റിലായിരുന്നു താമസം. പുള്ളിക്കാരന്‍ ആവത് ശ്രമിച്ചതാണ്.

 

ആണ്‍മക്കള്‍?

 

അലോക്. ബാംഗ്ലൂരിലാണ്.

 

 

ഭാര്യ?

 

സൂസന്‍. കിംസ് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പലാണ്.

 

സിനിമയിലെ ബെസ്റ്റ് ഫ്രണ്ട്?

 

500ല്‍പ്പരം പടങ്ങളിലഭിനയിച്ച കുഞ്ചനാണ് ബെസ്റ്റ് ഫ്രണ്ട്.

 

പി. ജയചന്ദ്രന്‍

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO