സമ്പത്തിന്‍റെ നിയമനം ലാവ്ലിന്‍കേസ് ലക്ഷ്യമിട്ട്

  -ജ്യോതികുമാര്‍ ചാമക്കാല (കെ.പി.സി.സി സെക്രെട്ടറി)     മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഡെമോക്ലെസിന്‍റെ വാളാണ് ലാവ്ലിന്‍ കേസ്. അതില്‍ നിന്നും രക്ഷനേടാനുള്ള കള്ളക്കളികളാണ് അദ്ദേഹം നടത്തുന്നത്. ആറ്റിങ്ങലില്‍ തോറ്റസ്ഥാനാര്‍ത്ഥി... Read More

 

-ജ്യോതികുമാര്‍ ചാമക്കാല
(കെ.പി.സി.സി സെക്രെട്ടറി)

 

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഡെമോക്ലെസിന്‍റെ വാളാണ് ലാവ്ലിന്‍ കേസ്. അതില്‍ നിന്നും രക്ഷനേടാനുള്ള കള്ളക്കളികളാണ് അദ്ദേഹം നടത്തുന്നത്. ആറ്റിങ്ങലില്‍ തോറ്റസ്ഥാനാര്‍ത്ഥി ഡോ. എ. സമ്പത്തിനെ കേരളസര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ഡെല്‍ഹിയില്‍ നിയമിച്ചത് ഇതിനുവേണ്ടി മാത്രമാണ്. ലാവ്ലിന്‍ ദൗത്യത്തിന്‍റെ ഭാഗമായി തന്നെയാണ് അഡ്വ. വേലപ്പന്‍നായരെ മുഖ്യമന്ത്രിയുടെ നിയമോപദേശകനാക്കിയതും. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നെന്ന് പറയുമ്പോഴും സംസ്ഥാനസര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി മാത്രമാണ് “- കെ.പി.സി.സി. സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല കേരളശബ്ദ’ത്തോട് പറഞ്ഞു. അടുത്തിടെ വിവാദമായ സര്‍ക്കാര്‍ തീരുമാനങ്ങളെക്കുറിച്ച് കേരളശബ്ദത്തോട് മനസ്സുതുറക്കുകയായിരുന്നു അദ്ദേഹം.

 

 

കേരളസര്‍ക്കാര്‍ ഡെല്‍ഹിയില്‍ ഒരു പ്രതിനിധിയെ നിയമിക്കുന്നതില്‍ ഇത്രയധികം വിവാദങ്ങള്‍ ഉയര്‍ത്തേണ്ട കാര്യമുണ്ടോ ?

 

പ്രളയത്തിന്‍റെ ദുരിതംപേറുന്ന കേരളത്തിനുവേണ്ടി ഇല്ലാത്തൊരുതസ്തിക ഇപ്പോള്‍ ധൃതിപിടിച്ച് സൃഷ്ടിച്ചെടുക്കേണ്ട സാഹചര്യം എന്താണ് എന്നാദ്യം പരിശോധിക്കണം. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോടികള്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരുധൂര്‍ത്ത് നടത്തുന്നത് എന്തിന് എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിന്‍റെ കാര്യങ്ങള്‍ നോക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഡെല്‍ഹിയിലെ കേരളാഹൗസില്‍ ഒരു റസിഡന്‍റ് കമ്മീഷണര്‍ ഉണ്ട്. അദ്ദേഹം ഒരു ഐ.എ.എസ്. ഓഫീസറാണ്. അതുകൂടാതെ എം.പിമാര്‍ക്കായി അവിടെ ഒരു ഹെല്‍പ് ഡെസ്കും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിനുവേണ്ട കാര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാനും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും നിലവിലെ ഈ സംവിധാനം പര്യാപ്തമാണെന്നിരിക്കെ പുതിയൊരുതസ്തിക സൃഷ്ടിച്ചതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്.

 

 

 

നിയമനം മാത്രമാണോ പ്രശ്നം. അതോ നിയമിതനായ വ്യക്തിയാണോ പ്രശ്നം ?

രണ്ടും. കാരണം സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുമ്പോള്‍ നടത്തുന്ന ധൂര്‍ത്താണ് നിയമനത്തില്‍ ഉന്നയിക്കുന്ന പ്രശ്നം. രണ്ടാമത്തെ വിഷയമാണ് നിയമിതനായ വ്യക്തി. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച 20 ഇടതുമുന്നണിസ്ഥാനാര്‍ത്ഥികളില്‍ 19 പേരും തോറ്റു. ജനങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചവരാണ് ഈ 19 പേരും. അതില്‍ ഒരാളെ സംസ്ഥാനം പ്രത്യേക പദവി കൊടുത്ത് കേന്ദ്രത്തില്‍ നിയമിക്കുമ്പോള്‍ അത് ജനങ്ങളുടെ തീരുമാനത്തോടുള്ള വെല്ലുവിളിയാണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വന്‍മാര്‍ജിനില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ഡോ. എ. സമ്പത്ത്. ജനസമ്മതരായി ജയിച്ചുകയറിയ 19 എം.പിമാരുടെ മുകളിലൂടെ സമ്പത്തിനെ നിയമിക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്? ആറ്റിങ്ങലിലെ ജനങ്ങള്‍ വിജയിപ്പിച്ച എം.പി. പോലും തോറ്റ സമ്പത്തിനെ പോയി കാണണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്‍റെ ഉദ്ദേശ്യം നടക്കാന്‍പോകുന്നില്ലെങ്കില്‍പ്പോലും അവരുടെ ലക്ഷ്യം അതാണ് എന്ന് നിസ്തര്‍ക്കം പറയാം. ജനങ്ങളോടുള്ള വെല്ലുവിളി എന്നല്ലാതെ ഇതിനെ മറ്റൊരുതരത്തിലും വിശേഷിപ്പിക്കാനാകില്ല.

 

എം.പിമാര്‍ക്കും മറ്റും ക്യാബിനറ്റ് റാങ്ക് ഇല്ലാത്തതുകൊണ്ട് വിവിധമന്ത്രാലയങ്ങളില്‍ കയറിച്ചെല്ലാനും കാര്യങ്ങള്‍ ഏകോപിപ്പിക്കാനും പ്രോട്ടോക്കോള്‍ തടസങ്ങളുണ്ടെന്നും ക്യാബിനറ്റ് റാങ്കോടെ സമ്പത്ത് അവിടെത്തുമ്പോള്‍ അതുമറികടക്കാനാകുമെന്നുമാണ് സര്‍ക്കാര്‍ വാദം. അങ്ങയുടെ അഭിപ്രായം ?

എന്ത് ബാലിശമായ വാദമാണ് ഇത്. ഇടതുമുന്നണിയിലെ ഒരേയൊരു എം.പി. ആരിഫ് പോലും അങ്ങനൊരുവാദം ഉന്നയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ എം.പിമാര്‍ അങ്ങനൊരു പ്രോട്ടോക്കോള്‍ പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ അവര്‍ പരാതിപ്പെടേണ്ടത് ലോക്സഭാസ്പീക്കറോടല്ലേ. പാര്‍ലമെന്‍റില്‍ അങ്ങനൊരുപ്രശ്നം ഉണ്ടെന്ന് ഇന്നേവരെ കേട്ടിട്ടുപോലുമില്ല. മറിച്ച് കേരളത്തിലാണെങ്കില്‍ അത് സംഭവിക്കാറുണ്ട്. ഇടതുപക്ഷ എം.എല്‍.എമാര്‍ക്കുപോലും മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കുന്നില്ല എന്ന ആക്ഷേപം പലകുറി കേട്ടിട്ടുള്ളതാണ്. നേരത്തെ മുഖ്യമന്ത്രിയെ കാണാന്‍ ചെന്ന ഒരു ഇടതുപക്ഷ എം.എല്‍.എയെ അദ്ദേഹം ആട്ടിപ്പായിച്ചതായി വാര്‍ത്തകള്‍പോലും വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രി കേന്ദ്രത്തിലെ കാര്യങ്ങള്‍ വിലയിരുത്തിയതെന്ന് എനിക്കറിയില്ല. ഏതായാലും കേരളത്തില്‍ നിന്നുള്ള ഒരു യു.ഡി.എഫ്. എം.പിക്കും ഡെല്‍ഹിയില്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടായതായി കേട്ടിട്ടില്ല.

 

അടുത്തിടെ ഇവിടെ നടന്ന മറ്റൊരുനിയമനത്തെക്കുറിച്ച് പറയാം. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി വേലപ്പന്‍ നായര്‍ എന്ന വ്യക്തിയെ ഹൈക്കോടതിയില്‍ നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാര്‍, സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍, ഗവ. പ്ലീഡര്‍മാര്‍ എന്നിങ്ങനെ ഇത്രയും സുശക്തമായ സംവിധാനങ്ങള്‍ ഇവിടുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് നിയമം ഉപദേശിക്കാന്‍വേണ്ടി മാത്രം മറ്റൊരാളെ കൊണ്ടുവരുന്നത്. എന്തിനുവേണ്ടിയായിരുന്നു ഈ നിയമനം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വേലപ്പന്‍നായരുടെ നിയമനവും സമ്പത്തിന്‍റെ ഡെല്‍ഹിയിലെ നിയമനവും തമ്മില്‍ കൂട്ടിവായിക്കേണ്ടതുണ്ട്. അതിനുമുമ്പ് വേലപ്പന്‍നായരുടെ യോഗ്യതയിലേക്ക് വരാം. അദ്ദേഹം മുമ്പ് ഒരഭിഭാഷകന്‍റെ സഹായി ആയിരുന്നു. പിന്നീട് രണ്ട് വ്യവസായമന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം വക്കീലായി എന്‍റോള്‍ ചെയ്യുന്നത് 2011 ല്‍ മാത്രമാണ്. വെറും എട്ട് വര്‍ഷത്തെ വക്കീല്‍സര്‍വീസ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. ആ വേലപ്പന്‍നായരാണ് ഏകദേശം അരനൂറ്റാണ്ടോളമായി അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എ.ജിയെക്കാള്‍ വലിയ ഉപദേശം മുഖ്യമന്ത്രിക്ക് നല്‍കാന്‍ പോകുന്നത്. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്? കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ക്യാബിനറ്റ് റാങ്ക് കൂടിപ്പോയി എന്ന് ആക്ഷേപം ഉന്നയിച്ചവരാണ് ഒരുലക്ഷത്തിപതിനായിരത്തിനുമേല്‍ ശമ്പളം കൊടുത്തുകൊണ്ട് വേലപ്പന്‍നായരെ നിയമിച്ചിരിക്കുന്നത്. ഇതിന്‍റെ യുക്തിയും ആവശ്യകതയും എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അവരത് ചെയ്യുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒരു ചീഫ് വിപ്പിന്‍റെയും മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍റെയും ക്യാബനറ്റ് റാങ്കുകളാണ് അധികമായി സൃഷ്ടിച്ചിരുന്നത്. ഇപ്പോള്‍ മുന്നാക്കവികസനകോര്‍പ്പറേഷന്‍, ഭരണപരിഷ്കാരകമ്മീഷന്‍, ചീഫ് വിപ്പ് (പ്രളയം സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടെ), ഇപ്പോള്‍ ഡെല്‍ഹിയിലെ പ്രത്യേകപ്രിതനിധി തുടങ്ങി ക്യാബിനറ്റ് റാങ്കുകളുടെ നീണ്ട പട്ടികയാണുള്ളത്. ഇതിനെല്ലാം പുറമേയാണ് ലക്ഷങ്ങള്‍ തീറ്റിപ്പോറ്റി വേലപ്പന്‍നായരെ നിയമിച്ചിരിക്കുന്നതും. വേലപ്പന്‍നായരുടെയും സമ്പത്തിന്‍റെയും നിയമനത്തിന് പിന്നില്‍ ഒറ്റലക്ഷ്യമേയുള്ളൂ. അത് എസ്.എന്‍.സി. ലാവ്ലിന്‍ കേസാണ്. അതില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ് ഈ നിയമനങ്ങള്‍ക്ക് പിന്നിലെ അജണ്ട.
ലാവ്ലിന്‍ കേസില്‍ വേലപ്പന്‍നായര്‍ക്കും സമ്പത്തിനും എന്ത് ചെയ്യാനാകും ?
അതിനുമുന്നേ മറ്റൊരുകാര്യം പറയാം. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയാകുന്നത് മുഖ്യമന്ത്രി എന്ന നിലയ്ക്കല്ല. അദ്ദേഹം മുമ്പ് വൈദ്യുതിമന്ത്രി ആയിരുന്നതിനാലാണ് ലാവ്ലിന്‍ കേസില്‍ പ്രതിയാക്കപ്പെടുന്നത്. അതില്‍ നിന്നും ഊരിവരേണ്ടത് പിണറായി വിജയന്‍ എന്ന വ്യക്തിയുടെ മാത്രം ആവശ്യമാണ്. അതിന് അദ്ദേഹം മുഖ്യമന്ത്രി ആയതിനുശേഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് ദുരവസ്ഥ. ഇനി ലാവ്ലിന്‍ കേസില്‍ വേലപ്പന്‍നായര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിലേക്ക് വരാം. എം.കെ. ദാമോദരന്‍ എന്ന മുന്‍ അഡ്വക്കറ്റ് ജനറലാണ് പിണറായി വിജയനുവേണ്ടി ലാവ്ലിന്‍ കേസ് നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ സന്തതസഹചാരിയും എസ്.എന്‍.സി. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും ഇടപെടുകയും ചെയ്തിരുന്ന ആളാണ് വേലപ്പന്‍നായര്‍. ഒരുപക്ഷേ, ഇന്ന് ലാവ്ലിന്‍ കേസിന്‍റെ നാള്‍വഴിയെക്കുറിച്ച് (നിയമവശമല്ല) ഏറ്റവും കൂടുതല്‍ ധാരണ അദ്ദേഹത്തിനാകും ഉണ്ടാവുക. ഇതേകേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ അതിന്‍റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് സമ്പത്തിന്‍റെ ദൗത്യം. മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഡെമോക്ലെസിന്‍റെ വാളാണ് ലാവ്ലിന്‍ കേസ്. ഇതൊഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ തികച്ചും വ്യക്തിപരം മാത്രമായ കളികളാണ് സമ്പത്തിന്‍റെയും വേലപ്പന്‍നായരുടെയും നിയമനങ്ങള്‍ക്ക് പിന്നിലുള്ളത്.

 

ലാവ്ലിന്‍ കേസില്‍ ബി.ജെ.പി. സര്‍ക്കാര്‍ ചില ഒത്തുകളികള്‍ നടത്തുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ശരിയാണോ ?

 

തീര്‍ച്ചയായും. അതില്‍ ദുരൂഹതകളുണ്ട്. ഒന്നാം എന്‍.ഡി.എ. സര്‍ക്കാരിന്‍റെ കാലത്തും ഇപ്പോഴുമായി ലാവ്ലിന്‍ കേസ് നിരവധി തവണ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. ഇതില്‍ 12 തവണ കേസ് മാറ്റിവെയ്ക്കാന്‍ കേന്ദ്രത്തിന്‍റെ വക്കീല്‍ ആവശ്യപ്പെട്ടു. അസാധാരണമായ സാഹചര്യമാണിത്. എന്തിനാണ് അവര്‍ ഇത്രയധികം പ്രാവശ്യം കേസ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ആരെയെങ്കിലും രക്ഷിക്കാനുള്ള ഗൂഢനീക്കമാണോ ഇതിന് പിന്നില്‍ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ലാവ്ലിന്‍ കേസില്‍ പിണറായി വിജയനും ബി.ജെ.പിയും ഒത്തുകളിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നത്.

 

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO