പ്രേമചന്ദ്രന്‍റെ പ്രേമഭാജനം

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം- പള്ളിക്കല്‍ പ്രദേശങ്ങള്‍ തമ്മില്‍ 5 കി.മീറ്ററിന്‍റെ ദൂരമേയുള്ളു. എന്നിട്ടും, പള്ളിക്കല്‍ ആനകുന്നത്ത് പുത്തന്‍വീട്ടില്‍ ഗീതയും നാവായിക്കുളം കൃഷ്ണവിലാസത്തില്‍ പ്രേമചന്ദ്രനും തമ്മില്‍ ഒന്നുകാണുവാന്‍ വര്‍ഷങ്ങളെടുത്തു. അതായത് കൃഷ്ണവിലാസത്തില്‍ കൃഷ്ണപിള്ളയുടെ ഇളയമകന്‍ പ്രേമചന്ദ്രന്‍... Read More

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം- പള്ളിക്കല്‍ പ്രദേശങ്ങള്‍ തമ്മില്‍ 5 കി.മീറ്ററിന്‍റെ ദൂരമേയുള്ളു. എന്നിട്ടും, പള്ളിക്കല്‍ ആനകുന്നത്ത് പുത്തന്‍വീട്ടില്‍ ഗീതയും നാവായിക്കുളം കൃഷ്ണവിലാസത്തില്‍ പ്രേമചന്ദ്രനും തമ്മില്‍ ഒന്നുകാണുവാന്‍ വര്‍ഷങ്ങളെടുത്തു. അതായത് കൃഷ്ണവിലാസത്തില്‍ കൃഷ്ണപിള്ളയുടെ ഇളയമകന്‍ പ്രേമചന്ദ്രന്‍ ആനകുന്നത്ത് പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണക്കുറുപ്പിന്‍റെ ഇളയമകള്‍ ഗീതയെ പെണ്ണുകാണാന്‍ ചെന്നപ്പോഴാണ് അവര്‍ തമ്മില്‍ ആദ്യമായി കാണുന്നത്.

 

അതിനുമുമ്പ് കോളേജില്‍ പോകുന്നവഴിക്കോ ബസ്സ്റ്റോപ്പില്‍വച്ചോ ഒന്നും ആ ഒരു മുഖം കണ്ടതായി ഗീത ഓര്‍ക്കുന്നില്ല. അതിനൊരു കാരണമുണ്ട്. ആറ് ചേട്ടന്‍മാര്‍ക്കും ഒരു ചേച്ചിക്കും ഇളയതായി, അടക്കവും ഒതുക്കവും കരുതലുമായി വളര്‍ന്ന പെണ്‍കുട്ടിയായിരുന്നു ഗീത. ഒരു രീതിയില്‍ പറഞ്ഞാല്‍ പഠിത്തമൊക്കെയുണ്ടായിരുന്നെങ്കിലും മറ്റ് പല കാര്യങ്ങളിലും തനി നാടന്‍ പെണ്ണ്. അച്ചടക്കത്തിലും അനുസരണയിലും അറുപഴഞ്ചനും. അതുകൊണ്ടുതന്നെ രാഷ്ട്രീയം എന്താണെന്നും, രാഷ്ട്രീയക്കാരന്‍റെ ജീവിതം എങ്ങനെയാണെന്നും ഒന്നും അറിയില്ലായിരുന്നെങ്കിലും, ചെറുക്കന്‍ കൊള്ളാമെന്ന് അച്ഛനും ചേട്ടന്മാരും പറഞ്ഞപ്പോള്‍ പിന്നൊരഭിപ്രായവും ഗീതയ്ക്കുണ്ടായിരുന്നില്ല.

ആലോചന വന്ന വഴി

ഗീതയുടെ കുടുംബത്തിന് മടവൂരില്‍ സ്വന്തമായി ഒരു സ്ക്കൂളുണ്ടായിരുന്നു. ആ സ്ക്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു അച്ഛന്‍ ഗോപാലകൃഷ്ണക്കുറുപ്പ്. അതുപിന്നെ എന്‍.എസ്.എസിന് വിട്ടുകൊടുത്തപ്പോള്‍, അയണിക്കാട്ടുകോണം കരയോഗത്തിന്‍റെ പ്രസിഡന്‍റ് എന്ന നിലയില്‍ ഗോപാലകൃഷ്ണക്കുറുപ്പ് മടവൂര്‍ എന്‍.എസ്.എസ്. ഹൈസ്ക്കൂളിന്‍റെ മാനേജരുമായി. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ നാവായിക്കുളം ഇടമണ്‍നില കരയോഗം പ്രസിഡന്‍റായിരുന്നു പ്രേമചന്ദ്രന്‍റെ അച്ഛന്‍ കൃഷ്ണപിള്ള. ആ നിലയില്‍ അവര്‍ തമ്മില്‍ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു.

 

 

അങ്ങനിരിക്കെയാണ് ഗീതയ്ക്ക് വിവാഹാലോചനകള്‍ തുടങ്ങിയത്. കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നും ബി.എച്ച്.എം.എസ് പാസ്സായി ഇറങ്ങിയ 91 ലായിരുന്നു അത്. അപ്പോഴാണ് കൃഷ്ണപിള്ള തന്‍റെ മകന്‍ പ്രേമചന്ദ്രന്‍റെ കാര്യം ഗോപാലകൃഷ്ണക്കുറുപ്പിനോട് പറയുന്നത്. എല്‍.എല്‍.ബി. പാസ്സായശേഷം തിരുവനന്തപുരം-ആറ്റിങ്ങല്‍ കോടതികളില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന പ്രേമചന്ദ്രന്‍ ആ സമയം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്‍.എസ്.പി മെംബര്‍ കൂടിയായിരുന്നു.

 

ആള് അന്നേ നല്ല പ്രാസംഗികനും മിടുക്കനുമൊക്കെയാണെന്നാണ് കേട്ടിരുന്നതെങ്കിലും, ഹെഡ്മാസ്റ്ററായിരുന്ന ഗോപാലകൃഷ്ണക്കുറുപ്പിന് മകളെ ഒരു രാഷ്ട്രീയക്കാരന് പിടിച്ചുകൊടുക്കുന്നതിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നല്ല, ഭയവുമുണ്ടായിരുന്നു. എന്നാല്‍ അന്ന് കറതീര്‍ന്ന സ്വയം സേവകരായിരുന്ന ആങ്ങളമാര്‍ക്ക് ആറുപേര്‍ക്കും അത്ര വലിയ എതിര്‍പ്പൊന്നുമുണ്ടായില്ല. അതോടെ ഗോപാലകൃഷ്ണക്കുറുപ്പിന്‍റെയും (രാഷ്ട്രീയക്കാരനായിപ്പോയി എന്നതുകൊണ്ടുമാത്രമുള്ള) ചെറിയ ഇഷ്ടക്കുറവ് ഇല്ലാതായി. അങ്ങനെ പെണ്ണുകാണലും, മറ്റു ചടങ്ങുകളും നടന്നു; 1991 ഫെബ്രുവരി 10 ന് വിവാഹത്തീയതിയും കുറിക്കപ്പെട്ടു.

 

കന്നിവോട്ട് കണവന്

വിവാഹനിശ്ചയം കഴിഞ്ഞ് കല്യാണം നടക്കുന്നതിനിടെയാണ് കേരളത്തില്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുവന്നത്. ആ തെരഞ്ഞെടുപ്പില്‍ നാവായിക്കുളം, പള്ളിക്കല്‍, മടവൂര്‍ പ്രദേശങ്ങള്‍ ചേര്‍ന്ന നാവായിക്കുളം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായി ഇടതുപക്ഷം തീരുമാനിച്ചത് ഗീതയുടെ പ്രതിശ്രുതവരന്‍ പ്രേമചന്ദ്രനെ. അതോടെ, പെങ്ങളെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിനോടുള്ള പ്രത്യേക പരിഗണന ഗീതയുടെ സഹോദരന്മാര്‍ ആറുപേരെയും നിശ്ശബ്ദരാക്കി. അവരാരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയില്ല. ഗീതയ്ക്കാണെങ്കില്‍ അത് കന്നിവോട്ടും. അത് ആര്‍ക്ക് ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. ഏതായാലും ഫലപ്രഖ്യാപനം വന്നപ്പോള്‍ നാവായിക്കുളം ജില്ലാ കൗണ്‍സില്‍ ഡിവിഷനില്‍നിന്നും എന്‍.കെ. പ്രേമചന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.

 

പിന്നീട് പ്രേമചന്ദ്രന്‍റെ നേതാവായിരുന്ന കെ.സി. വാമദേവന്‍ ഗീതയെ കാണുമ്പോള്‍ കളിയാക്കി പറയുമായിരുന്നു, പള്ളിക്കലെ ഒരു ഡിവിഷനില്‍നിന്നും കിട്ടിയ വോട്ടില്‍ ഒരു മുടിയുണ്ടായിരുന്നു എന്ന്. പക്ഷേ മുടിയല്ല തന്‍റെ ഹൃദയംതന്നെ ആ വോട്ടിലുണ്ടായിരുന്നു എന്നാണ് ഗീത പറയുന്നത്. ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിക്കുകയും, ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയും ചെയ്തത് ആ തെരഞ്ഞെടുപ്പ് വേളയിലും ഫലപ്രഖ്യാപനം വന്നപ്പോഴുമായിരുന്നു.

 

പ്രേമചന്ദ്രന്‍ എന്ന ഭര്‍ത്താവില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയ നിമിഷം ഏതാണ്?

 

ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴും, പിന്നീട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴുമൊക്കെ സന്തോഷവും അഭിമാനവുമൊക്കെ തോന്നിയിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയത്, വാജ്പേയ് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗം കേള്‍ക്കുകയും, പ്രസംഗം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി വന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചപ്പോഴുമാണ്. എം.പി. എന്ന നിലയിലെ പാര്‍ലമെന്‍റിലെ കന്നിപ്രസംഗം കൂടിയായിരുന്നു അത്.

 

 

ആള് നന്നായി പ്രസംഗിക്കുമെന്നൊക്കെ കല്യാണത്തിന് മുമ്പുതന്നെ കേട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ്, ഒന്നിച്ച് ചില പരിപാടിക്കൊക്കെ പോകുമ്പോള്‍ കാറിലിരുന്നാണ് അത് നേരിട്ട് കേട്ടിട്ടുള്ളത്. വിഷയങ്ങള്‍ പഠിച്ച്, സദസ്സറിഞ്ഞ്, സ്ഫുടതയോടെയുള്ള ആ സംസാരം ആളുകള്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നിയിരുന്നു. അതായിരുന്നില്ലല്ലോ അവിശ്വാസപ്രമേയത്തിന്‍മേലുള്ള പാര്‍ലമെന്‍റിലെ പ്രസംഗം. അന്ന് അങ്ങനൊരു പ്രസംഗമുണ്ടെന്ന് വിളിച്ചുപറഞ്ഞിരുന്നില്ല. എങ്കിലും നിലവിളക്കുകൊളുത്തിയശേഷം വെറുതെ ടി.വി. ഓണ്‍ചെയ്തപ്പോള്‍ കണ്ടത് ആ പ്രസംഗമായിരുന്നു. പ്രസംഗം തീര്‍ന്നപ്പോള്‍ പ്രധാനമന്ത്രി വാജ്പേയിവന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകകൂടി ചെയ്തപ്പോള്‍ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി. സത്യത്തില്‍ എന്‍റെ ജീവിതത്തില്‍ അത്രയും സന്തോഷം അനുഭവിച്ച ഒരവസരം വേറെയില്ല.

 

ഭര്‍ത്താവ് സംസ്ഥാനമന്ത്രിയായപ്പോഴോ?

 

തീര്‍ച്ചയായും അതുമൊക്കെ സന്തോഷംതന്ന അനുഭവംതന്നെ. അതുപോലല്ലല്ലോ പക്ഷേ വാജ്പേയിയെപ്പോലെ, എല്ലാ നിലയിലും വലിയൊരു മനുഷ്യന്‍വന്ന്, തന്‍റെ ഗവണ്‍മെന്‍റിനെതിരെ പ്രസംഗിച്ചതിന് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. ആ പ്രസംഗവും അഭിനന്ദനവുമെല്ലാം രാജ്യം മുഴുവന്‍ കാണുകയായിരുന്നല്ലോ.

 

2006-ല്‍ മന്ത്രിയായത് യാദൃച്ഛികമായിട്ടായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ റിസള്‍ട്ട് അറിഞ്ഞശേഷം ഞാന്‍ ഗുരുവായൂരിലേക്ക് പോകുമ്പോള്‍ ശക്തികുളങ്ങരയില്‍വെച്ചാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. പിറ്റേന്ന് അമ്പലത്തില്‍ തൊഴാന്‍ പോകുമ്പോഴാണ് മന്ത്രിസ്ഥാനത്തിന്‍റെ ചര്‍ച്ച നടക്കുന്ന വിവരം വിളിച്ചുപറഞ്ഞത്. നമുക്ക് കിട്ടാനുള്ളതാണെങ്കില്‍ കിട്ടും…’ എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്.

 

പിന്നെ വിളിച്ചുപറഞ്ഞു എന്നെത്തന്നെയാണ് തെരഞ്ഞെടുത്തത് എന്ന്. അപ്പോള്‍ ഞാനിവിടുണ്ട്. അന്ന് ഞാന്‍ ചങ്ങനാശ്ശേരിയില്‍ പഠിച്ച ഹോമിയോകോളേജില്‍തന്നെ ജോലിചെയ്യുകയാണ്. മോന്‍ തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് സ്ക്കൂളില്‍ പത്തില്‍ പഠിക്കുന്നു. അതൊക്കെക്കൊണ്ടായിരിക്കാം, അന്ന് വൈകിട്ട് എന്നോടു പറഞ്ഞു, ഞാന്‍ മന്ത്രിയാകുമ്പോള്‍ നമ്മള്‍ മൂന്നുപേരും ഒരു സ്ഥലത്തുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട് എന്ന്. അതിന്‍റടിസ്ഥാനത്തില്‍ ഞാന്‍ ലീവെടുത്തു. മോനെ ലയോളയിലേക്ക് മാറ്റി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ആരോഗ്യവകുപ്പില്‍ എനിക്കൊരു ഡെപ്യൂട്ടേഷന്‍ പോസ്റ്റുകിട്ടി.

 

അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ ഡോക്ടര്‍ക്കുണ്ടായ അനുഭവമെന്തെങ്കിലും?

 

മന്ത്രിയായിരിക്കുമ്പോള്‍ ഒരുദിവസം ഞാന്‍ പാളയത്ത് ബസ്സിറങ്ങി. ഒരു ഓട്ടോയില്‍കയറി. സന്ധ്യയോടടുത്ത സമയമായിരുന്നു. ഓട്ടോക്കാരന്‍ സ്ഥലം ചോദിച്ചപ്പോള്‍, ഞാന്‍ നന്ദന്‍കോട് എന്നു പറഞ്ഞു. അവിടെ ചെന്നിട്ട് ക്ലിഫ്ഹൗസ് കോമ്പൗണ്ട് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു പേടിക്കണ്ടല്ലോ, കൊള്ളക്കാര്‍ക്കിടയിലല്ലേ താമസം. അപ്പോള്‍ ഞാന്‍ പറഞ്ഞു, കൂടുതലൊന്നും പറയല്ലേ, അതിലൊരു കൊള്ളക്കാരന്‍റെ ഭാര്യയാണ് ഞാന്‍. അത് കേട്ടപ്പോള്‍ അയാള്‍ വല്ലാതായിട്ടു ചോദിച്ചു. യ്യോ ഏതാ മാഡം? ഞാന്‍ പറഞ്ഞു പ്രേമചന്ദ്രന്‍. യ്യോ… സാറങ്ങനുള്ള ആളല്ല… എന്ന് അയാള്‍ പറഞ്ഞുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

 

തെറ്റുചെയ്താലും ഇല്ലെങ്കിലും മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുക പതിവാണ്. അതാണ് രാഷ്ട്രീയം. അങ്ങനെയുള്ള ആരോപണങ്ങള്‍ പ്രേമചന്ദ്രനെതിരേയും ഉണ്ടായിക്കാണുമല്ലോ. അപ്പോഴെന്തുതോന്നി?

 

മന്ത്രിയായിട്ടിരിക്കുമ്പോള്‍ അങ്ങനെ വലിയ ആരോപണമൊന്നും കേള്‍ക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ശത്രുപക്ഷം ഉയര്‍ത്തിവിട്ട അഴിമതിയാരോപണങ്ങള്‍ കേട്ടപ്പോള്‍ സത്യത്തില്‍ ഭയങ്കരമായി തളര്‍ന്നുപോയി. ആ ഇലക്ഷനില്‍ തോല്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളിലെ ആദ്യ തോല്‍വി. അപ്പോഴൊക്കെ ഞാന്‍ പറയുമായിരുന്നു, നമ്മള്‍ തെറ്റുചെയ്യാത്തതുകൊണ്ട് വിഷമിക്കണ്ട, എന്തോ നല്ലതിനാണെന്ന് കരുതിയാല്‍ മതിയെന്ന്. മൂന്നുവര്‍ഷം കഴിഞ്ഞ് 2014-ലെ പാര്‍ലമെന്‍റ് ഇലക്ഷനില്‍ അതുതന്നെ സംഭവിച്ചു. 2011-ലെ തെരഞ്ഞെടുപ്പില്‍ കേട്ട പേരുദോഷമൊക്കെയും മാറ്റുന്ന വിജയമാണ് 2014-ല്‍ കിട്ടിയത്.

 

വീട്ടിലൊക്കെ എങ്ങനെയാണ്?

 

വീട്ടില്‍ ഞങ്ങള്‍ മൂന്നുപേരും രാഷ്ട്രീയം സംസാരിക്കും. പരസ്പരം ഡിസ്ക്കസ് ചെയ്യും. രാത്രി ഫോണില്‍ ലൗഡ്സ്പീക്കറിട്ടാണ് ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നുണ്ട്. പിന്നെ, രാഷ്ട്രീയക്കാരനായതുകൊണ്ട് ഭര്‍ത്താവിനെ അടുത്തുകിട്ടുന്നില്ല എന്ന പരാതിയൊന്നും എനിക്കില്ല. എന്തുകാര്യത്തിന് എവിടെ പോയാലും വീട്ടിലെ കാര്യങ്ങള്‍ വിളിച്ചന്വേഷിക്കുകയും സ്ഥലത്തുണ്ടെങ്കില്‍ എന്ത് കാര്യത്തിലും പങ്കെടുക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ്.

 

വാജ്പേയി പാര്‍ലമെന്‍റില്‍വെച്ച് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചശേഷം ഭര്‍ത്താവിനെക്കുറിച്ച് അഭിമാനം തോന്നിയ മറ്റൊരു നിമിഷം ഏതാണ്?

 

2009-ല്‍ ഏഷ്യാനെറ്റിന്‍റെ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് സ്വീകരിക്കുവാന്‍ കനകക്കുന്നു കൊട്ടാരത്തില്‍ ഞാനും പോയിരുന്നു. അദ്ദേഹത്തിന് ആദ്യമായി കിട്ടുന്ന അവാര്‍ഡായിരുന്നു അത്. അതൊരു നല്ല അനുഭവമായിരുന്നു. പിന്നെ പ്രസിഡന്‍റിന്‍റെ അവാര്‍ഡു വാങ്ങാനും, യു.എന്‍. അസംബ്ലിയില്‍ പ്രസംഗിക്കാന്‍ പോയപ്പോഴും ഞാനും കൂടെപ്പോയി. അതൊക്കെ ഭയങ്കര അഭിമാനം തോന്നിയ അവസരങ്ങളാണ്. യു.എന്നില്‍ പ്രസംഗിക്കുന്നത് പിറകിലിരുന്ന് കാണാനും കേള്‍ക്കാനും എനിക്ക് ഭാഗ്യമുണ്ടായി. യു.എന്‍. അസംബ്ലിയില്‍ പ്രസംഗിക്കുക എന്നത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു.

 

മകനെപ്പറ്റി ഒന്നും പറഞ്ഞില്ല?

 

മകന്‍ കാര്‍ത്തിക്. രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും അച്ഛന്‍റെ രാഷ്ട്രീയത്തോട് അവന് വലിയ താല്‍പ്പര്യമാണ്. ടി.കെ.എമ്മില്‍നിന്ന് ബി.ടെക്ക് കഴിഞ്ഞ് മൂന്നുവര്‍ഷം ശോഭാ ഡെവലപ്പേഴ്സിലായിരുന്നു. അപ്പോഴാണ് യു.കെയില്‍ എം.ബി.എ പഠിക്കാന്‍ പോയത്. പഠിച്ചുകൊണ്ടിരിക്കെ, 70 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അവര്‍ തന്നെ അവിടുന്ന് പി.ജിക്ക് വിടും. അങ്ങനെ ഇപ്പോള്‍ പോര്‍ച്ചുഗലില്‍ സ്ട്രാറ്റജിക് മാനേജ്മെന്‍റില്‍ പി.ജിക്ക് പഠിക്കുകയാണ്.

 

 

രാഷ്ട്രീയം എന്തെന്നറിയാതെ, ഒരു രാഷ്ട്രീയക്കാരന്‍റെ ഭാര്യയാവുകയായിരുന്നല്ലോ. ഇപ്പോള്‍ എങ്ങനെ രാഷ്ട്രീയമൊക്കെ പഠിച്ചുകഴിഞ്ഞോ?

 

ഇപ്പോള്‍ രാഷ്ട്രീയം ഏകദേശം എല്ലാം അറിയാം. അറിഞ്ഞല്ലേ പറ്റൂ… അത് പറയുമ്പോള്‍ ഡോ.ഗീതയുടെ മുഖത്ത് അഭിമാനത്തിന്‍റെ നിറവുണ്ടായിരുന്നു.

 

പി. ജയചന്ദ്രന്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO