മരണത്തെ അതിജീവിച്ചവള്‍

കഴിഞ്ഞ മെയ്മാസമായിരുന്നു കേരളത്തിനെ നടുക്കിയ നിപ്പ വൈറസ് കോഴിക്കോടിനെ പിടികൂടിയത്. സിസ്റ്റര്‍ ലിനി ഉള്‍പ്പെടെ 17 പേരുടെ ജീവനെടുത്തായിരുന്നു അന്ന് നിപ്പ കടന്നുപോയത്. വവ്വാലുകളെ ജനങ്ങള്‍ ഭയപ്പെടാന്‍ തുടങ്ങി. രാത്രിയില്‍ ആരും പുറത്തിറങ്ങാതെയായി. ചുറ്റും... Read More

കഴിഞ്ഞ മെയ്മാസമായിരുന്നു കേരളത്തിനെ നടുക്കിയ നിപ്പ വൈറസ് കോഴിക്കോടിനെ പിടികൂടിയത്. സിസ്റ്റര്‍ ലിനി ഉള്‍പ്പെടെ 17 പേരുടെ ജീവനെടുത്തായിരുന്നു അന്ന് നിപ്പ കടന്നുപോയത്. വവ്വാലുകളെ ജനങ്ങള്‍ ഭയപ്പെടാന്‍ തുടങ്ങി. രാത്രിയില്‍ ആരും പുറത്തിറങ്ങാതെയായി. ചുറ്റും അജ്ഞതയുടെ അന്ധകാരം. മാവിന്‍ചുവട്ടിലേയും മറ്റും പഴങ്ങള്‍ കുട്ടികള്‍പോലും ഉപേക്ഷിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍റുകളിലും ആളുകള്‍ കുറഞ്ഞു. പുറത്തിറങ്ങുന്നവരുടെയെല്ലാം മുഖത്ത് ഭയത്തിന്‍റെ മാസ്ക്കുകള്‍ മാത്രം. അതായിരുന്നു കഴിഞ്ഞ മെയ്മാസത്തിലെ കോഴിക്കോടിന്‍റെ ചിത്രം. നിപ്പ വൈറസിന്‍റെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ കോഴിക്കോട് ഗവ: നേഴ്സിംഗ് കോളേജിലെ 55-ാം ബാച്ചിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയും കൊയിലാണ്ടി ചേമഞ്ചേരി ചേലിയയിലെ ശ്രീധരന്‍റേയും ആശാവര്‍ക്കറായ വിജിതയുടേയും മകളായ അജന്യ, ആ ഭീതി വിതച്ച നാളുകള്‍ ‘മഹിളാരത്ന’ത്തിനായി ഓര്‍ത്തെടുത്തു…

 

 

പഠനത്തിന്‍റെ ഭാഗമായുള്ള ഇന്‍റേണ്‍ഷിപ്പിനായിരുന്നു കഴിഞ്ഞവര്‍ഷം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിലെത്തുന്നത്. ഇന്‍റേണ്‍ഷിപ്പ് കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ വൈകുന്നേരം പനി തുടങ്ങി. സാധാരണ പനിയായിരിക്കും എന്നുകരുതി. കൂട്ടുകാരുടെ നിര്‍ബന്ധപ്രകാരം ബീച്ചിലെ ഡോക്ടറെ കാണിച്ചു. വീട്ടില്‍ പോയി വിശ്രമിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. വീട്ടിലെത്തിയയുടനെ ഛര്‍ദ്ദി തുടങ്ങി, തളര്‍ന്നുപോകുന്നതുപോലെ തോന്നി. എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായി. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എന്നെ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ തലയ്ക്ക് പിന്നില്‍ അസഹനീയമായ വേദനയും തുടങ്ങി, ‘അമ്മേ നമ്മുടെ അമ്മുവിനെന്ത് പറ്റി? പ്ലസ് ടുവിന് പഠിക്കുന്ന അനിയന്‍ അജയ് അമ്മയോട് ഇടയ്ക്കിടെ ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു.

 

 

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഇത്രയും സംഭവങ്ങള്‍ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ അബോധാവസ്ഥയിലായ ഞാന്‍ പത്തുദിവസങ്ങള്‍ക്കുശേഷമാണ് കണ്ണുതുറന്നത്. ഒന്നും അറിയാത്ത, ഒരു ഉറക്കത്തിലായിരുന്നു. നിശബ്ദത, ചുറ്റും ഇരുട്ട് പരക്കുന്നു. പത്തുദിവസത്തെ മയക്കത്തില്‍നിന്നും പതിയെ ഉണര്‍ന്നപ്പോള്‍ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ് ആശുപത്രിയിലെ ഐ.സി.യുവിലാണ്. എന്‍റെ അടുത്ത് വരുന്ന ഡോക്ടറും നഴ്സുമാരുമെല്ലാം മൂടിക്കെട്ടിയ വെള്ളവേഷത്തില്‍ മാസ്ക്കൊക്കെ ധരിച്ചിട്ടുണ്ട്. ഞാന്‍ കരുതിയത് ഒരു ഐ.സി.യുവില്‍ അങ്ങനെയായിരിക്കും എന്നാണ്. അവിടെ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറിയപ്പോഴാണ് ഒരു ഡോക്ടര്‍ പറയുന്നത് എനിക്ക് നിപ്പ പനി ആയിരുന്നുവെന്നും ഇപ്പോള്‍ കുഴപ്പമില്ലെന്നും. പുറത്തുനടക്കുന്ന സംഭവങ്ങളെപ്പറ്റി ഒന്നുമറിയാതിരുന്ന ഞാന്‍ എനിക്കൊന്നുമില്ലെന്ന വിശ്വാസത്തില്‍ കിടന്നു.

 

 

ഐസൊലേഷന്‍ വാര്‍ഡില്‍ ഞാനും അമ്മയും അച്ഛനും മാത്രം. പുറത്തേക്കൊന്നും ഇറങ്ങാന്‍ സാധിക്കില്ല. പിന്നീടാണ് അറിയുന്നത്. നിപ്പ എന്താണെന്നും എത്ര ഭീകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നതെന്നുമൊക്കെ. മരണം മുന്നില്‍ കണ്ടാണ് തിരിച്ചുപോന്നതെന്ന് എല്ലാവരും പറയുന്നുണ്ട്. അവിടെയും എന്നെ പരിചരിക്കാന്‍ ചുറ്റും കുറേ നേഴ്സുമാരുണ്ടായിരുന്നു. ഇത്രയും ഭീകരമായ രോഗമായിരുന്നിട്ടും പേടിയൊന്നുമില്ലാതെ അവര്‍ എന്നെ ശുശ്രൂഷിച്ചു. ആ മാലാഖമാരുടെ കരസ്പര്‍ശമായിരുന്നു എന്‍റെ ജീവവായു. എനിക്കും ഇതുപോലെ എല്ലാവരേയും പരിചരിക്കുന്ന ഒരു നേഴ്സാകണം. നേഴ്സിംഗ് എന്‍റെ പ്രാണനാണ്. എനിക്കിനിയും എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുണ്ട്. അതിനാണല്ലോ എന്‍റെ ജീവന്‍ ഈശ്വരന്‍ തിരികെ നല്‍കിയത്.

 

 

എല്ലാവരോടും നന്ദിയുണ്ട്.. എനിക്കറിയാത്ത എത്രയോ പേര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. യാതൊരു ഭയവുമില്ലാതെ ഡോക്ടര്‍മാരും നേഴ്സുമാരും എന്നെ ശുശ്രൂഷിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഭയപ്പെടുത്തുന്ന ഒന്നും അവരെന്നെ അറിയിച്ചില്ല. ആദ്യം ഡോക്ടര്‍ നിപ്പ പനി എന്നുപറഞ്ഞതുപോലും തമാശയായിട്ടാണ്. ഞാന്‍ തളര്‍ന്നുപോകാതിരിക്കാന്‍ പ്രയത്നിച്ചവരോടെല്ലാം ഈ ജീവിതത്തില്‍ തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.

നാസര്‍ മുഹമ്മദ്

ഫോട്ടോ: പ്രിയങ്കപത്മനാഭന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO