തുഷാര്‍ തകര്‍ത്തത് എന്‍റെ ജീവിതമാണ്

-നാസില്‍ അബ്ദുള്ള     "ഞാന്‍ ചെക്ക് മോഷ്ടിച്ച് കള്ളക്കേസ് കൊടുക്കുകയായിരുന്നു എന്നുപറഞ്ഞ തുഷാര്‍ ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വരുന്നു. രമ്യമായി പരിഹരിക്കാമെന്ന് പറയുന്നു... ആരാണ് കളവ് പറഞ്ഞിരുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമല്ലേ... വ്യക്തമായ... Read More

-നാസില്‍ അബ്ദുള്ള

 

 

“ഞാന്‍ ചെക്ക് മോഷ്ടിച്ച് കള്ളക്കേസ് കൊടുക്കുകയായിരുന്നു എന്നുപറഞ്ഞ തുഷാര്‍ ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വരുന്നു. രമ്യമായി പരിഹരിക്കാമെന്ന് പറയുന്നു… ആരാണ് കളവ് പറഞ്ഞിരുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമല്ലേ… വ്യക്തമായ തെളിവുകളോടെ നിയമനടപടികളുമായി ഞാന്‍ മുന്നോട്ടുപോയതുകൊണ്ടുമാത്രമാണ് ഈ വിധത്തില്‍ മാറാന്‍ തുഷാര്‍ നിര്‍ബന്ധിതനായത്..

ഈ വിഷയവുമായി പലതവണ ഞാന്‍ തുഷാറിനെ ബന്ധപ്പെട്ടതാണ്, അന്നൊക്കെ ‘കിട്ടുന്ന പണി നോക്ക്’ എന്ന് ധാര്‍ഷ്ട്യസ്വരത്തില്‍ പ്രതികരിക്കുകയാണ് തുഷാര്‍ ചെയ്തത്. ഇത് കേവലമൊരു വ്യാജ ചെക്കിന്‍റെ മാത്രം വിഷയമല്ല വിശ്വാസവഞ്ചന മൂലം ഒരു സ്ഥാപനത്തെ.. എന്‍റെ ജീവിതത്തെ… ഞങ്ങളുടെ കുടുംബത്തെയാകെ തകര്‍ത്ത വിഷയമാണ്… എനിക്ക് അങ്ങനെ മാത്രമേ ഈ സംഭവങ്ങളെ കാണാന്‍ കഴിയുകയുള്ളൂ…”

യു.എ.ഇയില്‍ കഴിയുന്ന നാസില്‍ അബ്ദുള്ളയുമായി ‘കേരളശബ്ദം’ മലബാര്‍ ലേഖകന്‍ പ്രദീപ് ഉഷസ്സ് നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിലപാടുകള്‍ വിശദീകരിച്ചത്..

‘ജീവിതമൊണ് കരുപ്പിടിപ്പിക്കാനാണല്ലോ നാമൊക്കെ അന്യനാട്ടില്‍ വന്ന് കഷ്ടപ്പെടുന്നത്. വിശ്വസിച്ചവരില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ പിടിച്ചുനില്‍ക്കാനാവില്ല. പ്രത്യേകിച്ച് നിയമങ്ങള്‍ വളരെ കര്‍ശനമായ ഇവിടെ. തുഷാറിന്‍റെ കമ്പനി നല്‍കിയ ഉറപ്പില്‍ വിശ്വസിച്ചാണ് ഞാന്‍ വര്‍ക്കുകള്‍ ഏറ്റെടുത്തത്. പക്ഷേ, അവര്‍ കാശ് നല്‍കാതെ കഷ്ടപ്പെടുത്തുകയായിരുന്നു. അതിന്‍റെ ഫലമോ, മറ്റുള്ളവര്‍ക്ക് മുന്നില്‍ എന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ചെയ്യാത്ത തെറ്റിന് ഞാന്‍ വേട്ടയാടപ്പെടുകയായിരുന്നു.’

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞശേഷമാണ് ഞാന്‍ ദുബായിലേക്ക് പോകുന്നത്. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ്, സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് വര്‍ക്കുകളാണ് ഞങ്ങള്‍ ഏറ്റെടുത്തു ചെയ്തുകൊണ്ടിരുന്നത്. പ്രധാനപ്പെട്ട കമ്പനികളുടെ സബ് കോണ്‍ട്രാക്ട് വര്‍ക്കും ഞങ്ങള്‍ ചെയ്തിരുന്നു. വര്‍ക്കുകള്‍ കൃത്യസമയത്ത്, ചെയ്തുകൊടുത്തിരുന്നതിനാല്‍ ഞങ്ങളുടെ സ്ഥാപനം പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. കമ്പനിയുടെ വളര്‍ച്ചയുടെ കാലമായിരുന്നു അത്. നാല്‍പ്പതോളം ജോലിക്കാരുമുണ്ടായി. കഠിനാദ്ധ്വാനത്തിന്‍റേതായിരുന്നു ആ നാളുകള്‍.

ഈ സമയത്താണ് ബോയിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ബന്ധപ്പെടുന്നതും, ക്വട്ടേഷന്‍ കൊടുക്കുന്നതും ആ ക്വട്ടേഷന്‍ അവര്‍ സ്വീകരിക്കുകയും, ഞങ്ങള്‍ സബ് കോണ്‍ട്രാക്ട് എടുത്തുവര്‍ക്കുകള്‍ ചെയ്യാനും തുടങ്ങി. പക്ഷേ, ബോയിംഗ് കമ്പനിക്കാര്‍ പേയ്മെന്‍റ് നല്‍കുന്ന കാര്യത്തില്‍ കൃത്യത പാലിച്ചിരുന്നതേയില്ല. വലിയ വര്‍ക്കുകള്‍ എടുത്ത് ചെയ്തിട്ട്, കൃത്യസമയത്ത് പണം കിട്ടാതെ വരുമ്പോള്‍ എല്ലാം തകിടം മറിയുമല്ലോ. അതുതന്നെ സംഭവിച്ചു. ഞങ്ങള്‍ ബോയിംഗ് കമ്പനിക്കാരോട് പേയ്മെന്‍റ് കിട്ടാതെ മുന്നോട്ടുപോകാനാവില്ല എന്നറിയിച്ചു. എല്ലാം വേഗത്തില്‍ പരിഹരിക്കാം എന്നവര്‍ പറഞ്ഞെങ്കിലും, ഒന്നുമുണ്ടായില്ല. അങ്ങനെയാണ് ആദ്യഘട്ടത്തില്‍ ഞങ്ങള്‍ വര്‍ക്കുകള്‍ നിര്‍ത്തിവയ്ക്കുന്നത്. അപ്പോള്‍ ക്ലയിന്‍റ് ഞങ്ങളെ ബന്ധപ്പെട്ടു. കാര്യങ്ങളെല്ലാം ഞാന്‍ അവരോട് തുറന്നുപറഞ്ഞു. കാശുകിട്ടാതെ എങ്ങനെയാണ് വര്‍ക്കുകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക. ക്ലയന്‍റന് അത് പുതിയ അറിവായിരുന്നു. അവര്‍ വര്‍ക്കിന്‍റെ പേയ്മെന്‍റ് കൃത്യമായി ബോയിംഗ് കമ്പനിക്ക് നല്‍കുന്നുണ്ടായിരുന്നു. പക്ഷേ, അവരത് ഞങ്ങള്‍ക്ക് നല്‍കിയതേയില്ല. വസ്തുതകള്‍ ബോദ്ധ്യപ്പെട്ട ക്ലയന്‍റ്, ബോയിംഗ് കമ്പനിക്കാരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. അങ്ങനെയാണ് തുഷാറിന്‍റെ ബോയിംഗ് കമ്പനി ഞങ്ങളുമായി പുതിയ എഗ്രിമെന്‍റ് കോണ്‍ടാക്ട് ഉണ്ടാക്കുന്നതും, വിശ്വാസ്യതയ്ക്കായി ചെക്ക് നല്‍കിയതും. അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ ചെക്കാണ്. അല്ലാതെ ഞാന്‍ മോഷ്ടിച്ചതൊന്നുമല്ല. അതിപ്പോള്‍ വ്യക്തമായിട്ടുണ്ടല്ലോ?

പുതിയ എഗ്രിമെന്‍റിനുശേഷം കുറച്ച് കാലം കുഴപ്പമില്ലാതെ മുന്നോട്ടുപോയി. പിന്നെയും പഴയ പടിയായി. ഞാനാകട്ടെ അവരുടെ വാക്കുകള്‍ വിശ്വസിച്ച് സ്പെയര്‍ പാര്‍ട്സും മറ്റ് കാര്യങ്ങളുമെല്ലാം വിവിധ സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയിരുന്നു. പലര്‍ക്കും ചെക്കുകളാണ് കൊടുത്തിരുന്നതും. തുഷാറിന്‍റെ കമ്പനിക്കാര്‍ ഞങ്ങള്‍ ചെയ്തുകൊടുത്ത വര്‍ക്കിന്‍റെ പ്രതിഫലം കൃത്യമായി തന്നാല്‍ ഒരു വിഷയവുമുണ്ടാകില്ല. പക്ഷേ, ഉണ്ടായതോ, അവരുടെ വര്‍ക്ക് തീര്‍ക്കാനായി ഞാന്‍ സാധനങ്ങള്‍ വാങ്ങണം, എന്‍റെ ചെക്കുകള്‍ കൊടുക്കണം. ആ തുക അവര്‍ അക്കൗണ്ടില്‍ ഇട്ട് തരുന്നതുമില്ല. പിന്നെങ്ങനെ പിടിച്ചുനില്‍ക്കും. ഏതൊരു ബിസിനസ്സും വിജയിക്കുന്നത് വിശ്വാസത്തിന്‍റെ പുറത്താണ്. ബോയിംഗ് കമ്പനിയുമായി ബന്ധപ്പെടുന്നതിന് മുമ്പ്, സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പുകളുമായെല്ലാം കൃത്യമായ പേയ്മെന്‍റാണ് ഞാന്‍ നടത്തിയിരുന്നത്. ആ വിശ്വാസം കൊണ്ടാണ് ഞങ്ങളുടെ കമ്പനിക്ക് അത്രയധികം സ്വീകാര്യത കിട്ടിയത്. ഇടപാടുകള്‍ കൃത്യമായി ചെയ്തിരുന്ന ട്രാക്ക് റിക്കോര്‍ഡ് ഉണ്ടായതുകൊണ്ടാണ് അവരൊക്കെ ഇത്രയും സാധനങ്ങള്‍ കടമായി നല്‍കിയിരുന്നതും. ബോയിംഗുകാരുമായി ബന്ധപ്പെട്ടതോടെ അതെല്ലാം തകിടം മറിഞ്ഞു. എത്രയോ കാലമായി ഞാന്‍ ഉണ്ടാക്കിയെടുത്ത ക്രെഡിബിലിറ്റി നഷ്ടമായി…

ബന്ധപ്പെടുമ്പോഴൊക്കെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് ബോയിംഗ് കമ്പനിക്കാര്‍ ഒഴിഞ്ഞുമാറും. കടക്കാര്‍ക്ക് കാശ് കൊടുക്കാനാവാതെ ഞാനാകെ ബുദ്ധിമുട്ടിലായി. മറ്റ് വര്‍ക്കുകള്‍ ഒക്കെ ബ്ലോക്കായി.. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെയായി. തുഷാറിന്‍റെ കമ്പനിക്കുവേണ്ടി, സാധനങ്ങള്‍ വാങ്ങിയിട്ട്, ഒടുവില്‍ ഞാന്‍ കുറ്റക്കാരനായ സ്ഥിതിയായി.

 

ഇത് കമ്പനിയുടെ സ്ഥിതി, കുടുംബത്തിന്‍റെ കാര്യം ഇതിലും വലിയ കഷ്ടമായി. ഭാര്യ എന്നോടൊപ്പം ഇവിടെയുണ്ടായിരുന്നു. ഗര്‍ഭിണിയായ അവരെ ഈ വിഷമതകള്‍ ഒന്നും അറിയിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. അവരുടെ പാസ്പോര്‍ട്ട് ഇവിടെ സെക്യൂരിറ്റിയായി നല്‍കിയതിനാല്‍ അവരെ നാട്ടിലേക്ക് അയയ്ക്കാനും കഴിയാത്ത അവസ്ഥ. ആശുപത്രിയിലെ ചികിത്സ, മറ്റ് ചെലവുകള്‍, ആ അവസ്ഥയൊന്നും എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. എങ്ങനെയാണ് ഞാന്‍ പിടിച്ചുനിന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല.
ഇതിനിടയിലാണ് ഞാന്‍ കൊടുത്ത ചെക്കിന്‍റെ പേരില്‍ കേസായത്. ഈ കാര്യമൊക്കെ ഞാന്‍ തുഷാറിനെയും കമ്പനിക്കാരെയും അറിയിച്ചു. അവരൊന്നുമതില്‍ ഇടപെട്ടതുപോലുമില്ല. അങ്ങനെയാണ് ഞാന്‍ ജയിലിലാകുന്നത്. ആറുമാസം. ഇവിടെ കൈക്കുഞ്ഞുമായി ഭാര്യ.. നാട്ടില്‍ സ്ഥിതി അതിലും വിഷമം നിറഞ്ഞതായിരുന്നു. എന്‍റെ ബാപ്പ ഓടാത്ത വഴികളില്ല, മുട്ടാത്ത വാതിലില്ല, രാഷ്ട്രീയക്കാരും, പ്രവാസി നേതാക്കളുമൊന്നും ഞങ്ങളുടെ വിഷമം കണ്ടതായി പോലും നടിച്ചില്ല. എന്‍റെ ഇവിടുത്തെ കടങ്ങള്‍ വീട്ടാന്‍ ബാപ്പയ്ക്ക് നാട്ടിലെ സ്ഥലങ്ങള്‍പോലും വില്‍ക്കേണ്ടിവന്നു. ഞാന്‍ ജയിലിലായ വിവരമറിഞ്ഞ് അദ്ദേഹം ആകെ തളര്‍ന്നു. കുഴഞ്ഞുവീണു, പക്ഷാഘാതത്താല്‍ ഒരു വശമാകെ തളര്‍ന്ന അവസ്ഥയിലായി… ഞാനിനി ഒന്നും പറയുന്നില്ല. ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ ഞാനും എന്‍റെ കുടുംബവും ഈ വിധത്തില്‍ വേട്ടയാടപ്പെടുകയായിരുന്നു.

 

 

തുഷാറിന്‍റെ കമ്പനിക്കാര്‍, അന്ന് എനിക്ക് തരാനുള്ള പേയ്മെന്‍റ് ശരിയായി തന്നിരുന്നുവെങ്കില്‍ ഈ വേദനകള്‍ ഒന്നും ഞാന്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു. നല്ല നിലയില്‍ നടന്ന കമ്പനി തകര്‍ന്നു. നാട്ടിലെ സ്വത്തുക്കള്‍ പോലും ഇല്ലാതായി. ഏറ്റവും വലുത് എന്‍റെ ബാപ്പയുടെ ആരോഗ്യം- ഇതിനൊക്കെ ആര് സമാധാനം പറയും.
ഈ കാര്യമൊക്കെ പറഞ്ഞ്, തുഷാറിനെ ബന്ധപ്പെട്ടപ്പോഴൊക്കെ, ‘കിട്ടുന്ന പണി നോക്ക്’ എന്ന സമീപനമാണ് പുലര്‍ത്തിയത്. ഇത്രയൊക്കെ, ആകുമ്പോള്‍ നിയമത്തിന്‍റെ വഴിയല്ലാതെ എന്താണ് ഞാന്‍ ചെയ്യേണ്ടത്. അജ്മാനില്‍ അറസ്റ്റിലാവുകയും, പിന്നീട് തുഷാറിന് ജാമ്യം കിട്ടുകയും ചെയ്തുവെങ്കിലും, പാസ്പോര്‍ട്ട് പിടിച്ചുവെച്ച് ട്രാവല്‍ ബാന്‍ ഉണ്ടായതുകൊണ്ടാണ് ഒത്തുതീര്‍പ്പിന് ഇപ്പോള്‍ തയ്യാറാകുന്നത്. മധ്യസ്ഥന്മാര്‍ ഇടപെടുന്നുണ്ട്. ഇപ്പോഴും വ്യക്തമായ രൂപത്തില്‍ ആയിട്ടൊന്നുമില്ല.

എന്‍റെ അനുഭവത്തിലൂടെ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി. സാധാരണക്കാരും പ്രിവിലേജ്ഡ് ആള്‍ക്കാരും എന്നും രണ്ട് തട്ടില്‍ തന്നെയാണ്. പ്രിവിലേജ്ഡ് കക്ഷിക്കാര്‍ എന്ത് തെറ്റ് ചെയ്താലും അത് ന്യായീകരിക്കാന്‍, അവരെ സംരക്ഷിക്കാന്‍ ഉന്നതന്മാര്‍ ഉണ്ടാകും അവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. എല്ലാ ഉന്നതന്മാരും ഒറ്റക്കെട്ട്. സാധാരണക്കാര്‍ കരഞ്ഞ് കാലുപിടിച്ചാലും അവരുടെ വാതിലുകളില്‍ മുട്ടിവിളിച്ചാലും അതെല്ലാം ബധിരകര്‍ണ്ണങ്ങളില്‍ തന്നെ… അവിടെ പിന്നെ നിയമത്തിന്‍റെ വഴിയില്‍ പതറാതെ പോവുക എന്നതല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം. സത്യം എന്നോടൊപ്പമാണെന്ന് എനിക്കറിയാം, ബോയിംഗ് കമ്പനിക്കാര്‍ നല്‍കിയ, ഡോക്യുമെന്‍റുകള്‍ എല്ലാം തെളിവായി ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് തുഷാറിന്‍റെ കമ്പനിക്കാര്‍ക്കുമറിയാം.
പ്രധാന രാഷ്ട്രീയ നേതാക്കളുമായും, പ്രവാസി വ്യവസായ പ്രമുഖരുമായും, സമ്പന്നശ്രേണിയില്‍ പെട്ടവരോടുമെല്ലാം അത്രമേല്‍ സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഉന്നത സ്ഥാനീയരോട്, എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് നിയമത്തിന്‍റെ വഴിയല്ലാതെ മറ്റെന്താണ് സ്വീകരിക്കാന്‍ കഴിയുക.

എന്‍റെയും കുടുംബത്തിന്‍റെയും ജീവിതമാകെ തകര്‍ന്നു. ഇതെന്‍റെ ജീവന്‍റെ വിലയാണ്, ‘ബ്ലഡ് മണി’യാണ് കോടതി വഴി ആവശ്യപ്പെടുന്നതെന്ന് എം.എ. യൂസഫലിയോട് പറഞ്ഞപ്പോള്‍, അദ്ദേഹം എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു.
ആന്തൂരിലെ വ്യവസായി സാജനെപോലെ ആത്മഹത്യയില്‍ അഭയം തേടാന്‍ എന്തായാലും ഞാനില്ല. അദ്ദേഹം അന്നുതന്നെ നിയമവഴി തേടണമായിരുന്നു. നീതിവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍, അതുകൊണ്ടാണ് ആ വഴിയില്‍ ഞാന്‍ വിശ്വസിക്കുന്നത്. സത്യം ജയിക്കുമെന്നുതന്നെയാണ് എന്‍റെ ഉറച്ച പ്രതീക്ഷ.’- നാസില്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO