ബി.ജെ.പിയുടെ പ്രയാണത്തെ തടയാന്‍ സി.പി.എമ്മിനാവില്ല

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള (ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍)   അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ശബരിമലയിലെ സംഭവവികാസങ്ങള്‍, എന്‍.ഡി.എയെ ശക്തിപ്പെടുത്തല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കം... Read More

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

(ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍)

 

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ശബരിമലയിലെ സംഭവവികാസങ്ങള്‍, എന്‍.ഡി.എയെ ശക്തിപ്പെടുത്തല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കം ഒട്ടേറെ വെല്ലുവിളികള്‍ തുടങ്ങിയ ഈ കാലയളവില്‍ അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു.
രാഷ്ട്രീയവും ആത്മീയവുമായ പോരാട്ടങ്ങളിലൂടെ സി.പി.എമ്മിന്‍റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ കടന്ന് കയറാനും ഇളക്കിമറിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെന്നും, ദേശീയ രാഷ്ട്രീയത്തില്‍ കാലഹരണപ്പെട്ട സി.പി.എമ്മിന് ബി.ജെ.പിയുടെ പ്രയാണത്തെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെന്നും, അദ്ദേഹം, ‘കേരളശബ്ദം’ മലബാര്‍ ലേഖകന്‍ പ്രദീപ് ഉഷസ്സിനോട് പറഞ്ഞു.

ആ കൂടിക്കാഴ്ചയില്‍ നിന്ന്…

 

? പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
തികഞ്ഞ ചാരിതാര്‍ത്ഥ്യമാണ് എനിക്കുള്ളത്. ‘എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി, എല്ലാവരേയും വിശ്വാസത്തില്‍ എടുക്കുന്ന പാര്‍ട്ടി’ അതാണ് ഭാരതീയ ജനതാപ്പാര്‍ട്ടി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാക്കുകളെ രാജ്യമൊന്നടങ്കം അത്യാവേശത്തോടെയും, അതീവ പ്രതീക്ഷയോടെയും ഏറ്റുവാങ്ങുന്നു. അതിനുള്ള ശക്തമായ സ്വീകാര്യതയാണ് നമ്മുടെ കേരളത്തിലും അലയടിക്കുന്നത്. സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റേയും കോട്ടകൊത്തളങ്ങളെ ഇളക്കിമറിച്ചുകൊണ്ട് ആ ജനകീയ പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്.
ഇതിനുമുമ്പ് 2004 ല്‍ ആണ് ബി.ജെ.പിയുടെ മുന്നേറ്റം പ്രകടമായത്. അന്ന് 12.11 ശതമാനം വോട്ടും മൂവാറ്റുപുഴയില്‍ നിന്ന് ഒരു എം.പി സീറ്റും നേടി കരുത്ത് തെളിയിച്ചു. ഇപ്പോള്‍ 19 ലക്ഷം വോട്ടില്‍നിന്ന് 32 ലക്ഷം വോട്ടാക്കി ഉയര്‍ത്താനും കഴിഞ്ഞിരിക്കുന്നു. ഈ ഐതിഹാസിക നേട്ടം കൂട്ടായ്മയുടേതാണ്. എന്‍റെ ടീമിന്‍റെ വിജയമാണ്. ഈ രണ്ടുതവണയും അദ്ധ്യക്ഷസ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് തികഞ്ഞ അഭിമാനമാണുള്ളത്.
ബി.ജെ.പി എന്നാല്‍ ഹൈന്ദവ പാര്‍ട്ടിയാണെന്ന പ്രചരണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രധാന നേട്ടം. മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ ഇന്ന് പാര്‍ട്ടിക്ക് വലിയ സ്വീകാര്യതയാണുള്ളത്. ആ മേഖലയില്‍ നിന്നും ധാരാളം പേര്‍ പാര്‍ട്ടിയിലേക്ക് ഇന്നുവന്നുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായുമിത് ശുഭസൂചകമാണ്.
ബി.ജെ.പിയുടെ അടിത്തറ ഹിന്ദുത്വമാണ്. ഈ ഹിന്ദുത്വം ഏതെങ്കിലുമൊരു മതത്തോട് ബന്ധപ്പെട്ടതല്ല. പകരം മതേതരത്വ നിലപാടാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനുള്ള വലിയ ജനപിന്തുണയാണ് ഇപ്പോള്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാംപയിനില്‍ ലഭിക്കുന്നത്. ഞങ്ങളുടെ പ്രതീക്ഷയെ കടത്തിവെട്ടുന്ന പ്രതികരണമാണ് എല്ലാ കോണില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഐ.എ.എസുകാര്‍ക്ക്
ഓഫറൊന്നുമില്ല

? ടി.പി. സെന്‍കുമാര്‍, സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് തുടങ്ങിയ പ്രമുഖരെ ബി.ജെ.പിയിലേക്ക് എത്തിച്ചതെങ്ങനെയാണ്. അവര്‍ക്ക് എന്തെങ്കിലും ഓഫറുകള്‍ നല്‍കിയിരുന്നോ?

ഓഫറുകളോ, അത് വലിയ തമാശയാണല്ലോ. കാലത്തിന്‍റെ വിളി അവര്‍ തിരിച്ചറിഞ്ഞതാണ്. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിപ്പിക്കുന്ന പ്രസ്ഥാനത്തെ അവര്‍ മനസ്സിലാക്കിയതാണ്. സി.പി.എമ്മിന്‍റെ ധാര്‍ഷ്ട്യസമീപനങ്ങളേയും, വ്യക്തിഹത്യകളേയും, ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളേയും തിരിച്ചറിഞ്ഞാണ് അവര്‍ ബി.ജെ.പിക്ക് ഒപ്പം നിന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് മുഖ്യം. അവര്‍ക്കുവേണ്ടി സേവനം ചെയ്യുന്നതിനുപകരം, രാഷ്ട്രീയ സാമൂഹിക ജീവിതാവസ്ഥകളെ മുഴുവന്‍ പാര്‍ട്ടി ലീഡര്‍ഷിപ്പ് തീരുമാനിക്കുമെന്ന് ശഠിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അത് തിരിച്ചറിഞ്ഞാണ് ഇവര്‍ ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുന്നത്. അല്ലാതെ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. സ്ഥാനങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് കിട്ടും, അത് എല്ലാവര്‍ക്കും കിട്ടാന്‍ അവകാശവുമുണ്ട്.
ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പ്, ജനകീയമാണ്, സുതാര്യമാണ്. സി.പി.എമ്മില്‍ അങ്ങനെയല്ല, അവര്‍ക്ക് കാന്‍ഡിഡേറ്റ് ആകണം. ആളെ പഠിക്കണം എന്നിട്ടേ അംഗത്വം നല്‍കൂ…! ശരിയാണ്, അവര് വിപ്ലവത്തിന് വേണ്ടി ആളെ തയ്യാറാക്കുന്ന പാര്‍ട്ടിയാണ്. ഞങ്ങള്‍ക്ക് വിപ്ലവമൊന്നുമില്ല. ജനസേവനത്തിന്‍റെ പാര്‍ട്ടിയാണ്, ഞങ്ങള്‍ക്കീവിധം ലളിതപ്രവര്‍ത്തനങ്ങള്‍ മതി.

? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ ആയുധമായി ബി.ജെ.പി ഉപയോഗിച്ചത് ശബരിമല ആയിരുന്നു. എന്നിട്ടും കാര്യമായ നേട്ടമുണ്ടാക്കാനായില്ലല്ലോ? കുമ്മനം രാജശേഖരനും, കെ. സുരേന്ദ്രനുമൊക്കെയുണ്ടായ തോല്‍വിയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ന്യൂനപക്ഷഭീതിയും, നരേന്ദ്രമോദി വിരോധവുമൊക്കെയായിരുന്നല്ലോ ഇടതുപക്ഷത്തിന്‍റെ ആയുധങ്ങള്‍.. അവര്‍ ഉഴുതുമറിച്ച് വിത്തിട്ടു. പക്ഷേ വിളകൊയ്തത് യു.ഡി.എഫ് ആയിരുന്നുവെന്ന് മാത്രം. എന്നാല്‍, എല്ലായിടത്തും വന്‍മുന്നേറ്റമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. മാത്രവുമല്ല, പല സി.പി.എം കോട്ടകളില്‍ നിന്നും ബി.ജെ.പിയിലേക്ക് വോട്ടിന്‍റെ കുത്തൊഴുക്കുമുണ്ടായി. വിജയപ്രതീക്ഷ പുലര്‍ത്തിയ പല സീറ്റുകളിലും വിജയിക്കാനായില്ല എന്നത് ശരിതന്നെയാണ്. പക്ഷേ ജനപിന്തുണയുടെ കാര്യത്തില്‍ ഞങ്ങള്‍ മുന്നില്‍ തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടല്ലോ.

? ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയുടെ കാര്യമോ.
അവിടെ സി.പി.എം വളരെ സിസ്റ്റമാറ്റിക്കായാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്കവിടെ നേട്ടവുമുണ്ടായി. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടതുപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടമുണ്ടായി. ശബരിമല ദേശീയ ചര്‍ച്ചയാകുമെന്ന് കണക്കുകൂട്ടി എല്ലാവിധത്തിലുള്ള ഏകോപനവും സി.പി.എം അവിടെ നടത്തിയിരുന്നു. അത് ഞങ്ങള്‍ അംഗീകരിക്കുന്നുമുണ്ട്.
പക്ഷേ, എന്താണ് ഇടതുപക്ഷത്തിന്‍റെ ഇന്നത്തെ സ്ഥിതി; സി.പി.എമ്മിന്‍റെ അവസ്ഥ? ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ചയെ ‘ഭയാനകം’ എന്നാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. ഏത് വിധേനയും ജനപിന്തുണ തിരിച്ചുപിടിക്കണമെന്ന കര്‍ശനനിര്‍ദ്ദേശമാണ് സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. അങ്ങനെയാണവര്‍ ഇപ്പോള്‍ ഭവനസന്ദര്‍ശനവുമായി വന്നിരിക്കുന്നത്.
ഗൃഹസന്ദര്‍ശനം

സി.പി.എമ്മിന്
തിരിച്ചടിയാകുന്നു

? ഗൃഹസന്ദര്‍ശനം, ജനകീയ പ്രസ്ഥാനമെന്ന നിലയില്‍ നടത്തേണ്ടുന്ന രാഷ്ട്രീയ പ്രവര്‍ത്തനമല്ലേ.
പക്ഷേ, അവര്‍ക്കത് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല, കൊലപാതകരാഷ്ട്രീയം, ആന്തൂരിലെ അധികാരധാര്‍ഷ്ട്യം, നേതാക്കളുടെ സുഖലോലുപത, നേതാക്കളുടെ മക്കളുടെ കുത്തഴിഞ്ഞ ജീവിതം തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കൊടുക്കാനാവാതെ പ്രാദേശിക നേതാക്കള്‍ ഓരോ വീടുകളിലും ഇരുന്ന് വിയര്‍ക്കുകയാണ്.
എന്തുകൊണ്ട് ഇങ്ങനെയായി എന്ന് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ആത്മവിമര്‍ശനം നടത്തണം. വലിയ പൊങ്ങച്ചമൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യയില്‍ ആകെ ഒരു ശതമാനത്തില്‍ ഒതുങ്ങിയ സി.പി.എമ്മും, അരശതമാനത്തില്‍ ഒതുങ്ങിയ സി.പി.ഐയുമെല്ലാം ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അല്‍പ്പമെങ്കിലും ജീവന്‍ അവശേഷിക്കുന്നത് കേരളത്തിലാണ്… അതും അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തിന്‍റെ പതനം നെല്ലിപ്പലകയില്‍ എത്തിനില്‍ക്കുന്നു. അവര്‍ക്കിനി അതിനെ അതിജീവിക്കാന്‍ കഴിയില്ല. സി.പി.എം ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തുനിഞ്ഞാല്‍ അവര്‍ക്ക് കൊള്ളാം.
കോണ്‍ഗ്രസിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. ദേശീയതലത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ. പ്രതിസന്ധികളെ അഭിമുഖീകരിക്കാനാവാതെ ഓടി ഒളിക്കുന്ന നേതൃത്വവുമായി എത്രകാലം ഇവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയും. കേരളത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി എങ്കിലും സംഘടനാപരമായി കോണ്‍ഗ്രസ് കേരളത്തിലും ദുര്‍ബലമാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത ഇവര്‍ക്ക് എന്ത് മുന്നേറ്റമാണ് ഉണ്ടാക്കാനാവുക? ഒറ്റ കാര്യം മാത്രം നോക്കൂ, പ്രളയം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആയിരം വീടുകള്‍ പ്രളയബാധിതര്‍ക്ക് നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തി, പണപ്പിരിവും നടത്തി.. എന്നിട്ടെന്തായി ഒരു പത്ത് വീടിന്‍റെ പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കി എന്ന് പറയാനെങ്കിലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുമോ?
അതുപോലെ ശബരിമല വിഷയത്തില്‍ എന്നെ വേട്ടയാടിയതുപോലെ മറ്റെന്തെങ്കിലും നേതാവിനെ സി.പി.എം കടന്നാക്രമിച്ചിട്ടുണ്ടോ… എന്‍റെ എന്‍റോള്‍മെന്‍റ് റദ്ദാക്കാന്‍ ബാര്‍ കൗണ്‍സിലിന് അവര്‍ പരാതി കൊടുത്തു. സുപ്രീംകോടതി വിധിക്കെതിരെ ഞാന്‍ പ്രതികരിച്ചു എന്നാണ് ആരോപണം. സുപ്രീംകോടതി വിധിക്കെതിരെ എവിടെയും ഞാന്‍ പ്രതികരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പക്ഷേ, ഒന്ന് ഞാന്‍ ചോദിക്കട്ടെ, ഇനി കോടതി വിധികള്‍ക്കെതിരെ പ്രതികരിച്ചാല്‍ അത് പാടില്ല എന്നാണോ എ.കെ.ജിയുടെ പിന്‍മുറക്കാര്‍ പറയുന്നത്? കോടതിവിധികളും വിമര്‍ശനവിധേയമാണ്. പ്രതിഷേധമറിയിക്കാന്‍ പൗരന് അവകാശം നിയമമനുവദിക്കുന്നുണ്ട്, കോടതിവിധികളെ ധീരമായി എതിര്‍ത്തുകൊണ്ടാണ് ഈ നാടിന് മഹാത്മജി സ്വാതന്ത്ര്യം നേടിത്തന്നത്. ചരിത്രത്തെ ബോധപൂര്‍വ്വം വിസ്മരിക്കരുത്.

 

 

 

വ്യാജവാര്‍ത്ത
സൃഷ്ടിക്കുന്ന
സി.പി.എം ഫ്രാക്ഷന്‍

? ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് സി.പി.എം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണം ഉയര്‍ത്താന്‍ എന്താണ് കാരണം.

ഹിന്ദുതീവ്രവാദി സംഘടനയില്‍ പെട്ട ചിലര്‍ സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കയറി, അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവല്ലോ. ഈ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വികാരവിക്ഷോഭമുണ്ടാവുക സ്വാഭാവികം. എന്നാല്‍ ‘ഹിന്ദുസേന’ എന്ന് അവകാശപ്പെട്ട, അക്രമകാരികള്‍ക്ക് ആര്‍.എസ്.എസുമായി വിദൂരബന്ധം പോലുമുണ്ടായിരുന്നില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തീവ്രത പോരാ എന്നാരോപിച്ച്, ആര്‍.എസ്.എസിന്‍റെ സംഘചാലകിനെതിരെ പോലും രംഗത്തുവന്ന സംഘടനയാണത്. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും ഈ വിധത്തിലാണ് ആ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേരളത്തിലോ; ഇവിടെമാത്രം ആര്‍.എസ്.എസുകാര്‍ സി.പി.എം ഓഫീസ് ആക്രമിച്ച് സെക്രട്ടറിയെ കയ്യേറ്റം ചെയ്തു എന്നാണ് വാര്‍ത്ത കൊടുത്തത്. ആ വാര്‍ത്ത കൊണ്ട് മാത്രം കേരളത്തില്‍ എത്ര അനിഷ്ട സംഭവങ്ങളാണ് അന്നുണ്ടായത്. ഇരുന്നൂറില്‍പ്പരം ക്രിമിനല്‍ കേസുകളാണ് ഈ വാര്‍ത്തയെ തുടര്‍ന്ന് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് ഞാന്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് തെളിവ് സഹിതം വ്യക്തമായത്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പന്ത്രണ്ട് മാധ്യമപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്ത വാര്‍ത്തയായിരുന്നു സി.പി.എം ഓഫീസില്‍ ആര്‍.എസ്.എസ് ആക്രമം നടത്തിയെന്നത്. ഇവര്‍ സോഷ്യല്‍ മീഡിയവഴി ബന്ധപ്പെട്ട് എല്ലാ മാദ്ധ്യമങ്ങളിലും സമാനരീതിയില്‍ വാര്‍ത്തകള്‍ വരുത്തിക്കുകയായിരുന്നു. ഓരോ സംഭവവികാസങ്ങളേയും ഈ ഗ്രൂപ്പ് ഇതേവിധത്തില്‍ വളച്ചൊടിച്ച്, സി.പി.എമ്മിന് സഹായകമാകുന്ന രീതിയില്‍ പാകപ്പെടുത്തി അവതരിപ്പിക്കുകയാണ്. ഈയൊരു സി.പി.എം ഫ്രാക്ഷന്‍ നെറ്റ്വര്‍ക്ക് എല്ലായിടത്തും സജീവമാണ്. ഓരോ ദിവസവും സോഷ്യല്‍ മീഡിയകള്‍ വഴി ചര്‍ച്ച ചെയ്ത് ഇവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇത് ജനാധിപത്യവിരുദ്ധമാണ്.
നമുക്ക് ഒട്ടേറെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉണ്ട്. അതിലെല്ലാം വിദ്യാര്‍ത്ഥി, യുവജനകാലത്തെ പാര്‍ട്ടി പ്രവര്‍ത്തകരും കാണും. പക്ഷേ, അവരെല്ലാം ഔദ്യോഗികരംഗത്ത് പച്ചയായ പാര്‍ട്ടി വിധേയത്വം പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ എവിടെച്ചെന്ന് നില്‍ക്കും? ചില മാധ്യമ പ്രവര്‍ത്തകര്‍ സൃഷ്ടിച്ചെടുക്കുന്ന കപടവാര്‍ത്തകള്‍ മൂലം, ഫോര്‍ത്ത് എസ്റ്റേറ്റിന്‍റെ വിശ്വാസ്യത തന്നെയാണ് തകിടം മറിയുന്നത്. ഇപ്പോഴിതാ പി.എസ്.സിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയായിരിക്കുന്നു പി.എസ്.സിയിലും സി.പി.എം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു. ഞാനീ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ചില മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യാന്‍ പോലും മുതിര്‍ന്നിട്ടുള്ളത്.
? സി.പി.എം നേതാക്കളായ പിണറായി വിജയന്‍ പറയുന്നത് സി.പി.എമ്മിനെതിരേ മാധ്യമസിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നു എന്നാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ശക്തമായ മാധ്യമ ശൃംഖല കേരളത്തില്‍ ഉണ്ടെന്നാണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം സി.പി.എം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് താങ്കളും പറയുന്നു.
ഞാന്‍ എന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സി.പി.എം അല്ലാതെ മറ്റൊരു പാര്‍ട്ടിയും മാധ്യമങ്ങളെ, ആസൂത്രിതമായി തങ്ങള്‍ക്കനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നില്ല. എല്ലാ മാധ്യമങ്ങളിലും, വിവിധ പാര്‍ട്ടികളോട് ആഭിമുഖ്യമുള്ളവര്‍ ഉണ്ടാകും. പക്ഷേ അത് സ്വന്തം കര്‍മ്മത്തില്‍ വെള്ളം ചേര്‍ക്കുന്നതിനായി ഉപയോഗിക്കുന്നവര്‍ സി.പി.എം സഹയാത്രികര്‍ തന്നെയാണ്. പഴയകാല എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനങ്ങളുടെ ഹാങ് ഓവര്‍ വിട്ടുമാറാത്ത മാധ്യമപ്രവര്‍ത്തകരായ ഒട്ടേറെപ്പേരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍കഴിയും. ഇതര പാര്‍ട്ടി പത്രങ്ങളില്‍ പോലും ഈ വിധത്തില്‍ അന്ധമായ വിധേയത്വത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

അതുപോലെ വിദ്യാര്‍ത്ഥി, യുവജനമേഖലകളെ ഇത്രത്തോളം മിസ് ലീഡ് ചെയ്യുന്ന മറ്റൊരു പ്രസ്ഥാനമുണ്ടോ? ചെറുപ്പക്കാരായ ക്രിമിനല്‍ ഗുണ്ടാസംഘങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ സി.പി.എമ്മിനുള്ളത്ര പങ്ക് മറ്റാര്‍ക്കാണ് ഉള്ളത്? ഏറ്റവുമൊടുവില്‍ യൂണിവേഴ്സിറ്റി കോളേജ് സംഭവം തന്നെ നോക്കൂ. അതിവിദഗ്ദ്ധമായ ഒരു ആക്രമമായിരുന്നില്ലേ അത്. പ്രൊഫഷണല്‍ സംഘങ്ങള്‍ നടത്തുന്ന വിധത്തില്‍, നെഞ്ചിന്‍റെ പൊസിഷന്‍ നോക്കിയുള്ള കുത്ത്. ഫിലോസഫി പഠിക്കുന്ന ഒരു ചെറുപ്പക്കാരന് ഈവിധത്തില്‍ വിദഗ്ദ്ധമായി കുത്താന്‍ പരിശീലനം ലഭിച്ചത് എങ്ങനെയാണ്?

കേരളത്തിലെ കലാലയങ്ങളെ കൊലാലയങ്ങളായി മാറ്റുന്നത് ആരാണ്? ചോര ചിതറുന്ന കൊലപാതക രാഷ്ട്രീയത്തിന്‍റെ പരിശീലനക്കളരികളായി നമ്മുടെ ക്യാമ്പസ്സുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ് ഒരു കൊടിമാത്രം, ഒരു സ്വരം മാത്രം, ഒരു പാര്‍ട്ടി മാത്രം’ എന്ന സ്ഥിതിയിലേക്ക് കേരളത്തിലെ ക്യാംപസുകളെ മാറ്റാനാണ് ശ്രമം.
ഇപ്പോള്‍ വലിയ ശക്തി ഒന്നുമില്ലായെങ്കിലും ഈ പാപഭാരത്തില്‍ നിന്നും കെ.എസ്.യുക്കാര്‍ക്കും മാറിനില്‍ക്കാന്‍ കഴിയുമോ? എതിരാളിയുടെ കാല്‍ അറുത്ത് മാറ്റിയ സംഭവം, വൃക്ക തകര്‍ത്ത സംഭവം, ഒക്കെ കെ.എസ്.യുവിന്‍റെ നേട്ടപ്പട്ടികകളില്‍ ഉണ്ട്. അതൊന്നും വിസ്മരിക്കാന്‍ കഴിയുന്നതല്ല.

ശ്രീറാം വിളികള്‍
അടിച്ചേല്‍പ്പിക്കാനാവില്ല

? അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്‍റെയും സ്വരങ്ങള്‍ നിരന്തരമായി ബി.ജെ.പി നേതാക്കളില്‍ നിന്നുമുയരുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവുമൊടുവില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെവരെ അതെത്തിനില്‍ക്കുന്നു? ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിലും പരീക്ഷിക്കുകയാണോ.

അതൊരു തെറ്റായ വ്യാഖ്യാനമാണ്. അടൂര്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അദ്ധ്യായമാണ്. ജയ് ശ്രീറാം വിളിക്ക് താന്‍ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടല്ലോ?

ഉന്നാവ്-പ്രതികളെ
സംരക്ഷിക്കില്ല

? ഉന്നാവ് സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പ്രതിസ്ഥാനത്താണ്? ഇരയേയും കൊലപ്പെടുത്താന്‍ നീക്കം നടന്നു. ഇവിടെ എന്താണ് നടക്കുന്നതെന്ന് നീതിപീഠം തന്നെ ചോദിക്കുന്നു.
ഉന്നാവ് സംഭവവികാസങ്ങളെ രാഷ്ട്രീയപ്രശ്നമായി കാണുന്നതു തന്നെ തെറ്റാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെയെല്ലാം ബി.ജെ.പിയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കരുത്. ആരോപണവിധേയരെ ഒരു വിധത്തിലും ബി.ജെ.പി സംരക്ഷിക്കുന്നില്ലല്ലോ.

കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ജനപിന്തുണയുള്ള നേതാവായിരുന്നു. ആദ്യം കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു. പിന്നീട് മുലായം സിംഗ് യാദവിന്‍റെ പാര്‍ട്ടി നേതാവും എം.എല്‍.എയുമായി. പിന്നീട് ബി.എസ്.പി എം.എല്‍.എയായി, പിന്നീടാണ് ബി.ജെ.പിയിലെത്തുന്നതും, എം.എല്‍.എ ആകുന്നതും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് മാറിമാറി വന്ന ഒരു നേതാവിനെ സ്വീകരിച്ചു എന്ന തെറ്റ് ബി.ജെ.പിക്ക് പറ്റിയിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം.
ഞാന്‍ ഒരു വിധത്തിലും ഈ എം.എല്‍.എയെ ന്യായീകരിക്കുന്നില്ല. തെറ്റിന് ശിക്ഷ ലഭിക്കണമെന്നതുതന്നെയാണ് എന്‍റെയും നിലപാട്. നിയമപരമായി ഒരു സഹായവും എം.എല്‍.എയ്ക്ക് ബി.ജെ.പി നേതൃത്വം നല്‍കിയിട്ടുമില്ല. എം.എല്‍.എയുടെ ചെയ്തികളെ പാര്‍ട്ടി ന്യായീകരിച്ചിട്ടുമില്ല.

? രാഷ്ട്രീയ വിലപേശലിന്‍റെയും കുതിരക്കച്ചവടത്തിന്‍റെയും വ്യക്തമായ ഉദാഹരണമായി കര്‍ണ്ണാടകം മാറുകയല്ലേ? ഈ അന്തരീക്ഷസൃഷ്ടിയില്‍ ബി.ജെ.പിക്ക് വലിയ പങ്കില്ലേ?

ബി.ജെ.പിയെ എന്തിന് കുറ്റപ്പെടുത്തണം? വസ്തുതകളെ യഥാവിധി വിലയിരുത്തണം. കര്‍ണ്ണാടകത്തില്‍ ഈ വിധമൊരു അന്തരീക്ഷം സൃഷ്ടിച്ചത് ബി.ജെ.പി അല്ല. ജനകീയ വിധി എഴുത്തിനെ, മാന്‍ഡേറ്റിനെ അട്ടിമറിച്ചത് ഒരിക്കലും ബി.ജെ.പി അല്ലല്ലോ? കഴിഞ്ഞതവണ 122 സീറ്റ് ലഭിച്ചവര്‍ക്ക് ഇത്തവണ കിട്ടിയത് 80 സീറ്റാണ്. അതേസമയം കഴിഞ്ഞതവണ 40 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇക്കുറി 105 സീറ്റുകള്‍ ലഭിച്ചു. അപ്പോള്‍ മാന്‍ഡേറ്റ് ആര്‍ക്കാണ്? ആരാണ് അധികാരത്തില്‍ വരേണ്ടത്? അതല്ലേ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടത്.
വളഞ്ഞവഴിയില്‍ അധികാരത്തില്‍ വന്നവരില്‍ നിന്നും വിപ്പ് ലംഘിച്ച് ചിലര്‍ മാറിനിന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇവിടെ യഥാര്‍ത്ഥ ജനവിധി ആദ്യം അട്ടിമറിച്ചതാരാണ്? എങ്ങനെയാണ് എന്നതാണ് വിഷയം. ഇപ്പോഴത്തെ അവസ്ഥയില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നതില്‍ ഒരു കാര്യവുമില്ല.
? എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലാതിരുന്ന സമയത്താണ് താങ്കള്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നത്. കേരളത്തിലെ എന്‍.ഡി.എയുടെ സ്ഥിതി ഇപ്പോള്‍ എങ്ങനെയാണ്.
എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ തമ്മില്‍, ഏറ്റവും സ്വരചേര്‍ച്ചയോടും ഐക്യത്തോടും പ്രവര്‍ത്തിക്കുന്ന കാലമാണിപ്പോള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആ കൂട്ടായ്മ ദൃശ്യമായിരുന്നുവല്ലോ. എന്‍.ഡി.എയിലേക്ക് പുതിയതായി ഒട്ടേറെ ഘടകകക്ഷികള്‍ കടന്നുവന്നു. സംസ്ഥാനത്ത് ബൂത്തുതലം തൊട്ടേ ആ ഐക്യം ശക്തമായി വരികയുമാണ്.

? തെരഞ്ഞെടുപ്പിനുശേഷം ബി.ഡി.ജെ.എസ് പല പരാതികളും ഉന്നയിച്ചിട്ടുണ്ടല്ലോ.

ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മില്‍ നല്ല ബന്ധമാണ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് എപ്പോഴും ലഭിക്കുന്നത്.

? അപ്പോള്‍ വെള്ളാപ്പള്ളി നടേശനുമായോ?

അദ്ദേഹം രാഷട്രീയപ്രസ്ഥാനത്തിന്‍റെ ഭാഗമല്ലല്ലോ? എസ്.എന്‍.ഡി.പിയുടെ ഉന്നത നേതാവല്ലെ അദ്ദേഹം.

? കേരളത്തിലെ ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് വൈരം ഇപ്പോഴും തുടരുകയല്ലേ.

അത് ചില മാധ്യമങ്ങളുടെ വിലയിരുത്തല്‍ മാത്രമാണ്. ഞങ്ങള്‍ ഒറ്റക്കെട്ടാണ്; ഒരു വൈരവുമില്ല.

16-31 ആഗസ്റ്റ്- 2019 ലക്കത്തില്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO