സിനിമ നല്‍കിയ സൗഹൃദങ്ങളും അനുഭവങ്ങളും – വാഫ ഖദീജ റഹ്മാനും ആര്‍ഷാ ബൈജുവും

ഓര്‍മ്മയില്ലെ ഇവരെ? പതിനെട്ടാംപടി സിനിമയിലൂടെ സിനിമയുടെ ആദ്യപടി ഐശ്വര്യത്തോടുകൂടി ചവിട്ടിക്കയറിയ രണ്ട് യുവനായികമാര്‍ ആര്‍ഷാ ബൈജുവും വഫാ ഖദീജ റഹ്മാനും. അഭിനയിച്ച ആദ്യസിനിമയില്‍ തന്നെ ശ്രദ്ധേയവേഷങ്ങള്‍. അതും മെഗാസ്റ്റാര്‍ മമ്മുക്കയോടൊപ്പം. ആലപ്പുഴ, മാന്നാര്‍ സ്വദേശിനിയായ... Read More

ഓര്‍മ്മയില്ലെ ഇവരെ? പതിനെട്ടാംപടി സിനിമയിലൂടെ സിനിമയുടെ ആദ്യപടി ഐശ്വര്യത്തോടുകൂടി ചവിട്ടിക്കയറിയ രണ്ട് യുവനായികമാര്‍ ആര്‍ഷാ ബൈജുവും വഫാ ഖദീജ റഹ്മാനും. അഭിനയിച്ച ആദ്യസിനിമയില്‍ തന്നെ ശ്രദ്ധേയവേഷങ്ങള്‍. അതും മെഗാസ്റ്റാര്‍ മമ്മുക്കയോടൊപ്പം. ആലപ്പുഴ, മാന്നാര്‍ സ്വദേശിനിയായ ആര്‍ഷാബൈജു, ചങ്ങനാശ്ശേരിയിലെ ക്രിസ്തുജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.എ. ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയാണ്.

സിനിമയിലെ അവസരം

ഓഡീഷന്‍ വഴിയായിരുന്നു സിനിമയില്‍ അവസരം ലഭിച്ചത്. ഫെയ്സ്ബുക്കില്‍ നിവിന്‍പോളിയുടെ ഒരു കാസ്റ്റിംഗ് കോള്‍ വീഡിയോ കണ്ടിരുന്നു. ഒന്ന് ശ്രമിച്ചുനോക്കി. ഏകദേശം 18000 പേരില്‍ നിന്നാണ് അവര്‍ 850 പേരെ ഓഡിഷന് വിളിച്ചതെന്ന് അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരം ഓഗസ്റ്റ് സിനിമയുടെ ഓഫീസില്‍ വെച്ചായിരുന്നു ഓഡീഷന്‍. പിന്നെ ഗ്രൂമിംഗ്, ക്യാമ്പുകള്‍. ഞങ്ങള്‍ 65 പേരാണ് ക്യാംപുകളില്‍ അര്‍ഹരായത്. പിന്നീട് ആക്ഷന്‍ ബേസ്ഡ് ക്യാമ്പ് ആയിരുന്നു. ഈ രണ്ട് ക്യാമ്പുകളിലൂടെ അഭിനയവും സ്റ്റണ്ടും പഠിക്കുക എന്നതിലുപരി നല്ലൊരു സൗഹൃദം സൃഷ്ടിക്കപ്പെടുകയായിരുന്നു. ക്യാമ്പുകളില്‍ ആകെ ഉറങ്ങാന്‍ സമയം കിട്ടിയിരുന്നത് ഏകദേശം രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു.

ടെന്‍ഷന്‍ ഫ്രീ

ക്യാമ്പ് അനുഭവമുണ്ടായിരുന്നതുകൊണ്ട് ഷൂട്ടിന്‍റെ സമയമായപ്പോഴേയ്ക്കും ഒരു ടെന്‍ഷനും തോന്നിയില്ല. എല്ലാവരുമായും പരിചയപ്പെട്ടു കഴിഞ്ഞിരുന്നതിനാല്‍ ഒരു എക്സൈറ്റ്മെന്‍റായിരുന്നു. ആദ്യമായിട്ടായിരുന്നു ഫിലിം സെറ്റ് കാണുന്നതുതന്നെ. എത്ര ചെറിയ വേഷമാണെങ്കിലും സാര്‍ ഞങ്ങളെ വളരെ ഭംഗിയായി അഭിനയിപ്പിച്ചെടുക്കുകയായിരുന്നു.

മമ്മുക്കയെ മിസ്സായി

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ എനിക്ക് കോമ്പിനേഷന്‍ സീനില്ലായിരുന്നു. പപ്പയ്ക്കും പിന്നെ കുറെ ആണ്‍കുട്ടികള്‍ക്കും കിട്ടിയിരുന്നു. മമ്മുക്കയുടെ കാര്‍ എത്തിയ സമയം മുതല്‍ തിരിച്ചുപോകുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും അവരെല്ലാവരും എനിക്ക് പറഞ്ഞുകേള്‍പ്പിച്ചുതന്നു. അവസരം കിട്ടിയവരൊക്കെ എനിക്ക് മമ്മുക്കയെ മിസ്സ് ആയെന്ന് പറയുകയും ചെയ്തു. ഏതായാലും ഭാവിയില്‍ അവസരം കിട്ടുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

പോസ്റ്ററിലെ സന്തോഷം

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയപ്പോള്‍ ഒരുപാട് പ്രമുഖതാരങ്ങളായ മമ്മുക്കാ, മനോജേട്ടന്‍, പൃഥ്വിയേട്ടന്‍, ഉണ്ണിമുകുന്ദേട്ടന്‍, ആര്യചേച്ചി, സുരാജേട്ടന്‍ ഇവരുടെയൊപ്പം ഈ പുതുമുഖത്തെ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ കിട്ടിയ സന്തോഷം വളരെ വലുതാണ്.

അഹാന ചേച്ചി

ഇന്‍റര്‍നാഷണല്‍ സ്ക്കൂള്‍ ടീച്ചറിന്‍റെ വേഷമായിരുന്നു അഹാനചേച്ചിക്ക്. ആ ഭാഗങ്ങളിലൊക്കെയും ഞാനും ഉണ്ടായിരുന്നു. അങ്ങനെ ഷൂട്ട് ഒരുമിച്ച് ഉണ്ടായിരുന്നതുകൊണ്ട് ചേച്ചിയുമായുള്ള നല്ല സൗഹൃദം സ്ഥാപിച്ചു. വളരെ ഫ്രണ്ട്ലിയാണ് ചേച്ചി. നല്ല സ്നേഹം പകര്‍ന്നുതരാറുണ്ട്. ഇടയ്ക്ക് ഫോണ്‍ വിളിക്കുകയും മെസ്സേജുകള്‍ അയയ്ക്കുകയും ചെയ്യാറുണ്ട്.

വാഫയും ഞാനും

ഇന്‍റര്‍നാഷണല്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ വേഷമാണ് എനിക്കും വാഫയ്ക്കും. എന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് ദേവി. ഒരുപാട് കോമ്പിനേഷന്‍ സീനുകളൊന്നും ഞങ്ങള്‍ തമ്മിലില്ല. വാഫ നല്ല കുട്ടിയാണ്. വാഫ പഠിക്കുന്ന വിഷയം നിയമമാണ്. അതുകൊണ്ട് ചര്‍ച്ചയ്ക്കിടയില്‍ ചില നിയമങ്ങളെക്കുറിച്ചൊക്കെയും വിഷയം വരാറുണ്ട്. സംശയമുണ്ടെങ്കില്‍ അത് ചോദിച്ചാല്‍ വാഫ വ്യക്തമായി പറഞ്ഞുതരും. നല്ല ഹെല്‍പ്പിംഗ് നേച്ചര്‍ ആണ്. നല്ലൊരു സുഹൃത്താണ് വാഫ. ഇപ്പോഴും ഇടയ്ക്ക് കോണ്‍ടാക്ട് ഉണ്ട്.

 

 

പ്രതീക്ഷയുണ്ട്

നല്ല സിനിമകളില്‍ അഭിനയിക്കാന്‍ ഇനിയും അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു. സിനിമയിലൊക്കെ അഭിനയിക്കണമെന്ന് ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ്. ചെറുപ്പം മുതല്‍തന്നെ സിനിമകളൊക്കെ കണ്ടിട്ടുള്ള ശീലമാണ്. എന്‍റെ ചേട്ടന് സിനിമ വളരെ ഇഷ്ടമാണ്. സിനിമ കണ്ടിട്ട് ഞങ്ങളോടൊക്കെ അഭിപ്രായങ്ങളൊക്കെ പറയും. എന്‍റെ സിനിമാസ്വപ്നങ്ങളുടെ പിന്നിലും ചേട്ടനാണ് പ്രധാന പ്രചോദനം. ചേട്ടന്‍ മാത്രമല്ല വീട്ടില്‍ എല്ലാവരും വളരെ സപ്പോര്‍ട്ടീവ് ആണ്. സിനിമയോടൊപ്പം തന്നെ നൃത്തവും സംഗീതവും കൊണ്ടുപോകണമെന്നാണ് ആഗ്രഹം. നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്.

എന്നിലും വാഫയിലുമുള്ള സാമ്യത

രണ്ടുപേരും സ്വഭാവരീതികളില്‍ രണ്ട് തട്ടില്‍ നില്‍ക്കുന്നവരാണെന്ന് എനിക്ക് തോന്നുന്നു. എന്‍റെ അഭിപ്രായമാണ് പറയുന്നത്. വാഫ ഭയങ്കര സ്വീറ്റാണ്. ഒരുതരം ഓമനത്വം നിറഞ്ഞുതുളുമ്പുന്ന സ്വഭാവം. വാഫയെ പെട്ടെന്ന് എല്ലാവര്‍ക്കും ഇഷ്ടമാവും. സ്വീറ്റായിട്ടാണ് വാഫ സംസാരിക്കുന്നത്. ഞാനത്രയ്ക്ക് സ്വീറ്റൊന്നുമല്ല. എന്‍റെ ശബ്ദം കുറച്ച് പരുക്കനുമാണ്. എങ്കിലും സിനിമയോടുള്ള പാഷനാണ് ഞങ്ങളെ ഒരുമിപ്പിക്കുന്നത്.

ഹോബികള്‍ സിനിമ തന്നെ

സിനിമ തന്നെയാണ് പ്രധാന ഹോബി. പിന്നെ ആഹാരം. കൂട്ടുകാരുമായി സംസാരിച്ചിരിക്കാനുമൊക്കെ ഇഷ്ടമാണ്.

കുടുംബം

അച്ഛനും അമ്മയും ചേട്ടനും അപ്പൂപ്പനും അടങ്ങുന്നതാണ് കുടുംബം. അച്ഛനും അമ്മയും സ്ക്കൂള്‍ അദ്ധ്യാപകരാണ്. ചേട്ടന്‍ കോയമ്പത്തൂരില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിലാണ്. വാഫയുടെ സ്വദേശം മംഗലാപുരമാണ്. ദക്ഷിണ കര്‍ണ്ണാടകയിലെ ബെയറി എന്നറിയപ്പെടുന്ന മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടി. എഴുത്തുഭാഷ ഇല്ലാത്ത നാക്-നിക് ഭാഷയാണ് സംസാരത്തിന് ഉപയോഗിക്കുന്നത്. പതിനെട്ടാം പടി സിനിമയില്‍ നിഷ്ക്കളങ്കമായ ഒരു 17 വയസ്സുകാരിയായി ഏഞ്ചല്‍ എന്ന വേഷമാണ് ലഭിച്ചത്. നനഞ്ഞ കളിമണ്ണുപോലുള്ള മനസ്സ്. പക്ഷേ ചില സാഹചര്യങ്ങള്‍ ഈ കൗമാരക്കാരിയെക്കൊണ്ടെത്തിക്കുന്നത് അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകളിലേയ്ക്കും.

 

ക്യാമറയ്ക്ക് മുന്നില്‍

എന്‍റെ ആദ്യത്തെ സിനിമ. അതും മലയാളത്തില്‍. സ്വന്തം ഭാഷയല്ലാത്തതുകൊണ്ട് അതിന്‍റേതായ പ്രശ്നങ്ങള്‍. ഭാഷ ഒരു തടസ്സം നില്‍ക്കുമോ എന്ന പേടിയുണ്ടായിരുന്നു. മറ്റൊരു പ്രധാന വെല്ലുവിളിയുമുണ്ടായിരുന്നു. ഡ്രഗ്സിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഈ കഥാപാത്രത്തിന് അത് അത്യാവശ്യമായിരുന്നു. ഇതിനുമുമ്പ് കുറെ റിസര്‍ച്ച് വേണ്ടി വന്നു. ഇതിനുവേണ്ടി കുറെ ആനിമേറ്റഡ് വീഡിയോസ് കണ്ടു.

മലയാളം കുറച്ചറിയാം

കുറച്ചൊക്കെ മലയാളം അറിയാം. ഭാഷ കൂടുതല്‍ വശമാക്കാന്‍ ഇപ്പോഴും ശ്രമം തുടരുന്നുണ്ട്. എന്‍റെ കയ്യില്‍ ഒരു നോട്ട് പുസ്തകം ഉണ്ടാകും. പുതിയ വാക്ക് എനിക്ക് കിട്ടിയാല്‍ അപ്പോള്‍ തന്നെ ഞാന്‍ കുറിച്ചിടും. പിന്നെ പതിനെട്ടാം പടിയില്‍ മലയാളത്തില്‍ കൂടുതല്‍ സംസാരിക്കേണ്ട ആവശ്യകത എന്‍റെ ക്യാരക്ടറിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിഷമിക്കേണ്ടി വന്നില്ല.

 

ആര്‍ഷ ബൈജുവും അഹാനയും

ആര്‍ഷയുമായി കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. എങ്കിലും സെറ്റിലും സിനിമയുടെ പ്രൊമോഷന്‍ സമയത്തും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ച് ശരിക്കും അടിച്ചുപൊളിച്ചു. ആര്‍ഷ വളരെ സ്വീറ്റാണ്. നല്ല നിശ്ചയദാര്‍ഢ്യമുള്ള പെണ്‍കുട്ടി. പിന്നെ ആര്‍ഷയുടെ ക്ഷമയെന്നൊക്കെ പറഞ്ഞാല്‍ അതിശയിച്ചുപോകും. ഇത്രയ്ക്ക് ക്ഷമയുള്ള കുട്ടിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. അഹാന എന്‍റെ വളരെ അടുത്ത സുഹൃത്താണ്. സ്ക്കൂള്‍ വിദ്യാര്‍ത്ഥി പ്രായം മുതല്‍ തുടങ്ങിയ ബന്ധമാണ്. അങ്ങനെ ഈ സിനിമയിലൂടെ അഹാനയ്ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി. എനിക്ക് എന്‍റെ സ്വന്തം സഹോദരിയെപ്പോലെയാണ് അഹാന.

മമ്മൂട്ടി സാറിന്‍റെ മുമ്പില്‍ ഞാന്‍ ഫ്ളാറ്റായി

മമ്മൂട്ടി സാറിന്‍റെ ചുറ്റിലും ഒരു പ്രഭാവലയം ഉണ്ടെന്ന് ശക്തമായി ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം നടന്നുപോകുമ്പോള്‍ കാറ്റിന് പോലും അറിയാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ആളുകള്‍ക്കിടയില്‍ എന്തുമാത്രമാണ് അദ്ദേഹത്തിന്‍റെ സ്വാധീനം. അദ്ദേഹത്തെ കാണുന്നതിന് മുമ്പ് എത്ര തയ്യാറെടുപ്പുകള്‍ നടത്തിയാലും കാണുമ്പോള്‍ നമ്മള്‍ മൊത്തം ഫ്ളാറ്റായി പോകും.

 

ഞാന്‍ മാലാഖയാണോ?

ഞാനും സിനിമയില്‍ ഏഞ്ചല്‍ എന്ന കഥാപാത്രവും സ്വയം പരിശോധിക്കുമ്പോള്‍ കുറെ സമാനതകള്‍ ഉള്ളതുപോലെ തോന്നുന്നുണ്ട്. ഒരു വ്യത്യാസമുള്ളത് പ്രായമാണ്. വഫയെന്ന ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുകയും അതില്‍ നിന്നും പഠിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണെങ്കില്‍ ഏഞ്ചല്‍ തെറ്റുകളെന്താണെന്ന് പഠിക്കാനിരിക്കുന്നതേയുള്ളു എന്നതാണ് പ്രധാനവ്യത്യാസം.

സിനിമയിലെ നിയമം

ഞാന്‍ ഇപ്പോള്‍ അഞ്ചാമത്തെ വര്‍ഷമാണ് നിയമബിരുദ കോഴ്സിന് പഠിക്കുന്നത്. ഏറ്റവും ഇഷ്ടവും ഈ പ്രൊഫഷന്‍ തന്നെയാണ്. പക്ഷേ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍, പ്രൊഫഷനും സിനിമയും ഒരുമിച്ച് കൊണ്ടുപോയ്ക്കൂടേ എന്ന്? എന്താണഭിപ്രായം? അങ്ങനെ ആകാം അല്ലേ.

ഹോബികള്‍

ഹോബികള്‍ പറയട്ടെ.. ബോറടിക്കുന്നു എന്നു തോന്നുമ്പോള്‍ പറയണേ! എനിക്ക് നൃത്തം ഒരുപാട് ഇഷ്ടമാണ്. പിന്നെ കാലിഗ്രാഫി പ്രാക്ടീസ് ചെയ്യും. എഴുതാനും വായിക്കാനും ഇഷ്ടം. കുറെ കവിതകളൊക്കെ എഴുതിയിട്ടുണ്ട്. നീന്താനും ഇഷ്ടമാണ്. അങ്ങനെ പോകുന്നു ലിസ്റ്റ്.

മറ്റുതാരങ്ങളുടെ പ്രചോദനങ്ങള്‍

എന്‍റെ ജോഡി അശ്വിന്‍ ആയിരുന്നു. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അതുപോലെ എന്നെ ഏറെ സഹായിച്ചത് ശങ്കര്‍ രാമകൃഷ്ണന്‍ സാറാണ്. സാറും ഒരു അഭിഭാഷകന്‍ ആയതുകൊണ്ട് സാറാണ് എന്നോട് പറഞ്ഞത് ഭാവിയില്‍ സിനിമയും അഡ്വക്കേറ്റ് പണിയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്ന്.

 

മാതാപിതാക്കളുടെ പിന്തുണ

സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിന് എന്‍റെ മാതാപിതാക്കള്‍ക്കും വലിയ പങ്കുണ്ട്. എല്ലാ കാര്യങ്ങള്‍ക്കൊപ്പവും അവര്‍ എന്‍റെ കൂടെത്തന്നെ നിന്നു. അത് വലിയൊരു അനുഗ്രഹമല്ലേ.

കേരളത്തിലെ ഫുഡ്

ഷൂട്ടിന്‍റെ സെറ്റില്‍ ഞങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്തുതന്നിരുന്നത് ഒരു മുരളിച്ചേട്ടനായിരുന്നു. ഞാന്‍ ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല ഒരു മനുഷ്യന്‍ എന്നുതന്നെ പറയാം. മുരളിച്ചേട്ടന്‍ ഉണ്ടാക്കിത്തരുന്ന കട്ടന്‍ കുടിക്കാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കാറുണ്ടായിരുന്നു. തുടര്‍ച്ചയായ ഷൂട്ടിംഗ് സമയത്തൊക്കെ എനിക്ക് ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സമയം കിട്ടാറില്ലായിരുന്നു. ആ സമയത്ത് മുരളിച്ചേട്ടനാണ് ബിസ്ക്കറ്റും മറ്റും തന്ന് എന്‍റെ വിശപ്പടക്കിയത്. പിന്നെ ഇഷ്ടഭക്ഷണത്തിന്‍റെ കാര്യമാണെങ്കില്‍ ബീഫ്, അത് ഏത് രൂപത്തില്‍ തന്നാലും ഞാന്‍ ഓകെയാണ്.

കുടുംബം

എന്‍റെ മുത്തച്ഛന്‍ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമാണ്. എനിക്കും മുത്തച്ഛനെപ്പോലെ ആളുകളെ സഹായിക്കണം. അതുകൊണ്ടുതന്നെയാണ് ഞാന്‍ നിയമം മുഖ്യവിഷയമായി തെരഞ്ഞെടുത്തത്. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു വ്യക്തിയാണ് എന്‍റെ മുത്തശ്ശി. അതുപോലെ കളങ്കരഹിതമായ, സ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് മുത്തശ്ശിയില്‍ നിന്നുമാണ് പഠിക്കേണ്ടത്. പിന്നെയുള്ളത് എന്നെ പൊന്നുപോലെ നോക്കുന്ന അച്ഛനും അമ്മയും. പിന്നെ രണ്ട് ഇളയ സഹോദരന്മാരും.

 

സുനില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO